19 April Friday

ഇപിഎഫ് പെൻഷൻകാരോടുള്ള കേന്ദ്ര സർക്കാർ അവഗണന

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018


സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യത്തെ തൊഴിലാളികൾ  നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് 1971ൽ ഫാമിലി പെൻഷൻ സ്‌കീം നടപ്പാക്കിയത്. ഇതിലേക്ക് തൊഴിലാളിയുടെയും മാനേജ്‌മെന്റിന്റെയും കേന്ദ്ര സർക്കാർ വിഹിതമായി 1.16 ശതമാനവും നൽകിയാണ് പദ്ധതി ആരംഭിച്ചത്. സർവീസിലിരിക്കെ തൊഴിലാളി മരിച്ചാൽ കുടുംബത്തിലെ ഒരാൾക്ക് (ഭാര്യക്കോ ഭർത്താവിനോ) പെൻഷൻ ലഭിക്കും. പിന്നീട് ഈ ഫാമിലി പെൻഷൻ നിർത്തലാക്കി, 1995 നവംബർ 16ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ സ്‌കീം ആരംഭിച്ചു. മാനേജ്‌മെന്റ് അടയ‌്ക്കുന്ന വിഹിതത്തിൽനിന്ന് 8.33 ശതമാനവും കേന്ദ്ര സർക്കാർ നൽകുന്ന 1.16 ശതമാനവുമാണ് ഈ പദ്ധതിയുടെ സാമ്പത്തിക സ്രോതസ്. 1971ൽ ആരംഭിച്ച ഫാമിലി പെൻഷൻ ഫണ്ടിന് അനുവദിച്ച അതേ തുകമാത്രമാണ് കേന്ദ്ര സർക്കാരിന്റെ വിഹിതം.

പെൻഷൻ പറ്റുമ്പോഴുള്ള പെൻഷൻതുകയിൽ 2000 വരെ നാമമാത്രമായ വർധന അനുവദിച്ചിരുന്നു. 2000ത്തിനുശേഷം വർധന ഉണ്ടായില്ല. 2014ൽ അധികാരത്തിൽ വന്ന എൻഡിഎ സർക്കാർ മിനിമം പെൻഷൻ 1000 രൂപയാക്കി.  എന്നാൽ, 80 ശതമാനം ഇപിഎഫ് പെൻഷൻകാർക്കും ഇത് ലഭിക്കുന്നില്ല. കമ്യൂട്ടേഷൻ, ആർഒസി എന്നിവ ഓപ്റ്റ് ചെയ്ത ആളുകൾക്ക് ആ തുക 1000ൽനിന്ന് കുറച്ചാണ് പെൻഷൻ നൽകുന്നത്. പാർലമെന്റ് പാസാക്കിയ ഇപിഎഫ് പെൻഷൻ നിയമത്തിലെ പ്രധാന ആനുകൂല്യങ്ങളായ കമ്യൂട്ടേഷൻ, റിട്ടേൺ ഓഫ് ക്യാപിറ്റൽ എന്നിവ 2008 ഒക്ടോബറിൽ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ പിൻവലിച്ചു. ആ ഉത്തരവിൽത്തന്നെ ഏർളി പെൻഷന് അപേക്ഷിക്കുന്നവർക്ക് പെൻഷൻനിൽനിന്ന‌് കുറവ് വരുത്തിയിരുന്ന മൂന്ന‌് ശതമാനം എന്നത് നാലു ശതമാനമായി വർധിപ്പിച്ചു.

ഇപിഎഫിന്റെ പരിധിയിൽ ഉയർന്ന ശമ്പളം വാങ്ങുന്നവർക്ക് അതനുസരിച്ച് പെൻഷൻ അനുവദിക്കുന്നതിന‌് ഇപിഎഫ് പെൻഷൻ നിയമത്തിൽ വകുപ്പുണ്ട്. എന്നാൽ, 2004 ഡിസംബർ 31ന് സമയപരിധിവച്ച് ഉയർന്ന പെൻഷൻ ലഭിക്കാനുള്ള അവകാശം ഇപിഎഫ് വകുപ്പ‌് ഏകപക്ഷീയമായി നിർത്തലാക്കി. ഇതിനെതിരെ പെൻഷൻ പറ്റിയവരും ജീവനക്കാരും കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. സമയപരിധിവയ‌്ക്കാൻ ആർക്കും അധികാരമില്ലെന്നും ഉയർന്ന വിഹിതം അടയ‌്ക്കുന്നവർക്ക് ഉയർന്ന പെൻഷൻ നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇതിനെതിരെ പിഎഫ് വകുപ്പ‌് ഡിവിഷൻ ബെഞ്ചിലും സുപ്രീംകോടതിയിലും നൽകിയ ഹർജികൾ തള്ളി.

