27 April Saturday

ആശ്വാസമോ ആശങ്കയോ

വെബ് ഡെസ്‌ക്‌Updated: Saturday Nov 5, 2022


ഇപിഎഫ്‌  പെൻഷൻ കേസിൽ സുപ്രീംകോടതിയുടെ കാത്തിരുന്ന വിധി പുറത്തുവന്നു. പെൻഷൻ സ്‌കീമിലേക്ക് മാറ്റുന്ന തുകയ്‌ക്ക്‌ അടിസ്ഥാനമാക്കുന്ന ശമ്പളത്തിന് നിലവിലുണ്ടായിരുന്ന15,000 രൂപയുടെ പരിധി സുപ്രീംകോടതി റദ്ദാക്കിയത്‌ രാജ്യത്തെ പ്രോവിഡന്റ്‌ ഫണ്ട്‌ വരിക്കാരായ കോടിക്കണക്കിന്‌ തൊഴിലാളികളെ സംബന്ധിച്ച്‌ സമാശ്വാസത്തിന്‌ വക നൽകുന്നതാണ്‌. എന്നാൽ, പിഎഫ്‌ പെൻഷൻ സംബന്ധിച്ച ആശങ്കകൾ അകലുന്നില്ലെന്ന്‌ മാത്രമല്ല, തൊഴിലാളികൾ കൂടുതൽ വഞ്ചിക്കപ്പെടുമെന്ന ഭീഷണി നിലനിൽക്കുകയും ചെയ്യുന്നു.

പുതിയ പെൻഷൻ സ്‌കീമിലേക്ക് മാറാൻ നാലുമാസത്തെ സമയപരിധി  സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്‌. കേന്ദ്രസർക്കാരിന്റെ 2014ലെ വിജ്ഞാപനത്തിലാണ്‌ പെൻഷൻ സ്‌കീമിലേക്ക്‌ മാറ്റുന്ന തുകയ്‌ക്ക്‌ അടിസ്ഥാനമാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ മേൽപരിധി നിശ്ചയിച്ചത്‌. ഇത്‌ യുക്തിരഹിതമാണെന്ന്‌ ചൂണ്ടിക്കാട്ടി  കേരള ഹൈക്കോടതി  ഈ വിജ്ഞാപനം റദ്ദാക്കിയിരുന്നു. ഡൽഹി, രാജസ്ഥാൻ ഹൈക്കോടതികളും സമാനമായ വിധി പുറപ്പെടുവിച്ചു. പെൻഷൻ സ്‌കീമിൽ ചേരുന്നതിന് കട്ട് ഓഫ് തീയതി പാടില്ലെന്നും കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
തൊഴിലാളികളുടെ ക്ഷേമത്തിൽ താൽപ്പര്യമുള്ള ഒരു സർക്കാരാണെങ്കിൽ  വാസ്‌തവത്തിൽ  ഹൈക്കോടതി വിധികൾ ഉൾക്കൊള്ളണമായിരുന്നു. ഈ വിധികളെ ചോദ്യംചെയ്‌തുകൊണ്ടും ഹൈക്കോടതി വിധി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടും എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ഓർഗനൈസേഷൻ പ്രത്യേക ഹർജി നൽകിയെങ്കിലും സുപ്രീംകോടതി തള്ളുകയായിരുന്നു.  പിന്നീട്‌ ഇപിഎഫ്ഒയും കേന്ദ്രവും പുനഃപരിശോധന ആവശ്യപ്പെട്ടതനുസരിച്ച് കോടതി വീണ്ടും വിഷയം പരിഗണിക്കുകയായിരുന്നു.

പെൻഷൻ നിശ്ചയിക്കുന്നതിന്‌ കണക്കാക്കുന്ന ശമ്പളത്തിന്റെ ശരാശരി സംബന്ധിച്ച കാര്യത്തിൽ സുപ്രീംകോടതിയുടെ പുതിയ വിധി  തൊഴിലാളികൾക്ക്‌ തിരിച്ചടിയാകും. കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം വന്ന 2014 സെപ്തംബർ ഒന്നിനുമുമ്പ് ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാതെ വിരമിച്ചവർക്ക് ഉയർന്ന പെൻഷൻ ലഭിക്കില്ല. പെൻഷൻ നിശ്ചയിക്കുന്നതിന്‌  കണക്കാക്കുക വിരമിക്കുന്നതിനുമുമ്പുള്ള അഞ്ചു വർഷത്തെ ശമ്പളത്തിന്റെ  ശരാശരിയാണ്‌.  കേരള ഹെെക്കോടതി വിധിപ്രകാരം ഇത് അവസാനത്തെ 12 മാസത്തിന്റെ  ശരാശരിയായിരുന്നു. 12 മാസത്തെ  ശമ്പളത്തിന്റെ ശരാശരിയിൽനിന്ന്‌ അഞ്ചുവർഷത്തെ ശമ്പളത്തിന്റെ ശരാശരി  കണക്കാക്കുമ്പോൾ പെൻഷൻ തുകയിൽ ഗണ്യമായ കുറവുവരും. സുപ്രീംകോടതി വിധി  പൂർണമായും പുറത്തുവരുന്നതോടെ മാത്രമേ അത്‌ തൊഴിലാളികൾക്ക്‌ എത്രകണ്ട്‌ ദ്രോഹകരമാകുമെന്ന്‌ വ്യക്തമാകൂ.

കേന്ദ്രസർക്കാർ പിന്തുടരുന്ന തൊഴിലാളിദ്രോഹ നടപടികളുടെ തുടർച്ചയാണ്‌ പിഎഫ്‌ പെൻഷൻ കേസിലെ മർക്കടമുഷ്ടി. പിഎഫ്‌ നിക്ഷേപത്തിന്റെ പലിശനിരക്ക്‌ ഘട്ടംഘട്ടമായി കുറയ്‌ക്കുന്നതടക്കം വിവിധ കേന്ദ്രസർക്കാരുകൾ തുടർന്നുവന്ന തൊഴിലാളിദ്രോഹ നിലപാടുകൾ പറഞ്ഞാൽ തീരില്ല. തൊഴിലുടമകളായ വൻകിട കോർപറേറ്റുകൾക്ക്‌ ഓരോ വർഷവും കോടികളുടെ നികുതി ഇളവുനൽകുന്ന സർക്കാരാണ്‌ രാജ്യത്തെ ദരിദ്രരായ തൊഴിലാളികളെ നിരന്തരമായി ചൂഷണം ചെയ്യുന്നത്‌. മോദി സർക്കാരിന്റെ വർഗപരമായ താൽപ്പര്യമാണ്‌ ഇത്തരം സമീപനങ്ങളിൽ പ്രകടമാകുന്നത്‌. കോടിക്കണക്കിന് തൊഴിലാളികളുടെ വിയർപ്പിന്റെ വിലയാണ് പിഎഫ്. ആ പണത്തിന്റെ അവകാശികൾ തൊഴിലാളികൾ അല്ലാതെ മറ്റാരുമല്ല. തൊഴിലാളികൾ പൊരുതി നേടിയ സാമൂഹ്യസുരക്ഷാ അവകാശം കൂടിയാണത്. ആ അവകാശത്തിന്റെ ഒരംശംപോലും നഷ്ടപ്പെടാതെ  സംരക്ഷിക്കാൻ തൊഴിലാളികളുടെ ഐക്യത്തോടെയുള്ള സമരങ്ങൾ അനിവാര്യമായ ഘട്ടമാണ്‌ ഇത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top