01 April Saturday

കേരളം വീണ്ടും വീണ്ടും ആദരിക്കപ്പെടുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018

 കേരളത്തെ ഇകഴ‌്ത്താൻ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ദുഷ‌്പ്രചാരണങ്ങൾ കൊഴുക്കുന്നതിനിടയിൽ കേരളം നേട്ടങ്ങളിലൂടെ അംഗീകാരങ്ങളുടെ പടവുകൾ കയറുകയാണ്. ഏറ്റവും ഒടുവിൽ കേരളം രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്ചവയ‌്ക്കുന്ന സംസ്ഥാനമായി  വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയേഴ്സ് സെന്ററിന്റെ പഠനത്തിലാണ് തുടർച്ചയായി മൂന്നാംവർഷവും കേരളത്തെ മികച്ച സംസ്ഥാനമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏത് മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടം. 

കേരളത്തിനുപിറകിലായി തമിഴ്നാട്, തെലങ്കാന, കർണാടക, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണുള്ളത്. അനിവാര്യമായ അടിസ്ഥാനസൗകര്യങ്ങൾ, മാനവവികസനത്തിനുള്ള പിന്തുണ, സാമൂഹ്യസുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും പരിരക്ഷ, ക്രമസമാധാനം തുടങ്ങി പത്തു ഘടകങ്ങളെ മുൻനിർത്തിയായിരുന്നു പഠനം. രണ്ടുകോടിയിൽ താഴെ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെ ചെറിയ സംസ്ഥാനങ്ങളായും അതിനുമുകളിലുള്ളവയെ വലിയ സംസ്ഥാനങ്ങളുമാക്കിയായിരുന്നു പഠനം. പത്തു ഘടകങ്ങളിൽ നാല‌് മേഖലകളിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന‌് മുന്നിലെത്താനായി എന്നതുതന്നെ വലിയ നേട്ടമാണ്.

ഇത്തവണ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് പ്രത്യേകം പഠനം നടത്തിയിരുന്നു. അതിലും കേരളം ഒന്നാമതെത്തി. കുട്ടികൾക്ക് ഏറ്റവും മികച്ച ജീവിതസൗകര്യങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനമായി കേരളം മാറി. 1994ലാണ് പബ്ലിക് അഫയേഴ്സ് ഇന്റക്സ് എന്ന സംഘടന രൂപീകരിച്ചത്. സാമ്പത്തിക ശാസ്ത്രജ്ഞനും പണ്ഡിതനുമായ സാമുവൽ പോളായിരുന്നു സ്ഥാപകൻ. ഇന്ത്യ മുഴുവൻ അംഗീകരിക്കപ്പെട്ട ഏജൻസിയാണിത്.

അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളം കുതിച്ചുചാട്ടം നടത്തുകയാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവൃത്തികൾ പൂർത്തിയായിവരുന്നു. സെപ്തംബറിൽ ഇവിടെനിന്ന് വിമാനം പറന്നുയരും. കൊച്ചി മെട്രോ തുടങ്ങിയിട്ട് ഒരുവർഷം കഴിഞ്ഞു. അതിന്റെ മൂന്നാംഘട്ടം തൃപ്പൂണിത്തുറവരെ നീട്ടുന്നതിനാവശ്യമായ നടപടി ദ്രുതഗതിയിലായി. മെട്രോ കാക്കനാട്ടേക്ക് നീട്ടാനുള്ള നടപടികൾക്കും വേഗമേറുന്നു. കൊച്ചി വാട്ടർ മെട്രോ പ്രവൃത്തിയുടെ നിർമാണവും പുരോഗമിക്കുന്നു.

ദേശീയപാത 45 മീറ്ററാക്കുന്ന പ്രവൃത്തി അതിവേഗം നടക്കുകയാണ്. ദേശീയപാതയും ദേശീയ ജലപാതയും 2020ൽ പൂർത്തിയാകും. കോവളത്തുനിന്ന് ബേക്കലിലേക്കുള്ള ജലപാത പൂർത്തിയാകുന്നതോടെ ചരക്കുനീക്കം സുഗമമാകും. കൊച്ചി‐കൂറ്റനാട്‐മംഗലാപുരം ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ ഈവർഷം ഒക്ടോബറിൽ പൂർത്തിയാകും. ഉപയോഗാനുമതി നൽകുന്ന സ്ഥലമുടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകിയാണ് പണി പുരോഗമിക്കുന്നത്. പൈപ്പുലൈൻ സ്ഥാപിക്കുന്നതിൽ ഏറ്റവും പുരോഗതി കേരളത്തിലാണെന്ന് ഗെയിൽ അധികൃതർ പറഞ്ഞു. 1267 കിലോമീറ്റർ മലയോര ഹൈവേയും 656 കിലോമീറ്റർ തീരദേശ ഹൈവേയും 2020ൽ പൂർത്തിയാകും. പശ്ചാത്തലവികസനത്തിന് പണം കണ്ടെത്താൻ കിഫ്ബിവഴി കഴിയുന്നുണ്ട്.

