24 April Wednesday

കർണാടകത്തിൽ ജനാധിപത്യം സംരക്ഷിക്കപ്പെടണം

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

 കോൺഗ്രസിന്റെയും ബിജെപിയുടെയും  പ്രതീക്ഷകളെ അട്ടിമറിക്കുന്നതാണ്  കർണാടക നിയമസഭാ തെരഞ്ഞെടുപ്പു ഫലം. ഭരണം നിലനിർത്താൻ ശ്രമിച്ച കോൺഗ്രസും  അധികാരം വെട്ടിപ്പിടിക്കാൻ ഒരുമ്പെട്ടിറങ്ങിയ ബിജെപിയും പരാജയത്തിന്റെ രുചിയറിഞ്ഞു.  കൂടുതൽ സീറ്റ് നേടാനായ  ബിജെപിക്ക്‌  കേവലഭൂരിപക്ഷമില്ല. കോൺഗ്രസും ജനതാദൾ എസും ചേർന്നാൽ കേവല ഭൂരിപക്ഷത്തിലധികം എണ്ണമുണ്ട്.  ജെഡിഎസുമായി സഖ്യമുണ്ടാക്കാനും ആ പാർടിയുടെ  നേതാവ് കുമാര സ്വാമിയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കാനുള്ള പിന്തുണ നൽകാനും കോൺഗ്രസ‌്  തീരുമാനമെടുത്തു. സാധാരണനിലയിൽ കൂടുതൽ അംഗസംഖ്യയുള്ള സഖ്യത്തിന്റെ നേതാവിനെ സർക്കാർ രൂപീകരണത്തിന് ഗവർണർ ക്ഷണിക്കേണ്ടതാണ്. എന്നാൽ, വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ബിജെപി നേതാവ് യെദ്യൂരപ്പ രാജ്ഭവനിലെത്തുന്നു. ഗവർണറെ കണ്ട‌് പുറത്തുവന്ന യെദ്യൂരപ്പ, തനിക്ക‌് ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ചത്തെ സമയം ലഭിച്ചു  എന്ന്  പ്രഖ്യാപിക്കുന്നു. 222 അംഗസഭയിൽ 118 അംഗങ്ങളുടെ രേഖാമൂലമുള്ള പിന്തുണയുമായി ചെന്ന കുമാരസ്വാമിയുടെ അവകാശവാദം ആ സമയത്ത‌് പരിഗണിക്കപ്പെടുന്നില്ല. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാന തത്വങ്ങളെ തകർക്കുന്ന ഇടപെടലുകളാണ് കേന്ദ്രഭരണ കക്ഷിയുടെയും  ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണറുടെയും ഭാഗത്തു നിന്നുണ്ടാകുന്നത്.

മതനിരപേക്ഷതയും ജനാധിപത്യവും പുലരണമെന്ന‌് ആഗ്രഹിക്കുന്നവരെ സന്തോഷിപ്പിക്കുന്നതല്ല കർണാടകത്തിലെ ഫലം.  ആർഎസ്‌എസ്‌ എന്ന വിപത്ത് കൂടുതൽ രൂക്ഷമാകുന്നു എന്ന സൂചനയാണ് അത് നൽകുന്നത്. രാജ്യത്തെ വിഴുങ്ങാൻ വരുന്ന ആ അത്യാപത്തിനെ  ചെറുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ബിജെപിയുടെ അതേവഴിയെ,  ആരാധനാലയങ്ങൾ കയറിയിറങ്ങിയും പ്രീണനനയങ്ങൾ ലോപമില്ലാതെ നടപ്പാക്കിയുമാണ് അവർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ശരിയായ മതനിരപേക്ഷ ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് സംഘപരിവാറിനെ നേരിടേണ്ടത് എന്ന യാഥാർഥ്യം അവർ പരിഗണിച്ചതേയില്ല. അതിന്റെ ദുരന്തമാണ്, കർണാടകത്തിന്റെ എല്ലാ  ഭാഗങ്ങളിലും അവർക്കുണ്ടായ തിരിച്ചടി. മുഖ്യമന്ത്രി  സിദ്ധരാമയ്യതന്നെ ഒരു സീറ്റിൽ തോറ്റതും അതുകൊണ്ടാണ്.

