28 March Thursday

തെരഞ്ഞെടുപ്പില്‍ ഉയരുന്ന ചോദ്യങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 6, 2017


ഏഴ് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന പാര്‍ലമെന്ററി ജനാധിപത്യം ചെറുതല്ലാത്ത  വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍  വീണ്ടുമൊരു ജനവിധിക്ക് വേദിയാകുന്നത്. നമ്മുടെ ജനായത്തം അടിയന്തരാവസ്ഥയിലൊഴികെ മറ്റൊരിക്കലും ഇന്നത്തെപ്പോലെ ഒരു പരീക്ഷണം നേരിട്ടിട്ടില്ല. സ്വാതന്ത്യ്രസമരത്തിന്റെ ദീര്‍ഘ പാരമ്പര്യവും ജനാധിപത്യമൂല്യങ്ങളും സമ്പൂര്‍ണമായി സ്വാംശീകരിച്ച ഇന്ത്യന്‍ ഭരണഘടന സമഗ്രാധിപത്യ പ്രവണതകളെ അടിമുടി നിരാകരിക്കുന്നതാണ്. വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യന്‍ ജീവിതവും സംസ്കാരവും. എല്ലാത്തരം വിശ്വാസങ്ങളും വീക്ഷണങ്ങളും സമഭാവത്തോടെ കൂട്ടിച്ചേര്‍ക്കുക വഴിയാണ് ഇന്ത്യന്‍ ജനാധിപത്യം സമ്പുഷ്ടമായത്. വിവിധ ഭാഷാഭൂമികളും സംസ്കൃതികളും വലിപ്പച്ചെറുപ്പമില്ലാതെ കണ്ണിചേര്‍ക്കപ്പെട്ട ഫെഡറല്‍ വ്യവസ്ഥ ലോകമാതൃകയായി. വ്യക്തികേന്ദ്രീകൃതമായ അധികാര വ്യവസ്ഥയോട് എന്നും കലഹിച്ചിട്ടേയുള്ളൂ ഇന്ത്യന്‍ മനസ്സ്. 21 മാസത്തെ അടിയന്തരാവസ്ഥയ്ക്ക് കോണ്‍ഗ്രസും ഇന്ദിര ഗാന്ധിയും ഏറ്റുവാങ്ങിയ കടുത്ത ശിക്ഷ അതാണ് വിളംബരം ചെയ്തത്.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിയിലേക്ക് രാജ്യത്തെ തള്ളിവിടുന്നത് അന്നത്തെപ്പോലെ ഇന്നും കേന്ദ്രഭരണവും പ്രധാനമന്ത്രിയും തന്നെ. വികേന്ദ്രീകൃതമായ അധികാരവ്യവസ്ഥയെ തന്നിലേക്ക് കേന്ദ്രീകരിക്കുകവഴി പാര്‍ലമെന്ററി ജനാധിപത്യത്തെ കൊല ചെയ്യുകയാണ് ഇന്ദിര ഗാന്ധി ചെയ്തത്. എല്ലാ ജനാധിപത്യവേദികളും അസാധുവാക്കപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ ഇല്ലാതായി. എതിര്‍ശബ്ദങ്ങള്‍ പുറത്തുവരാതാക്കി. വിദേശത്തുനിന്നും ഉള്ളില്‍നിന്നും രാജ്യം ഭീഷണികള്‍ നേരിടുന്നുവെന്നതായിരുന്നു ഏകാധിപത്യവാഴ്ചയ്ക്കുള്ള ന്യായീകരണം. ഭരണഘടനയുടെ പഴൂതുകളിലൂടെയാണ്, മറ്റൊരര്‍ഥത്തില്‍ രാഷ്ട്രീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമാണ് ഇന്ദിര ഗാന്ധി അമിതാധികാരങ്ങള്‍ പ്രയോഗിച്ചത്. എന്നാല്‍, മോഡി ഭരണത്തില്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ്. പടിപടിയായി ജനങ്ങളുടെ മൌലികാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. ജനാധിപത്യ സംവിധാനത്തെ പ്രഹസനമാക്കുയാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത എന്തിനെയും നിശ്ശബ്ദമാക്കുകയാണ്. ഇത് സ്വേഛാധിപത്യത്തിലേക്കുള്ള വഴി തന്നെ. രാജ്യസ്നേഹമെന്ന മേലങ്കി ഏകാധിപതികള്‍ എടുത്തണിഞ്ഞതിന് ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ ഏറെയാണ്.

