31 May Wednesday

കുറുക്കുവഴികൾ കുതന്ത്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 19, 2022

വീണ്ടുമൊരു തെരഞ്ഞെടുപ്പുകാലം അടുത്തതോടെ ബിജെപി നേതൃത്വം പരിഭ്രാന്തിയിലാണ്‌. പുറമേക്ക്‌ വാക്കുകളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ബിജെപി നേതാക്കളുടെയും കേന്ദ്ര സർക്കാരിന്റെയും പ്രവൃത്തികളിൽ അത്‌ പ്രകടമല്ല. ഓരോ സംസ്ഥാനത്തെയും സംഭവവികാസങ്ങൾ നിരീക്ഷിച്ചാൽ അവരുടെ പരിഭ്രമവും ആശയക്കുഴപ്പവും ബോധ്യമാകും. കേന്ദ്ര സർക്കാരിന്റെയോ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളുടെയോ ഭരണനേട്ടമെന്ന രീതിയിൽ ഒന്നും അവർക്ക്‌ മുന്നോട്ടുവയ്‌ക്കാൻ കഴിയുന്നില്ല. എന്നുമാത്രമല്ല, രാജ്യത്ത്‌ തൊഴിലില്ലായ്‌മയും പട്ടിണിയും പെരുകിവരുന്നു.

വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയുന്നില്ല. രൂപയുടെ മൂല്യം പിടിവിട്ട്‌ താഴോട്ടുപോകുന്നു. തെരഞ്ഞെടുപ്പുകളിൽ പിടിച്ചുനിൽക്കാൻ കുറുക്കുവഴികളും കുതന്ത്രങ്ങളും അവലംബിക്കാതെ മാർഗമില്ലെന്ന അവസ്ഥയിലാണ്‌ ബിജെപിയെന്ന്‌ വ്യക്തമാണ്‌. ബംഗാൾ പിടിക്കുമെന്ന്‌ കോർപറേറ്റ്‌ മാധ്യമങ്ങളുടെ തേരിലേറി ബിജെപി വിപുലമായ പ്രചാരണം നടത്തിയെങ്കിലും പദ്ധതിയാകെ പൊളിഞ്ഞു. ജനപിന്തുണയുള്ള നേതാക്കളുടെ അഭാവവും ബംഗാളിൽ ബിജെപിയെ അലട്ടുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റൻ സൗരവ്‌ ഗാംഗുലിയെ ബിജെപിയിലേക്ക്‌ കൊണ്ടുവരാൻ കുറെനാളായി ശ്രമം നടക്കുന്നു. ബിജെപിയുടെ ക്ഷണവും പ്രലോഭനവും ആദ്യഘട്ടത്തിൽത്തന്നെ ഗാംഗുലി നിരസിച്ചു. പിന്നീട്‌ ദീർഘകാലപദ്ധതിയുടെ ഭാഗമായെന്നോണം ഗാംഗുലിയെ ബിസിസിഐ (ബോർഡ്‌ ഓഫ്‌ കൺട്രോൾ  ഫോർ ക്രിക്കറ്റ്‌ ഇൻ ഇന്ത്യ) പ്രസിഡന്റ്‌ സ്ഥാനത്തു കൊണ്ടുവന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഈയിടെ കൊൽക്കത്തയിൽ ഗാംഗുലിയുടെ വീട്‌ സന്ദർശിച്ചു. ഗാംഗുലിയെ ഏതുവിധേനയും ബിജെപിയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഷായുടെ സന്ദർശനമെന്നു വിലയിരുത്തപ്പെട്ടു.

ഈ നീക്കവും വിജയം കണ്ടില്ല. ഇതിനുപിന്നാലെ ഗാംഗുലി ബിസിസിഐ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ പുറത്തായി. അമിത്‌ ഷായുടെ മകൻ ജയ്‌ ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുകയും ചെയ്യുന്നു. ബിജെപിയുടെ പക മാത്രമാണ്‌ ഗാംഗുലിയുടെ സ്ഥാനനഷ്ടത്തിനു പിന്നിലെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.കീഴ്‌വഴക്കം അനുസരിച്ച്‌ ഹിമാചൽപ്രദേശിലും ഗുജറാത്തിലും ഒരേസമയം നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കേണ്ടതായിരുന്നു. ഗുജറാത്ത്‌ തെരഞ്ഞെടുപ്പുപ്രഖ്യാപനം നീട്ടിക്കൊണ്ടുപോകുന്നതിനു പിന്നിൽ ബിജെപിയുടെ വെപ്രാളമാണെന്ന്‌ ആരോപണമുയർന്നിട്ടുണ്ട്‌. ഭരണവിരുദ്ധവികാരം അതിശക്തമായ ഗുജറാത്തിൽ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള ഉദ്‌ഘാടനമാമാങ്കങ്ങൾ നടത്താൻ അവസരമൊരുക്കുകയാണ്‌ ലക്ഷ്യം. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നത്‌ പരമാവധി വൈകിക്കും. ആംആദ്‌മി പാർടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ്‌ സിസോദിയക്കെതിരായ സിബിഐ കേസും ചോദ്യംചെയ്യലും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്‌. ഗുജറാത്തിൽ ആംആദ്‌മി പാർടി നടത്തുന്ന പ്രചാരണം തടയാനാണ്‌  ഈ ഘട്ടത്തിൽ സിബിഐയെ രംഗത്തിറക്കിയതെന്ന ആക്ഷേപം ശക്തമാണ്‌.

