05 June Monday

കരുതൽധനത്തിൽ കൈയിട്ടുവാരരുത‌്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 16, 2018


തൊഴിലെടുക്കുന്നവർ ജീവിത സായാഹ്നത്തിലേക്ക‌് കരുതൽധനമായി മാറ്റിവയ‌്ക്കുന്ന പ്രോവിഡന്റ‌് ഫണ്ടുമായി ബന്ധപ്പെട്ട‌് നടക്കുന്ന നീതിനിഷേധങ്ങൾക്ക‌്, വലിയൊരളവിൽ പരിഹാരം കാണുന്ന വിധിയാണ‌് കഴിഞ്ഞദിവസം കേരള ഹൈക്കോടതിയിൽനിന്നുണ്ടായത‌്. 1952ൽ രൂപംകൊണ്ട‌ പിഎഫ‌് പദ്ധതിയുടെ പരിധിയിൽ ഒരുകാലത്തും എല്ലാ തൊഴിലാളികളും വന്നിരുന്നില്ല. നിയമലംഘനംവഴിയും സങ്കേതിക പഴുതുകൾവഴിയും തൊഴിലുടമകൾ നല്ലൊരു പങ്ക‌് തൊഴിലാളികൾക്ക‌് പിഎഫ‌് ആനുകൂല്യം നിഷേധിച്ചുപോന്നു.  നിക്ഷേപത്തിന‌് അർഹമായ പലിശ നൽകാനും തയ്യാറായില്ല. പിഎഫ‌് ഫണ്ട‌് ഊഹക്കച്ചവടംപോലുള്ള അപകടകരമായ കളികൾക്ക‌് ഉപയോഗിക്കുന്ന സ്ഥിതിയുമുണ്ടായി. ഇക്കാര്യങ്ങളിലെല്ലാം തൊഴിലാളികൾക്ക‌് അനുകൂലമായ നിലപാടല്ല കാലാകാലങ്ങളിൽ കേന്ദ്രസർക്കാരും പിഎഫ‌് അധികൃതരും സ്വീകരിച്ചുവന്നിരുന്നത‌്. എന്നാൽ, ഇതിനെയെല്ലാം കടത്തിവെട്ടുന്ന അനുഭവമാണ‌് 1995ൽ  പെൻഷൻപദ്ധതി നിലവിൽ വന്നതോടെ തൊഴിലാളികൾ നേരിട്ടത‌്.

റിട്ടയർമെന്റ‌് ആനുകൂല്യമായി ലഭിക്കേണ്ട തുകയിൽ ഒരു ഭാഗം ഉപയോഗിച്ച‌് പെൻഷൻഫണ്ടിന‌് രൂപം നൽകിയപ്പോൾ ന്യായമായ പ്രതിമാസ പെൻഷൻ ലഭിക്കുമെന്ന പ്രതീക്ഷ  ഉണ്ടായിരുന്നു. എന്നാൽ, നാമമാത്രമായ പെൻഷൻമാത്രമാണ‌് ബഹുഭൂരിപക്ഷത്തിനും ലഭിച്ചത‌്. കേന്ദ്ര ട്രേഡ‌് യൂണിയനുകളും ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകളും ന്യായമായ പെൻഷനുവേണ്ടി നിലകൊണ്ടെങ്കിലും പ്രശ‌്നപരിഹാരമുണ്ടായില്ല. ഇതിനിടയിൽ 2014ലെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയും അതിന്റെ അടിസ്ഥാനത്തിൽ ഇപിഎഫ‌് ഒാർഗനൈസേഷൻ ഇറക്കിയ വിജ്ഞാപനവും പദ്ധതിയെ കൂടുതൽ തൊഴിലാളിവിരുദ്ധമാക്കി.

