29 March Friday

രാജ്യത്തിന്റെ അഭിമാനം പണയപ്പെടുത്തരുത്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


എട്ടു വർഷം മുമ്പ്‌ 2012 ഫെബ്രുവരി 15 നാണ്‌ രണ്ട്‌ മലയാളി മത്സ്യത്തൊഴിലാളികളെ എൻറിക ലെക്‌സി എന്ന ഇറ്റാലിയൻ എണ്ണക്കപ്പലിലെ രണ്ട്‌ സുരക്ഷാ ഉദ്യോഗസ്ഥരായ നാവികർ വെടിവച്ചുകൊന്നത്‌. നീണ്ടകരയിൽനിന്ന്‌ മത്സ്യബന്ധനത്തിനു പോയ സെന്റ്‌ ആന്റണി എന്ന കപ്പലിലെ കൊല്ലം സ്വദേശിയെയും തിരുവനന്തപുരം കളിയിക്കാവിള സ്വദേശിയെയുമാണ്‌ ആലപ്പുഴ തോട്ടപ്പള്ളി കടലിൽ  വെടിവച്ചുകൊന്നത്‌. ഇറ്റാലിയൻ സൈനികരായ മസ്സി മിലാനോലാത്തോറെ, സാൽവത്തോറെ ജിറോൺ  എന്നിവരെ ജുഡീഷ്യൽ വിചാരണയ്‌ക്ക്‌ വിധേയമാക്കാൻ ഇന്ത്യക്ക്‌ അവകാശമുണ്ടെന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു അന്നുമുതലുള്ള ഇന്ത്യയുടെ വാദം. നഷ്ടപരിഹാരം നൽകാൻ ഇറ്റാലിയൻ സർക്കാർ തയ്യാറായിരുന്നെങ്കിലും സൈനികരെ വിചാരണ ചെയ്യാൻ ഇന്ത്യക്ക്‌ അധികാരമില്ലെന്ന സമീപനമാണ്‌ അവർ സ്വീകരിച്ചിരുന്നത്‌. ഈ ഇറ്റാലിയൻ നിലപാട്‌ ഒരുപരിധിവരെ അംഗീകരിക്കുന്നതായി വ്യാഴാഴ്‌ച പുറത്തുവന്ന ഹേഗിലെ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ വിധി.

ഹേഗിലെ കോടതി വിധിയനുസരിച്ച്‌ കുറ്റക്കാരായ ഇറ്റാലിയൻ നാവികരെ ക്രിമിനൽ കുറ്റത്തിന്‌ വിചാരണ ചെയ്യാൻ ഇറ്റലിക്കു മാത്രമേ അധികാരമുള്ളൂ. എന്നാൽ, കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ടിനുണ്ടായ കേടുപാടിനും മറ്റും നഷ്ടപരിഹാരം നൽകാൻ ഇറ്റലി തയ്യാറാകണം. ഇറ്റലിയിലെയും ഇന്ത്യയിലെയും സർക്കാരുകൾ തമ്മിൽ ചർച്ച ചെയ്‌ത്‌ നഷ്ടപരിഹാരം നിശ്ചയിക്കണമെന്നും അതുസംബന്ധിച്ച്‌ തർക്കമുണ്ടായാൽ വീണ്ടും മധ്യസ്ഥ കോടതിയെ സമീപിക്കാമെന്നുമാണ്‌ നിർദേശം. ഇന്ത്യൻ ജലാതിർത്തിയിൽ കാരണമേതുമില്ലാതെ രണ്ട്‌ മത്സ്യത്തൊഴിലാളികളെ കടൽകൊള്ളക്കാരാണെന്നു സംശയിച്ച്‌ വധിച്ചവരെ വിചാരണ ചെയ്യാൻ പോലും ഇന്ത്യക്ക്‌ അനുവാദം ലഭിക്കാത്തത്‌ രാജ്യത്തിന്റെ പരമാധികാരത്തിന്‌ കടുത്ത വെല്ലുവിളിയാണ്‌ ഉയർത്തിയത്‌.


