22 March Wednesday

ഉൽപ്പാദനമേഖലയ്‌ക്ക്‌ ഉത്തേജക പാക്കേജ്‌ വേണം

വെബ് ഡെസ്‌ക്‌Updated: Tuesday May 5, 2020

രാജ്യത്ത്‌ സമ്പൂർണ അടച്ചിടൽ ആറാഴ്‌ച പിന്നിട്ടിരിക്കുന്നു. ഉൽപ്പാദനമേഖലകളെല്ലാം സ്‌തംഭിച്ചു‌. തൊഴിലെടുത്ത്‌ ജീവിക്കുന്നവരുടെ വരുമാനം നിലച്ചു. സമ്പദ്‌ഘടന എല്ലാ ദിശകളിൽനിന്നും ഞെരുക്കപ്പെട്ടിരിക്കുന്നു. അനിവാര്യമായ ഈ അടച്ചിടലിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ  പരിമിതപ്പെടുത്താനും രാജ്യത്തെ തകർച്ചയിൽനിന്ന്‌ കരകയറ്റാനുമുള്ള പ്രാഥമിക ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന്റേതാണ്‌. ഇത്‌ നിർവഹിക്കുന്നതിൽ നരേന്ദ്ര മോഡി സർക്കാർ  കാണിക്കുന്ന നിസ്സംഗത സംസ്ഥാനങ്ങളെ നിരാലംബമാക്കുകയാണ്‌.

ലോക്ക്‌ഡൗണിന്റെ തുടക്കം മുതൽതന്നെ ഭക്ഷണം അടക്കമുള്ള ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ ഏറ്റെടുത്ത സംസ്ഥാനമാണ്‌ കേരളം. സൗജന്യറേഷനും പലചരക്കുകിറ്റും നൽകിയത്‌ സ്ഥിരവരുമാനക്കാർ അല്ലാത്തവർക്ക്‌ വലിയ ആശ്വാസമായി. ഭക്ഷണം ആവശ്യമുള്ളവർക്കെല്ലാം സമൂഹ അടുക്കള വഴി എത്തിച്ചുനൽകുന്നുണ്ട്‌. തദ്ദേശീയർക്ക്‌ മാത്രമല്ല, അതിഥിത്തൊഴിലാളികൾക്കും ഈ സൗകര്യങ്ങളെല്ലാം ലഭിക്കുന്നു. ക്ഷേമ പെൻഷനുകൾ കുടിശ്ശികയും അഡ്വാൻസും  ചേർത്ത്‌ നൽകിയതിനാൽ ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടായില്ല. കുടുംബശ്രീ വഴി പലിശരഹിത വായ്‌‌പയും നൽകുന്നു. കോവിഡ്‌ ചികിൽസയ്‌ക്കും പ്രതിരോധത്തിനുമുള്ള ഭാരിച്ച ചെലവുകൾക്ക്‌ പുറമെയാണിത്‌. ലോക്ക്‌‌ഡൗൺ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ  കൈയിലുള്ള അവസാനത്തെ തുട്ടും തീർന്നു കൊണ്ടിരിക്കുകയാണ്‌. 20,000 കോടിയുടെ പാക്കേജ്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ കേരളം മേൽനടപടികളെല്ലാം സ്വീകരിച്ചത്‌. ഇത്‌ തുടർന്നുകൊണ്ടുപോകാൻ കേന്ദ്രത്തിനെ ആശ്രയിക്കുകയല്ലാതെ സംസ്ഥാന സർക്കാരിന്‌ മറ്റ്‌ മാർഗമൊന്നുമില്ല.

കേന്ദ്ര സർക്കാരാകട്ടെ, ധനകാര്യ കമീഷൻ നിശ്‌ചയിച്ച വിഹിതവും പ്രളയസഹായവും കേരളത്തിന്‌ അർഹതപ്പെട്ടതിന്റെ  ചെറിയൊരു അംശമാണ്‌ അനുവദിച്ചത്‌ . ബിജെപി ഭരിക്കുന്നതും അല്ലാത്തതുമായ സംസ്ഥാനങ്ങളോട്‌ ഉദാരസമീപനം സ്വീകരിച്ചപ്പോഴും കേരളത്തോട്‌ കടുത്തവിവേചനം കാട്ടി. ജിഎസ്‌ടി, തൊഴിലുറപ്പ്‌ പദ്ധതി കുടിശ്ശിക എന്നിവയുടെ കാര്യത്തിലും വായ്‌പാപരിധി ഉയർത്തുന്നതിലും കേരളത്തിന്റെ ആവശ്യങ്ങൾക്ക്‌ കേന്ദ്രം ചെവികൊടുക്കുന്നില്ല. കോവിഡുമായി ബന്ധപ്പെട്ട്‌ ഒരു സംസ്ഥാനത്തോടും കേന്ദ്രം നീതിപുലർത്തിയെന്ന്‌ പറയാനാകില്ല. ധനമന്ത്രി നിർമല സീതാരാമൻ ഒന്നുരണ്ടു ഘട്ടങ്ങളിലായി നടത്തിയ പ്രഖ്യാപനങ്ങൾ വൻകിട കോർപറേറ്റുകൾക്കുമാത്രം പ്രയോജനം ലഭിക്കുന്നതായിരുന്നു.