പാര്‍ലമെന്റിനോട് സംസാരിക്കാന്‍ താന്‍ ബാധ്യസ്ഥനല്ലെന്നും തോന്നുമ്പോഴെല്ലാം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത്  നിയമ വ്യവസ്ഥകളും കീഴ്വഴക്കങ്ങളും തകിടം മറിക്കാന്‍ അധികാരമുണ്ടെന്നും കരുതുന്ന ഒരു പ്രധാനമന്ത്രി എങ്ങനെ ജനാധിപത്യത്തിന് അനുരൂപനാകും. പണം പിന്‍വലിക്കാന്‍ നിയമത്തിന്റെ പിന്‍ബലംവേണമെന്നും ഭരണനടപടികള്‍ പാര്‍ലമെന്ററി മാര്‍ഗത്തിലാകണമെന്നും കരുതാത്ത പ്രധാനമന്ത്രിക്ക് ആ സ്ഥാനത്തിരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്. ജനങ്ങളുടെ ദുരിതം മൂര്‍ധന്യത്തിലാണ്. സമ്പദ്വ്യവസ്ഥ തകര്‍ന്നടിഞ്ഞു. പ്രഖ്യാപനങ്ങളുടെ പൊള്ളത്തരമാകെ തുറന്നുകാട്ടപ്പെട്ടു. എന്നിട്ടും ബിജെപി ഭരണം തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകാത്തത് വെറുതെയല്ല. ഈ നടപടികളുടെ ഗുണഫലം അനുഭവിക്കുന്ന സമ്പന്നവര്‍ഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തമാണ് അവര്‍ നിറവേറ്റുന്നത്.അത്തരമൊരു കക്ഷിയും പ്രധാനമന്ത്രിയും വരുന്ന തെരഞ്ഞെടുപ്പില്‍ സാധാരണക്കാരെ എങ്ങനെ അഭിസംബോധന ചെയ്യുമെന്ന് കാണാന്‍ ജനങ്ങള്‍ക്ക് കൌതുകമുണ്ടാകും.

ജനകോടികളുടെ വെറുപ്പ് ഏറ്റുവാങ്ങുമ്പോഴും പാര്‍ലമെന്റിനെ ധിക്കാരപൂര്‍വം അവഗണിച്ച് ടെലിവിഷനില്‍മാത്രം അവതരിക്കുന്ന പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ചോദ്യങ്ങള്‍ നേരിടാതിരിക്കാനാകില്ലല്ലോ. അത്തരമൊരു അധികപ്രാധാന്യം ഫെബ്രുവരി നാലിന് ആരംഭിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുണ്ട്. ആകെയുള്ള 690 മണ്ഡലങ്ങളില്‍ 403 ഉള്‍ക്കൊള്ളുന്ന ഉത്തര്‍പ്രദേശാണ് ഈ തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം. യാദവ കക്ഷിയിലെ അന്തഃഛിദ്രത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ടെങ്കിലും ബിജെപിക്ക്  പൊള്ളുന്ന ജീവിതയാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാതിരിക്കാന്‍ കഴിയില്ല.  2014ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ മോഡി ജയിച്ച വാരണാസി ഉള്‍പ്പടെ 71 മണ്ഡലത്തില്‍ ബിജെപിയായിരുന്നു ഒന്നാമത്. എന്നാലിപ്പോള്‍ തകര്‍ന്ന കാര്‍ഷികമേഖലയും പണം പിന്‍വലിക്കലിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരും ബിജെപിയുടെ ഉത്തരം മുട്ടിക്കുന്നു. ചതുഷ്കോണ മത്സരം ഒഴിവാക്കി ബിഎസ്പി, സമാജ്വാദി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ യോജിപ്പിന്റെ മേഖലകള്‍ തേടുകയെന്നത് വിദൂരസാധ്യതയാണ്. എന്നാല്‍, മത-വംശ വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും ജനവിരുദ്ധതയുടെയും രാഷ്ട്രീയം കൈയാളുന്ന സംഘപരിവാര്‍ മുമ്പെന്നെത്തേക്കാളും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അതിനവര്‍ വലിയ വിലയും നല്‍കേണ്ടിവരും.

പഞ്ചാബില്‍ ഭരണവിരുദ്ധവികാരത്തിന്റെ അലയടിയില്‍നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ്- ആംആദ്മി വോട്ടുഭിന്നിക്കല്‍ തുണയാകുമെന്നാണ് അകാലിദള്‍, ബിജെപി സഖ്യം പ്രതീക്ഷിക്കുന്നത്. ഉത്തരാഖണ്ഡിലും മണിപ്പുരിലും ഭരണം നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന് ജീവന്‍മരണ പ്രശ്നമാണ്. രാജ്യവ്യാപകമായി നേരിടുന്ന എതിര്‍പ്പ് ഗോവയില്‍ ബിജെപി ഭരണത്തെ കടപുഴക്കാന്‍ കാരണമായേക്കും. കേന്ദ്ര ഭരണത്തിനെതിരായ ജനവികാരം അതിശക്തമാണെങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളെയും സ്വാധീനിക്കാവുന്ന പൊതുനീക്കങ്ങളൊന്നും ഉയര്‍ന്നുവന്നിട്ടില്ല.

കോണ്‍ഗ്രസിന്റെ വര്‍ഗപരമായ സമ്പന്നാഭിമുഖ്യവും സാമ്പത്തികനയങ്ങളും പ്രാദേശികകക്ഷികളുടെ സങ്കുചിത താല്‍പ്പര്യങ്ങളും തന്നെയാണ് ഇതിന് വിലങ്ങുതടി. ഇത് മറികടക്കാനുള്ള ശ്രമം അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നു. ഈ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം മുഖ്യശക്തിയല്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളെയും ദേശീയ രാഷ്ട്രീയത്തെയും ഗൌരവപൂര്‍വം കണ്ടുള്ള ചര്‍ച്ചയും തീരുമാനങ്ങളും തിരുവനന്തപുരത്ത് ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ അര്‍ഥത്തിലും ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നതായിരിക്കും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top