ക്രമസമാധാനനില മെച്ചപ്പെടുത്താനും കുറ്റാന്വേഷണം കാര്യക്ഷമമാക്കാനും നമുക്ക് കഴിഞ്ഞു. തെളിയിക്കപ്പെടാത്ത ഒട്ടേറെ കേസുകൾ പൊലീസ് തെളിയിച്ചു.
അറുപതുവയസ്സ‌് കഴിഞ്ഞ എല്ലാവരെയും സാമൂഹ്യസുരക്ഷ ശൃംഖലയിലേക്ക് കൊണ്ടുവരാൻ സർക്കാരിനായി. ക്ഷേമപെൻഷനുകൾ ഇരട്ടിയാക്കാനും വർഷംതോറും വർധനവരുത്താനും തീരുമാനിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങളിലും വലിയ വർധന വരുത്തി. കള്ളുവ്യവസായ തൊഴിലാളി പെൻഷൻ നാലുമുതൽ പത്തുവരെ ഇരട്ടിയാക്കി. മത്സ്യത്തൊഴിലാളി ക്ഷാമകാലസഹായം മാസം 2700 എന്നത് 4500 രൂപയാക്കി. കർഷകത്തൊഴിലാളി ക്ഷേമപെൻഷനിൽ കൂടുതൽപേർ അംഗങ്ങളായതോടൊപ്പം കർഷകർക്ക് ക്ഷേമബോർഡ് രൂപീകരിക്കുകയും ചെയ്തു. അങ്കണവാടി അധ്യാപകരുടെ വേതനം 2050ൽനിന്ന് 12,000 രൂപയാക്കി. ആയമാരുടേത് 1400 ആയിരുന്നത് 8000 രൂപയാക്കി. പരമ്പരാഗതവ്യവസായങ്ങളിൽ കൂലി ഉയർത്തുകയും മിനിമം വേതനം തീരുമാനിക്കുകയും ചെയ്തു. പ്രവാസി പെൻഷൻ 500ൽനിന്ന് 2000 രൂപയാക്കി. 900 കോടി രൂപയുടെ വിദ്യാഭ്യാസവായ്പ സഹായപദ്ധതിയാണ് ആവിഷ‌്കരിച്ചത്. പ്രവാസികളുടെ പുനരധിവാസത്തിന് പുതിയ പദ്ധതി ആരംഭിച്ചു.
വിശപ്പുരഹിതകേരളം പദ്ധതി എല്ലായിടത്തേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ചെലവ് കുറഞ്ഞ രീതിയിൽ ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളും സ്ഥാപിക്കും. സാധാരണക്കാർക്ക് ചികിത്സ ഉറപ്പാക്കുന്നതിന് പൊതു ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായം നൽകുന്നതിനുള്ള നടപടി സുതാര്യമാക്കി. ഇപ്പോൾ ഓൺലൈൻ സംവിധാനത്തിലൂടെയാണ് അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്. ഇതിനകം 423 കോടി രൂപയിലധികം ചികിത്സാസഹായമായി വിതരണം ചെയ്തു. ആരോഗ്യരംഗത്ത് നിപാ വൈറസ് നേരിടുന്നതിൽ കാട്ടിയ ജാഗ്രത അന്താരാഷ്ട്ര അംഗീകാരം നേടി.

സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വകുപ്പുതന്നെ ആരംഭിച്ചു. സ്ത്രീകൾക്കുവേണ്ടി ‘മിത്ര 181' ഹെൽപ്പ് ലൈൻ ആരംഭിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. സ്ത്രീസുരക്ഷയ്ക്ക് പിങ്ക് പട്രോൾ പൊലീസ്, നിർഭയ പദ്ധതി, സ്വയംപ്രതിരോധ പദ്ധതി, ഷീ ടാക്സി, പിങ്ക് ഓട്ടോ, ഷീ ഓട്ടോ, പൊലീസ് സ്റ്റേഷനുകളിൽ വനിതാ ഹെൽപ്പ് ഡെസ‌്കുകൾ എന്നിവ ആരംഭിച്ചു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശന നടപടിയാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.

ഇത്തരത്തിൽ നാടിന്റെ സർവതോമുഖ വളർച്ച ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നത്. വികസനപാതയിൽ സർക്കാർ സഞ്ചരിക്കുമ്പോൾ ജനങ്ങളുടെകൂടി സഹകരണം അത്യന്താപേക്ഷിതമാണ്. ജനകീയ പിന്തുണയോടെമാത്രമേ വികസനവും ക്ഷേമപ്രവർത്തനവും ശക്തമായി മുന്നോട്ട‌് കൊണ്ടുപോകാനാകൂ. വിവിധ ഏജൻസികൾ കേരളത്തിന്റെ പലമേഖലകളിലെ മികവിന് നൽകുന്ന അംഗീകാരങ്ങൾ ഈ ജനപിന്തുണ കൂടുതലായി നേടിയെടുക്കുന്നതിന് വഴിയൊരുക്കുമെന്നുറപ്പ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top