26 September Tuesday

ഇതാണ‌് ബദൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 31, 2018

 രാജ്യത്തെ കാർഷികമേഖല ഇന്ന‌് കടുത്ത പ്രതിസന്ധിയിലൂടെയാണ‌് കടന്നുപോകുന്നത‌്. വിളകൾക്ക‌്  ന്യായമായ വില ലഭിക്കാത്തതാണ‌് പ്രധാന പ്രശ‌്നമെങ്കിലും നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ അതുകൊണ്ടുമാത്രം കഴിയില്ല. കാർഷികോൽപ്പന്നങ്ങൾ സംഭരിച്ച‌് കമ്പോളത്തിലെത്തിക്കാനും ഒരു വിതരണശ്യംഖല കെട്ടിപ്പടുക്കാനും ഇടപെടലുകൾ ആവശ്യമാണ‌്. നൂതനസാങ്കേതിക വിദ്യയും പശ്ചാത്തല സൗകര്യങ്ങളും കെട്ടിപ്പടുക്കാനെങ്കിലും സർക്കാരിന്റെ സഹായവും വേണം. ഇത്തരത്തിൽ കർഷകർക്ക‌് വ്യക്തമായ ഒരു ബദൽമാർഗം തുറന്നിടുന്ന, കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കുപോലും മാതൃകയാക്കാവുന്ന പദ്ധതിയാണ‌് കേരള ചിക്കൻ പദ്ധതി. കഴിഞ്ഞ ഒരു വർഷത്തെ അനുഭവം നമ്മെ പഠിപ്പിക്കുന്നത‌് കാർഷികമേഖലയിലെ പ്രതിസന്ധി പരിഹാരത്തിന‌് ഇത്തരത്തിലുള്ള നൂതനമായ സംരംഭങ്ങളാണ‌് ആവശ്യമായിട്ടുള്ളതെന്നാണ‌്.  ഈ പദ്ധതി നടപ്പാക്കുന്നതിനായി അംഗീകരിച്ച മൂന്നു നോഡൽ ഏജൻസിയിൽ ഒന്നായ ബ്രഹ്മഗിരി ഡെവലപ്മെന്റ‌് സൊസൈറ്റിയുടെ നേതൃത്വത്തിൽ വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്‌ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി നടപ്പാക്കുന്നത‌് കർഷകരാണ‌്. അവർ തന്നെ പണം മുടക്കിയാണ് പൗൾട്രി ഫാമുകൾ വികസിപ്പിക്കുക. ഒരു കുഞ്ഞിനും തീറ്റയ‌്ക്കും 130 രൂപ നിരക്കിൽ ബ്രഹ്മഗിരി പൗൾട്രി മിഷനിൽ മുൻകൂർ പണം അടച്ചാണ് ഫാമുകൾ ആരംഭിക്കുക. വളർച്ചയെത്തുമ്പോൾ ജീവതൂക്കത്തിന് കിലോയ‌്ക്ക് 11 രൂപ നിരക്കിൽ ബ്രഹ്മഗിരി പൗൾട്രി മിഷൻ കോഴികളെ തിരികെ സംഭരിച്ച് വിപണിയിലെത്തിക്കുന്നു.  ഇടനിലക്കാർ കർഷകർക്ക് നൽകുന്നത് കേവലം 6 രൂപ മാത്രമാണ്. കേരള ചിക്കൻ ഔട്ട‌്‌ലെറ്റുകൾ ചെറുകിട ചിക്കൻ വ്യാപാരികളാണ് നടത്തുന്നത‌്. മാർക്കറ്റിൽ കോഴിവില കുറയുന്ന ഘട്ടത്തിൽ സർക്കാർ പിന്തുണയോടെ രൂപീകരിക്കുന്ന വിലസ്ഥിരത നിധിയിൽനിന്ന‌് വ്യാപാരികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കും. കോഴിമാലിന്യം സംഭരിച്ച് സംസ‌്കരിച്ച‌് ജൈവ വളമായി വിതരണം ചെയ്യുന്നതിനാൽ  പരിസ്ഥിതി പ്രശ‌്നത്തിന് കാരണമാകുന്നുമില്ല. നിലവിൽ 87–93 രൂപ നിരക്കിൽ ജീവതൂക്കം കോഴിയും 140 രൂപമുതൽ 155 രൂപവരെ നിരക്കൽ കോഴി ഇറച്ചിയും ലഭ്യമാക്കാൻ പദ്ധതിക്ക് കഴിയുന്നുണ്ട‌്. ഇടത്തട്ടുകാരുടെ ചൂഷണത്തിൽനിന്ന‌് കർഷകർക്കും ഉപഭോക്താക്കൾക്കും സംരക്ഷണം ലഭിക്കുകയാണ‌്.  6000–7000 കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ളതാണ് കേരളത്തിലെ കോഴി വ്യാപാരമേഖല. അഞ്ച‌് വർഷത്തിനകം ഇതിന്റെ  25 ശതമാനവും ഏറ്റെടുക്കാൻ കേരള ചിക്കൻ പദ്ധതിക്ക് സാധിക്കും.

