25 April Thursday

കേരളം സാധാരണ ജീവിതത്തിലേക്ക്, ജാഗ്രത തുടരണം

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

കോവിഡ്‌ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കിയതോടെ കേരളം സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുവരികയാണ്‌.  ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇരുന്ന്‌ കഴിക്കാൻ അനുമതി നൽകി. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌  50 ശതമാനം സീറ്റുകളിൽ ആളുകളെ ഇരുത്താനാണ്‌ അനുമതി. ബാറുകൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളിലും അയവുവരുത്തി. സംസ്ഥാനത്ത്‌ 90 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസ് വാക്സിനേഷൻ ലഭിച്ചതോടെയാണ്‌  കൂടുതൽ ഇളവുകൾ അനുവദിച്ചത്‌.

കോവിഡ്‌ ബാധിച്ച്‌ ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്കും ഗുരുതര കേസുകളും കുറഞ്ഞിട്ടുണ്ട്‌. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ ആകെ മൂന്നര ക്കോടി ഡോസ് വാക്സിൻ നൽകാനായി.  സ്‌കൂളുകളും കോളേജുകളും  തുറക്കാനുള്ള മുന്നൊരുക്കങ്ങളും തുടങ്ങി. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്  പ്രത്യേക പദ്ധതി തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്ക് പുറമേ സംസ്ഥാന പൊലീസ്‌ മേധാവിക്കും നിർദേശം നൽകിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ  ദിവസം വ്യക്തമാക്കിയിട്ടുണ്ട്‌.

കോളേജുകൾ ഒക്‌ടോബർ ആദ്യവാരം തുറക്കും. 2020 മാർച്ച്‌ അവസാനവാരംമുതൽ കോവിഡിനെ നേരിട്ടുകൊണ്ടുതന്നെ നമ്മൾ ജീവിക്കുകയായിരുന്നു. എല്ലാവർക്കും സൗജന്യചികിത്സയും മരുന്നും ഭക്ഷണവും  ഉറപ്പുവരുത്തിയും ജനങ്ങളുടെ കൈകളിലേക്ക്‌ പണം എത്തിച്ച്‌ വിപണി പൂർണമായും സ്‌തംഭിക്കാതിരിക്കാനും സർക്കാർ ഉണർന്ന്‌ പ്രവർത്തിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുകയായിരുന്നു സർക്കാർ. അതുകൊണ്ടുതന്നെ കോവിഡ്‌ കാലത്തെ സംസ്ഥാനസർക്കാരിന്റെ പ്രവർത്തനങ്ങൾക്ക്‌ ദേശീയ, സാർവദേശീയ അംഗീകാരവും അഭിനന്ദനവും പല തവണ ലഭിച്ചു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്‌ മാണ്ഡവ്യ പ്രഖ്യാപിച്ച ആരോഗ്യ മന്ഥൻ 3ൽ ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ്‌ കേരളത്തിനായിരുന്നു.

എൽഡിഎഫ്‌ സർക്കാരിന്റെ  ഫലപ്രദമായ ഇടപെടലുകളിലൂടെയും  പൊതുജനാരോഗ്യമേഖലയുടെ കാര്യക്ഷമമായ  പ്രവർത്തനത്തിലൂടെയും ഒന്നാം തരംഗത്തിൽ രോഗവ്യാപനവും മരണവും നിയന്ത്രിക്കാൻ സാധിച്ചിരുന്നു. രോഗികൾ കുറഞ്ഞപ്പോൾ ജനജീവിതം സാധാരണ നിലയിലേക്ക്‌ നടന്നുതുടങ്ങിയിരുന്നു.  കേരളം രണ്ടാംതരംഗം വരുന്നത്‌ പരമാവധി നീട്ടിക്കൊണ്ടുപോയി. ആശുപത്രികളിൽ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഈ ഇടവേള  വിനിയോഗിച്ചു. എല്ലാ കോവിഡ്‌ രോഗികൾക്കും ആശുപത്രികളിൽ ചികിത്സ ഉറപ്പുവരുത്തി എന്നത്‌ കേരളത്തിന്റെമാത്രം നേട്ടമാണ്‌.  വൈകിവന്ന രണ്ടാം തരംഗത്തിൽ  രോഗികളുടെ പ്രതിദിന എണ്ണം മുപ്പതിനായിരവും മരണം ഇരുനൂറ്‌ കടക്കുകയും ചെയ്‌തപ്പോൾ വീണ്ടും  അടച്ചിടലിന്‌ നിർബന്ധിതരായി. കഴിഞ്ഞ രണ്ടാഴ്‌ചയായി രോഗനില ഒരേ നിരക്കിൽ തുടരുകയാണ്‌. ഇനിയും അടച്ചിട്ടാൽ  ജനജീവിതവും സാമ്പത്തിക പ്രവർത്തനവും  മുന്നോട്ടുപോകില്ലെന്ന സ്ഥിതിയിലാണ്‌ പരമാവധി മേഖലകൾ തുറന്നുകൊടുക്കാൻ സർക്കാർ തീരുമാനിച്ചത്‌.

ഒരേ സമയത്ത്‌ രോഗം വരുന്നവരുടെ എണ്ണം നിയന്ത്രിക്കുക, ഒപ്പം കൂടുതൽ ആളുകൾക്ക്‌ വാക്‌സിൻ നൽകി രോഗവ്യാപനശേഷി പരിമിതപ്പെടുത്തുക, അഥവാ രോഗം വന്നാൽത്തന്നെ ഗുരുതരാവസ്ഥയിലേക്ക്‌ നീങ്ങുന്നത്‌ തടയുക തുടങ്ങിയ പ്രവർത്തനങ്ങളാണ്‌  ഇപ്പോൾ നടപ്പാക്കുന്നത്‌. നമുക്ക്‌ ചുറ്റിലും വൈറസ്‌ ഉണ്ടെന്നും  ഇനിയുമേറെ നാൾ  രോഗത്തോടൊപ്പം ജീവിക്കേണ്ടി വരുമെന്നും തിരിച്ചറിഞ്ഞുവേണം  ഇളവുകളെ ഉപയോഗപ്പെടുത്തേണ്ടതെന്ന്‌ സർക്കാർ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.  മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും കൈ കഴുകിയും  മറ്റ്‌ കോവിഡ്‌ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച്‌ ഓരോ വ്യക്തിയും അവരവരുടെ സുരക്ഷ ഉറപ്പുവരുത്തിയാൽ കോവിഡിൽനിന്ന്‌ അകലം പാലിക്കാനാകും.  വീണ്ടുമൊരു അടച്ചിടൽ ഒഴിവാക്കാനും ഇതുവരെയുള്ള നേട്ടങ്ങൾ നിലനിർത്താനും  ഇനിയും കൂടുതൽ ജാഗ്രത തുടരാനും ഓരോ വ്യക്തിയും കുടുംബവും മുന്നിട്ടിറങ്ങണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top