വിരമിക്കുന്നതിന‌് തൊട്ടുമുമ്പുള്ള 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയാണ‌് പെൻഷൻ കണക്കാക്കുന്നതിന്റെ അടിസ്ഥാനമെന്നതാണ‌് ഒരു പ്രധാന ഭേദഗതി. സർക്കാർ സർവീസിലും ഇതര മേഖലകളിലും അംഗീകൃതമായ 12 മാസ ശരാശരി  എന്നത‌്  മാറ്റിയപ്പോൾ പെൻഷൻതുകയിൽ വൻ കുറവാണ‌് വന്നത‌്. പെൻഷന‌് അർഹമായ ശമ്പളപരിധി 15,000 രൂപയായി നിജപ്പെടുത്തിയതും കടുത്ത നീതിനിഷേധമായി. പൂർണ ശമ്പളത്തിന‌് ആനുപാതികമായി വിഹിതമടച്ച‌്  ഉയർന്ന പെൻഷന‌് അർഹത നേടാമെന്ന വ്യവസ്ഥയ‌്ക്കെതിരെ പിഎഫ‌് അധികൃതർ നേരത്തെതന്നെ വാളോങ്ങിയിരുന്നു.ഓപ‌്ഷന‌് സമയപരിധി നിശ്ചയിച്ചതിനെതിരെ തൊഴിലാളികൾ നൽകിയ കേസിൽ 2011ൽ അനുകൂല വിധി ലഭിച്ചതും കേരള ഹൈക്കോടതിയിൽനിന്നുതന്നെ. പിഎഫ‌് അധികൃതരുടെ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ  പരിഗണനയിലിരിക്കെയാണ‌് പദ്ധതിയാകെ മാറ്റിമറിച്ചുകൊണ്ട‌് 2014ൽ ഭേദഗതികൊണ്ടുവന്നത‌്. അപ്പീൽ തള്ളിയതോടെ നിയമഭേദഗതി സംരക്ഷിക്കുന്നതിന‌് ഇപിഎഫ‌്ഒ സുപ്രീംകോടതിയെ സമീപിച്ചു. കടുത്ത വിമർശത്തോടെയാണ‌് സുപ്രീംകോടതി ഹർജി നിരസിച്ചത‌്.

നീതിപീഠത്തിന്റെ ശാസന ഉൾക്കൊള്ളാനോ തൊഴിലാളിക്ഷേമത്തിനുള്ള പദ്ധതിയോട‌് അനുഭാവം കാട്ടാനോ കേന്ദ്ര സർക്കാരും ഇപിഎഫ‌്ഒയും തുടർന്നും തയ്യാറായില്ല. പരമോന്നത നീതിപീഠത്തിന്റെ തീർപ്പിന്റെ അന്തഃസത്ത ഉൾക്കൊണ്ട‌് 2014ലെ ഭേദഗതി പിൻവലിക്കാതെ കേന്ദ്രസർക്കാർ  ഒളിച്ചുകളിച്ചു. സുപ്രീംകോടതിവിധിയെ കുറുക്കുവഴികളിലൂടെ മറികടക്കുന്നതിനുള്ള നീക്കങ്ങളാണ‌് തുടർന്ന‌് നടന്നത‌്. ഉയർന്ന പെൻഷന‌് ഓപ‌്ഷൻ നൽകിയവരിൽ 2014ന‌് മുമ്പ‌് വിരമിച്ചവർക്ക‌ുമാത്രം വിഹിതം കുടിശ്ശിക അടയ‌്ക്കാൻ അവസരം നൽകി‌. ഓപ‌്ഷൻ സമയപരിധിയും പെൻഷൻ കണക്കാക്കുന്നതിനുള്ള 60 മാസ ശരാശരിയും മാറ്റമില്ലാതെ തുടർന്നു‌. മനുഷ്യത്വരഹിതമായ ഈ നിലപാടിനെതിരെ മിക്ക ഹൈക്കോടതികളിലും സുപ്രീംകോടതിയിലും പതിനായിരക്കണക്കിനാളുകൾ ഫയൽചെയ‌്ത കേസുകൾ കെട്ടിക്കിടക്കുകയാണ‌്.

