23 April Tuesday

അതിരുവിട്ട് തെരഞ്ഞെടുപ്പ്‌ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022


നിയമസഭ, ലോക്‌സഭ, രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പുകളുടെ സംവിധാനവും മേൽനോട്ടവും നിയന്ത്രണവുമാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷനിൽ നിക്ഷിപ്‌തമായ ചുമതല. ഇപ്രകാരമാണ്‌ ഭരണഘടനയുടെ_324–-ാം വകുപ്പ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ പങ്ക്‌ നിർവചിച്ചിരിക്കുന്നത്‌. പരീക്ഷണങ്ങൾ മറികടന്ന്‌ ഇന്ത്യൻ ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോയതിൽ _മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ നിസ്‌തുല സംഭാവന നൽകിയിട്ടുണ്ട്‌. മോദിസർക്കാർ വന്നശേഷം ഭരണഘടനാ സ്ഥാപനങ്ങളെ സങ്കുചിത രാഷ്‌ട്രീയ അജൻഡ നടപ്പാക്കാൻ _ദുരുപയോഗം ചെയ്യുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ്‌ കമീഷനും അപചയം സംഭവിച്ചിട്ടുണ്ടെന്ന വിമർശം പലതവണ ഉയർന്നിട്ടുണ്ട്‌. ഇതിന്‌ അടിവരയിടുന്നതാണ്‌ രാഷ്ട്രീയപാർടികൾ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങൾ എങ്ങനെ നടപ്പാക്കുമെന്നതിന്റെ സാമ്പത്തിക വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന സംവിധാനം കൊണ്ടുവരാനുള്ള തെരഞ്ഞെടുപ്പ്‌ _കമീഷന്റെ നീക്കം. തെരഞ്ഞെടുപ്പിനുമുമ്പ്‌ സംസ്ഥാനങ്ങളുടെ ധനസ്ഥിതി വ്യക്തമാക്കുന്ന _കണക്കുകളും ചീഫ്‌ സെക്രട്ടറിവഴി അറിയണമെന്ന്‌ രാഷ്‌ട്രീയപാർടികളുടെ അഭിപ്രായം തേടി അയച്ച കത്തിൽ തെരഞ്ഞെടുപ്പ്‌ _കമീഷൻ നിർദേശിക്കുന്നു. തെരഞ്ഞെടുപ്പ്‌ കമീഷന്റെ നീക്കം _നഗ്നമായ അധികാരദുർവിനിയോഗമാണെന്നും രാഷ്ട്രീയപാർടികളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും _പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

നിയമനിർമാണ സഭകളിലേക്കും അതുവഴി മന്ത്രിസഭകളിലേക്കും പ്രതിനിധികളെ നിശ്‌ചയിക്കാൻ ജനങ്ങൾക്കുള്ള പരമാധികാരം ഉറപ്പിക്കുന്ന സംവിധാനമാണ്‌ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്‌. രാഷ്‌ട്രീയപാർടികളുടെ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികകളിൽ വസ്‌തുനിഷ്‌ഠവും ആത്മനിഷ്‌ഠവുമായ അംശങ്ങൾ കടന്നുവരാം. ഇതിന്‌ അടിസ്ഥാനം അതത്‌ _രാഷ്‌ട്രീയപാർടിയുടെ കാഴ്‌ചപ്പാടും വിവേചനാധികാരവുമാണ്‌. രാഷ്‌ട്രീയപാർടികൾ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിൽ വാഗ്‌ദാനങ്ങൾ നൽകുന്നതിന്‌ നിയന്ത്രണം ഏർപ്പെടുത്താൻ ജനപ്രാതിനിധ്യനിയമ (1951)ത്തിൽ വ്യവസ്ഥയില്ലെന്ന്‌ എസ്‌ സുബ്രഹ്‌മണ്യം ബാലാജിയും തമിഴ്‌നാട്‌ സർക്കാരും തമ്മിൽ നടന്ന കേസിൽ (2013) സുപ്രീംകോടതി വിധിയുണ്ട്‌.

