25 April Thursday

ഫ്രാൻസിനെ വിറപ്പിച്ച‌് ജനങ്ങളുടെ പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 4, 2018

 ‘റവലൂഷൻ' എന്ന പേരിലുള്ള പുസ‌്തകം എഴുതിയത് ഇമ്മാനുവൽ മാക്രോണായിരുന്നു. ഫ്രാൻസ്വ ഓളന്ദ് മന്ത്രിസഭയിൽനിന്ന് പുറത്തുവന്ന് പുതിയ പാർടിയുണ്ടാക്കി 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ കുറിച്ചായിരുന്നു ഈ പുസ‌്തകത്തിലെ പരാമർശം. എന്നാലിപ്പോൾ മാക്രോൺ  ഫ്രാൻസിൽ വിപ്ലവത്തിന് സമാനമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിന‌് കാരണമായിത്തീർന്നിരിക്കുന്നു. ഇന്ധനവില കുത്തനെ കൂട്ടിയതിനെതിരെയുള്ള മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭമാണിപ്പോൾ ഫ്രാൻസിനെ വിറപ്പിക്കുന്നത്. ഈ വർഷംമാത്രം 14 ശതമാനമാണ് ഇന്ധനവില വർധിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന് (കാർബൺ ടാക‌്സ‌്) എന്നുപറഞ്ഞാണ് ഏറ്റവും അവസാനമായി ഇന്ധനവില വർധിപ്പിച്ചത്. ശരാശരി ഫ്രഞ്ചുകാരന് ഒരുമാസത്തിൽ കിട്ടുന്ന വേതനം 1200 യൂറോയാണ്. ഇതിൽ 200 മുതൽ 300 യൂറോവരെ ഗതാഗതത്തിനായി ചെലവഴിക്കേണ്ടിവരുന്നു. ബാക്കി തുക കൊണ്ട് ജീവിതം അസാധ്യമായപ്പോഴാണ് ഫ്രാൻസിലെ ജനങ്ങൾ സ്വയമേവ പ്രക്ഷോഭരംഗത്തേക്ക് എടുത്തുചാടിയത്.

പതിവിൽനിന്ന് വ്യത്യസ‌്തമായി ഗ്രാമീണരാണ് പ്രധാനമായും പ്രക്ഷോഭപതാക ഏന്തിയിട്ടുള്ളത്.  പാരീസ് ഉൾപ്പെടെയുള്ള വൻ നഗരങ്ങളിൽ പൊതുഗതാഗത സംവിധാനം ശക്തമാണ്. അതുകൊണ്ടുതന്നെ ഗതാഗതച്ചെലവ് താരതമ്യേന കുറവുമാണ്. എന്നാൽ, ഗ്രാമീണമേഖലകളിൽ പൊതുഗതാഗത സംവിധാനം കുറവാണ്. യാത്രയ‌്ക്ക് പ്രധാനമായും ആശ്രയിക്കുന്നത് കാറുകളാണ്. എന്നാൽ, ഇന്ധനവില കൂടിയതോടെ ഈ വാഹനത്തെ ആശ്രയിക്കുന്നത് കീശയുടെ ചോർച്ചയ‌്ക്ക് കാരണമായി. ജീവിതം സാധാരണപോലെ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ഇന്ധനവില കുറയ‌്ക്കാതെ പറ്റില്ലെന്നായി.  ഫ്രാൻസിലെ ഇടതുപക്ഷം അതിന് പൂർണ പിന്തുണ നൽകിയതോടെ വൻ പ്രക്ഷോഭമായി അത് വളർന്നു. 1968 ൽ ചാൾസ് ഡി ഗോൾ സർക്കാരിനെ താഴത്തിറക്കിയ പ്രക്ഷോഭത്തിന് സമാനമാണ് ഇപ്പോൾ ഫ്രാൻസിൽ നടക്കുന്ന ജനങ്ങളുടെ ഉയിർത്തെഴുന്നേൽപ്പെന്ന് ‘ഗാർഡിയൻ' പത്രം റിപ്പോർട്ട് ചെയ‌്തു.  മാക്രോൺ രാജിവയ‌്ക്കണമെന്ന മുദ്രാവാക്യം പാരീസ് തെരുവുവീഥികളിൽ  ഉയരുകയാണ്. ഫ്രാൻസിലെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനമായ അൺബോവ്ഡ് ഫ്രാൻസിന്റെ നേതാവായ മെലൻഷോണും നവ ഫാസിസ്റ്റ് പ്രസ്ഥാനമായ റിഅസംബ്ലമെന്റ് നാഷണലിന്റെ നേതാവായ മരി ലേ പെന്നും മാക്രോൺ രാജിവയ‌്ക്കണമെന്ന ആവശ്യം ഉയർത്തിക്കഴിഞ്ഞു. 