ജാർഖണ്ഡ്‌ മന്ത്രിസഭയെ അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചുവരവെയാണ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറനെതിരായ കേസും അന്വേഷണവും സജീവമായത്‌. ബിഹാറിൽ നിതീഷ്‌കുമാർ എൻഡിഎ വിട്ട്‌ മഹാസഖ്യത്തിൽ ചേർന്നശേഷം ആർജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവിന്റെ കുടുംബാംഗങ്ങൾക്കെതിരെ സിബിഐ കേസുകൾക്ക്‌ ഗതിവേഗം കൂടി. ഗവർണർമാരെ ഉപയോഗിച്ച്‌ വിവിധ സംസ്ഥാനങ്ങളിൽ ഭരണപ്രതിസന്ധി സൃഷ്ടിക്കാനും ശ്രമം നടക്കുന്നു. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലാകട്ടെ വർഗീയധ്രുവീകരണം ശക്തിപ്പെടുത്താൻ വിവിധ വിഷയങ്ങൾ കുത്തിപ്പൊക്കുന്നു. ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഈ പ്രവണത പ്രകടമാണ്‌. ‘ലാൻഡ്‌ ജിഹാദ്‌’  എന്ന പുതിയ  ആരോപണവുമായി ഹരിയാനയിൽ വിഎച്ച്‌പി രംഗത്തുവന്നിരിക്കുന്നു. പുറത്തുനിന്നുള്ള മുസ്ലിങ്ങൾ ഗുരുഗ്രാമിലെ ഭോല കലാൻ ഗ്രാമത്തിൽ സ്ഥലം വാങ്ങുന്നുവെന്നും ഭാവിയിൽ ഹരിയാനയിലാകെ  ഇത്‌ വ്യാപിക്കുമെന്നുമാണ്‌ വിഎച്ച്‌പിയുടെ കണ്ടെത്തൽ. ഇത്തരം കുത്തിത്തിരിപ്പ്‌ പ്രചാരണങ്ങൾ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്നും ബിജെപി കണക്കുകൂട്ടുന്നു.

ഇതേസമയം, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശവ്യാപക പോരാട്ടങ്ങളും പ്രതിഷേധങ്ങളും  ശക്‌തിപ്പെടുകയാണ്‌. സമാനതകളില്ലാത്ത കർഷകപ്രക്ഷോഭവും തൊഴിലാളി പണിമുടക്കുമെല്ലാം രാജ്യത്ത്‌നടന്നു. ജനങ്ങൾ ബിജെപി ഭരണത്തെ എല്ലാ അർഥത്തിലും വെറുത്തുകഴിഞ്ഞു. ഭരണത്തിനെതിരെ  പൊതുവായ ഐക്യം രൂപപ്പെടുന്നു. ഇതിനെ ഹിന്ദുത്വ രാഷ്‌ട്രീയം കൊണ്ട്‌ ജനങ്ങളെ ചേരിതിരിച്ച്‌  മറികടക്കാനാണ്‌  ബിജെപി ശ്രമിക്കുന്നത്‌. ഹിന്ദി അടിച്ചേൽപ്പിക്കുന്നതും കർണാടകത്തിൽ ഹിജാബ്‌ നിരോധിച്ചതും ഈ ലക്ഷ്യംവച്ചുകൊണ്ടാണ്‌. ഈ വർഗീയധ്രുവീകരണ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കുകയും  ജനകീയപ്രശ്‌നങ്ങൾ മുൻനിർത്തി പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്‌ത്‌ മാത്രമേ മതനിരപേക്ഷ ജനാധിപത്യകക്ഷികൾക്ക്‌ ബിജെപി ഉയർത്തുന്ന  വെല്ലുവിളി നേരിടാൻ കഴിയൂ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top