05 October Thursday

നേപ്പാളിലെ കമ്യൂണിസ്റ്റ് പാർടികളുടെ ലയനം

വെബ് ഡെസ്‌ക്‌Updated: Sunday May 20, 2018

 നേപ്പാളിൽ ഇരു കമ്യൂണിസ്റ്റ് പാർടികളും ലയിച്ച് ഒരു പാർടിയായി. പ്രധാനമന്ത്രി കഗഡ പ്രസാദ് ഓലി നയിക്കുന്ന കമ്യൂണിസ്റ്റ‌് പാർടി ഓഫ് നേപ്പാളും (യുഎംഎൽ), പ്രചണ്ഡ നയിക്കുന്ന കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാളും (മാവോയിസ്റ്റ് സെന്റർ) ലയിച്ചാണ് കമ്യൂണിസ്റ്റ് പാർടി ഓഫ‌് നേപ്പാളിന് (സിപിഎൻ)രൂപംനൽകിയിട്ടുള്ളത്. ചൈനയിലെയും വിയത്‌നാമിലെയും കമ്യൂണിസ്റ്റ് പാർടി കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർടിയായി സിപിഎൻ മാറി. പുതിയ പാർടി തെരഞ്ഞെടുപ്പു കമീഷനിൽ രജിസ്റ്റർ ചെയ്യുകയും പാർടിയുടെ പാർലമെന്ററി പാർടി നേതാവായി കഗഡ പ്രസാദ് ഓലിയെ തെരഞ്ഞെടുക്കുകയും ചെയ്തു.  കഴിഞ്ഞ വർഷാവസാനം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇരു പാർടിയും ചേർന്നുള്ള കമ്യൂണിസ്റ്റ് സഖ്യം രൂപംകൊണ്ട വേളയിലാണ് ലയന പ്രഖ്യാപനവുമുണ്ടായത്. ഏഴു മാസത്തെ ചർച്ചയ‌്ക്കു ശേഷമാണ് ലയനം യാഥാർഥ്യമായത്. ഇതോടെ നേപ്പാളിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനമായി സിപിഎൻ മാറി. 275 അംഗ പാർലമെന്റിൽ 174 സീറ്റ‌് പാർടിക്കുണ്ട്. ഏഴ് പ്രവിശ്യയിൽ ആറിലും ഭരണം. 753 പ്രാദേശിക സമിതികളിൽ 403ഉം നിയന്ത്രിക്കുന്നത് സിപിഎൻ തന്നെ. നേപ്പാളിലെ ഇടതുപക്ഷ സ്വാധീനം വിപുലമാക്കാനും സമഗ്രവികസനം സാധ്യമാക്കാനും കമ്യൂണിസ്റ്റ് പാർടികളുടെ ലയനം സഹായിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

നേപ്പാളിൽ കമ്യൂണിസ്റ്റ‌് പാർടികളുടെ ലയനം പല പ്രശ്‌നങ്ങളിലും തട്ടി നീണ്ടുപോകുകയായിരുന്നു. ഐക്യം പൂർത്തിയായാൽ പ്രചണ്ഡയുടെ സ്ഥാനമെന്തായിരിക്കും, പാർടി സമിതികളിൽ ഇരു പാർടിയുടെയും എത്ര പ്രതിനിധികൾക്ക് സ്ഥാനം ലഭിക്കും, പാർടി പരിപാടി എന്തായിരിക്കണം തുടങ്ങിയ വിഷയങ്ങളാണ് തർക്ക പ്രശ്‌നമായി ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിൽ യുഎംഎല്ലും മാവോയിസ്റ്റുകളും 60:40 എന്ന അനുപാതത്തിലായിരുന്നു മത്സരിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ അത് 70:30 ആയി മാറി.  ഈ അനുപാതത്തിൽ പാർടി പദവികൾ വിഭജിക്കുന്നതിനോട് പ്രചണ്ഡയ‌്ക്ക് എതിർപ്പായിരുന്നു. എന്നാൽ, മാവോയിസ്റ്റ് സെന്ററിലെ സാധാരണപ്രവർത്തകർ വൻതോതിൽ യുഎംഎൽ പാർടിയിൽ ചേരാൻ തുടങ്ങിയതോടെ ലയനത്തിന് വേഗം വർധിപ്പിച്ചു. മാവോയിസ്റ്റുകൾ സഖ്യത്തിൽ തുടരേണ്ടത് യുഎംഎല്ലിനും ആവശ്യമായിരുന്നു. നേപ്പാളി കോൺഗ്രസ് പ്രധാനമന്ത്രി പദവിയടക്കം വാഗ്ദാനംചെയ്ത് പ്രചണ്ഡയെ കൂടെനിർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇന്ത്യയാകട്ടെ ചൈന പക്ഷപാതിയെന്ന് മുദ്രകുത്തി ഓലി സർക്കാരിനെ താഴെയിറക്കാനുള്ള എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തുകയും ചെയ്യും.