വാഗ്‌ദാനങ്ങളുടെ മാനദണ്ഡം നിശ്‌ചയിക്കാനുള്ള അധികാരി തെരഞ്ഞെടുപ്പ്‌ കമീഷനായി മാറുന്നത്‌ ജനാധിപത്യത്തിന്‌ ഗുണകരമല്ല. തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിലപാടുകൾ പക്ഷപാതപരമാണെന്ന്‌ അടുത്തിടെയായി _പരാതികൾ ഉയരുകയും ചെയ്യുന്നു. 2017ൽ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം നീട്ടിയ തെരഞ്ഞെടുപ്പ്‌ കമീഷൻ നടപടി വിവാദമായി. ഗുജറാത്തിൽ ഏതാനും പദ്ധതികളുടെ ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിക്ക്‌ അവസരം നൽകുന്നതിനാണ്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം നീട്ടിയതെന്ന്‌ പിന്നീട്‌ വ്യക്തമായി. വോട്ടെടുപ്പ്‌ നാളിൽ റോഡ്‌ ഷോ നടത്തിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി വന്നിട്ടും തെരഞ്ഞെടുപ്പ്‌ കമീഷൻ ക്ലീൻ ചിറ്റ്‌ നൽകി.  തെരഞ്ഞെടുപ്പിന്റെ ഔദ്യോഗികപ്രഖ്യാപനം വരുംമുമ്പ്‌ ഭരണകക്ഷി നേതാക്കൾ വോട്ടെടുപ്പ്‌ തീയതി സമൂഹമാധ്യമങ്ങളിൽ പങ്കിട്ട അനുഭവവും ഉണ്ടായി.

സംസ്ഥാനസർക്കാരുകളുടെ ധനസ്ഥിതിയും സാമ്പത്തികഅച്ചടക്കവും പരിശോധിക്കാനും വിലയിരുത്താനും റിസർവ്‌ ബാങ്ക്‌, സിഎജി, നിതി ആയോഗ്‌ തുടങ്ങിയ ഏജൻസികളുണ്ട്‌. ഇതിനുപുറമെ ധന കമീഷൻ പ്രവർത്തിക്കുന്നു. _ധനകാര്യ ഉത്തരവാദിത്വ നിയമങ്ങളുമുണ്ട്‌. തെരഞ്ഞെടുപ്പിൽ സൗജന്യങ്ങൾ വാഗ്‌ദാനം നൽകുന്നതിനെതിരെ ബിജെപി _നേതാവ്‌ അശ്വനി ഉപാധ്യായ നൽകിയ ഹർജിയിന്മേൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ കഴിഞ്ഞ ഏപ്രിലിൽ _സമർപ്പിച്ച സത്യവാങ്‌മൂലത്തിന്റെ ഉള്ളടക്കത്തിന്‌ വിരുദ്ധവുമാണ്‌ അവരുടെ ഇപ്പോഴത്തെ നീക്കം. ഈ വിഷയത്തിൽ കക്ഷിചേരാനില്ലെന്ന നിലപാടാണ്‌ കമീഷൻ കോടതിയിൽ സ്വീകരിച്ചത്‌.

‘‘സാഹചര്യത്തിനും കാലത്തിനും അനുസൃതമായി സൗജന്യങ്ങൾ സമൂഹത്തിലും സമ്പദ്‌ഘടനയിലും അനുഭവത്തിലും വ്യത്യസ്‌തഫലങ്ങളാണ്‌ _സൃഷ്ടിക്കുകയെന്നും’’ കമീഷൻ കോടതിയിൽ വിശദീകരിച്ചു. _ഇതിൽനിന്ന്‌ _തെരഞ്ഞെടുപ്പ്‌ കമീഷൻ പൂർണമായും വ്യതിചലിക്കുകയാണ്‌.
തെരഞ്ഞെടുപ്പിൽ _സൗജന്യങ്ങൾ വാഗ്‌ദാനം ചെയ്യുന്ന സംസ്‌കാരം രാജ്യത്തിന്‌ അപകടകരമാണെന്ന്‌ കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി പറഞ്ഞു.  ശിങ്കിടി മുതലാളിത്തത്തിന്റെ പ്രയോക്താക്കളായ ബിജെപിക്ക്  ജനക്ഷേമപദ്ധതികൾ സൗജന്യം നൽകൽ മാത്രമാണെന്ന് തോന്നാം. തെരഞ്ഞെടുപ്പ് കമീഷൻ ഇതേറ്റു പിടിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. പിന്നാലെ തെരഞ്ഞെടുപ്പ്‌ കമീഷൻ ഇതേ _നിലപാടിലേക്ക്‌ നീങ്ങുന്നത്‌ _അവരുടെ വിശ്വാസ്യത തകർക്കുന്നതാണ്‌. _ഭരണഘടനയിൽ വ്യവസ്ഥ ചെയ്‌തിരിക്കുന്ന വിധത്തിലാണ്‌ ഓരോ സ്ഥാപനവും പ്രവർത്തിക്കേണ്ടത്‌. അതിരുവിട്ട്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ നീങ്ങുന്നത്‌ സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം ആഘോഷിക്കുമ്പോൾ രാജ്യത്ത്‌ നിലനിൽക്കുന്നത്‌ എന്തുതരം ജനാധിപത്യമാണെന്ന ചോദ്യം ഉയർത്തുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top