മാർച്ച്‌ 26ന്‌ 1.7 ലക്ഷം കോടിയുടെ പാക്കേജ്‌ കേന്ദ്രം പ്രഖ്യാപിച്ചുവെങ്കിലും സംസ്ഥാനങ്ങൾക്ക്‌ നിരാശയായിരുന്നു ഫലം. ഇതിൽ അഞ്ച്‌ കിലോ ധാന്യം മാത്രമാണ്‌ പാവങ്ങൾക്ക്‌ ലഭിക്കാനിടയുള്ള ആനുകൂല്യം. കർഷകർക്കും ദുർബലവിഭാഗങ്ങൾക്കും സ്‌ത്രീകൾക്കുമെല്ലാം അക്കൗണ്ടിൽ നേരിട്ട്‌ പണം നൽകുമെന്ന പഴയ വാഗ്‌ദാനം ആവർത്തിച്ചിട്ടുണ്ടെങ്കിലും  മുൻകാല അനുഭവം പ്രതീക്ഷ നൽകുന്നതല്ല. എല്ലാവിഭാഗം ജനങ്ങൾക്കും അത്യാവശ്യസഹായങ്ങൾ എത്തിക്കാൻപാകത്തിൽ സംസ്ഥാനങ്ങൾക്ക്‌ സാമ്പത്തികപിന്തുണ നൽകുന്നതിനുപകരം വ്യക്തിഗത ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്‌ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്‌ കേന്ദ്രം.
സാമ്പത്തികമായി തകർന്ന പല സംസ്ഥാനങ്ങളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാൻ നിർബന്ധിതമായി. കേരളത്തിൽ പ്രതിമാസം ആറുദിവസംവീതം ഒരുമാസത്തെ ശമ്പളം മാറ്റിവയ്‌ക്കാനാണ്‌ തീരുമാനിച്ചത്‌‌. എന്നാൽ, കേന്ദ്രമാകട്ടെ ജീവനക്കാർക്ക്‌ 15 മാസത്തെ ക്ഷാമബത്ത നിഷേധിക്കുകയാണ്‌ ചെയ്‌തത്‌. ജിഎസ്‌ടിയും ആദായനികുതിയുമടക്കം  പ്രധാനവരുമാന സ്രോതസ്സുകളെല്ലാം കൈയടക്കിയ  കേന്ദ്രം അർഹമായ വിഹിതം യഥാസമയം സംസ്ഥാനങ്ങൾക്ക്‌ നൽകുന്നില്ലെന്ന്‌ മാത്രമല്ല, സമ്പദ്‌ഘടനയ്‌ക്ക്‌ ഉത്തേജനം പകരാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ അനാസ്ഥ തുടരുകയുമാണ്‌.  നേരത്തേ പ്രഖ്യാപിച്ച പാക്കേജ്‌ ഒരു പ്രതികരണവും സൃഷ്‌ടിച്ചില്ലെന്നും രാജ്യം പട്ടിണിയിലേക്ക്‌ നീങ്ങുകയാണെന്നും  സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.  കൃത്യമായ ഇടപെടലുകളിലൂടെ സാമ്പത്തിക ഉൽപ്പാദന മേഖലകളെ ചലിപ്പിക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്ന്‌ കേന്ദ്ര സർക്കാരിന്‌ ഒഴിഞ്ഞുമാറാനാകില്ല. ഉദ്‌ബോധനമല്ല ഉത്തേജനമാണ്‌ രാജ്യം ഇപ്പോൾ ആവശ്യപ്പെടുന്നത്‌. കാർഷിക –-ചെറുകിട ഉൽപ്പാദനമേഖലകളെ ഉയർത്തിക്കൊണ്ടുവരാനാവശ്യമായ ഫണ്ടിങ് തന്നെയാണ്‌ ഈ സാഹചര്യത്തിൽ അനിവാര്യമായിട്ടുള്ളത്‌. ഇതിനുള്ള പാക്കേജാണ്‌ കേന്ദ്രം അടിയന്തരമായും പ്രഖ്യാപിച്ച്‌ നടപ്പാക്കേണ്ടത്‌. ഒപ്പം ജനക്ഷേമത്തിനും കോവിഡ്‌ പ്രതിരോധത്തിനുമുള്ള സംസ്ഥാനങ്ങളുടെ നടപടികൾക്ക്‌ സാമ്പത്തിക പിന്തുണയും നൽകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top