03 June Saturday

സംഘപരിവാറിന്റെ വ്യാമോഹം

വെബ് ഡെസ്‌ക്‌Updated: Monday Nov 26, 2018

 യോധ്യയിൽ ബാബ്റി മസ്ജിദ് തകർത്തിടത്ത് ഇന്നും രാമക്ഷേത്രം ഉയരാതിരിക്കുന്നതിന് പ്രധാന കാരണം ഈ ഭൂമിയുടെ അവകാശം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ നിൽക്കുന്നതുകൊണ്ടാണ്. 68 വർഷം മുമ്പ് ഈ ദിവസമാണ് ഇന്ത്യൻ ഭരണഘടനയ‌്ക്ക് ഭരണഘടനാ അസംബ്ലി അംഗീകാരം നൽകിയത്. ആ ഭരണഘടനയ‌്ക്കും അതിന്റെ  ഭാഗമായി രൂപംകൊണ്ട ജുഡീഷ്യറിക്കുമെതിരെയുള്ള ശകാരവർഷങ്ങളാണ് ഞായറാഴ‌്ച അയോധ്യയിലെ ധരംസഭയിൽനിന്നും ഉയർന്നത്. നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും മതനിരപേക്ഷതയും ജനാധിപത്യവും ഉദ്ഘോഷിക്കുന്ന ഭരണഘടന സംഘപരിവാറിന് എന്നും കണ്ണിലെ കരടാണ്. ‘ഹിന്ദുരാഷ്ട്ര'നിർമിതിക്ക് തടസ്സം നിൽക്കുന്നത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഈ മൂല്യങ്ങളാണെന്ന തിരിച്ചറിവാണ് അതിനെതിരെ തിരിയാൻ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നത്. 

അയോധ്യാ കേസ് അടിയന്തരമായി കേട്ട് വിധി പ്രസ‌്താവിക്കണമെന്നതാണ് സംഘപരിവാറിന്റെ ആവശ്യം. എന്നാൽ, അതിന് തയ്യാറല്ലെന്നും ജനുവരിയിൽ മാത്രമേ ഈ കേസ് കേൾക്കുന്ന തീയതിയും ബെഞ്ചും നിശ്ചയിക്കാൻ കഴിയൂവെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. സുപ്രീംകോടതിയുടെ ഈ തീരുമാനത്തിനെതിരെയുള്ള ശകാരവർഷങ്ങളാണ് അയോധ്യയിലെ ധരംസഭയിൽ നിന്നുമുയർന്നത്. സംസാരിച്ച സന്യാസിമാരെല്ലാംതന്നെ ജുഡീഷ്യറിയെ തുറന്നെതിർക്കാൻ തയ്യാറായി. ഹിന്ദുക്കൾക്ക് കോടതിയേക്കാൾ വലുത് രാമനാണെന്ന് പ്രഖ്യാപിച്ച സന്യാസിമാർ ഭരണഘടനയുടെ ഭാഗമായി രൂപംകൊണ്ട ഒരു സ്ഥാപനം മാത്രമാണ് കോടതിയെന്നും അത് രാമനേക്കാളും വലുതല്ലെന്നും പ്രഖ്യാപിച്ചു. അടുത്ത അജൻഡ വാരാണസിയും മഥുരയുമാണെന്ന പതിവ് പ്രഖ്യാപനവും ധരംസഭയിൽ ഉയർന്നു.  അതായത് കോടതിവിധി എന്തുതന്നെയായാലും മാനിക്കില്ലെന്ന തുറന്ന പ്രഖ്യാപനമാണ് വിശ്വ ഹിന്ദുപരിഷത്ത് വിളിച്ചുകൂട്ടിയ ധരംസഭ നടത്തിയത്.