പിഎഫ് വകുപ്പ‌് ഈ ആനുകൂല്യം കോടതിയിൽ കേസിന‌് പോയവർക്കുമാത്രമായി പരിമിതപ്പെടുത്തി. ഇതോടെ പെൻഷൻകാർ വീണ്ടും ഹർജികൾ നൽകി. കേരളത്തിലെ ഹർജികളുടെ വിചാരണ പൂർത്തിയായിട്ട് 16 മാസം പിന്നിട്ടിട്ടും വിധി പറഞ്ഞിട്ടില്ല. ഉയർന്ന പെൻഷനുമായി ബന്ധപ്പെട്ട സുപ്രീംകോടതി തീരുമാനത്തിനു വിരുദ്ധമായി എക്‌സംറ്റഡ് സ്ഥാപനത്തിൽനിന്ന‌് പിരിഞ്ഞ ഉയർന്ന ശമ്പളം ഉണ്ടായിരുന്നവർക്ക് ഉയർന്ന പെൻഷൻ നൽകില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനും പിഎഫ് വകുപ്പിനും ഉള്ളത്. ഇപിഎഫ് പെൻഷനുമായി ബന്ധപ്പെട്ട് ഒരംഗം പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിനുള്ള മറുപടിയിൽ എക്‌സംറ്റഡ് എന്നോ അൺ എക്‌സംറ്റഡ് എന്നോ വേർതിരിവില്ലാതെ ഉയർന്ന പെൻഷൻ നൽകാമെന്ന് പ്രഖ്യാപിക്കുകയും ഉത്തരവ് ഇറക്കുകയും ചെയ‌്തിരുന്നു. എന്നാൽ, പെൻഷൻവകുപ്പ‌് 2017 മെയ് 31ന് എക്‌സംറ്റഡ്  യൂണിറ്റുകൾക്ക് ഉയർന്ന പെൻഷൻ നൽകുകയില്ലെന്ന് ഉത്തരവിറക്കി. പെൻഷൻകാരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര തൊഴിൽവകുപ്പ് അഡീഷണൽ സെക്രട്ടറി ഹീരലാൽ സമാരിയ ചെയർമാനായി ഏഴ് അംഗങ്ങളുള്ള ഒരു ‘ഹൈ എംപവേർഡ് കമ്മിറ്റി'യെയും കേന്ദ്രം നിയമിച്ചിരുന്നു. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നതായിരുന്നു തീരുമാനം. എന്നാൽ, ആറുമാസം പിന്നിട്ടിട്ടും കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

പെൻഷൻ കണക്ക് കൂട്ടുന്നത് 2014 സെപ്തംബർവരെ 12 മാസത്തെ ശരാശരി ശമ്പളം കണക്കിലെടുത്തായിരുന്നു. എന്നാൽ, 2014നുശേഷം  60 മാസത്തെ ശരാശരി ശമ്പളം കണക്കിലെടുത്താണ് പെൻഷൻ കണക്കാക്കുന്നത്. ഇത് പെൻഷൻകാരോടുള്ള ക്രൂരതയാണ്. കമ്യൂട്ടേഷന‌് അപേക്ഷിച്ചവർക്ക് 100 മാസത്തെ പെൻഷന്റെ മൂന്നിലൊന്നാണ് കമ്യൂട്ടേഷനായി നൽകിയിരുന്നത്. 100 മാസം കഴിഞ്ഞാൽ പൂർണ പെൻഷൻ അനുവദിക്കേണ്ടതാണ്. കമ്യൂട്ട് ചെയ്ത് 270 മാസം കഴിഞ്ഞിട്ടും പാവപ്പെട്ട പെൻഷൻകാരോട് കമ്യൂട്ടേഷൻ തുക ഈടാക്കുന്ന ക്രൂരത തുടരുകയാണ്. 2015 ഫെബ്രുവരിയിൽ സിബിടി യോഗം കമ്യൂട്ട് ചെയ്തവർക്ക് 180 മാസം കഴിഞ്ഞാൽ പൂർണ പെൻഷൻ അനുവദിക്കണമെന്ന് തിരുമാനിച്ചിട്ടുണ്ട്. മൂന്നരക്കൊല്ലം പിന്നിട്ടിട്ടും ഈ തീരുമാനം നടപ്പാക്കാൻ തയ്യാറായിട്ടില്ല. പെൻഷൻ ഔദാര്യമല്ല അവകാശമാണെന്ന് പരമോന്നത നീതി പീഠത്തിന്റെ  ഉത്തരവ് ഉണ്ടായിട്ടും അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന നിലപാട് കേന്ദ്ര സർക്കാരും പിഎഫ് വകുപ്പും തുടരുകയാണ്. രാഷ്ട്രീയ പാർടികളും തൊഴിലാളി സംഘടനകളും ജനപ്രതിനിധികളും ഇപിഎഫുകാരുടെ ഈ ദയനീയ അവസ്ഥ പരിഹരിക്കാൻ അടിയന്തരമായി മുന്നോട്ട്‌ വരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top