 

കടൽക്കൊല നടക്കുന്ന വേളയിൽ കേരളത്തിലും കേന്ദ്രത്തിലും അധികാരത്തിലിരുന്നത്‌‌ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള സർക്കാർ ആയിരുന്നു. കാര്യക്ഷമമായ ഒരു നടപടിയും ഇക്കാലത്ത്‌ ഉണ്ടായില്ല. ഇറ്റലിയുമായുള്ള ബന്ധത്തിൽ ചില വിള്ളലുകൾ വീണിരുന്നുവെന്നത്‌‌ യാഥാർഥ്യമായിരുന്നു. നിർദിഷ്ട അംബാസഡറെ റോമിലേക്ക്‌ അയക്കാൻ അന്ന്‌ തയ്യാറായില്ല.  യുപിഎ സർക്കാരിന്റെ നയത്തെ ഏറ്റവും ശക്തമായി ചോദ്യംചെയ്‌ത നേതാവായിരുന്നു മോഡി. ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ 2013 മാർച്ച്‌ 13 ന്‌ അദ്ദേഹം ഉന്നയിച്ച ചോദ്യം ഇറ്റാലിയൻ നാവികരെ രാജ്യത്തേക്ക്‌ തിരിച്ചുകൊണ്ടുവരാൻ എന്തു നടപടിയാണ്‌ യുപിഎ സർക്കാർ സ്വീകരിക്കുന്നത്‌ എന്നായിരുന്നു.  2014ലെ ലോക്‌‌സഭാ തെരഞ്ഞെടുപ്പുവേളയിൽ മോഡി യുപിഎ ചെയർപേഴ്‌സൺ സോണിയ ഗാന്ധിയോട്‌ ‌ ചോദിച്ചത്‌ ‘മാഡം വലിയ രാജ്യസ്‌നേഹിയാണെങ്കിൽ ഏത്‌ ജയിലിലാണ്‌ ഇറ്റാലിയൻ നാവികരെ ഇടാൻ പോകുന്ന’തെന്നാണ്‌. ഇപ്പോൾ ഇന്ത്യയിലെ ജനങ്ങൾ ഏകസ്വരത്തിൽ മോഡിയോട്‌ ചോദിക്കുന്നതും ഇതേ ചോദ്യമാണ്‌. ഏത്‌ ജയിലിലാണ്‌ കടൽക്കൊല നടത്തിയവരെ ഇടാൻ പോകുന്നത്‌.

കൊല നടത്തിയ രണ്ട്‌ ഇറ്റാലിയൻ നാവികരെയും സ്വന്തം രാജ്യത്തേക്കു പേകാൻ അനുവദിച്ചത്‌ മോഡി സർക്കാരായിരുന്നു. അഗസ്ത വെസ്റ്റ്‌ ലാൻഡ്‌ ഹെലികോപ്‌റ്റർ ഇടപാടിൽ സോണിയ ഗാന്ധിയുടെ പങ്കിനെക്കുറിച്ച്‌ വിവരം നൽകിയാൽ ഇറ്റാലിയൻ നാവികരെ മോചിപ്പിക്കാമെന്ന്‌ മോഡി ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റിയോ റെൻസിയോട്‌  പറഞ്ഞതായി ബ്രിട്ടീഷ്‌ ആയുധ ഇടപാടുകാരൻ ക്രിസ്‌ത്യൻ മൈക്കിൾ വെളിപ്പെടുത്തുകയുണ്ടായി. അതായത്‌ പ്രതിപക്ഷത്തായിരുന്നപ്പോൾ മോഡി നടത്തിയ പ്രസ്‌താവനകളൊക്കെ വെറും വാചാേടാപം മാത്രമായിരുന്നെന്ന്‌ സാരം. അതിന്റെ അന്തിമഫലമാണ്‌ ഇപ്പോഴത്തെ കോടതിവിധി. മധ്യസ്ഥ കോടതിവിധി നടപ്പാക്കാനാണ്‌ കേന്ദ്ര സർക്കാരിന്‌ താൽപ്പര്യമെന്നാണ്‌ വിദേശമന്ത്രാലയ വക്താവ്‌ അനുരാഗ്‌ ശ്രീവാസ്‌തവ സൂചിപ്പിക്കുന്നത്‌. അതുകൊണ്ടുതന്നെ നഷ്ടപരിഹാരത്തിൽ തീർപ്പാക്കി കടൽക്കൊല കേസിന്‌ തിരശ്ശീല വീഴ്‌ത്താനാണ്‌ മോഡി സർക്കാരിന്റെ നീക്കം. രാജ്യത്തിന്റെ പരമാധികാരവും രാജ്യസ്നേഹവും തന്നെയാണ്‌ ഇവിടെ മാറ്റുരയ്‌ക്കപ്പെടുന്നത്‌. ഒപ്പം ഇരകൾക്കുള്ള നീതിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top