കേന്ദ്രഭരണത്തിന്റെ സകല സൗകര്യങ്ങളും ഉപയോഗിച്ചും പണത്തിന്റെയും നുണയുടെയും അണക്കെട്ട‌് തുറന്നുവിട്ടുമാണ് കർണാടകത്തിൽ ബിജെപി മത്സരിച്ചത്. ശതകോടികൾ ഒഴുക്കിയ ഖനിലോബിയുടെ പരസ്യപിന്തുണയോടെ നടത്തിയ 'ഓപ്പറേഷ’ന്റെ  ഫലമാണ് അവർ നേടിയ നൂറിലേറെ സീറ്റ്. കർണാടകത്തിൽ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം തുറക്കുമെന്ന അവകാശവാദമാണ്  ബിജെപി ഉയർത്തിയത്. അത് സാധ്യമാകുമെന്ന്  വിശ്വസിച്ച‌് ആദ്യ ഫലസൂചനകൾ വന്നപ്പോൾത്തന്നെ രാജ്യവ്യാപകമായ ആഹ്ലാദപ്രകടനം അവർ നടത്തി. ഉച്ചയ്ക്കുശേഷം ആഹ്ലാദം ഉപേക്ഷിച്ച‌് പിന്തിരിയേണ്ടിവന്നു. ഫലത്തിൽ ബിജെപിയും കോൺഗ്രസും പരാജയപ്പെട്ട തെരഞ്ഞെടുപ്പാണ് നടന്നത്.

നിയമസഭയിൽ കൂടുതൽ പേരുടെ പിന്തുണയുള്ളവരാണ് ഭരിക്കുക. വെവ്വേറെ മത്സരിച്ചെങ്കിലും കോൺഗ്രസും ജെഡിഎസും ചേരുമ്പോൾ എണ്ണക്കൂടുതൽ ആ സഖ്യത്തിനാണ്. ഗോവ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ‌് നൽകിയ കേസിലെ സുപ്രീംകോടതി  വിധിയനുസരിച്ച‌് ഗവർണർക്ക് അക്കാര്യത്തിൽ ഒട്ടും സംശയമുണ്ടാകേണ്ടതില്ല. കൂറുമാറ്റ നിരോധന നിയമം നിലനിൽക്കുന്നിടത്തോളം കോൺഗ്രസിലെയോ ജെഡിഎസിലെയോ മൂന്നിൽ രണ്ട‌് അംഗങ്ങളെ ചാക്കിൽ കയറ്റിയാലല്ലാതെ ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കാൻ സാധിക്കുകയുമില്ല. എന്നിട്ടും എന്തിന‌് അനിശ്ചിതത്വം സൃഷ്ടിക്കുന്നു എന്ന അന്വേഷണത്തിലാണ്, ആർഎസ്എസിന്റെ ജനാധിപത്യവിരുദ്ധ ഭരണഘടനാവിരുദ്ധ മുഖം തെളിയുക. മേഘാലയയിലും മണിപ്പുരിലും ഗോവയിലും ജനവിധി അട്ടിമറിച്ച‌് സർക്കാർ ഉണ്ടാക്കുമ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ബിജെപി കണ്ടിരുന്നില്ല.

