29 September Friday

ചോദ്യങ്ങൾ ഇനിയും ബാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 7, 2018

 ഗുജറാത്തിലെ ബിജെപി നേതാവും മന്ത്രിയുമായ ഹരേൻ പാണ്ഡ്യയെ വധിച്ചത് ആരാണെന്ന ചോദ്യം വീണ്ടും സജീവമായി ഉയർന്നിരിക്കുന്നു. ഹരേൻ പാണ്ഡ്യ വധക്കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായ അസംഖാൻ തുറന്ന സിബിഐ കോടതിയിൽ നൽകിയ സാക്ഷിമൊഴിയാണ് ഈ ചോദ്യം വീണ്ടും ഉയർത്തുന്നത്. ഗുജറാത്തിൽ മുൻ മുഖ്യമന്ത്രിയും ഇപ്പോൾ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോഡിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പൊലീസ് ഐപിഎസ്‌ ഓഫീസർ ഡി ജി വൻസാരയാണ് ഹരേൻ പാണ്ഡ്യയെ കൊല്ലാനുള്ള കരാർ സൊഹ്റാബുദ്ദീൻ ഷെയ്ഖിന് നൽകിയതെന്നാണ് അസംഖാന്റെ വെളിപ്പെടുത്തൽ. ഈ കരാർ ഏറ്റെടുത്തതിൽ ഷഹീദ് രംപുരിയും നയിം ഖാനുമുണ്ടായിരുന്നു. സൊഹ്റാബുദ്ദീൻ തന്നെയാണത്രെ ഇക്കാര്യം അസംഖാനോട് പറഞ്ഞിരുന്നത്. തുളസി പ്രജാപതിയും മറ്റൊരു ആൺകുട്ടിയുമാണ് കൊല നടത്തിയതെന്നും അസംഖാൻ വെളിപ്പെടുത്തി. നേരത്തെ സിബിഐയോടും താൻ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും എന്നാൽ, അത് മുഖവിലയ‌്ക്കെടുത്തില്ലെന്നുമാണ് അസംഖാന്റെ വെളിപ്പെടുത്തൽ. സബർമതി ജയിലിൽവച്ച് സിബിഐ ഡിഐജിയായിരുന്ന സന്ദീപ് തമാഗ്ഡെയോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവത്രെ. തുറന്ന കോടതിയിൽ പറഞ്ഞതുകൊണ്ടു മാത്രമാണ് ഇപ്പോൾ ഇക്കാര്യം ലോകം അറിഞ്ഞത‌്.

മാത്രമല്ല, വൻസാര തന്നെ പാണ്ഡ്യ വധത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്ന‌് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ഏഴ് വർഷം ജയിലിൽ കിടന്ന പൊലീസ് ഓഫീസറാണ് വൻസാര. ഇതേ കേസിൽ ബിജെപി അധ്യക്ഷൻ അമിത് ഷായും ഉൾപ്പെട്ടിരുന്നു. പിന്നീട് കോടതി അമിത് ഷായ‌്ക്കെതിരെയുള്ള കേസ് പിൻവലിച്ചപ്പോൾ സിബിഐ മേൽക്കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ പോലും തയ്യാറായിരുന്നില്ല. എല്ലാ വ്യാജ ഏറ്റുമുട്ടൽ കേസിന്റെയും പിന്നിൽ പ്രവർത്തിച്ചത് മറ്റൊരു ആഭ്യന്തരമന്ത്രിയായിരുന്നുവെന്ന്  (അമിത് ഷാ ) പൊലീസ് ഓഫീസർ സ്ഥാനം രാജിവച്ചുകൊണ്ട് നൽകിയ കത്തിൽ വൻസാര തന്നെ സൂചിപ്പിക്കുകയും ചെയ‌്തിരുന്നു.  

