16 April Tuesday

തൊഴിലാളികളെ വീണ്ടും കൊള്ളയടിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 14, 2022

തൊഴിലാളികളുടെ ജീവിതത്തിനും  ഉപജീവനമാർഗങ്ങൾക്കും അവകാശങ്ങൾക്കും നേരെയുള്ള മോദി സർക്കാരിന്റെ കടന്നാക്രമണം തുടരുകയാണ്‌.  ഇതിന്റെ ഭാഗമാണ്‌ എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ (ഇപിഎഫ്‌) നിക്ഷേപങ്ങളുടെ പലിശനിരക്ക്‌ വെട്ടിക്കുറച്ചത്‌. നിലവിലെ 8.5 ശതമാനം പലിശ കഴിഞ്ഞ ദിവസം 8.1 ആക്കി. 1977നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്‌.  രാജ്യത്തെ ആറുകോടിയോളം തൊഴിലാളികൾക്ക്‌ ഇത്‌ വലിയ തിരിച്ചടിയാണ്‌. പിഎഫ്‌ വരിക്കാരുടെ കുറഞ്ഞ പെൻഷൻ വർധിപ്പിക്കുക, ശമ്പളത്തിന്‌ ആനുപാതികമായി പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനുപകരം ഇപ്പോൾ കിട്ടിക്കൊണ്ടിരുന്ന പലിശ വെട്ടിക്കുറയ്‌ക്കുകയായിരുന്നു.

അഞ്ച്‌ സംസ്ഥാനത്തെ ജനവിധി തങ്ങൾക്ക്‌ ജനവിരുദ്ധനയങ്ങൾ നടപ്പാക്കാനുള്ള അംഗീകാരമാണെന്ന അഹന്തയാണ്‌ സർക്കാരിന്‌. അല്ലെങ്കിൽ കുതിച്ചുയരുന്ന പണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവുംമൂലം തൊഴിലാളികൾ ഉൾപ്പെടെയുള്ള ജനങ്ങൾ പൊറുതിമുട്ടുമ്പോൾ ഇപിഎഫ്‌ നിക്ഷേപത്തിന്റെ പലിശ  കുറയ്‌ക്കില്ലായിരുന്നു.

കഴിഞ്ഞ വർഷത്തെ പലിശനിരക്ക്‌ തുടരണമെന്ന്‌ ഇപിഎഫ്‌ഒ ട്രസ്‌റ്റിബോർഡ്‌ യോഗത്തിൽ തൊഴിലാളി സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും  പലിശ കുറയ്‌ക്കണമെന്ന തീരുമാനം കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചു. ആർഎസ്‌എസ്‌ നേതാവ്‌കൂടിയായ കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദ്ര യാദവ്‌ പലിശ കുറയ്‌ക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നു. 2015–-16ൽ 8.8 ശതമാനമായിരുന്നു പലിശ.  രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ഇപിഎഫ്‌ഒ  16 ലക്ഷം കോടി രൂപയുടെ ഫണ്ട്‌ കൈകാര്യം ചെയ്യുന്നു. 2020–-21ൽ 8.29 ലക്ഷം കോടിയായിരുന്ന  നിക്ഷേപം ഈ സാമ്പത്തിക വർഷം 9.42 ലക്ഷം കോടിയായി. 8.5 ശതമാനം പലിശ കൊടുത്ത കഴിഞ്ഞ വർഷം 70,000  കോടി രൂപയായിരുന്നു വരുമാനം. ഈ വർഷം ഇത്‌ 76,768 കോടിയായി വർധിക്കുമ്പോഴാണ്‌ പലിശ കുറച്ചത്‌. പിഎഫ്‌ നിക്ഷേപത്തിലെ  85 ശതമാനവും സർക്കാർ ബോണ്ടുകളിലും സെക്യൂരിറ്റികളിലുമാണ്‌ നിക്ഷേപിച്ചിരിക്കുന്നത്‌. 15 ശതമാനം ഓഹരി വിപണിയിലും.  തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയ്‌ക്കുള്ള നിക്ഷേപത്തെ ചൂതാട്ടത്തിനായി ഓഹരി ദല്ലാൾ വിപണിയിലേക്ക്‌ മാറ്റുന്നതിനെ ഇടതുപക്ഷം ശക്തമായി എതിർത്തിരുന്നു.

