25 April Thursday

പ്രതീക്ഷയുടെ പ്രകാശരശ്‌മികൾ; ലോകത്തിന്റെ കണ്ണും കാതും വാക്‌സിനിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 22, 2020

ഇത്തിരിപ്പോന്ന ഒരു കുഞ്ഞൻ വൈറസ് മനുഷ്യരാശിയെയാകെ വിറപ്പിക്കാൻ തുടങ്ങിയിട്ട് ഏഴുമാസം പിന്നിടുന്നു. ആറു ലക്ഷത്തിലേറെ മനുഷ്യജീവൻ ഇതിനകം നഷ്ടമായി. എന്ന് അവസാനിക്കുമെന്ന് ഒരു പിടിയും തരാതെ കോവിഡ് –-19 അലറിവിളിച്ച് യാത്ര തുടരുകയാണ്. കോവിഡിനെ തുരത്താൻ എന്തു വഴിയെന്നാണ് എവിടെയും ആലോചന. അതിനിടെ, ശാസ്ത്ര ലോകത്തുനിന്ന് തിങ്കളാഴ്‌ച പുറത്തുവന്ന വാർത്ത മനുഷ്യർക്കാകെ പ്രതീക്ഷ നൽകുന്നതായി. കോവിഡ് മഹാമാരിക്കെതിരായ ശാസ്ത്രലോകത്തിന്റെ പോരാട്ടം പുരോഗതിയുടെ ഒരു ചുവടുകൂടി പിന്നിടുന്നുവെന്നാണ് ആ വാർത്ത. ബ്രിട്ടനിലും ചൈനയിലും പരീക്ഷണത്തിലുള്ള രണ്ടു വാക്‌സിൻ കോവിഡിനെ പ്രതിരോധിക്കാൻ കെൽപ്പുള്ളതാണെന്ന് തെളിഞ്ഞിരിക്കുന്നു. വാക്‌സിന്റെ ഫലപ്രാപ്തി പൂർണമായും അറിയാൻ ഇനിയും കാത്തിരിക്കണം. എങ്കിലും ശാസ്‌ത്രലോകം പ്രതീക്ഷയിലാണ്. ശാസ്‌ത്രം മാത്രമാണ് പ്രതീക്ഷയും.

ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയും ചൈനയിലെ ബീജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയും വികസിപ്പിച്ചെടുത്ത വാക്‌സിനുകളുടെ രണ്ടാംഘട്ട പരീക്ഷണഫലമാണ് വലിയ പുരോഗതിയായി വിലയിരുത്തുന്നത്. ഏപ്രിൽ–--മെയ് മാസങ്ങളിൽ ഇവർ നടത്തിയ  പരീക്ഷണഫലങ്ങളുടെ വിശദാംശങ്ങൾ  വൈദ്യശാസ്‌ത്ര ജേണലായ “ലാൻസെറ്റി’ൽ തിങ്കളാഴ്‌ച പ്രസിദ്ധീകരിച്ചു. ഓക്സ്ഫഡ്  സർവകലാശാലയും ആസ്ട്ര സെനക്ക എന്ന മരുന്നുകമ്പനിയും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ ബ്രിട്ടനിലെ 1077 പേരിൽ പരീക്ഷിച്ചു. ബീജിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിൻ ചൈനയിലെ 500 പേരിലും പരീക്ഷിച്ചു.

