18 April Thursday

ഉയർന്ന പിഎഫ്‌ പെൻഷൻ: പ്രശ്നപരിഹാരമാകുമോ

വെബ് ഡെസ്‌ക്‌Updated: Wednesday May 3, 2023

ട്രേഡ് യൂണിയനുകളുടെയും പ്രതിപക്ഷ പാർടികളുടെയും ജീവനക്കാരുടെയുമെല്ലാം സമർദ്ദ ഫലമായി ഉയർന്ന പിഎഫ് പെൻഷൻ ഓപ്ഷനുള്ള സമയ പരിധി നീട്ടാൻ കേന്ദ്രം നിർബന്ധിതമായി. മെയ് മൂന്നിന് അവസാനിക്കേണ്ട സമയ പരിധി ജൂൺ 26 വരെയാണ് നീട്ടിയത്. ആറു മാസമെങ്കിലും നീട്ടണമെന്നാണ് ജീവനക്കാരുടെ സംഘടനകളും മറ്റും ആവശ്യപെട്ടിരുന്നത്. സാങ്കേതിക തടസ്സങ്ങളും മറ്റും തുടരുന്നതിനാൽ ഇപ്പോഴത്തെ സമയ പരിധി പര്യാപ്‌തമോയെന്ന് പറയാനായിട്ടില്ല. തുടക്കം മുതൽ ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകുന്നതിൽ നിന്നും ജീവനക്കാരെ നിരുൽസാഹപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്.

ഉയർന്ന പെൻഷനായുള്ള അപേക്ഷ ആവശ്യമായ രേഖകളടക്കം അപ്‌ലോഡ്‌ ചെയ്യുന്നതിനായി  ഇപിഎഫ്‌ഒ തങ്ങളുടെ വെബ്‌സൈറ്റിൽ പ്രത്യേക ഇന്റർഫേസ്‌ പോർട്ടൽ ഒരുക്കിയിട്ടുണ്ടെങ്കിലും ലക്ഷക്കണക്കിന്‌ ജീവനക്കാർക്ക്‌ പ്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്റർഫേസ്‌ പോർട്ടലിലെ സാങ്കേതിക പ്രശ്‌നങ്ങളും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ട ഇ–-പാസ്‌ ബുക്ക്‌ ഡൗൺലോഡ്‌ ചെയ്യുന്നതിലെ ബുദ്ധിമുട്ടുമെല്ലാമാണ്‌ തടസ്സമായത്‌. ഈ സാഹചര്യമെല്ലാം ചൂണ്ടിക്കാട്ടിയാണ് അപേക്ഷാ കാലാവധി ആറുമാസമെങ്കിലും ദീർഘിപ്പിക്കണമെന്ന്‌ ട്രേഡ്‌ യൂണിയൻ സംഘടനകളും മറ്റും ആവശ്യപ്പെട്ടത്.

ശമ്പളത്തിന്‌ ആനുപാതികമായി ഉയർന്ന പെൻഷൻ കിട്ടുന്നതിനുള്ള ജീവനക്കാരുടെ അവകാശം ഏതുവിധേനയും അട്ടിമറിക്കുകയെന്ന നിലപാടാണ്‌ ഇപിഎഫ്‌ഒ തുടക്കംമുതൽ സ്വീകരിച്ചത്‌. പിഎഫ്‌ നിയമത്തിൽ 2014ൽ കൊണ്ടുവന്ന ഭേദഗതിയിലാണ്‌ ഉയർന്ന പെൻഷനുള്ള അവസരമൊരുക്കിയത്‌. ഇതിനായി അപേക്ഷിക്കാൻ ആറുമാസത്തെ കാലാവധി നിശ്ചയിച്ചെങ്കിലും വേണ്ടത്ര പ്രചാരണം ഇപിഎഫ്‌ഒ നടത്തിയില്ല. ചുരുക്കം ജീവനക്കാർക്ക്‌ മാത്രമാണ്‌ ഉയർന്ന പെൻഷനായി അപേക്ഷ നൽകാനായത്‌. ഉയർന്ന പെൻഷൻ താൽപ്പര്യപ്പെടുന്നവർക്ക്‌ വീണ്ടും അവസരം നൽകാൻ കേരള ഹൈക്കോടതിയടക്കം വിവിധ ഹൈക്കോടതികൾ വിധിച്ചെങ്കിലും ഇപിഎഫ്‌ഒ എതിർപ്പുമായി സുപ്രീംകോടതിയെ സമീപിച്ചു. നീണ്ട നിയമപോരാട്ടത്തിനുശേഷം കഴിഞ്ഞ നവംബറിൽ സുപ്രീംകോടതിയും ജീവനക്കാർക്ക്‌ അനുകൂലമായ നിലപാടെടുത്തതോടെ ഇപിഎഫ്‌ഒ പ്രതിരോധത്തിലായി. ഉയർന്ന പെൻഷനായി അപേക്ഷിക്കാൻ മൂന്നുമാസത്തെ കാലാവധി ജീവനക്കാർക്ക്‌ നൽകാനായിരുന്നു കോടതി വിധി.