 പദ്ധതിയിൽനിന്ന‌് ലഭിക്കുന്ന വരുമാന മിച്ചം ലാഭമായി എടുക്കാതെ അതിൽ 40 ശതമാനം കർഷകർക്കും വ്യാപാരികൾക്കും തൊഴിലാളികൾക്കും ലഭ്യമാക്കുന്നതാണ്. 40 ശതമാനം പദ്ധതിയുടെ വിപുലീകരണത്തിനും. ശേഷിക്കുന്ന 20 ശതമാനം  നഷ്ടപരിഹാരത്തിനായുള്ള കരുതൽ ധനമായി ഉപയോഗപ്പെടുത്തും. 5 വർഷത്തിനകം പ്രതിദിനം 2 ലക്ഷം കോഴികളെ വിപണനം നടത്താവുന്ന 2000 കട, 6000 ഫാം, 7 ലക്ഷം മാതൃ–പിതൃ ശേഖരത്തെ വളർത്തുന്ന ബ്രീഡർഫാമുകൾ, പ്രതിദിനം 100 ടൺ അറവുമാലിന്യം സംസ‌്കരിക്കാനുള്ള പ്ലാന്റുകൾ എന്നിവ സഹിതം 43.82 കോടി രൂപയുടേതാണ് ആദ്യഘട്ടത്തിലേക്കുള്ള പദ്ധതി. പദ്ധതി പൂർത്തിയാകുമ്പോൾ 20000 പേർക്ക് നേരിട്ടും ഇരട്ടിയിലധികം പേർക്ക് പരോക്ഷമായും തൊഴിൽ നൽകാൻ കഴിയും. കേരള സർക്കാർ 2018–19 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച കേരള ചിക്കൻ പദ്ധതി ഭൂപരിഷ‌്കരണാനന്തരം നടപ്പാക്കേണ്ടിയിരുന്ന ആധുനിക സഹകരണ കൃഷിയുടെ അഥവാ കാർഷികാസൂത്രണത്തിന്റെ പ്രധാന മാതൃകയാണ്.
നിലവിൽ കാർഷിക വ്യവസായങ്ങളുടെയും വിപണിയുടെയും മേധാവിത്തം വൻകിട മൂലധന കമ്പനികൾക്കാണ‌്.

