02 April Sunday

ആത്മവിശ്വാസമുറപ്പിച്ച സംരംഭക സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023


കേരളത്തിൽ ഒന്നും നടക്കില്ല, വ്യവസായങ്ങൾക്ക്‌ പറ്റിയ സംസ്ഥാനമല്ല തുടങ്ങി വലതുപക്ഷവും അവരെ പിന്തുണച്ച മാധ്യമങ്ങളും കാലങ്ങളായി നിർമിച്ചെടുത്ത  പൊതുസമ്മിതിക്ക്‌   യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലെന്ന്‌ തെളിയിക്കുന്നതായി ശനിയാഴ്‌ച കൊച്ചിയിൽ നടന്ന സംരംഭക മഹാസംഗമം. വ്യവസായരംഗത്ത്‌, പ്രത്യേകിച്ചും സൂക്ഷ്‌മ, ചെറുകിട, ഇടത്തരം മേഖലകളിൽ സംരംഭങ്ങൾ പടുത്തുയർത്തിയ 10,000 പേരാണ്‌ കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ ചേർന്ന മഹാസംഗമത്തിൽ പങ്കെടുത്തത്‌. കേരള ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽവച്ച്‌ ഏറ്റവും വലിയ സംരംഭക കൂട്ടായ്‌മയായിരിക്കും  ഇതെന്ന കാര്യത്തിൽ സംശയമില്ല.

സംരംഭക മഹാസംഗമം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം കേരളത്തിന്റെ വ്യവസായമേഖലയുടെ കരുത്ത്‌ എന്താണെന്ന്‌ വ്യക്തമാക്കുന്നതാണ്‌. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാർട്ടപ്‌–- ഇന്നൊവേഷൻ ഹബ്‌ കേരളത്തിലാണ്‌. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്‌ സൗഹൃദാന്തരീക്ഷമുള്ളതും നമ്മുടെ സംസ്ഥാനത്തുതന്നെ. അഫോഡബിൾ ടാലന്റ്‌ റാങ്കിങ്ങിൽ ഏഷ്യയിൽ ഒന്നാമതും ലോകത്ത്‌ നാലാമതുമാണ്‌ കേരളം. രാജ്യത്തെ ആദ്യത്തെ ടെക്‌നോപാർക്കും ഇലക്‌ട്രോണിക് ഉപകരണനിർമാണ കമ്പനിയും കേരളത്തിലാണ്‌ ആരംഭിച്ചത്‌. എന്നിട്ടും വ്യവസായത്തിന്റെ ശവപ്പറമ്പാണ്‌ കേരളമെന്ന പ്രചാരണമാണ്‌ നടക്കുന്നത്‌. ഇടതുപക്ഷത്തെയും ട്രേഡ്‌ യൂണിയനുകളെയുമാണ്‌ അവർ എന്നും കുറ്റപ്പെടുത്തുന്നതും.

ഈയൊരു സാഹചര്യത്തിലാണ്‌ രണ്ടാം പിണറായി സർക്കാർ നടപ്പുവർഷത്തെ സംരംഭക വർഷമായി പ്രഖ്യാപിച്ചത്‌. കഴിഞ്ഞവർഷം മാർച്ചിൽ എറണാകുളത്തു ചേർന്ന സിപിഐ എം സംസ്ഥാന സമ്മേളനം മുന്നോട്ടുവച്ച നവകേരളത്തിനുള്ള പാർടി കാഴ്‌ചപ്പാടിൽ ‘പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്‌ നിലവിലുള്ള വ്യവസായങ്ങൾ ശക്തിപ്പെടലും പുതിയ വ്യവസായങ്ങൾ ആരംഭിക്കലും പ്രധാനമാണെന്ന്‌’ ചൂണ്ടിക്കാട്ടിയിരുന്നു. ‘പ്രാദേശിക വ്യാവസായിക ക്ലസ്റ്ററുകൾ രൂപീകരിക്കാൻ കഴിയണം. ഓരോ പഞ്ചായത്തും ഒന്നോ രണ്ടോ ഉൽപ്പന്നത്തിൽ കേന്ദ്രീകരിച്ച്‌ അതുമായി ബന്ധപ്പെട്ട വിഭവങ്ങൾ സമാഹരിച്ച്‌ കൂടുതൽ സംഘടിതമായി സംസ്‌കരിക്കുന്ന സാധ്യതകൾ ആരായണം. ഇതിലൂടെ നൂതനമായ സങ്കേതങ്ങളെയും യന്ത്രങ്ങളെയും ഉപയോഗപ്പെടുത്താൻ കഴിയും. ഗുണനിലവാര മേൽനോട്ടവും വിപുലമായ വിപണനവും ഉറപ്പുവരുത്താനുമാകും’ എന്നും നിർദേശിച്ചിരുന്നു.

