19 April Friday

തെരഞ്ഞെടുപ്പ്‌ ഒന്നിച്ചുവേണ്ട

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018



ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന‌് അഭിമാനിക്കുന്ന ഇന്ത്യയുടെ മറ്റൊരു പ്രത്യേകത ബൃഹത്തായ ഭരണഘടനയാണ്‌. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ തുടർച്ചയായി അതിദീർഘമായ പ്രക്രിയയിലൂടെയാണ്‌ ഭരണഘടനയ്‌ക്ക്‌ രൂപംനൽകിയത്‌. പ്രഗത്ഭ രാഷ്ട്രതന്ത്രജ്ഞരടക്കം നാനാതുറകളിലുള്ള നാനൂറോളം പേരടങ്ങിയ കോൺസ്‌റ്റിട്യൂഷണൽ അസംബ്ലി ഇന്ത്യയുടെ ബഹുസ്വരതയും വൈപുല്യവും കണക്കിലെടുത്താണ്‌ സമഗ്രമായ  ഭരണഘടനയ്‌ക്ക്‌ രൂപംനൽകിയത്‌. അതിന്റെ അടിസ്ഥാനശിലകളിലൊന്ന്‌ ഫെഡറൽ തത്വമാണ്‌. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ ശക്തമാകുമ്പോഴേ ജനാധിപത്യം അർഥവത്താകൂ എന്ന കാഴ്‌ചപ്പാടാണ്‌ ഭരണഘടനാശിൽപ്പികളെ നയിച്ചത്‌.

132 കോടി ജനങ്ങളുള്ള രാജ്യത്ത്‌ അധികാരം  ഏതെങ്കിലുമൊരിടത്ത്‌ കേന്ദ്രീകരിക്കപ്പെടുന്നത്‌ ആപൽക്കരമായിരിക്കും. മാത്രമല്ല, ഒാരോതലത്തിലുമുള്ള ജനാധിപത്യം സമ്പൂർണവുമായിരിക്കണം. തെരഞ്ഞെടുപ്പുസമ്പ്രദായത്തിലും  ഭരണസംവിധാനത്തിലും വികേന്ദ്രീകരണവും സ്വതന്ത്രസ്വഭാവവും ഉറപ്പാക്കിയതിന്റെ കാരണവും മറ്റൊന്നല്ല. നാനാത്വത്തിലെ ഏകത്വം മുറുകെ പിടിക്കുന്ന ഇന്ത്യക്ക്‌ അനുയോജ്യമായ ഈ  സംവിധാനം അട്ടിമറിച്ച്‌ അധികാരം കേന്ദ്രീകരിക്കാനുള്ള ഗൂഢനീക്കങ്ങളാണ്‌ ബിജെപി സർക്കാർ നടത്തുന്നത്‌. പാർലമെന്ററി സമ്പ്രദായമല്ല, വ്യക്തികേന്ദ്രീകൃത പ്രസിഡൻഷ്യൽ രീതിയാണ്‌ ബിജെപിക്ക്‌ പഥ്യം. അത്‌ എളുപ്പമല്ലെങ്കിൽ  ഫെഡറൽ‐ പാർലമെന്ററി സമ്പ്രദായത്തെ കേന്ദ്രഭരണത്തിന്റെ വരുതിയിലാക്കുക; ഇതാണ്‌ മോഡിസർക്കാരിന്റെ ഉന്നം. ലോക്‌സഭ‐ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചുനടത്താനുള്ള നിർദേശത്തിനുപിന്നിൽ വ്യക്തമായ ഒളിയജൻഡയാണുള്ളത്‌. 

