23 April Tuesday

തെരഞ്ഞെടുപ്പ‌് പരിഷ‌്കരണം അനിവാര്യം

വെബ് ഡെസ്‌ക്‌Updated: Monday May 6, 2019


ഇന്ത്യയിലെ പാർലമെന്ററി സംവിധാനം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷൻ.  ഭരണഘടനയിലെ 324(1) വകുപ്പ് വിപുലമായ അധികാരങ്ങളാണ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയിട്ടുള്ളത്. ഏഴ് ദശാബ‌്ദമായി കമീഷൻ ഈ ഭരണഘടനാ ഉത്തരവാദിത്തം നിർവഹിച്ചതിനാലാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിന് വിശ്വാസ്യത നേടിയെടുക്കാൻ കഴിഞ്ഞത്. പാർലമെന്റിലേക്കും നിയമസഭകളിലേക്കും യഥാസമയം തെരഞ്ഞെടുപ്പ് നടത്തി കഴിവ് തെളിയിച്ച സ്ഥാപനം കൂടിയാണിത്. ചില വീഴ‌്ചകളും  പോരായ‌്മകളും ചൂണ്ടിക്കാണിക്കാൻ കഴിയുമെങ്കിലും വിശ്വസനീയമായ റെക്കോഡാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുള്ളത്. എന്നാൽ, പതിനേഴാമത് ലോക‌്സഭാ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികൾ ഈ വിശ്വാസ്യതയ‌്ക്ക് ഇടിച്ചിൽ തട്ടിച്ചില്ലേ എന്ന സംശയം പല കോണുകളിൽനിന്നും ഉയരുകയുണ്ടായി. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിനിടയ‌്ക്ക് ഭൂരിപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെയും തകർത്ത മോഡിഭരണം ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷനെയും തകർക്കുകയാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർക്കശമായി പാലിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ബാധ്യസ്ഥമാണ്. ഭരണകക്ഷി ഒൗദ്യോഗിക ഭരണസംവിധാനങ്ങൾ ദുരുപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയും പണാധിപത്യം തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ കലുഷിതമാക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതും  തെരഞ്ഞെടുപ്പ് കമീഷന്റെ ചുമതലയാണ്.  എല്ലാ രാഷ്ട്രീയ പാർടികളോടും സമഭാവനയോടെയും പക്ഷപാതിത്വമേതുമില്ലാതെയും പെരുമാറാനുള്ള ബാധ്യതയും തെരഞ്ഞെടുപ്പ് കമീഷനുണ്ട്.

എന്നാൽ, സുനിൽ അറോറയുടെ നേതൃത്വത്തിലുള്ള കമീഷന്റെ പ്രവർത്തനം അത്തരത്തിലുള്ളതാണോ എന്ന സംശയമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ‌്ക്കുമെതിരെയുള്ള ഒരു ഡസനോളം വരുന്ന പരാതികളിൽ തീരുമാനമെടുക്കുന്നതിലുള്ള കാലതാമസവും ഭൂരിപക്ഷം കേസുകളിലും അവർക്ക‌് ‘ക്ലീൻ ചിറ്റ്' നൽകിയതുമാണ് ഇത്തരമൊരു സംശയം ഉണർത്തുന്നത്.  പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ വർധയിലും  ലാത്തൂരിലും രാജസ്ഥാനിലെ ബാർമേറിലും മറ്റും നടത്തിയ പ്രസംഗങ്ങൾ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി ലഭിച്ചിട്ട് ആഴ്ചകളായി. പുൽവാമയിലെ രക്തസാക്ഷികളുടെ പേരിലും ബാലാകോട്ടിലെ വ്യോമാക്രമണത്തിന്റെ പേരിലും മതത്തിന്റെപേരിലും പരസ്യമായി വോട്ടഭ്യർഥിച്ചതിനെക്കുറിച്ചാണ് പരാതികൾ നൽകിയിട്ടുള്ളത്.

