16 June Sunday

തെരഞ്ഞെടുപ്പ‌് കമീഷന്റെ പക്ഷപാതിത്വം

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019


പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഒരു ദിവസം വെട്ടിക്കുറയ‌്ക്കാനുള്ള അസാധാരണമായ തീരുമാനം തെരഞ്ഞെടുപ്പ് കമീഷൻ കൈക്കൊണ്ടിരിക്കുകയാണ്. 19 ന്  നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം വെള്ളിയാഴ്ച വൈകിട്ട് അവസാനിക്കേണ്ടതായിരുന്നു. അത് വ്യാഴാഴ്ച വൈകിട്ട് തന്നെ അവസാനിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചത്. ഭരണഘടനയിലെ 324 –-ാം വകുപ്പ് നൽകുന്ന സവിശേഷാധികാരം ഉപയോഗിച്ചാണ് കമീഷൻ ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയ‌്ക്കിടെ ഉണ്ടായ സംഘർഷം ഉയർത്തിക്കാട്ടിയാണ് പ്രചാരണത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ബംഗാളി നവോത്ഥാന നായകൻ ഈശ്വര ചന്ദ്ര വിദ്യാസാഗറുടെ പ്രതിമ ഉൾപ്പെടെ ഈ സംഘർഷത്തിൽ തകർക്കപ്പെടുകയുണ്ടായി.  ബിജെപിയും തൃണമൂൽ കോൺഗ്രസുമാണ് ഈ ആക്രമണത്തിന് ഉത്തരവാദികൾ. എന്നാൽ, അവരുടെമാത്രം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാത്രമല്ല മറ്റ് രാഷ്ട്രീയ കക്ഷികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണം തടഞ്ഞിരിക്കുകയാണ്. തെറ്റുചെയ‌്തവരെ ശിക്ഷിക്കുന്നതിന് പകരം എല്ലാവരെയും ശിക്ഷിക്കുന്ന നടപടിയാണ് തെരഞ്ഞെടുപ്പ് കമീഷൻ കൈക്കൊണ്ടിട്ടുള്ളത്. 

സ്വാഭാവികമായും തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു.  പശ്ചിമബംഗാളിൽ പ്രചാരണത്തിന് ഒരു ദിവസംമുമ്പ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിനുപിന്നിലും തെരഞ്ഞെടുപ്പ് കമീഷന്റെ പക്ഷപാതിത്വം പ്രകടമാണ്.  പശ്ചിമബംഗാളിലെ മോഡിയുടെ പ്രചാരണ പരിപാടി വ്യാഴാഴ്ചയോടെ തീരുകയാണ്. അതോടൊപ്പം തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ ഹെലികോപ്റ്റർ പ്രചാരണവും വ്യാഴാഴ്ച അവസാനിക്കുകയാണ്. മോഡിയുടെയും മമതയുടെയും പ്രചാരണ പരിപാടി അവസാനിക്കുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ പരസ്യപ്രചാരണം അവസാനിപ്പിക്കുന്നത്. അക്രമം അവസാനിപ്പിക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ലക്ഷ്യമെങ്കിൽ എന്തുകൊണ്ട് പ്രചാരണ പരിപാടികൾ വ്യാഴാഴ്ച രാവിലെമുതൽതന്നെ നിർത്തിവച്ചുകൂട. അതായത് സംഘർഷത്തിന് ഉത്തരവാദികളായവരുടെ പ്രചാരണപരിപാടിക്ക് ഒരുകോട്ടവും തട്ടാതെയുള്ള തീരുമാനമാണ് തെരഞ്ഞെടുപ്പ് കമീഷൻ കൈക്കൊണ്ടിട്ടുള്ളത്. സ്വതന്ത്രവും നീതിപൂർവകവുമായി തെരഞ്ഞെടുപ്പ് നടത്താൻ ഭരണഘടനാപരമായി ബാധ്യതപ്പെട്ട തെരഞ്ഞെടുപ്പ‌് കമീഷൻ അതിൽ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. ഇത്തരം പക്ഷപാതിത്വം ആ സ്ഥാപനത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇല്ലാതാക്കുക.