കേന്ദ്രത്തിന്റെ ആജ്ഞാനുവർത്തിയായി മാറിയ തെരഞ്ഞെടുപ്പ‌് കമീഷൻ കഴിഞ്ഞ ഒക്ടോബറിലാണ്‌ ഇത്തരമൊരു നിർദേശം പുറത്തുവിട്ടത്‌. ചെലവുചുരുക്കുക എന്ന ഏകഗുണമാണ്‌ ഒറ്റ തെരഞ്ഞെടുപ്പിന്റെ വക്താക്കൾക്ക്‌ അവകാശപ്പെടാനുള്ളത്‌. നിർദേശം വന്ന ഘട്ടത്തിൽതന്നെ പല പ്രമുഖ കക്ഷികളും അപ്രായോഗികത ചൂണ്ടിക്കാണിച്ചതാണ്‌. അതൊന്നും ഗൗനിക്കാതെ തെരഞ്ഞെടുപ്പ്‌ പരിഷ്‌കരണത്തിനുള്ള ശുപാർശകൾ സമർപ്പിക്കാൻ നിയമ കമീഷനെ ചുമതലപ്പെടുത്തി. ഭരണഘടനയും ജനപ്രാതിനിധ്യനിയമവും ഭേദഗതി ചെയ്‌തുവേണം ഇത്തരമൊരു പരിഷ്‌കാരം നടപ്പാക്കാൻ. ഇതിനായി  വിവിധ കക്ഷികളിൽനിന്ന്‌ നിയമ കമീഷൻ അഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണ്‌. ലോക്സഭ കാലാവധി തീരുംമുമ്പ് പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായാൽ ശേഷിക്കുന്ന കാലയളവിൽ ഭരണനിർവഹണത്തിന്‌  രാഷ്ട്രപതിയെ ചുമതലപ്പെടുത്തണമെന്ന്‌ നിതി ആയോഗും നിർദേശിക്കുന്നു. ഭരണഘടനാവിരുദ്ധവും അപ്രായോഗികവുമാണ്‌ ഈ നിർദേശമെന്ന്‌ സിപിഐ എം തുടക്കത്തിൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. പാർലമെന്ററി ജനാധിപത്യസംവിധാനത്തിന‌് നിരക്കുന്നതല്ല നിർദിഷ്ട പരിഷ്കാരം.

ജനപ്രതിനിധിസഭകളോട്‌ ഉത്തരവാദിത്തം പുലർത്തുന്ന സർക്കാരുകളായിരിക്കണം ഭരണനിർവഹണം നടത്തേണ്ടതെന്ന അടിസ്ഥാന ജനാധിപത്യതത്വമാണ്‌ ബലികഴിക്കാനൊരുങ്ങുന്നത്‌. സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതായി തെളിയുകയോ, പണബിൽ നിരാകരിക്കപ്പെടുകയോ ചെയ്‌താൽ സർക്കാർ സ്ഥാനമൊഴിയണം. ഭൂരിപക്ഷമുള്ള കക്ഷിയോ മുന്നണിയോ പകരം സർക്കാർ രൂപീകരിക്കുക. സർക്കാർരൂപീകരണത്തിന്‌ സാധ്യത തെളിയുന്നില്ലെങ്കിൽ സഭ പിരിച്ചുവിട്ട്‌ തെരഞ്ഞെടുപ്പ്‌ നടത്തുക; ഇതാണ്‌ നിയമവ്യവസ്ഥയും കീഴ്‌വഴക്കവും. സർക്കാരിന്റെ ഭൂരിപക്ഷം സംബന്ധിച്ച പ്രശ്‌നങ്ങൾ ഉടലെടുത്താൽ നീതിപൂർവമായ തീരുമാനങ്ങളെടുക്കാൻ ഭരണഘടനാപരമായ ചുമതല രാഷ്ട്രപതിയിലോ ഗവർണറിലോ നിക്ഷിപ്‌തമാണ്‌. സർക്കാരിന്‌ നിലനിൽപ്പില്ലെങ്കിൽ തെരഞ്ഞെടുപ്പിനുള്ള സാവകാശം എന്ന നിലയിൽമാത്രമാണ്‌ രാഷ്ട്രപതിഭരണത്തെ ഭരണഘടന വിഭാവനം ചെയ്‌തിട്ടുള്ളത്‌. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിസഭയ്‌ക്കാണ്‌ ഇന്ത്യയിൽ പ്രാമുഖ്യമെന്ന്‌ സുവ്യക്തം.

