28 March Thursday

പീഡനം തൊഴിലാക്കി കോൺഗ്രസ്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 14, 2022


കോൺഗ്രസ്‌ നേതാക്കളുടെ ലൈംഗിക പീഡനക്കഥകൾ വീണ്ടും പുറത്തുവരികയാണ്‌. യൂത്ത്‌ കോൺഗ്രസ്‌ പാലക്കാട്ട്‌ സംഘടിപ്പിച്ച ചിന്തൻ ശിബിരിൽ ജില്ലാ നേതാവായ യുവതിയെ സംസ്ഥാനഭാരവാഹി പീഡിപ്പിച്ചതിനു പിന്നാലെയാണ്‌ കോൺഗ്രസ്‌ എംഎൽഎക്കെതിരെ അധ്യാപിക ലൈംഗികപീഡന പരാതി നൽകിയത്‌. കോൺഗ്രസ്‌ നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ്‌ കുന്നപ്പിള്ളിക്കെതിരെയുള്ള പരാതിയും വെളിപ്പെടുത്തലും ഗൗരവമേറിയ വിഷയമാണ്‌. സ്‌ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ബാധ്യസ്ഥനായ എംഎൽഎയാണ്‌ അധ്യാപികയെ നിരന്തരമായി പീഡിപ്പിച്ചത്‌. ലൈംഗികമായി പീഡിപ്പിച്ചു എന്ന്‌ മാത്രമല്ല, തുടർന്ന്‌ ജീവിക്കാൻ അനുവദിക്കാത്ത വിധം പിന്തുടർന്ന്‌ ഭീഷണിപ്പെടുത്തി മർദിക്കുകയും ചെയ്‌തു. പീഡനം സഹിക്കാൻ വയ്യാതെ വന്നപ്പോൾ പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ എംഎൽഎയും മധ്യസ്ഥരും പണം വാഗ്‌ദാനംചെയ്‌തു. ഇതിന്‌ വഴങ്ങാതെവന്നപ്പോൾ വീണ്ടും ഭീഷണിപ്പെടുത്തി. തുടർച്ചയായ ഭീഷണി ഭയന്ന്‌ യുവതി കന്യാകുമാരിയിലെത്തി ആത്മഹത്യക്ക്‌ ശ്രമിച്ചു. പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ്‌ അധ്യാപിക ഇന്ന്‌ ജീവനോടെയിരിക്കുന്നത്‌. യുവതിയെ ആത്മഹത്യയിലെത്തിച്ച്‌ തെളിവ്‌ നശിപ്പിക്കുക എന്നതായിരുന്നു എംഎൽഎയുടെയും സംഘത്തിന്റെയും ആസൂത്രിതനീക്കം.

സൗഹൃദം സ്ഥാപിച്ചശേഷം തുടർച്ചയായ മർദനവും പീഡനവും തുടർന്നുവെന്നാണ്‌ യുവതി പറഞ്ഞിരിക്കുന്നത്‌. മദ്യലഹരിയിൽ പലപ്പോഴും എംഎൽഎ വീട്ടിലെത്തിയിരുന്നു. മറ്റ്‌ സ്‌ത്രീകളുമായുൾപ്പെടെ ബന്ധമുണ്ടെന്ന്‌ മനസ്സിലാക്കി സൗഹൃദം വേണ്ടെന്നു വച്ചതിനുശേഷവും മദ്യപിച്ച്‌ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചു. സെപ്‌തംബർ 14ന്‌ കാറിൽ കോവളത്തേക്ക്‌ കൊണ്ടുപോയി നാട്ടുകാരുടെ മുന്നിൽ മർദിച്ചു. കെപിസിസി നേതൃത്വം ഒന്നടങ്കം അണിനിരന്ന രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജോഡോ യാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ദിവസമായിരുന്നു സംഭവമെന്നതിനും ഏറെ പ്രാധാന്യമുണ്ട്‌. പൊലീസിൽ പരാതി നൽകിയപ്പോൾ 30 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തു. പിന്നീട്‌ വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിൽ വിളിച്ചുവരുത്തി ഹണിട്രാപ്പിൽ കുടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തി. എംഎൽഎക്കെതിരെ വീഡിയോദൃശ്യവും ഫോൺ സംഭാഷണവും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ യുവതിയുടെ കൈവശമുണ്ട്‌. കുറ്റമറ്റതും നിഷ്‌പക്ഷവുമായ അന്വേഷണമാണ്‌ പൊലീസ്‌ സ്വീകരിച്ചിരിക്കുന്നത്‌. ജില്ലാ ക്രൈംബ്രാഞ്ച്‌ അസിസ്‌റ്റന്റ്‌ കമീഷണറുടെ നേതൃത്വത്തിലാണ്‌ അന്വേഷണം. കേസ്‌ ഒത്തുതീർപ്പാക്കാൻ സമ്മർദം ചെലുത്തിയെന്ന പരാതിയിൽ കോവളം എസ്‌എച്ച്‌ഒയെ ഉടൻ സ്ഥലംമാറ്റി. മുമ്പ്‌ പീഡനക്കേസിൽ പ്രതിയായ കോൺഗ്രസ്‌ എംഎൽഎയാണ്‌ എസ്‌എച്ച്‌ഒയെ സ്വാധീനിച്ച്‌ ഒത്തുതീർപ്പാക്കാൻ പ്രേരിപ്പിച്ചത്‌.