നാൽപ്പതംഗ ഗോവ  നിയമസഭയിൽ 17 സീറ്റുള്ള കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി.  ബിജെപിക്ക‌് 13 സീറ്റായിരുന്നു.  ബിജെപി ചെറുപാർടികളെ ചാക്കിലാക്കി ഭൂരിപക്ഷം ഉണ്ടെന്ന വാദം ഉന്നയിച്ചു. ഗവർണർ അവരെ മന്ത്രിസഭ ഉണ്ടാക്കാൻ ക്ഷണിച്ചു. ഇതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോൺഗ്രസിന്റെ വാദങ്ങൾ തള്ളിയ കോടതി  വിശ്വാസവോട്ടെടുപ്പ‌് നടത്താൻ  ഉത്തരവിടുകയായിരുന്നു. മണിപ്പുരിൽ കോൺഗ്രസ് 28 സീറ്റും ബിജെപി 21 സീറ്റുമാണ് നേടിയത്. ഭരണത്തിലെത്തിയത് ബിജെപിയാണ്.  മേഘാലയയിൽ 59 അംഗ സഭയിൽ കോൺഗ്രസിന് 21 ഉം ബിജെപിക്ക‌് രണ്ടും ലഭിച്ചു. എന്നിട്ടും കോൺഗ്രസിനെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചില്ല, ബിജെപി ഭരണത്തിൽ കയറുകയും ചെയ്തു. ഈ അനുഭവം മുന്നിലുള്ളപ്പോഴാണ്, യെദ്യൂരപ്പ ഗവർണർ വാജുഭായ് വാലയെ കണ്ട‌് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ വിളിക്കണം എന്ന അവകാശമുന്നയിച്ചത്.

ഏറ്റവും ഒടുവിൽ വരുന്ന വാർത്ത ജെഡിഎസ്, കോൺഗ്രസ‌് അംഗങ്ങളെ പഞ്ചാബിലേക്ക‌് മാറ്റാൻ ശ്രമിക്കുന്നു എന്നാണ‌്. കേന്ദ്രമന്ത്രിമാരുടെ സംഘം അമിത് ഷായുടെ നിർദേശപ്രകാരം ബംഗളൂരുവിലേക്ക് തിരിച്ചു എന്നും വാർത്തയുണ്ട്. ജനവിധി അട്ടിമറിച്ച‌് ഭരണംപിടിക്കാൻ ബിജെപി ഏതറ്റംവരെ പോകാനും തയ്യാറാകുന്നു എന്നതിന്റെ വിളംബരമാണിത്. തെരഞ്ഞെടുപ്പ് തിരിച്ചടിയുണ്ടാകുമ്പോൾ തളർന്ന‌് പിന്മാറുന്നതിനു പകരം യോജിക്കാവുന്ന ശക്തികളെ കൂടെനിർത്തി ഭരണപങ്കാളിത്തം തുടരാനുള്ള ശ്രമം കോൺഗ്രസ‌് നടത്തിയിട്ടുണ്ട്. അത് സമീപകാലത്ത‌് കാണാത്ത കാഴ്ചയാണ്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലോ അതിനുമുമ്പോ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനുള്ള ഇടപെടൽ ആ പാർടിയിൽനിന്നുണ്ടായില്ല.

ബിജെപി പോയ പ്രീണനവഴിയിലൂടെതന്നെയാണ് സഞ്ചരിച്ചത്. അത് തിരിച്ചറിഞ്ഞുള്ള പ്രതികരണമാണ് ജനങ്ങളിൽനിന്നുണ്ടായത്. നേരിയ വ്യത്യാസത്തിനാണ് ബിജെപി ഭൂരിപക്ഷത്തിലെത്താതെ പോയത് എന്നത് നിസ്സാരമല്ല. ജെഡിഎസ് നേടിയ സീറ്റുകൾകൊണ്ടുമാത്രമാണ് ഇപ്പോൾ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം ബിജെപിക്ക് മുന്നിൽ അടഞ്ഞുകിടക്കുന്നത്. ബിജെപിക്ക് ബദലാകാനുള്ള രാഷ്ട്രീയം കോൺഗ്രസിന്റെ കൈയിലില്ലാത്തതുകൊണ്ടുതന്നെയാണിത്. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്താനുള്ള ആഹ്വാനംകൂടി നൽകുന്നതാണ് കർണാടക ഫലം. അത് കേരളത്തിനും ചില സൂചനകൾ നൽകുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് ബിജെപിക്ക് എതിരായ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നത്, എൽഡിഎഫിനെ ശക്തിപ്പെടുത്തിമാത്രമേ ബദൽ ഉയർത്താനാകൂ എന്നതാണ് ആ സൂചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top