നവകേരളത്തിനുള്ള  ഈ കാഴ്‌ചപ്പാട്‌ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ എൽഡിഎഫ്‌ സർക്കാരിനും വ്യവസായ മന്ത്രിക്കും വകുപ്പിനും കഴിഞ്ഞെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ മേഖലയിൽ ഉണ്ടായിട്ടുള്ള മുന്നേറ്റം.  ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യവുമായി പ്രവർത്തിച്ച വ്യവസായവകുപ്പിന്‌ എട്ട്‌ മാസംകൊണ്ടുതന്നെ 1,24,249  സംരംഭം തുടങ്ങാൻ കഴിഞ്ഞിരിക്കുന്നു. ഇതുവഴി 7533.71 കോടി രൂപയാണ്‌ സംസ്ഥാനത്ത്‌ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്‌. 2,67,823 പേർക്ക്‌ ജോലി ലഭിക്കുകയും ചെയ്‌തു. തൃശൂർ ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ സംരംഭം തുടങ്ങിയിട്ടുള്ളത്‌. എറണാകുളവും തിരുവനന്തപുരവും തൊട്ടുള്ള സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. സംരംഭകരിൽ 38 ശതമാനവും വനിതകളാണ്‌ എന്നത്‌ മറ്റൊരു നേട്ടമാണ്‌. ഒമ്പത്‌ ട്രാൻസ്‌ജെൻഡേഴ്‌സും സംരംഭകരായി എന്നത്‌ പദ്ധതിയുടെ വ്യാപ്‌തിയും ഉൾക്കൊള്ളലുമാണ്‌ വ്യക്തമാക്കുന്നത്‌.

സംസ്ഥാന സർക്കാരിന്റെ ഈ പദ്ധതി ഇതിനകംതന്നെ ദേശീയമായി ശ്രദ്ധിക്കപ്പെട്ടതിന്റെ തെളിവാണ്‌ അതിനു ലഭിച്ച അംഗീകാരം. പ്രധാനമന്ത്രി അധ്യക്ഷനായ ചീഫ്‌ സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിലാണ്‌ രാജ്യത്തെ ബെസ്റ്റ്‌ പ്രാക്ടീസ്‌ അംഗീകാരം പദ്ധതിക്ക്‌ ലഭിച്ചത്‌. വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞതുപോലെ വ്യവസായ സൗഹൃദപ്പട്ടികയിൽ കേരളത്തെ ആദ്യത്തെ പത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ തുടക്കമാണ്‌ സംരംഭക സംഗമം. അതോടൊപ്പം നിലവിലുള്ള സംരംഭങ്ങളുടെ ഭാവി വികസനസാധ്യതകൾ ഉറപ്പാക്കുകയും കൊഴിഞ്ഞുപോക്ക്‌ തടയുകയും വേണം. ഒത്തുപിടിച്ചാൽ ആ ലക്ഷ്യവും എളുപ്പം നേടാൻ കഴിയും.

കേരളത്തിന്റെ വ്യവസായ അന്തരീക്ഷം മാറാൻ തുടങ്ങിയപ്പോൾ അസ്വസ്ഥമാകുന്നത്‌ പ്രതിപക്ഷമാണ്‌. എൽഡിഎഫ്‌ സർക്കാരിനു കീഴിൽ കേരളം വികസിക്കരുതെന്ന അപക്വ ചിന്താഗതിയാണ്‌ അവർക്കുള്ളത്‌. അതിന്റെ പ്രതിഫലനമാണ്‌ മഹാസംരംഭക സംഗമത്തിൽനിന്ന്‌ വിട്ടുനിൽക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ തീരുമാനം. മുഖ്യമന്ത്രി പറഞ്ഞതുപോലെ വികസനത്തിനായി ഒരുമിച്ചു നിൽക്കാത്തതാണ്‌ നമ്മുടെ നാട്‌ നേരിടുന്ന പ്രധാന പ്രശ്‌നം. അഭിപ്രായഭിന്നതകൾ മാറ്റിവച്ച്‌ വികസനത്തിനായി കൈകോർക്കാൻ ഇനിയെങ്കിലും പ്രതിപക്ഷം തയ്യാറാകണം. അതിനു തയ്യാറല്ലെങ്കിൽ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ അവരെ  പ്രതിപക്ഷത്തുതന്നെ ഇരുത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top