സംഘടനയെ ശക്തിപ്പെടുത്താനായി യൂത്ത്‌ കോൺഗ്രസ്‌ പാലക്കാട്ട്‌ സംഘടിപ്പിച്ച ചിന്തൻ ശിബിരിൽ ജില്ലാ നേതാവായ യുവതിയെ സംസ്ഥാന ഭാരവാഹി പീഡിപ്പിച്ച സംഭവവും ഒതുക്കിത്തീർക്കുകയായിരുന്നു. കെപിസിസി നേതൃത്വംതന്നെയാണ്‌ ഇതിലും ഇടപെട്ടത്‌. കോവളം എംഎൽഎ എം വിൻസന്റിന്‌ എതിരെ അഞ്ച്‌ വർഷംമുമ്പ്‌ പീഡനപരാതി ഉണ്ടായപ്പോഴും നേതൃത്വം സംരക്ഷിച്ചു. ബാലരാമപുരം സ്വദേശിനിയായ യുവതിയെ ഭർത്താവും മകനും ഇല്ലാത്ത സമയത്ത്‌ വീട്ടിൽച്ചെന്ന്‌ രണ്ടുതവണ ബലാത്സംഗം ചെയ്‌തുവെന്നായിരുന്നു പരാതി. കേസിൽ ജാമ്യം കിട്ടി ജയിലിൽനിന്ന് ഇറങ്ങിയ എംഎൽഎയെ മാലയിട്ട്‌ സ്വീകരിച്ച ചരിത്രമാണ്‌ കെപിസിസിക്കുള്ളത്‌. സോളാർ അധിഷ്‌ഠിത വ്യവസായം തുടങ്ങാൻ സഹായവാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കോൺഗ്രസ്‌ നേതാക്കളായ ഹൈബി ഈഡൻ, എ പി അനിൽകുമാർ, ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ സിബിഐ അന്വേഷണവും നടന്നിരുന്നു. 

ലൈംഗികപീഡന കേസിൽ പ്രതിയായിട്ടും കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവും എംഎൽഎയെ സംരക്ഷിക്കുകയാണ്‌.  പ്രതിപക്ഷ നേതാവിനെ വിശ്വാസമില്ലെന്നാണ്‌  യുവതി തുറന്നടിച്ചത്‌.  പാർടിതലത്തിൽ എൽദോസിനെതിരെ നടപടിയെടുത്തില്ലെന്ന്‌ മാത്രമല്ല, കേസ്‌ ഒത്തുതീർപ്പാക്കാൻ ചില നേതാക്കൾ ഇടപെടുകയും ചെയ്‌തു.  അതിനിടെ,  ഒളിവിൽപ്പോയ എൽദോസ്‌ അതിജീവിതയെ ആക്ഷേപിച്ച്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റുമായി രംഗത്തുവന്നു. പരാതി നൽകിയ യുവതിയെ ക്രിമിനൽ എന്നാണ്‌ ആക്ഷേപിച്ചിരിക്കുന്നത്‌.

കോൺഗ്രസ്‌ നേതാക്കൾ മാത്രമല്ല, ഒരു വിഭാഗം മാധ്യമങ്ങളും എംഎൽഎയുടെ പീഡനത്തെ ലഘൂകരിച്ചുകാട്ടുകയാണ്‌. സംഭവം പ്രധാന വാർത്തയോ അന്തിച്ചർച്ചയ്‌ക്കുള്ള വിഷയമോ ആക്കിയില്ല. കോൺഗ്രസുകാർ സ്‌ത്രീകളെ പീഡിപ്പിക്കുന്നത്‌ പ്രശ്‌നമല്ലെന്ന സമീപനമാണ്‌ ഈ മാധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്നത്‌. സമൂഹമാധ്യമങ്ങളിലൂടെ യുവതിയെ അപകീർത്തിപ്പെടുത്തുന്നു. ഇരയോടൊപ്പം നിൽക്കേണ്ട മഹിളാ കോൺഗ്രസ്‌ നേതാക്കളും മൗനം പാലിക്കുന്നു. പെരുമ്പാവൂരിലെ വനിതാ കോൺഗ്രസ്‌ നേതാവ്‌ കേസിൽ കുടുക്കി ജയിലിലടയ്‌ക്കുമെന്ന്‌ യുവതിയെ ഭീഷണിപ്പെടുത്തി. കോൺഗ്രസ്‌ നേതാക്കൾ സ്‌ത്രീകളോട്‌ കാട്ടുന്ന സമീപനമാണ്‌ എൽദോസിന്റെ  പീഡനക്കേസിലൂടെ പുറത്തുവരുന്നത്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top