26 May Sunday

ഈ തിടുക്കത്തിന‍് പിന്നിൽ ദുരുദ്ദേശ്യം

വെബ് ഡെസ്‌ക്‌Updated: Thursday Dec 23, 2021


തെരഞ്ഞെടുപ്പ്‌ നിയമ(ഭേദഗതി) ബിൽ 2021 കേന്ദ്ര സർക്കാർ പ്രതിപക്ഷത്തിന്റെ എതിർപ്പ്‌ വകവയ്‌ക്കാതെ പാർലമെന്റിൽ അവതരിപ്പിച്ച്‌ കാര്യമായ ചർച്ച അനുവദിക്കാതെ തിടുക്കത്തിൽ പാസാക്കിയിരിക്കുകയാണ്‌. സർക്കാർതന്നെ നൽകിയ ഉറപ്പുകൾ ലംഘിച്ചാണ്‌ ബിൽ തിങ്കളാഴ്‌ച ലോക്‌സഭ കടത്തിയത്‌. സർക്കാരിന്‌ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലാകട്ടെ, അന്യായമായി സസ്‌പെൻഡ്‌ ചെയ്യപ്പെട്ട 12 പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ഇല്ലാത്തത്‌ സൗകര്യമാക്കി ശബ്ദവോട്ടോടെ ചൊവ്വാഴ്‌ച പാസാക്കി. നിയമനിർമാണത്തിൽ പാലിക്കേണ്ട ജനാധിപത്യ മര്യാദകളും നടപടിക്രമങ്ങളും അനുസരിക്കാതെയുള്ള  അസാധാരണ തിടുക്കം ഇതിനുപിന്നിലെ ദുരുദ്ദേശ്യം വ്യക്തമാക്കുന്നതാണ്‌.

വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഭേദഗതിയാണ്‌ ഏറ്റവും പ്രതിഷേധത്തിനിടയാക്കിയത്‌. പട്ടികയിലെ ഇരട്ടിപ്പുകളും മറ്റുംമൂലമുള്ള കുഴപ്പങ്ങൾ പരിഹരിച്ച്‌ തെരഞ്ഞെടുപ്പുരംഗം ശുദ്ധീകരിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ സർക്കാർ അവകാശപ്പെടുന്നുണ്ട്‌. വ്യാജ വോട്ടർമാരെ കണ്ടെത്തി പുറത്താക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച നിയമമന്ത്രി കിരൺ റിജിജു പറയുന്നു. എന്നാൽ, അതായിരിക്കില്ല സംഭവിക്കാൻ പോകുന്നതെന്നാണ്  ആർഎസ്‌എസിന്റെ ഫാസിസ്‌റ്റ്‌ അജൻഡകൾ ഒന്നൊന്നായി നടപ്പാക്കുന്ന സർക്കാരിൽനിന്ന്‌ ഇതുവരെയുള്ള അനുഭവങ്ങൾ തെളിയിക്കുന്നത്‌. വോട്ടർ രജിസ്‌ട്രേഷന്‌ ആധാർ നമ്പർ നൽകണമെന്നത്‌ നിർബന്ധമാക്കില്ലെന്ന്‌ പറയുന്നുണ്ടെങ്കിലും ഫലത്തിൽ മറിച്ചാകും സംഭവിക്കുകയെന്ന ആശങ്ക പല കോണിൽനിന്നും ഉയർന്നിട്ടുണ്ട്‌. കാരണം, രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥന്‌ ആധാർ നമ്പർ ആവശ്യപ്പെടാം. യഥാർഥ വോട്ടർമാർ പട്ടികയ്‌ക്ക്‌ പുറത്തായേക്കാം.

2015ൽ തെരഞ്ഞെടുപ്പ്‌ കമീഷൻ വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, ആ വർഷം ആഗസ്‌തിൽ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. നാല്‌ മാസത്തിനിടെ 30 കോടി വോട്ടർമാരെ ആധാറുമായി ബന്ധിപ്പിച്ചു. പിന്നീട്‌ തെലങ്കാനയിലും ആന്ധ്രപ്രദേശിലും തെരഞ്ഞെടുപ്പ്‌ നടന്നപ്പോൾ രണ്ടിടത്തുമായി 50 ലക്ഷംപേർ പട്ടികയ്‌ക്ക്‌ പുറത്തായി. ഇതിൽ നല്ല പങ്കും യഥാർഥവോട്ടർമാരായിരുന്നു.