 മോഡി തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഗുജറാത്ത് കലാപക്കേസ‌് പോലെതന്നെ ഏറെ ഭയപ്പെട്ട കേസായിരുന്നു ഹരേൻ പാണ്ഡ്യ വധക്കേസും. ഗുജറാത്തിലെ ബിജെപിയുടെയും ആർഎസ്എസിന്റെയും സവർണ മുഖമായിരുന്നു ഹരേൻ പാണ്ഡ്യ. ഗുജറാത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ അനുയായിയായി അറിയപ്പെടുന്ന ഹരേൻ പാണ്ഡ്യ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു. ബിജെപിയിൽ മോഡിക്ക് കടുത്ത വെല്ലുവിളി ഉയർത്തിയ നേതാവായിരുന്നു അദ്ദേഹം. 2001 അവസാനം കേശുഭായിയെ മാറ്റി ബിജെപി കേന്ദ്ര നേതൃത്വം മോഡിയെ മുഖ്യമന്ത്രിയാക്കിയപ്പോൾ സ്വാഭാവികമായും ഹരേൻ പാണ്ഡ്യ തഴയപ്പെട്ടു. എന്നാൽ, കേന്ദ്ര നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങി പാണ്ഡ്യയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മോഡി നിർബന്ധിതനായെങ്കിലും റവന്യൂ സഹമന്ത്രി സ്ഥാനം മാത്രമാണ് പാണ്ഡ്യക്ക് നൽകപ്പെട്ടത്. മാത്രമല്ല മൂന്ന് തവണ പാണ്ഡ്യ വിജയിച്ച എല്ലിസ് ബ്രിഡ്ജ് സീറ്റ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോഡി ആവശ്യപ്പെട്ടെങ്കിലും അത് വിട്ടുനൽകാൻ പാണ്ഡ്യ തയ്യാറായില്ല. ഈ വിരോധത്തിന് 2002 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാണ്ഡ്യക്ക് സീറ്റ് നിഷേധിച്ചു. സ്വാഭാവികമായും ഹരേൻ പാണ്ഡ്യയെ കേന്ദ്രത്തിലേക്ക് മാറ്റാൻ ബിജെപി നേതൃത്വം തീരുമാനിച്ചു. എന്നാൽ, ഡൽഹിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് പ്രഭാതസവാരിക്കിറങ്ങിയ ഹരേൻ പാണ്ഡ്യ വെടിയേറ്റ‌് കൊല്ലപ്പെട്ടു. ഹരേൻ പാണ്ഡ്യയെ കൊല്ലുന്നതിന് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്ന്‌  പാണ്ഡ്യയുടെ ഭാര്യ ജാഗ്രതി പാണ്ഡെയും അദ്ദേഹത്തിന്റെ പിതാവ് വിത്തൽഭായിയും പരസ്യമായി ആരോപിച്ചു.

ഗോധ്‌ര സംഭവത്തെ തുടർന്നുണ്ടായ വർഗീയ കലാപം ആളിക്കത്തിക്കുന്നതിൽ മോഡിക്ക് പങ്കുണ്ടെന്ന് വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സിറ്റിസൻ ട്രിബ്യൂണലിന് മുമ്പിൽ പാണ്ഡ്യ മൊഴികൊടുത്തുവെന്നതാണ് അദ്ദേഹത്തെ ഇല്ലാതാക്കാൻ പ്രേരിപ്പിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ‌്തു.  എന്നാൽ, ഈ കേസ് അന്വേഷിച്ച സിബിഐ ടീമിന് നേതൃത്വം നൽകിയ വൈ സി മോഡി ആ കേസിൽ 12 പേർക്കെതിരെ കുറ്റപത്രം നൽകിയെങ്കിലും പിന്നീട് ഹൈക്കോടതി എല്ലാ പ്രതികളെയും വിട്ടയച്ചു. ഇതിനെതിരെ അപ്പീൽ പേകാൻ സിബിഐ തയ്യാറായതുമില്ല. വിലക്ഷണമായ രീതിയിൽ നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് കേസിൽ നീതി ലഭിക്കാതെ പോയതെന്ന് ഹൈക്കോടതി തന്നെ നിരീക്ഷിക്കുകയുണ്ടായി. 2002ൽ നടന്ന വർഗീയ കലാപത്തിന് പ്രതികാരമായി മുസ്ലിം ഭീകരവാദ സംഘടനകളാണ് കൊല നടത്തിയതെന്ന സിബിഐയുടെയും മറ്റും നിഗമനത്തെ പാണ്ഡ്യയുടെ കുടുംബാംഗങ്ങൾ തന്നെ എതിർക്കുകയും പുനരന്വേഷണത്തിന് ആവശ്യമുന്നയിക്കുകയും ചെയ്തു.  ഹൈക്കോടതി വിധിക്കെതിരെ പാണ്ഡ്യയുടെ കുടുംബം നൽകിയ അപ്പീൽ ഹർജി ഇന്നും സുപ്രീംകോടതിയിൽ കിടക്കുകയാണ്. അസംഖാന്റെ വെളിപ്പെടുത്തൽ പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഒന്നാമതായി വൻസാര ആരുടെ ഉപദേശപ്രകാരമാണ്, എന്തിനുവേണ്ടിയാണ് ഈ കൊലചെയ്തത്? വൻസാര ക്വട്ടേഷൻ നൽകിയ സൊഹ്റാബുദ്ദീനും നയിംഖാനും തുളസി പ്രജാപതിയും വ്യാജഏറ്റുമുട്ടൽ കൊലയ‌്ക്ക് വിധേയമായതും ഈ കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? എന്തുകൊണ്ടാണ് ഹൈക്കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടിട്ടും സിബിഐ അപ്പീൽ പേകാതിരുന്നത്? ആരും ഹരേൻ പാണ്ഡ്യയെ കൊന്നിട്ടില്ലെന്നാണോ വാദം? കേസ് സത്യസന്ധമായി അന്വേഷിച്ചാൽ മുകളിലിരിക്കുന്നവർ കുടുങ്ങുമെന്ന സംശയം ബലപ്പെടുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top