പരീക്ഷിച്ചവരുടെ ശരീരത്തിൽ കോവിഡ് പടർത്തുന്ന സാർസ് കോവി -2 വൈറസിനെതിരായ ആന്റിബോഡിയും (പ്രതിവസ്തു) ടി കോശങ്ങളും കണ്ടെത്തി. വാക്‌സിൻ കുത്തിവച്ച് 14 ദിവസത്തിനകം ടി കോശങ്ങളുടെ എണ്ണവും 28 ദിവസത്തിനകം ആന്റിബോഡിയുടെ അളവും വർധിച്ചു. പരീക്ഷിച്ചവരിലെല്ലാം മികച്ച പ്രതിരോധ പ്രതികരണമാണുണ്ടായിട്ടുള്ളതെന്ന് ഓക്സ്ഫഡിലെ ജന്നർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അഡ്രിയാൻ ഹിൽ പറയുന്നു. ഓക്സ്ഫഡ് വാക്‌സിൻ കുത്തിവച്ച 70 ശതമാനം ആളുകളിലും ചെറിയ പനിയും തലവേദനയുമൊക്കെ കണ്ടെങ്കിലും പാരസെറ്റമോൾ കഴിച്ചപ്പോൾ അതൊക്കെ ഭേദമായി. ഇതോടെ കാര്യങ്ങളെല്ലാം പൂർണമായി എന്നല്ല, ലക്ഷ്യത്തിലേക്ക് മുന്നേറുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.
ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ടത് പകർച്ചവ്യാധിയാണെന്ന് സ്ഥിരീകരിച്ചതുമുതൽ ശാസ്‌ത്രലോകം അത്യസാധാരണ വേഗത്തിൽ ഗവേഷണ -പഠനപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്.

രാപ്പകലില്ലാതെ ആ യത്നം തുടരുന്നു. ആ പ്രയത്നത്തിനിടെ കടന്നുവരുന്ന പ്രതീക്ഷയുടെ പ്രകാശരശ്‌മികളായി തിങ്കളാഴ്ച പുറത്തുവന്ന വിവരങ്ങൾ. ജനുവരി 11 നാണ്, വുഹാനിൽ പടരുന്നത് മാരകമായൊരു വൈറസാണെന്ന് ഷാങ്ഹായ് ഫുഡാൻ സർവകലാശാലയിലെ ഒരു സംഘം റിപ്പോർട്ട്‌ ചെയ്യുന്നത്. അന്താരാഷ്ട്ര ഡേറ്റാബേസായ “ജെൻ ബാങ്കി’ലായിരുന്നു ആ വിവരം വന്നത്. ജെൻ ബാങ്കിൽ റിപ്പോർട്ട്‌ കണ്ടപ്പോൾത്തന്നെ അത് ശാസ്‌ത്രജ്ഞരുടെയും  പരീക്ഷണശാലകളുടെയും ശ്രദ്ധയിൽപ്പെട്ടു. അന്നുമുതൽതന്നെ എവിടെയും പഠനഗവേഷണങ്ങൾക്ക് തുടക്കമായി. വൈറസിന്റെ ജനിതകഘടന കണ്ടെത്താനും വൈറസ് എങ്ങനെ മനുഷ്യരിലെത്തി എന്ന്‌ പഠിക്കാനും വാക്‌സിനും മരുന്നും കണ്ടുപിടിക്കാനുമുള്ള  തീവ്രയജ്ഞമായി അത് മാറി. അതിൽ ചില യത്നങ്ങളാണ് പുരോഗതിയിലേക്ക് നീങ്ങുന്നത്. തുടക്കത്തിൽ വൈറസ് ഇത്രമാത്രം പടരുമെന്നോ ഇത്രമാത്രം ശക്തിയുള്ളതാണെന്നോ തിരിച്ചറിഞ്ഞിരുന്നില്ല.

ഇപ്പോൾ, രണ്ടാംഘട്ട പരീക്ഷണം പൂർത്തിയാക്കിയ ബ്രിട്ടന്റെയും ചൈനയുടെയും സ്ഥാപനങ്ങൾക്കുപിന്നാലെ ലോകത്താകെ ഒട്ടേറെ വാക്‌സിനുകൾ ഒന്നാംഘട്ട പരീക്ഷണത്തിലുണ്ട്. അമേരിക്ക ആസ്ഥാനമായുള്ള ജൈവ സാങ്കേതികവിദ്യാ കമ്പനിയായ മൊഡേണയും ബ്രിട്ടനും ചൈനയ്‌ക്കും ഒപ്പംതന്നെയുണ്ട്. വാക്‌സിനോളജി വിഭാഗം പ്രൊഫസർ സാറാ ഗിൽബർട്ടിന്റെ നേതൃത്വത്തിലായിരുന്നു ഓക്സ്ഫഡിലെ പരീക്ഷണങ്ങൾ. വാക്‌സിൻ പരീക്ഷണത്തിന് ആദ്യംതന്നെ രംഗത്തെത്തിയവരിൽ ഇവരുണ്ടായിരുന്നു. അവരുടെ  യത്നമാണ് വിജയത്തോടടുക്കുന്നത്. ലൈസൻസ്‌ ആയാലുടൻ വാക്‌സിൻ ലഭിക്കുന്നതിന് ഒട്ടേറെ രാജ്യങ്ങൾ ഇതിനകം കരാറുണ്ടാക്കിയിട്ടുണ്ട്. ജർമനി, ഫ്രാൻസ്, നെതർലൻഡ്സ്‌, ഇറ്റലി, അമേരിക്ക എന്നിവയെല്ലാം ഇതിലുൾപ്പെടും.