ഇത് പുതിയ കാര്യമൊന്നുമല്ല. ജുഡീഷ്യറിയോട് മാത്രമല്ല ഇന്ത്യൻ ഭരണഘടനയോടുപോലും ഒരു ആദരവും വച്ചുപുലർത്താത്തവരാണ് സംഘപരിവാറുകാർ. അയോധ്യ കേസ് ഉടൻ കേൾക്കാത്ത കോടതി നടപടി ഹിന്ദുക്കളെ അപമാനിക്കുന്നതിന് സമമാണെന്ന് ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷി നേരത്തെ പറഞ്ഞുവച്ചിട്ടുണ്ട്. 1992  ഡിസംബർ ആറിനാണ് ബാബ്റി മസ്ജിദ് തകർത്തത്. അതിനുശേഷം 25 വർഷം കഴിഞ്ഞിരിക്കുന്നു. ഇത്രയുംകാലം ക്ഷേത്ര നിർമാണത്തെക്കുറിച്ച് ഓർക്കാത്ത ബിജെപിയും സംഘപരിവാറും പെട്ടെന്ന് ഇത് ഓർക്കാൻ കാരണമെന്താണ്? 1992നുശേഷം വാജ്പേയി ആറരവർഷക്കാലവും മോഡി നാലരവർഷക്കാലവും ഭരണത്തിലിരുന്നു. മോഡി സർക്കാർ അധികാരമേറ്റശേഷംതന്നെ ആർഎസ്എസ് നേതാവ് മോഹൻഭാഗവത് അഞ്ചു തവണ സ്ഥാപകദിനമായ വിജയദശമി നാളിൽ പ്രസംഗം നടത്തി. നാല് പ്രസംഗത്തിലും അയോധ്യ വിഷയം പരാമർശിക്കാത്ത മോഹൻഭാഗവത് ഇക്കുറി മാത്രം ക്ഷേത്ര നിർമാണത്തിന് നിയമനിർമാണം വേണമെന്ന ആവശ്യമുയർത്തി. ശിവസേന നേതാവ് ഉദ്ദവ് താക്കറെ ഒരു പ്രത്യേക വിമാനത്തിൽ കുടുംബസമേതം ആദ്യമായി അയോധ്യയിലെത്തി രാമക്ഷേത്ര നിർമാണത്തെക്കുറിച്ച് പറഞ്ഞു. സംഘപരിവാറായാലും ധരംസഭയിലെത്തിയ സന്യാസിമാരായാലും ശിവസൈനികരായാലും അയോധ്യയിലെത്തിയത് രാമനോടുള്ള ഭക്തികൊണ്ടൊന്നുമല്ല. ഭക്തിയേക്കാൾ അവരുടെ വാക്കുകളിലുള്ളത് വിദ്വേഷമാണ്. അധികാരത്തിൽ വരാനുള്ള കുറുക്കുവഴി മാത്രമായാണ് ശ്രീരാമനെയും അയോധ്യയെയും ഇവർ ഉപയോഗിക്കുന്നത്. 1984ൽ ലോക‌്സഭയിൽ രണ്ട്  സീറ്റ് മാത്രം ലഭിച്ച ബിജെപിക്ക് കേന്ദ്രാധികാരം ലഭിച്ചത് അയോധ്യ വിഷയം ഉയർത്തുകവഴിയായിരുന്നു. രഥയാത്രയും ബാബ്റി മസ്ജിദ‌് തകർക്കലും അതിന്റെ ഭാഗമായി നടന്ന വർഗീയ ലഹളകളുമായിരുന്നു മതധ്രുവീകരണം സാധ്യമാക്കിയതും ബിജെപിക്ക് കേന്ദ്ര ഭരണം ലഭിച്ചതും.  

ഇപ്പോൾ അതേ അജൻഡ വീണ്ടും അവർക്ക് ഉയർത്തേണ്ടിവരുന്നത് അധികാരം നിലനിർത്താൻവേണ്ടിയാണ്. നാലര വർഷക്കാലത്തെ മോഡി ഭരണം ജനങ്ങളെ പൂർണമായും അവരിൽനിന്ന് അകറ്റിയിരിക്കുന്നു. പ്രത്യേകിച്ചും കൃഷിക്കാരെയും ചെറുകിട കച്ചവടക്കാരെയും. ഉത്തരേന്ത്യയിലെങ്ങും ഈ വിഭാഗങ്ങൾ വൻതോതിൽ ബിജെപിക്കെതിരെ തിരിയുന്ന കാഴ‌്ചയാണ‌് കാണുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും നിയമന നിരോധനവും മറ്റുമാണ് ഇതിനു കാരണം. ജീവിത പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യാനിരിക്കുന്ന ജനങ്ങളെ വീണ്ടും വർഗീയ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ നാടകങ്ങളാണ് ഇപ്പോൾ അയോധ്യയിൽ അരങ്ങേറുന്നത്. ഈ കപട നാടകത്തിന്റെ പൊരുൾ മനസ്സിലാക്കാനുള്ള വിവേകം ജനങ്ങൾക്കുണ്ടാവില്ലെന്ന് ധരിക്കുന്നത് മൗഢ്യമായിരിക്കും. ബാബ്റി മസ്ജിദ് തകർത്തതിനുശേഷം ഉത്തർപ്രദേശിലും രാജസ്ഥാനിലും  മധ്യപ്രദേശിലും ഹിമാചൽപ്രദേശിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടിരുന്നുവെന്ന ചരിത്രസത്യം നമുക്ക് മുമ്പിലുണ്ട്. പുരാണ കഥാപാത്രമായ ശ്രീരാമനെ രാഷ്ട്രീയവേഷം കെട്ടിച്ചാൽ എന്നും ജയിക്കാമെന്നത‌് ബിജെപിയുടെയും സംഘപരിവാറിന്റെയും വ്യാമോഹം മാത്രമായിരിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top