23 April Tuesday

പ്രശ്നം നിയമവാഴ്ചയ‌്ക്ക് വഴങ്ങാത്തത്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 14, 2018

  ശബരിമലയിൽ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് പ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യംചെയ‌്ത‌് സമർപ്പിച്ച പുനഃപരിശോധനാ ഹർജികളും മറ്റ്‌ ഹർജികളും തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.  ജനുവരി 22 ന് ഈ ഹർജികൾ പരിഗണിക്കാനാണ് ചീഫ് ജസ്റ്റിസ് രഞ‌്ജൻ ഗൊഗോയ് നേതൃത്വം നൽകുന്ന ബെഞ്ച് തീരുമാനിച്ചത്. എന്നാൽ, യുവതികളെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാമെന്ന സെപ്തംബർ 28 ന്റെ വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇക്കാര്യം എടുത്തുപറയുന്ന സ്ഥിതിക്ക് മണ്ഡലകാലത്ത് യുവതികൾക്ക് ക്ഷേത്ര പ്രവേശനമാകാമെന്ന് സാരം. ഭരണഘടനാപരമായി ഇവർക്ക് സംരക്ഷണം നൽകാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്. ജനുവരി 20 വരെയാണ് ശബരിമലയിലെ മണ്ഡലകാലം. അതിനുശേഷംമാത്രമേ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കൂ എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്.

ഒരു വ്യാഴവട്ടക്കാലമെടുത്ത്, വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചതിനുശേഷമാണ് ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച വിധിന്യായം സുപ്രീംകോടതി പുറപ്പെടുവിച്ചത്. അതുകൊണ്ടുതന്നെ  തുറന്ന കോടതിയിൽ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാൻ കോടതി തയ്യാറായി എന്നതിനർഥം വിഷയം പുനഃപരിശോധിക്കാൻ തയ്യാറായി എന്ന് വ്യാഖ്യാനിക്കുന്നത് പൂർണമായും ശരിയാകില്ല. അതിനുള്ള സാധ്യത തുറക്കുന്നുവെന്ന് പറയാനേ കഴിയു.  ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയമായതിനാൽ മറുഭാഗവുംകുടി പൂർണമായും കേട്ടു എന്നുറപ്പുവരുത്തുകയെന്ന ജുഡീഷ്യൽ പ്രക്രിയ പൂർത്തിയാക്കുക എന്ന സമീപനമാണ് ഇവിടെ കോടതി സ്വീകരിച്ചിട്ടുള്ളത്. ആചാരലംഘനവും വിശ്വാസവും മറ്റും കണക്കിലെടുക്കാതെയാണ് വിധിപ്രഖ്യാപനമാണെന്നാണ് പരാതിക്കാരുടെ വാദം. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം എന്ന സങ്കൽപ്പത്തിന്റെ പ്രത്യേകതകൾ  കോടതി കണക്കിലെടുത്തില്ലെന്നും അതിലേക്കുള്ള പൗരാണിക തെളിവുകൾ കണക്കിലെടുത്തില്ലെന്നും മറ്റുമാണ് പുനഃപരിശോധനാഹർജികൾ സമർപ്പിച്ചിട്ടുള്ളത്. ഏതായാലും പരാതി ഉന്നയിക്കുന്നവർക്ക് അതുറക്കെ കോടതിയോട് ബോധ്യപ്പെടുത്താനുള്ള അവസരം ലഭിച്ചിരിക്കുന്നു. എന്നാൽ, തുറന്ന കോടതി പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചശേഷം നടത്തുന്ന വിധി നടപ്പാക്കുമെന്ന് പറയാൻ വശ്വാസികളുടെ മുഖംമൂടി അണിഞ്ഞ ആർഎസ്എസ്–-ബിജെപി നേതൃത്വം തയ്യാറാകുമോ എന്നതാണ് പ്രധാന വിഷയം.
ശബരിമല സംഘർഷഭൂമിയാകുന്നത് സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ എതിർക്കാൻ ചിലർ രംഗത്ത് വരുന്നതുകൊണ്ടാണ്. വിശ്വാസികളാണ് സുപ്രീംകോടതി വിധിക്കെതിരെ പരസ്യമായി രംഗത്തുവരുന്നത് എന്ന് പറയാനാവില്ല. മറിച്ച് ദേശീയ രാഷ്ട്രീയ കക്ഷികളായ ബിജെപിയും കോൺഗ്രസുമാണ് വിധി നടപ്പാക്കുന്നതിനെതിരെ തെരുവിലിറങ്ങിയിട്ടുള്ളത്. അയ്യപ്പ സന്നിധാനത്തെപോലും ഇവർ ഈലക്ഷ്യം കാണുന്നതിനുള്ള സമരവേദിയാക്കി മാറ്റി. ആചാരലംഘനത്തെക്കുറിച്ച് വാതോരാതെ പറയുന്ന ദേശീയകക്ഷിയുടെ ഗുണ്ടാനേതാവ് പതിനെട്ടാം പടിയിൽ ഇരുമുടിക്കെട്ടില്ലാതെ പ്രവേശിച്ചതും ഭക്തജനങ്ങളെ തടസ്സപ്പെടുത്തിയതും ഇവർക്ക് ആചാരങ്ങളല്ല വിഷയം മറിച്ച് രാഷ്ട്രീയം തന്നെയാണെന്ന്‌ വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ സുപ്രീംകോടതി പുനഃപരിശോധനാഹർജി പരിഗണിക്കാൻ തയ്യാറായി എന്നതുകൊണ്ട് ശബരിമലയിലെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് കരുതാനാവില്ല.  ജനുവരി 22ന് സുപ്രീംകോടതി നൽകുന്ന വിധിന്യായം ഇപ്പോൾ വിധിക്കെതിരെ രംഗത്തുവരുന്നവർ അംഗീകരിക്കുമെന്ന് ഉറപ്പുനൽകാൻ കഴിയുമോ? ഒരിക്കൽ പോലും നിയമാവാഴ്ചയ‌്ക്ക് അനുസരിച്ച‌്  ജീവിക്കുമെന്ന് പറയാൻ തയ്യാറാകാത്തവരാണ് സംഘപരിവാർ എന്ന് അയോധ്യക്കേസ് മുതൽ ശബരിമല കേസ് വരെയുള്ള ചരിത്രം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഭരണഘടനയെയും അതിന്റെ ഭാഗമായ നിയമവാഴ്ചയെയും അംഗീകരിക്കാൻ തയ്യാറാകാത്ത സംഘപരിവാറിന്റെയും കോൺഗ്രസിന്റെയും സമീപനമാണ് ശബരിമല വിഷയത്തിന്റെ കാതൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top