25 September Monday

സ്വകാര്യവൽക്കരണം
 വൈദ്യുതിച്ചാർജ്‌ കൂട്ടാൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 6, 2023രാജ്യത്തിന്റെ പശ്ചാത്തലവികസന മേഖലയാകെ സ്വകാര്യവൽക്കരിക്കുകയെന്ന പ്രഖ്യാപിത നയമാണ്‌ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്നത്‌. രണ്ടാം മോദി സർക്കാർ അധികാരമേറിയതുമുതൽ പൊതുമുതൽ വിറ്റുതുലയ്‌ക്കുകയെന്ന നയം അതിവേഗത്തിൽ നടപ്പാക്കുകയാണ്‌. ദേശീയപാത, റെയിൽവേ, തുറമുഖം, വിമാനത്താവളം, മറ്റു തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവൽക്കരിക്കുന്നു. ഇതിന്റെ തുടർച്ചയാണ്‌ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള വൈദ്യുതിമേഖലയെ അദാനി, അംബാനി ഗ്രൂപ്പ്‌ ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിക്കുന്നത്‌.

പാർലമെന്റിൽ അവതരിപ്പിച്ച വൈദ്യുതിനിയമ ഭേദഗതി ബില്ലിൽ വൈദ്യുതി വിതരണമേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നിർദേശങ്ങളാണ്‌ ഉള്ളത്‌. ബിൽ പരിഗണനയിലിരിക്കെ, സ്വകാര്യ കമ്പനികളെ സഹായിക്കാൻ വിവിധ ഉത്തരവുകളും നിർദേശങ്ങളും നടപ്പാക്കുന്നു. ഉയർന്നവിലയ്‌ക്ക്‌ സ്വകാര്യ കമ്പനികളിൽനിന്ന്‌ വൈദ്യുതി വാങ്ങാൻ സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെടുകയും മാസംതോറും ചാർജ്‌ വർധിപ്പിക്കാൻ വിതരണ കമ്പനികൾക്ക്‌ അനുമതി നൽകുകയും ചെയ്യുന്നു. പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ളവയുടെ വിലനിർണയാധികാരം എണ്ണക്കമ്പനികൾക്ക്‌ വിട്ടുകൊടുത്തതിനു സമാനമായ ദുരന്തമാകും ഇത്‌. ചാർജ്‌ വർധന സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ട റഗുലേറ്ററി കമീഷനെപ്പോലും നോക്കുകുത്തിയാക്കിയാണ്‌ ഇത്തരം നയങ്ങൾ നടപ്പാക്കുന്നത്‌. ഇതോടെ വൈദ്യുതി ചാർജ്‌ വർധന ഉപയോക്താക്കൾക്ക്‌ താങ്ങാനാകില്ല. പിൻവാതിൽവഴിയുള്ള സ്വകാര്യവൽക്കരണമാണ്‌ നടക്കുന്നത്‌.

സംസ്ഥാനങ്ങൾക്കും പവർഗ്രിഡിനും കീഴിലുള്ള പ്രസരണ ആസ്‌തികൾ സ്വകാര്യ കമ്പനികൾക്ക്‌ കൈമാറി രാജ്യത്തെ വൈദ്യുതിപ്രസരണ മേഖല കോർപറേറ്റുകളുടെ നിയന്ത്രണത്തിലാക്കാൻ കേന്ദ്ര ഊർജമന്ത്രാലയം മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്‌. ഊർജമേഖലയുടെ വികസത്തിനാവശ്യമായ തുക കണ്ടെത്താനെന്ന പേരിലാണ്‌ പ്രസരണ ആസ്‌തികൾ കൈമാറുന്നത്‌. ഊർജമന്ത്രാലയത്തിനു കീഴിലുള്ള പവർഗ്രിഡിന്റെ അന്തർസംസ്ഥാന പ്രസരണ ലൈനുകളും സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ പ്രസരണ ലൈനുകളും ഉൾപ്പെടെയുള്ള ആസ്‌തി ഉയർന്ന തുക നൽകാൻ തയ്യാറുള്ള സ്വകാര്യ കമ്പനികളുടെ കൈകളിലെത്തും. ഇത്‌ ക്രോസ്‌ സബ്‌സിഡി ഇല്ലാതാക്കി വൈദ്യുതി ചാർജ്‌ വർധിപ്പിക്കാൻ ഇടയാക്കും. പാവപ്പെട്ട ഗാർഹിക, കാർഷിക ഉപയോക്താക്കളാണ്‌ ഇതിന്റെ ദുരന്തം അനുഭവിക്കേണ്ടത്‌.