ട്രേഡ‌് യൂണിയനുകളും ഇതര സംഘടനകളും ശക്തമായ പ്രതിേഷധം ഉയർത്തുകയും നിയമപോരാട്ടം നടത്തുകയും ചെയ‌്തിട്ടും കേന്ദ്ര സർക്കാർ അനങ്ങാപ്പാറനയം തുടരുകയായിരുന്നു. തൊഴിൽനിയമങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തി കോർപറേറ്റ‌് സേവ നടത്തിക്കൊണ്ടിരിക്കുന്ന എൻഡിഎ സർക്കാരിൽനിന്ന‌് അവസാനകാലത്ത‌് ഒരുനീതിയും ലഭിക്കില്ലെന്ന‌്  ഉറപ്പായ ഘട്ടത്തിലാണ‌് കേരള ഹൈക്കോടതിയിൽനിന്ന‌് ആശ്വാസകരമായ വിധി വന്നത‌്‌. 2014ലെ ജനവിരുദ്ധ ഭേദഗതികൾ ഫലത്തിൽ പൂർണമായും റദ്ദാക്കുന്നതാണ‌് ഇപ്പോഴത്തെ വിധി. ആരോഗ്യമുള്ള കാലംമുഴുവൻ ജോലിചെയ‌്ത ജീവിത സമ്പാദ്യത്തിനായി  കോടതി കയറിയിറങ്ങാൻ സന്നദ്ധരായവർക്ക‌ുമാത്രമായി ഈ വിധിയുടെ ആനുകൂല്യം പരിമിതപ്പെട്ടുകൂടാ. പെൻഷൻ നിർണയത്തിന് സർവീസിലെ അവസാന 12 മാസത്തെ ശരാശരി എന്ന മുൻവ്യവസ്ഥ പുനഃസ്ഥാപിച്ചത‌് സാമാന്യനീതിയുടെ വിജയമാണ‌്. ഉയർന്ന പെൻഷന‌് ഓപ്ഷൻ നൽകുന്നവർക്ക് കാലപരിധിയില്ലാതെ സ്‌കീം തെരഞ്ഞെടുക്കാം. ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനുള്ള വിലക്കും കോടതി നീക്കി.

ഉയർന്ന പെൻഷൻ തെരഞ്ഞെടുത്ത ജീവനക്കാർ 2014 സെപ്തംബർ ഒന്നുമുതൽ വാർഷികശമ്പളത്തിന്റെ 15,000 രൂപയ‌്ക്കുമുകളിലുള്ള തുകയുടെ 1.16 ശതമാനം  പെൻഷൻ ഫണ്ടിലേക്ക് മാറ്റാനുള്ള നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നും  കോടതി കണ്ടെത്തി. എന്നാൽ, പദ്ധതിയുടെ പരാധീനതകളിൽ ചെറിയൊരു അംശംമാത്രമാണ‌് ഇപ്പോൾ കോടതിയുടെ തീർപ്പിന‌് വിധേയമായിട്ടുള്ളത‌്. ഇനിയുമേറെ നീതിനിഷേധങ്ങൾ പരിശോധിക്കാനും പരിഹരിക്കാനുമുണ്ട‌്. അപ്പീലുകൾവഴിയും നിയമത്തിന്റെ നൂലാമാലകളിൽ കുടുക്കിയും ഇനിയും തൊഴിലാളികളെയും പെൻഷൻകാരെയും നരകിപ്പിക്കാതെ ഹൈക്കോടതി വിധിയുടെ ഉള്ളടക്കം മാനിച്ച‌്  പിഎഫ‌് നിയമത്തിലും ചട്ടങ്ങളിലും കാലികവും സമഗ്രവുമായ മാറ്റം വരുത്താനാണ‌് കേന്ദ്ര സർക്കാർ തയ്യാറാകേണ്ടത‌്. ആത്യന്തികമായി പിഎഫ‌് ഒരു ക്ഷേമപദ്ധതിയാണെന്ന തിരിച്ചറിവിന‌് ഭരണാധികാരികളെ നിർബന്ധിതരാക്കുന്നതാണ‌് ഹൈക്കോടതിവിധി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top