എന്നാൽ, ഈ പരാതികളിൽ ഒരു നടപടിയും സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറായില്ല.  വിദ്വേഷ പ്രസംഗത്തിന്റെയും പ്രചാരണത്തെയും കുറിച്ചുള്ള പരാതികളിൽ എന്ത് നടപടിയാണ് കൈക്കൊണ്ടത് എന്ന് സുപ്രീംകോടതി ചോദിച്ചപ്പോൾ മാത്രമാണ് ആദിത്യനാഥിനും മായാവതിക്കും അസംഖാനും  മനേക ഗാന്ധിക്കുമെതിരെ നടപടി സ്വീകരിക്കാൻ കമീഷൻ തയ്യാറായത്. ഇതേ യോഗത്തിൽത്തന്നെ ഗുജറാത്തിലെ ബിജെപി അധ്യക്ഷൻ വഗാനിക്കെതിരെ നടപടി സ്വീകരിക്കാൻ (മൂന്ന് ദിവസം പ്രചാരണത്തിന് വിലക്ക്) തീരുമാനിച്ചെങ്കിലും ഗുജറാത്ത് വോട്ടെടുപ്പ് കഴിഞ്ഞതിനുശേഷമാണ് തീരുമാനം പുറത്തുവിട്ടത്.  പക്ഷേ, നരേന്ദ്ര മോഡിക്കും അമിത് ഷായ‌്ക്കുമെതിരെ ഒരു നടപടിയും എടുത്തില്ല. ഈ ഘട്ടത്തിലാണ് കോൺഗ്രസ് പാർടി  സുപ്രീംകോടതിയെ സമീപിക്കാൻ തയ്യാറായതും മെയ് ആറിനകം പരാതികളിൽ തീരുമാനമെടുക്കാൻ പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടതും. തുടർന്ന്, മോഡിക്കെതിരെയുള്ള പരാതികൾ പരിഗണിച്ച തെരഞ്ഞെടുപ്പ് കമീഷൻ ഇതിനകം നാല് കേസിൽ മോഡിക്ക് ‘ക്ലീൻ ചിറ്റ്' നൽകിക്കഴിഞ്ഞു. 

എന്നാൽ, എന്തിന്റെ അടിസ്ഥാനത്തിലാണ് മോഡിയെ ശിക്ഷിക്കാതിരുന്നത് എന്ന് വിശദമാക്കാനോ അക്കാര്യം ഔദ്യോഗിക വെബ്സൈറ്റിൽ ഇടാനോ കമീഷൻ തയ്യാറായിട്ടില്ല. എന്നാൽ, തെരഞ്ഞെടുപ്പ് ക‌മീഷൻ ശിക്ഷിച്ച കേസുകളിലെല്ലാംതന്നെ അതിന്റെ വിശദാംശങ്ങൾ സഹിതം വെബ്സൈറ്റിൽ ഇട്ടിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങൾ, പരാതിയുടെ വിശദാംശങ്ങൾ, തീരുമാനത്തിന്റെ വിശദാംശങ്ങൾ എന്നീ ക്രമത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 481 പരാതിയെക്കുറിച്ചും വെബ്സൈറ്റിൽ പരാമർശമുണ്ട്. എന്നാൽ, പ്രധാനമന്ത്രിക്കും അമിത് ഷായ‌്ക്കുമെതിരെയുള്ള പരാതിയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന ത്രിപുര സംസ്ഥാനത്തിലെ പശ്ചിമ ത്രിപുര മണ്ഡലത്തിൽ വ്യാപകമായ ബൂത്തുപിടിത്തവും അക്രമവും നടന്നിട്ടും റീ പോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറായില്ല. മുഖ്യ പ്രതിപക്ഷമായ സിപിഐ എം 846 ബൂത്തിൽ റീ പോളിങ് ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ തീരുമാനമല്ല തെരഞ്ഞെടുപ്പ് കമീഷനിൽ നിന്നുണ്ടായത്.  ഇതൊക്കെ വിരൽചൂണ്ടുന്നത് മോഡിഭരണത്തിന‌് കീഴിൽ തെരഞ്ഞെടുപ്പ് കമീഷന്റെയും വിശ്വാസ്യത തകർന്നിരിക്കുന്നുവെന്നാണ്. ഇതുകൊണ്ടാണ് തെരഞ്ഞെടുപ്പ‌് പരിഷ‌്കരണം വേണമെന്ന സിപിഐ എമ്മിന്റെ ആവശ്യം പ്രസക്തമാകുന്നത്.  തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെ എക‌്സിക്യൂട്ടീവ‌് തെരഞ്ഞെടുക്കുന്ന രീതി മാറുകതന്നെ വേണം. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയായിരിക്കണം തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top