ഉയർന്നനിരക്ക്‌ ഈടാക്കുന്ന കൽക്കരി, പ്രകൃതിവാതക നിലയങ്ങളിൽനിന്ന്‌ സംസ്ഥാനങ്ങൾ നിർബന്ധമായും വൈദ്യുതി വാങ്ങണമെന്നും അടുത്തിടെ നിർദേശിച്ചു. നിലവിൽ സംസ്ഥാനങ്ങൾ ഇഷ്ടാനുസരണം ഉൽപ്പാദനച്ചെലവ്‌ താഴ്‌ന്നതും ഇതുവഴി വൈദ്യുതിവില കുറഞ്ഞതുമായ നിലയങ്ങളിൽനിന്നാണ്‌ കരാർപ്രകാരം വൈദ്യുതി വാങ്ങുന്നത്‌. എന്നാൽ, കേന്ദ്രസർക്കാരിന്റെ നിബന്ധന നടപ്പായാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വൈദ്യുതി വാങ്ങൽച്ചെലവ്‌ ഉയരും. വൈദ്യുതോൽപ്പാദനത്തിന് നിലയങ്ങൾ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്രസർക്കാർ നിബന്ധനയും സംസ്ഥാനങ്ങൾക്ക് ഇരുട്ടടിയായി. ഇന്ത്യയിലേക്ക് കൽക്കരി മുഖ്യമായും ഇറക്കുമതി ചെയ്യുന്ന അദാനി ഗ്രൂപ്പിനെ സഹായിക്കാനായിരുന്നു ഇത്‌. നിബന്ധന നടപ്പായതോടെ വൈദ്യുതിവില ഉൽപ്പാദനക്കമ്പനികൾ വർധിപ്പിച്ചു. ഇതുവഴി കെഎസ്ഇബിക്ക് ഇതിനകം 400 കോടിയുടെ അധികബാധ്യതയുണ്ടായി.  

വൈദ്യുതി മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യമാകെ ശക്തമായ പ്രക്ഷോഭം ഉയർന്നുവരുന്നു എന്നത്‌ ശുഭസൂചകമാണ്‌.  ലോകത്താകെ ഉയർന്നുവരുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയാണ്‌. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സ്വകാര്യവൽക്കരണത്തിനെതിരെ ജീവനക്കാരുടെയും തൊഴിലാളികളുടെയും പണിമുടക്ക്‌ ഉൾപ്പെടെയുള്ള ചെറുത്തുനിൽപ്പ്‌ ശക്തമാണ്‌.  യുപി, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ചണ്ഡീഗഢ്‌, ശ്രീനഗർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന്‌  സർക്കാരുകൾക്ക്‌ സ്വകാര്യവൽക്കരണ നീക്കങ്ങളിൽനിന്ന്‌ പിന്മാറേണ്ടിവന്നു. കുത്തനെ കൂട്ടിയ വൈദ്യുതി നിരക്ക്‌ കുറയ്‌ക്കാനും നിർബന്ധിതരായി. വിതരണശൃംഖല സ്വകാര്യവൽക്കരിച്ച ഡൽഹിയിൽ വൈദ്യുതി നിരക്ക്‌ വർധനയ്‌ക്കെതിരെ തുടർച്ചയായ പ്രക്ഷോഭം നടന്നു. മഹാരാഷ്ട്രയിലെ വൈദ്യുതി വിതരണമേഖല അദാനി ഗ്രൂപ്പിന്‌ കൈമാറാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ജീവനക്കാരും തൊഴിലാളികളും നടത്തിയ പ്രക്ഷോഭം സ്വകാര്യവൽക്കരണത്തിന്‌ എതിരെയുള്ള ശക്തമായ ചെറുത്തുനിൽപ്പും മോദി സർക്കാരിനുള്ള മുന്നറിയിപ്പുമായി. 72 മണിക്കൂർ നീളുന്ന പണിമുടക്കിനെ നേരിടാൻ, യുപി ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ തൊഴിലാളികളെ ഇറക്കാനാണ്‌ ഏക്‌നാഥ്‌ ഷിൻഡെ സർക്കാർ ശ്രമിച്ചത്‌. എന്നാൽ, ഈ നീക്കം പരാജയപ്പെട്ടതോടെ പണിമുടക്കിയ തൊഴിലാളികളുമായി ചർച്ച നടത്താൻ നിർബന്ധിതരായി. പണിമുടക്ക്‌ തുടങ്ങി 10 മണിക്കൂറിനകം ചർച്ചയ്‌ക്ക്‌ തയ്യാറായ സർക്കാരിന്‌ സ്വകാര്യവൽക്കരണ തീരുമാനത്തിൽനിന്ന്‌ പിന്മാറേണ്ടിവന്നത്‌ തൊഴിലാളികളുടെ വിജയമാണ്‌. തൊഴിലാളികളും ജീവനക്കാരും ഒറ്റക്കെട്ടായി നിന്നാൽ, സ്വകാര്യവൽക്കരണ–-ജനവിരുദ്ധ നയങ്ങളിൽനിന്ന്‌ സർക്കാരിന്‌ പിന്മാറേണ്ടിവരുമെന്നാണ്‌ മഹാരാഷ്ട്രയിലെ വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക്‌ വ്യക്തമാക്കുന്നത്‌. 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top