ഈ സാഹചര്യത്തിലാണ് ഐക്യ ചർച്ച വീണ്ടും സജീവമായത്.  ലെനിന്റെ ജന്മദിനമായ ഏപ്രിൽ 22നായിരുന്നു ആദ്യ ലയന തീയതി നിശ്ചയിച്ചിരുന്നത്. പിന്നീടത് കാൾ മാർക‌്സിന്റെ ജന്മദിനമായ മെയ് അഞ്ചിലേക്ക് മാറ്റി. എന്നാൽ, മെയ് 16ന് കാഠ‌്മണ്ഡുവിലെ ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി ഓലി, പ്രചണ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അന്തിമമായി ഇരു പാർടിയും ലയിക്കാൻ തീരുമാനിച്ചത്. തൊട്ടടുത്ത ദിവസമായ മെയ് 17ന് യുഎംഎൽ നേതാവും മുൻ പ്രധാനമന്ത്രിയുമായ മാധവ്കുമാർ നേപ്പാൾ പൊതുചടങ്ങിൽ ലയനം പ്രഖ്യാപിച്ചു.  നേപ്പാൾ ചരിത്രത്തിലെ സുപ്രധാന ദിനമാണ് മെയ് 17. യുഎംഎൽ ജനറൽ സെക്രട്ടറിയായിരുന്ന മദൻ ഭണ്ഡാരിയും (ഇപ്പോഴത്തെ നേപ്പാൾ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയുടെ ഭർത്താവ്) പാർടിയിൽ  സംഘടനാ ചുമതല വഹിച്ചിരുന്ന ജീവരാജ് ആശ്രിതും ഒരു വാഹനാപകടത്തിൽ 1993ൽ കൊല്ലപ്പെട്ടത് ഈ ദിനത്തിലായിരുന്നു. ഇവരുടെ സ്മരണാദിനത്തിലാണ് ഇരു പാർടിയും ലയിച്ച് നേപ്പാൾ കമ്യൂണിസ്റ്റ് പാർടിക്ക് രൂപംനൽകിയത്. 69 വർഷം മുമ്പ് കൊൽക്കത്തയിൽ പുഷ്പലാൽ ശ്രേഷ്ഠ ജനറൽ സെക്രട്ടറിയായി രൂപംകൊണ്ട നേപ്പാൾ കമ്യൂണിസ്റ്റ് പാർടി ഒന്നിലേറെ പിളർപ്പുകൾക്കും ലയനങ്ങൾക്കുംശേഷമാണ് പുതിയ പാത വെട്ടിത്തുറക്കുന്നത്. 

നേപ്പാളി കമ്യൂണിസ്റ്റ‌് പ്രസ്ഥാനത്തിലെ തലമുതിർന്ന നേതാക്കളും യുഎംഎൽകാരുമായ മാധവ്കുമാർ നേപ്പാൾ ജലാനാഥ് ഖനാൽ എന്നിവർ പാർടിയുടെ സീനിയർ നേതാക്കളായിരിക്കും. ഇരു പാർടിയുടെയും സ്വത്തുക്കൾ പുതിയ പാർടിക്ക് നൽകും. പാർടി പദവികൾ 55:45 അനുപാതത്തിലായിരിക്കും ഇരു പാർടിക്കുമായി വിഭജിക്കുക. കേന്ദ്ര കമ്മിറ്റിയിൽ 441 അംഗങ്ങളാണുണ്ടാകുക. 241 അംഗങ്ങൾ യുഎംഎല്ലിൽനിന്നും 200 പേർ മാവോയിസ്റ്റ‌് പാർടിയിൽനിന്നുമായിരിക്കും. പൊളിറ്റ്ബ്യൂറോക്ക് സമാനമായ സ്റ്റാൻഡിങ‌് കമ്മിറ്റിയിൽ 43 അംഗങ്ങളുണ്ടായിരിക്കും.  25 പേർ യുഎംഎല്ലിൽനിന്നും 18 പേർ മാവോയിസ്റ്റിൽനിന്നും. പ്രാദേശിക ഘടകംവരെ ഈ അനുപാതത്തിലായിരിക്കും പദവികൾ നൽകുക. യുഎംഎല്ലിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ സൂര്യനായിരിക്കും പുതിയ പാർടിയുടെയും ചിഹ്നം. സോഷ്യലിസത്തിലധിഷ്ഠിതമായ ബഹുകക്ഷി ജനാധിപത്യമാണ് പാർടിയുടെ പരിപാടി. അടുത്ത പാർടി കോൺഗ്രസിൽ മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top