16 April Tuesday

വോട്ടുപെട്ടി വീണ്ടും അയോധ്യയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Oct 21, 2016

ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയും സംഘപരിവാറും തര്‍ക്കവിഷയങ്ങളോരോന്നായി പുറത്തെടുക്കുകയാണ്. വൈകാരികവിഷയങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് പരമാവധി വോട്ട് അനുകൂലമാക്കുക എന്ന തന്ത്രമാണ് ബിജെപിയും നരേന്ദ്ര മോഡിയും പയറ്റുന്നത്. ബിജെപി രൂപം കൊണ്ടതുമുതല്‍ സജീവമായി ഉയര്‍ത്തുന്ന തര്‍ക്കവിഷയങ്ങളാണ് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് റദ്ദാക്കണമെന്നതും ഏകീകൃത സിവില്‍കോഡും അയോധ്യാവിഷയവും. രണ്ടുവര്‍ഷം മുമ്പ് മോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍വന്നതുമുതല്‍ ഭരണഘടനയിലെ 370– ാം വകുപ്പ് റദ്ദാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ബിജെപി സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. അതിന്റെ ഫലംകൂടിയാണ് കഴിഞ്ഞ നൂറുദിവസത്തിലധികമായി കശ്മീരില്‍ തുടരുന്ന സംഘര്‍ഷം.  മുത്തലാഖ് നിര്‍ത്തണമെന്ന ആവശ്യത്തിന്റെ ചുവടുപിടിച്ച് ബിജെപി സജീവമായി ഉയര്‍ത്താന്‍ ശ്രമിക്കുന്നതും ഏകീകൃത സിവില്‍കോഡ് എന്ന വിഷയംതന്നെയാണ്. ഏറ്റവും അവസാനമായി അയോധ്യാപ്രശ്നവും അവര്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഈ മൂന്ന് വിഷയത്തിലും ബിജെപിയും സംഘപരിവാറും ഉന്നംവയ്ക്കുന്നത് മുസ്ളിങ്ങളെയാണ.് 