ഇന്ത്യയിലും ഈ വാക്‌സിൻ  നിർമിക്കുന്നതിനും വിതരണത്തിനും ആലോചന തുടങ്ങിക്കഴിഞ്ഞു. ഓക്സ്ഫഡുമായി ചേർന്ന് ആഗസ്തിൽ വാക്‌സിൻ പരീക്ഷണം നടത്തുമെന്ന് പുണെ ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റിറ്റൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കിയത് ഈ ആലോചനകളുടെ ഭാഗമാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടും വാക്‌സിൻ വികസിപ്പിക്കാനും പരീക്ഷിക്കാനും  ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഇത്രത്തോളം എത്തിയിട്ടില്ല.  ആഗസ്ത് 15ന് വാക്‌സിൻ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാതെയും ആവശ്യമായ പരീക്ഷണങ്ങൾ പൂർത്തിയാക്കാതെയും അതിനു കഴിയില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൃഗങ്ങളിലും മനുഷ്യരിലുമെല്ലാം പരീക്ഷിച്ച് വിവിധ ഘട്ടങ്ങളിലൂടെയാണ്  പ്രയോഗത്തിലെത്തേണ്ടത്.

വാക്‌സിൻ വികസിപ്പിച്ചെടുക്കാൻ കോടിക്കണക്കിന് രൂപ വേണമെന്നതും ഇതോടൊപ്പം കാണണം. അമേരിക്കയും ചൈനയും ജർമനിയുമെല്ലാം വൻ തുകയാണ് ഇതിനകം ചെലവഴിച്ചത്. ഓക്സ്ഫഡിന്റെ പരീക്ഷണത്തിനുമാത്രം അമേരിക്ക 120 കോടി ഡോളർ മുതൽമുടക്കിയിട്ടുണ്ട്. എന്നാൽ, ഔഷധനിർമാണരംഗത്ത് നല്ല ശേഷിയുള്ള ഇന്ത്യ ഈ രംഗത്ത് മുടക്കുന്ന പണം മറ്റ്‌ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്.

വാക്‌സിൻ നിർമാണത്തെ മുൻനിർത്തി മേയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നെങ്കിലും ആഭ്യന്തരമായി വികസിപ്പിക്കുന്നതിന്റെ ശ്രമം എവിടെയെത്തിയെന്നോ ഫണ്ടിനെക്കുറിച്ചോ കാര്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വാക്‌സിനുകൾ  വികസിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് അന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. ഇത് ഏതൊക്കെ കമ്പനികളെന്ന് സർക്കാർ കൃത്യമായി പറഞ്ഞിട്ടില്ല. എന്നാൽ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയടക്കം ചില കമ്പനികളുടെ  പരീക്ഷണങ്ങൾ ഒരു വർഷത്തിനകം ഫലം കാണുമെന്ന് റിപ്പോർട്ടുകളുണ്ട്. ആ പരീക്ഷണങ്ങൾ തുടരട്ടെ. അതിനിടെ, എവിടെ വാക്‌സിൻ കണ്ടെത്തിയാലും ലോകത്തിന്, ഇന്ത്യക്ക് ആശ്വാസംതന്നെ. ഇപ്പോൾ, രണ്ടുഘട്ടം വിജയകരമായി കടന്ന വാക്‌സിനുകൾ ഫലപ്രദമായ കോവിഡ്  പ്രതിരോധമാകട്ടെ. ലോകത്തിന്റെ കണ്ണും കാതും അവിടേക്കാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top