പെൻഷൻ അപേക്ഷ ഏതുവിധമാണ്‌ സമർപ്പിക്കേണ്ടതെന്നും മറ്റും വിശദമാക്കിയുള്ള  സർക്കുലർ കോടതി വിധി വന്ന് മൂന്നുമാസത്തിനുശേഷം മാത്രമാണ്‌ ഇപിഎഫ്ഒ പുറപ്പെടുവിച്ചത്‌. ആദ്യം പുറപ്പെടുവിച്ച സർക്കുലറിൽ ഉയർന്ന പെൻഷനായി ഓപ്‌ഷൻ നൽകി വിരമിച്ചിട്ടും കുറഞ്ഞ പെൻഷൻമാത്രം ലഭിക്കുന്നവർക്ക്‌ വീണ്ടും അപേക്ഷിക്കാനുള്ള അവസരമാണ്‌ ഒരുക്കിയത്‌. ഓപ്‌ഷൻ നൽകാതെ 2014നു മുമ്പായി വിരമിച്ചവർക്ക്‌ അപേക്ഷിക്കാൻ അവസരമില്ലെന്ന്‌ വ്യക്തമാക്കുകയും ചെയ്‌തു. എന്നാൽ, അപ്പോഴും സർവീസിൽ തുടരുന്നവരുടെ കാര്യത്തിൽ ഇപിഎഫ്ഒ മൗനം തുടർന്നു. പാർലമെന്റിലടക്കം വിഷയം ഉയരുകയും പല ജീവനക്കാരും കോടതിയെ സമീപിക്കുകയും ചെയ്‌തശേഷം മാത്രമാണ്‌ നിലവിലെ ജീവനക്കാരുടെ കാര്യത്തിൽ ഇപിഎഫ്‌ഒ സർക്കുലർ പുറപ്പെടുവിച്ചത്‌. അതാകട്ടെ നിരവധി സാങ്കേതിക കുരുക്കുകളോടെ ആയിരുന്നു.  

ഉയർന്ന ശമ്പളത്തിന്‌ അനുസൃതമായി കൂടിയ വിഹിതം പിഎഫിലേക്ക്‌ അടയ്‌ക്കാൻ അനുമതി നൽകിയുള്ള സമ്മതപത്രത്തിന്റെ പകർപ്പ്‌ ജീവനക്കാർ അപേക്ഷയ്‌ക്കൊപ്പം വയ്‌ക്കണമെന്നത്‌  ആയിരുന്നു ഒരു വ്യവസ്ഥ. ഒരാളുടെയും പക്കൽ ഇത്തരമൊരു സമ്മതപത്രമുണ്ടായില്ല. 1996 മുതൽ 2022 വരെയുള്ള കാലയളവിൽ ഒരു ജീവനക്കാരന്റെയും സമ്മതപത്രം തങ്ങൾക്ക്‌ ലഭിച്ചിട്ടില്ലെന്ന്‌ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന്‌ മറുപടിയായി ഇപിഎഫ്‌ഒ തന്നെ അറിയിച്ചു. ഇതോടെ കേരള ഹൈക്കോടതി ഇടപെടുകയും വിവാദ വ്യവസ്ഥ ഒഴിവാക്കാൻ ഇപിഎഫ്‌ഒയോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. അപേക്ഷയ്‌ക്കൊപ്പം ഇപിഎഫ്‌ഒ ആവശ്യപ്പെടുന്ന മറ്റു രേഖകളും തികച്ചും അനാവശ്യമാണ്‌. ഇ–-പാസ്‌ ബുക്ക്‌ അടക്കമുള്ള വിവരങ്ങളെല്ലാം ഇപിഎഫ്‌ഒയുടെ പക്കലുള്ളതാണ്‌. ജീവനക്കാരോട്‌ ഇതെല്ലാം സമർപ്പിക്കാൻ വീണ്ടും ആവശ്യപ്പെടുന്നത്‌ പരമാവധി നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയെന്ന്‌ വ്യക്തം.

ഇപിഎഫ്‌ഒ പ്രവർത്തിക്കുന്നത്‌ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിലാണ്‌. ബിജെപിയുടെ ഭൂപേന്ദർ യാദവാണ്‌ തൊഴിൽ മന്ത്രി. ജീവനക്കാരെ ദ്രോഹിക്കുന്ന ഇപിഎഫ്ഒയുടെ സമീപനരീതി നിശ്ചയമായും കേന്ദ്രത്തിന്റേതും ബിജെപിയുടേതുമാണ്‌. രാജ്യത്തെ കോടിക്കണക്കായ പൊതു–- സ്വകാര്യമേഖലാ ജീവനക്കാർക്ക്‌ തങ്ങളുടെ വാർധക്യകാലത്ത്‌ മാന്യമായ ജീവിതത്തിനുള്ള പെൻഷൻ ലഭിക്കാൻ ബിജെപി താൽപ്പര്യപ്പെടുന്നില്ല എന്നതാണ്‌ യാഥാർഥ്യം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top