മേൽപ്പറഞ്ഞ മൂല്യങ്ങളെല്ലാം കാറ്റിൽപ്പറത്തി രാഷ്ട്രീയ അസ്ഥിരതയും രാഷ്ട്രപതിഭരണവുമൊക്കെ പതിവാക്കാനുതകുന്ന നിയമഭേദഗതിക്കാണ്‌ കേന്ദ്രസർക്കാർ കോപ്പുകൂട്ടുന്നത്‌. നിർദിഷ്ട ഭേദഗതി നടപ്പായാൽ അകാലത്തിൽ സംസ്ഥാന സർക്കാരുകളെ താഴെ ഇറക്കി അനായാസം രാഷ്ട്രപതിഭരണം ഏർപ്പെടുത്താം. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താനെന്ന ന്യായത്തിൽ ഏതെങ്കിലും നിയമസഭയുടെയും സംസ്ഥാന സർക്കാരിന്റെയും കാലാവധി നീട്ടാനുള്ള വ്യവസ്ഥകൂടി ഭേദഗതിയിൽ ഉൾപ്പെടുത്തിയാൽ അത്ഭുതപ്പെടാനില്ല. സഭ കാലാവധി തീരുംമുമ്പ് പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായാൽ ശേഷിക്കുന്ന  കാലയളവ്‌ മുഴുവൻ  ഭരണനിർവഹണത്തിന്‌ രാഷ്ട്രപതിയെ ഏൽപ്പിക്കുക, പുതിയ ലോക്സഭ നിലവിൽവരുന്നതുവരെ കാവൽമന്ത്രിസഭയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ അങ്ങേയറ്റം ജനവിരുദ്ധമാണ്‌. ഫാസിസ്റ്റ‌് സ്വഭാവമുള്ള ഒരു സർക്കാരിന്‌  ഏതുഘട്ടത്തിലും സഭയിൽ ഭൂരിപക്ഷം പരിശോധിക്കപ്പെടുന്നതിനുമുമ്പ്‌ രാഷ്ട്രപതിഭരണത്തിലേക്ക്‌ വഴിമാറാൻ സാധിക്കും. കാലാവധി തീരുംമുമ്പ് പിരിച്ചുവിടേണ്ടിവന്നാൽ ആ സഭയുടെ ശേഷിക്കുന്ന കാലയളവിലേക്കുമാത്രമായി തെരഞ്ഞെടുപ്പ് എന്ന നിർദേശത്തിന്റെ ഉദ്ദേശ്യവും  സംശയാസ്‌പദമാണ്‌. ഇതെല്ലാം സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന്റെയും ഗവർണർമാരുടെയും അധിനിവേശം വർധിപ്പിക്കുമെന്ന്‌ സിപിഐ എം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

ബിജെപി ഏറ്റെടുത്തിട്ടുള്ള ഈ പരിഷ്‌കരണ നിർദേശങ്ങളെ ഭൂരിപക്ഷം കക്ഷികളും തുറന്നെതിർത്തിട്ടുണ്ട്‌. സിപിഐ എമ്മിനുപുറമെ തൃണമൂൽ കോൺഗ്രസ്, സിപിഐ, മുസ്ലിംലീഗ്, എഐയുഡിഎഫ്, ഗോവ ഫോർവേഡ് പാർടി,  ഡിഎംകെ, ഫോർവേഡ് ബ്ലോക്ക്, ആം ആദ്മി പാർടി എന്നീ കക്ഷികൾ ലോ കമീഷനെ  വിയോജിപ്പ് അറിയിച്ചു. സമാജ്വാദി പാർടി, എഐഎഡിഎംകെ, ജെഡിയു, ടിആർഎസ്, അകാലിദൾ  പാർടികളാണ് അനുകൂലനിലപാട് പ്രകടിപ്പിച്ചത്‌. യഥാസമയം പ്രതികരിക്കാനോ നിലപാട്‌ വ്യക്തമാക്കാനോ കോൺഗ്രസ്‌ തയ്യാറാകാത്തത്‌ ആശങ്കയുണർത്തുന്നു. നിലവിലുള്ള പുരോഗമനപരമായ രാഷ്ട്രീയ ഉള്ളടക്കവും വ്യത്യസ്‌ത സമയങ്ങളിലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളും യഥാർഥത്തിൽ ഫെഡറൽ ജനാധിപത്യവ്യവസ്ഥയുടെ ശക്തിയാണ്‌ കാണിക്കുന്നത്‌. അത്‌ തകർക്കാനുള്ള ബിജെപി നീക്കത്തിനെതിരെ സാധ്യമായ എല്ലാ വേദികളിലും പ്രതിഷേധവും പ്രതിരോധവും ഉയർന്നുവരേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top