തത്വാധിഷ്‌ഠിതമായി എതിർക്കുന്നതിനാലോ മറ്റ്‌ കാരണങ്ങളാലോ കോടിക്കണക്കിന്‌ പേർ രാജ്യത്ത്‌ ഇനിയും ആധാർകാർഡ്‌ ഇല്ലാത്തവരായി ഉണ്ടാകാം. വോട്ടർപ്രായത്തിൽ ഉള്ളവരിൽ 99 ശതമാനം പേർക്കും ആധാർ ഉള്ളതായാണ്‌ കണക്ക്‌. എന്നാൽ, ഒന്നിലധികം കാർഡുകൾ സംഘടിപ്പിച്ചിട്ടുള്ളവർ ഉണ്ടാകാമെന്നതിനാൽ ഇത്‌ എത്രമാത്രം ആധികാരികമാണെന്ന്‌ പറയാനാകില്ല. ബിജെപി ഭരിക്കുന്ന കർണാടക, ഉത്തർപ്രദേശ്‌ എന്നിവയടക്കം മൂന്നിലൊന്നോളം സംസ്ഥാനങ്ങളിൽ വോട്ടർമാരേക്കാൾ കുറവാണ്‌ ആധാർ കാർഡ്‌ ഉള്ളവരുടെ എണ്ണം. എന്നാൽ, കേരളമടക്കം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും മറിച്ചാണ്‌. കഴിഞ്ഞവർഷം ഡിസംബർവരെയുള്ള കണക്കനുസരിച്ച്‌ കർണാടകത്തിൽ ആധാർ കാർഡ്‌ ഉടമകളേക്കാൾ 40 ലക്ഷത്തിലധികമാണ്‌ വോട്ടർമാർ. കേരളത്തിലാകട്ടെ വോട്ടർമാരുടെ എണ്ണം 30 ലക്ഷത്തോളം കുറവാണ്‌.

ഈ സാഹചര്യത്തിൽ പൗരത്വ രേഖയല്ലാത്ത ആധാർ കാർഡിനെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിൽ പങ്കാളിയാകുന്നതുമായി ബന്ധിപ്പിക്കുന്നത്‌ ഇരട്ടവോട്ട്‌ തടയാനാണെന്ന വാദം അസംബന്ധമാണ്‌. ആധാർ ഭരണഘടനാപരമാണെന്ന്‌ സുപ്രീംകോടതി മൂന്ന്‌ വർഷംമുമ്പ്‌ വിധിച്ചിട്ടുണ്ടെങ്കിലും അതിനെ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. അതിനാൽ ഇത്തരമൊരു നിയമനിർമാണം പരമോന്നത ജനാധിപത്യവേദിയിൽ വിശദമായ ചർച്ചയ്‌ക്കും പഠനത്തിനുംശേഷം ആകണമായിരുന്നു. എന്നാൽ, ബിൽ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന പ്രതിപക്ഷത്തിന്റെ മിതമായ ആവശ്യംപോലും  അംഗീകരിച്ചില്ല. ഉത്തർപ്രദേശടക്കം അഞ്ച്‌ സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ സർക്കാരിന്റെ ഉദ്ദേശ്യം വ്യക്തം.  ശീതകാല സമ്മേളനത്തിന്റെ തുടക്കത്തിൽത്തന്നെ കാർഷികനിയമങ്ങൾ പിൻവലിക്കേണ്ടിവന്നതിന്റെ  ജാള്യത്തിൽനിന്ന്‌ രക്ഷപ്പെടാൻകൂടിയാണ്‌ തെരഞ്ഞെടുപ്പ്‌ നിയമഭേദഗതിയിലും പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിലും മറ്റും പ്രകടിപ്പിച്ച തിടുക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top