കഴിഞ്ഞ ദിവസം കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി മഹേഷ്ശര്‍മ അയോധ്യ സന്ദര്‍ശിച്ചതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചാവിഷയമായത്. മാത്രമല്ല, അയോധ്യയില്‍ ഉടന്‍തന്നെ രാമക്ഷേത്ര നിര്‍മാണത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കംകുറിക്കുമെന്ന് ആര്‍എസ്എസ് നേതാക്കള്‍ വ്യക്തമാക്കുകയുംചെയ്തു.  മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ത്തന്നെ രാമായണ സര്‍ക്യൂട്ട് എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ബുദ്ധ സര്‍ക്യൂട്ട്, സിഖ് സര്‍ക്യൂട്ട്, സുഫി സര്‍ക്യൂട്ട് എന്നീ പദ്ധതികളെക്കുറിച്ചും പരാമര്‍ശിച്ചിരുന്നെങ്കിലും രാമായണ സര്‍ക്യൂട്ടുമായി കേന്ദ്രം അതിവേഗം മുന്നേറുകയെന്ന സൂചനയാണ് മന്ത്രിയുടെ അയോധ്യാസന്ദര്‍ശനത്തിലൂടെ വ്യക്തമാക്കപ്പെട്ടത്. ശ്രീരാമന്‍ എന്ന ഇതിഹാസകഥാപാത്രം സഞ്ചരിച്ചതായി പറയുന്ന ഇന്ത്യയിലെയും നേപ്പാളിലെയും ശ്രീലങ്കയിലെയും സ്ഥലങ്ങള്‍ ബന്ധപ്പെടുത്തിയുള്ള 300 കോടിയോളം രൂപയുടെ ബൃഹത്തായ ടൂറിസം പദ്ധതിയാണ് രാമായണ സര്‍ക്യൂട്ട്. ഇതില്‍ 85 കോടി ചെലവഴിച്ച്് അയോധ്യയില്‍ രാമായണ മ്യൂസിയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു മഹേഷ് ശര്‍മയുടെ അയോധ്യാസന്ദര്‍ശനം. വീഡിയോ പ്രദര്‍ശനം, ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ തുടങ്ങി 25 ഏക്കറില്‍ സ്ഥാപിക്കുന്ന ഈ മ്യൂസിയത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നാണ് മഹേഷ് ശര്‍മയുടെ പ്രഖ്യാപനം.  മുസഫര്‍ നഗര്‍ കലാപവുമായും ദാദ്രി സംഭവവുമായും അടുത്ത ബന്ധമുള്ള മന്ത്രിയായതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് ഏതാനും മാസംമുമ്പുള്ള മന്ത്രിയുടെ അയോധ്യാസന്ദര്‍ശനം വര്‍ഗീയ ധ്രുവീകരണത്തിനുള്ള ബിജെപിയുടെ ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായിമാത്രമേ കാണാന്‍കഴിയൂ. രാമായണ മ്യൂസിയത്തിലൂടെ രാമക്ഷേത്രനിര്‍മാണത്തിലേക്ക് ചര്‍ച്ചകള്‍ വഴിതിരിച്ചുവിടുകയെന്നതുതന്നെയാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്ന് തുടര്‍ന്നുള്ള സംഭവങ്ങള്‍ തെളിയിച്ചു. അയോധ്യാപ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളും അയോധ്യാനിവാസിയുമായ വിനയ് കത്യാറുടെ പ്രസ്താവന ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 'ഞങ്ങള്‍ക്കുവേണ്ടത് രാമായണ മ്യൂസിയമെന്ന കോലുമിഠായിയല്ല, മറിച്ച് രാമക്ഷേത്രമാണെന്നായിരുന്നു ആ പ്രസ്താവന. രാമക്ഷേത്രനിര്‍മാണം യാഥാര്‍ഥ്യമാക്കാന്‍ മോഡി സര്‍ക്കാര്‍ ചെയ്യേണ്ടത് പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച പ്രമേയം കൊണ്ടുവരലാണെന്നും വിനയ് കത്യാര്‍ കൂട്ടിച്ചേര്‍ത്തു. ഏപ്രിലില്‍ ഉജ്ജെയിനില്‍ കുംഭമേള നടന്ന വേളയില്‍ വിഎച്ച്പി നിയന്ത്രണത്തിലുള്ള സന്യാസിമാരുടെ സംഘം നവംബര്‍ ഒമ്പതിന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. ലഖ്നൌവില്‍ ദസറ ആഘോഷത്തിന് കഴിഞ്ഞ ദിവസം എത്തിയ പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത് 'ജയ ശ്രീരാം' വിളികളോടെയായിരുന്നുവെന്നത് യാദൃച്ഛികമാണെന്ന് കരുതാനാകില്ല.  വികസനത്തോടൊപ്പം അയോധ്യയും തെരഞ്ഞെടുപ്പ് വിഷയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ്മൌര്യ തന്നെ വ്യക്തമാക്കുകയുംചെയ്തു.  ഇതെല്ലാം വിരല്‍ചൂണ്ടുന്നത് ഉത്തര്‍പ്രദേശിലെ നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പായി അയോധ്യാവിഷയം സജീവമായി ഉയര്‍ത്തുമെന്നുതന്നെയാണ്.

രണ്ടുവര്‍ഷം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റില്‍ 73 ഉം ബിജെപി സഖ്യം നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്നൂറിലധികം സീറ്റ് ബിജെപിക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍, ബീഫ് വിഷയം ഉയര്‍ത്തി മുസ്ളിങ്ങള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയും  സംഘപരിവാര്‍  നടത്തിയ ആക്രമണങ്ങളും ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായിരുന്ന ദയാശങ്കര്‍ സിങ് നടത്തിയ മോശമായ പരാമര്‍ശവുംമറ്റും ബിജെപിയെ വേട്ടയാടി. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മോഡിയുടെ വികസനവായ്ത്താരിയില്‍ വീണുപോയവരും യാഥാര്‍ഥ്യം മനസ്സിലാക്കി ബിജെപിയില്‍നിന്നകന്നുതുടങ്ങിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ ജാതിയുടെ പേരില്‍ വിഘടിച്ച് നില്‍ക്കുന്ന ഹിന്ദുക്കളെ വീണ്ടും ബിജെപിയുടെ വോട്ടുപെട്ടിയിലേക്ക് നയിക്കണമെങ്കില്‍ അയോധ്യ ഉള്‍പ്പെടെയുള്ള തര്‍ക്കവിഷയങ്ങള്‍ ഉയര്‍ത്തിയാലേ കഴിയൂ എന്ന് ബിജെപിയും സംഘപരിവാറും മനസ്സിലാക്കുന്നുണ്ട്. അതിന്റെ ഫലമായാണ് കേന്ദ്രമന്ത്രിയുടെ അയോധ്യാസന്ദര്‍ശനവും രാമക്ഷേത്രനിര്‍മാണ ചര്‍ച്ചയുമെന്ന് വ്യക്തം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top