അമിത് ഷായുടെ റോഡ്ഷോയ‌്ക്കിടെ വൻ ആക്രമണങ്ങളാണ് കൊൽക്കത്തയിൽ അരങ്ങേറിയത്. ബിജെപി അധ്യക്ഷനെ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥിവിഭാഗം പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് വടക്കൻ കൊൽക്കത്തയിലെ പ്രസിദ്ധമായ വിദ്യാസാഗർ കോളേജിൽ കടന്ന് ബംഗാളി നവേത്ഥാന നായകരിലൊരാളായ ഈശ്വര ചന്ദ്ര വിദ്യാസാഗറുടെ അർധകായപ്രതിമ തകർക്കാനും ബിജെപിക്കാർ തയ്യാറായി. ബംഗാളികൾ ഏറെ ആദരവോടെ കാണുന്ന വ്യക്തിത്വമാണ് ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റേത്. തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ വിദ്യ നേടി അറിവിന്റെ സാഗരമായി മാറിയ ഈശ്വര ചന്ദ്ര വിധവാവിവാഹം നിയമവിധേയമാക്കുന്നതിനും ശൈശവ വിവാഹം നിരോധിക്കുന്നതിനും സ്ത്രീകൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം  ഉൾപ്പെടെ നൽകുന്നതിനും അഹോരാത്രം പ്രവർത്തിക്കുകയുണ്ടായി. ബംഗാളികൾക്ക് അവരുടെ അക്ഷരമാല (ബർണോ പരിചയ‌്) നൽകിയതും ഈശ്വര ചന്ദ്ര വിദ്യാസാഗർതന്നെ.  ബംഗാളി ഭാഷയ‌്ക്കും സംസ‌്കാരത്തിനും ഏറ്റവും കൂടുതൽ സംഭാവന നൽകിയ വ്യക്തിയുടെ പ്രതിമ തകർത്തപ്പോൾ ബിജെപിക്ക് ബംഗാളി വേരുകളിലേക്ക് ആഴ‌്ന്നിറങ്ങാൻ കഴിയില്ലെന്ന് വ്യക്തമാകുകയായിരുന്നു.  പണച്ചാക്കിന്റെയും ഏതാനും ഗുണ്ടകളുടെയും ബലത്തിൽ ബംഗാളികളുടെ വിശ്വാസം നേടാൻ ബിജെപിക്ക് കഴിയില്ല. പ്രതിമ തകർത്തതിനെ അപലപിക്കാനോ അതിൽ ദുഃഖം രേഖപ്പെടുത്താനോ പോലും അമിത് ഷായും കൂട്ടരും തയ്യാറായില്ല. എന്നാൽ, പ്രതിമ തകർത്തത് ബിജെപിക്കെതിരെ വൻ വികാരം ഉണർത്തുമെന്നു കണ്ടപ്പോഴാണ് തകർത്തിടത്ത് വലിയ പ്രതിമ സ്ഥാപിക്കുമെന്ന് പറയാൻ മോഡി തയ്യാറായത്.  അപ്പോൾപ്പോലും പ്രതിമ തകർത്തതിൽ ഖേദപ്രകടനം നടത്താൻ അദ്ദേഹം തയ്യാറായില്ല. ഇന്ത്യൻ സംസ‌്കാരത്തോടും ചരിത്രത്തോടുമുള്ള ബിജെപിയുടെ സമീപനം എന്തെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത്. രാജ്യത്തെ എല്ലാ പുരോഗമന ശക്തികളും ബിജെപിയുടെ ഈ കാട്ടാളത്തത്തിനെതിരെ പ്രതിഷേധിക്കാൻ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top