കാർഷികവിളകളിൽനിന്ന‌് ഉൽപ്പാദിപ്പിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളുടെ മൂല്യത്തിന്റെ കേവലം പത്തുശതമാനമോ അതിൽ താഴെയോ മാത്രമാണ് പ്രാഥമിക ഉൽപ്പാദകരായ കർഷകർക്ക‌്  ലഭിക്കുന്നത‌്. കർഷകർ ആത്മഹത്യ ചെയ്യാനിടയാക്കിയത് ഈ കടുത്ത ചൂഷണമാണ്. നവഉദാരവൽകൃത ലോകമുതലാളിത്ത സമൂഹം ഇന്നകപ്പെട്ട പ്രതിസന്ധിയുടെ മൂലകാരണങ്ങളിൽ പ്രധാനം ചെറുകിട ഉൽപ്പാദകർ നേരിടുന്ന കടുത്ത പാപ്പരീകരണമാണ്. കാർഷികവിളകളുടെ വിലത്തകർച്ച ചെറുകിട ഉൽപ്പാദകർക്ക‌്  ഉൽപ്പാദന ചെലവുപോലും ലഭ്യമാക്കാതെ മിച്ച ഉൽപ്പാദനം കൈയടക്കാനുള്ള മുതലാളിത്ത ചൂഷണത്തിന്റെ മുഖ്യരൂപമാണ്. ഇതാണ് വിളകളുടെ ചുരുങ്ങിയ താങ്ങുവില എന്ന മുദ്രാവാക്യം  കർഷകപ്രസ്ഥാനം ഉയർത്താൻ കാരണം.  ഇന്ന് രാജ്യത്താകെ അലയടിക്കുന്ന കർഷക പ്രക്ഷോഭങ്ങളുടെ പ്രധാന അടിത്തറ ഈ മുദ്രാവാക്യമാണ്.   

കർഷകരുടെ കൂട്ടായ‌്മയിൽ കൃഷിഭൂമി കേന്ദ്രീകരിച്ചുള്ള ആധുനിക സഹകരണ കൃഷിയും ഇടത്തട്ടുകാരെ ഒഴിവാക്കി കാർഷിക സംസ‌്കരണ വ്യവസായങ്ങളും വിപണിയും വികസിപ്പിക്കുന്നതിനായുള്ള കൃഷിയുടെ ആധുനികവൽകരണവുമാണ‌് പ്രതിസന്ധിക്ക് പരിഹാരമായി ഇടതുപക്ഷ ജനാധിപത്യ ശക്തികൾ മുന്നോട്ടുവയ‌്ക്കുന്ന ബദൽ നയം. ഭൂപരിഷ്കരണത്തിലൂടെ ജന്മി–ഭൂപ്രഭു വ്യവസ്ഥ തകർത്ത‌് കൃഷിഭൂമി കർഷകന്റേതാക്കിയ മാതൃകയിൽ ആധുനിക സഹകരണ കൃഷിയിലൂടെ കാർഷികാനുബന്ധ വ്യവസായങ്ങളും വിപണിയും കർഷകരുടെയും തൊഴിലാളികളുടെയും കൂട്ടായ ഉടമസ്ഥതയിലാക്കുകയാണ് കാർഷികാസൂത്രണ പദ്ധതിയുടെ അന്തഃസത്ത.
 കേരളത്തെ ഭക്ഷ്യസ്വയംപര്യാപ‌്തമാക്കാൻ സഹായകരമായ ഭക്ഷ്യവിളകൾക്കാണ് സഹകരണ കൃഷിയിൽ മുൻഗണന. പാൽ, മുട്ട, മാംസം, പച്ചക്കറി, ധാന്യങ്ങൾ, പഴവർഗങ്ങൾ എന്നിവയിൽ സ്വയംപര്യാപ‌്തതയാണ‌് ലക്ഷ്യം. ഭക്ഷ്യ സ്വയംപര്യാപ്തത നേടുന്നതിലുള്ള ജാഗ്രതയില്ലായ്മ കേരളത്തെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് പ്രളയദുരന്തം നേരിടുന്നതിൽ കേരളത്തെ സഹായിക്കാൻ സന്നദ്ധത കാണിക്കാത്ത കേന്ദ്ര സർക്കാർ നിലപാട് തെളിയിക്കുന്നുണ്ട്. കാർഷികപ്രതിസന്ധി പരിഹരിക്കാൻ രാജ്യവ്യാപകമായി കർഷകർ പ്രക്ഷോഭരംഗത്താണ്. ഈ സാഹചര്യത്തിൽ കേരള ചിക്കൻ പദ്ധതി മുൻനിർത്തി  കേരളത്തിൽ നാം തുടക്കംകുറിക്കുന്ന ആധുനിക സഹകരണ കൃഷി രാജ്യത്തിനാകെ വഴികാണിക്കുമെന്ന‌് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top