ഓഹരി വിപണിയിൽനിന്ന്‌ വലിയ ലാഭം ലഭിക്കുന്നതിലൂടെ കൂടുതൽ പലിശ നൽകാനാകും എന്നായിരുന്നു  സർക്കാരിന്റെ ന്യായീകരണം. എന്നാൽ, ഇതിനു നേരെ വിരുദ്ധമായി  ഓഹരിവിപണിയിൽനിന്നുള്ള വരുമാനക്കുറവ്‌ ചൂണ്ടിക്കാട്ടിയാണ്‌ ഇപ്പോൾ പലിശ കുറച്ചത്‌.   
പിഎഫ്‌ പെൻഷൻ വിതരണത്തിലെ അപാകം പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. പിഎഫ്‌ വരിക്കാരുടെ കുറഞ്ഞ പെൻഷൻ ആയിരം രൂപയിൽനിന്ന്‌  3000 രൂപയാക്കണമെന്ന ആവശ്യം ഇത്തവണയും സെൻട്രൽ ബോർഡ്‌ ഓഫ്‌ ട്രസ്‌റ്റീസ്‌ യോഗം പരിഗണിച്ചില്ല. 80 വയസ്സ്‌ കഴിഞ്ഞവർക്കുപോലും പെൻഷൻ വർധന നടപ്പാക്കുന്നില്ല.

പെൻഷൻ പരിഷ്‌കരണത്തിനു മുമ്പ്‌ രൂപീകരിച്ച ഉപസമിതി നിർദേശിച്ചപ്രകാരം പ്രത്യേക ദൗത്യസംഘം രൂപീകരിച്ച തീരുമാനം നീട്ടിക്കൊണ്ടുപോകുന്നു. കൂടിയ ശമ്പളമുള്ളവർക്ക്‌ അതിന്‌ ആനുപാതികമായി പെൻഷൻ നൽകണമെന്ന ഹൈക്കോടതി വിധികൾ നടപ്പാക്കുന്നില്ല. ഇതുസംബന്ധിച്ച സുപ്രീംകോടതിയിൽ അപ്പീൽ നൽകിയ കേന്ദ്രസർക്കാരും ഇപിഎഫ്‌ഒയും തൊഴിലാളിവിരുദ്ധ സത്യവാങ്‌മൂലമാണ്‌  സമർപ്പിച്ചത്‌. പെൻഷൻ വർധിപ്പിക്കാൻ  കഴിയില്ലെന്ന നിലപാടാണ്‌ ധനമന്ത്രാലയത്തിന്റേത്‌.  അതിനിടെ പ്രതിമാസം 15,000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങുന്നവർക്ക്‌ ഇപിഎഫ്‌ പെൻഷൻ പദ്ധതിയിൽ അംഗത്വം  നിഷേധിക്കുന്നു.  ഇപിഎഫ്‌ഒ സോഫ്‌റ്റ്‌വെയറിൽ മാറ്റം വരുത്തിയാണ്‌ പെൻഷൻ അംഗത്വം നിഷേധിക്കുന്നത്‌.

തൊഴിലാളികൾക്ക്‌ നിലവിൽ  ലഭിക്കുന്ന ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന നയമാണ്‌ മോദി സർക്കാർ അധികാരമേറ്റതുമുതൽ നടപ്പാക്കുന്നത്‌.  തൊഴിലാളികളുടെ ജോലി സമയം വർധിപ്പിക്കുകയും  നിലവിലുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്ന ലേബർ കോഡ്‌  ബിജെപി സർക്കാർ കൊണ്ടുവന്നു. കൂലി കുറയ്‌ക്കാൻ ഇടവരുത്തുന്നതും അവരുടെ ജീവിതത്തെ എല്ലാ തരത്തിലും ബാധിക്കുന്നതുമായ ലേബർ കോഡ്‌ നിലവിലെ തൊഴിൽബന്ധങ്ങളിൽ  ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. സാമൂഹ്യസുരക്ഷാ വലയത്തിൽനിന്ന്‌ പുറത്താക്കി തൊഴിലാളികളെ കരാർ വ്യവസ്ഥയിലേക്ക്‌ തള്ളിവിടുകയാണ്‌.  വിനാശകരമായ നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ  മാർച്ച്‌ 28, 29 തീയതികളിൽ  കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും ഐക്യവേദിയുടെ നേതൃത്വത്തിൽ ദേശീയ പണിമുടക്ക്‌ നടക്കുകയാണ്‌. ‘ജനങ്ങളെ രക്ഷിക്കുക, രാഷ്ട്രത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയുള്ള പണിമുടക്ക്‌ മോദി സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ, ദേശവിരുദ്ധ നയങ്ങൾക്കെതിരെയുള്ള അതിശക്തമായ പ്രതിഷേധമായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top