പ്രക്ഷോഭം പൊട്ടിപ്പുറപ്പെടാനുള്ള, പെട്ടെന്നുള്ള കാരണമായിരുന്നു ഇന്ധനവില വർധന. നവ ഉദാരവൽക്കരണ പരിഷ‌്കാരങ്ങൾ വർഷങ്ങളായി ജനജീവിതം ദുസ്സഹമാക്കുകയായിരുന്നു.  നിക്ഷേപ ബാങ്ക് ഉടമയായ മാക്രോൺ അധികാരമേറ്റതോടെ ഈ നീക്കത്തിന് ആക്കംവർധിച്ചു. പാവപ്പെട്ടവനെ കൊള്ളയടിച്ച് കോർപറേറ്റുകൾക്ക‌്‌ നൽകുന്ന നരേന്ദ്ര മോഡിയുടെ രീതിതന്നെയാണ് മാക്രോണും അവലംബിച്ചത്.  അധികാരമേറ്റ ഉടൻ മാക്രോൺ ചെയ‌്തത‌് സമ്പന്നരെ ബാധിക്കുന്ന  സ്വത്ത് നികുതി ഒഴിവാക്കുകയായിരുന്നു. കോർപറേറ്റുകൾക്ക് നികുതി കുറയ‌്ക്കാനും മാക്രോൺ തയ്യാറായി. അധികാരത്തിലിരുന്ന ഒന്നരവർഷത്തിനിടയ‌്ക്ക് 5500 കോടി യൂറോയുടെ ഇളവുകളാണ് സമ്പന്നർക്ക് നൽകിയത്. എന്നാൽ, തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണവും മറ്റും ഉറപ്പുവരുത്തിയ തൊഴിൽ കോഡ് തൊഴിലുടമകൾക്ക് അനുകൂലമായി മാറ്റുകയും ചെയ‌്തു.  മാത്രമല്ല, പെൻഷൻ ഫണ്ടിലേക്കുള്ള ജീവനക്കാരുടെയും മറ്റും തുക വർധിപ്പിക്കുകയും കരാർ തൊഴിലാളികൾക്കും മറ്റും നൽകിയിരുന്ന സർക്കാർ ആനുകൂല്യങ്ങൾ റദ്ദാക്കുകയും ഭിന്നശേഷിക്കാർക്കുള്ള ഭവനപദ്ധതിക്ക് നൽകിയ തുകയിൽ കുറവ‌് വരുത്തുകയും ചെയ‌്തു. തൊഴിൽസംരക്ഷണം തകർക്കുന്ന നടപടിക്കെതിരെ മാസങ്ങൾ നീണ്ട പ്രക്ഷോഭം ഈ വർഷം ആദ്യം റെയിൽവേ തൊഴിലാളികൾ നടത്തുകയുംചെയ‌്തു. ഈ പശ്ചാത്തലത്തിലാണ് ഇന്ധനവില കൂട്ടിയത്. സ്വാഭാവികമായും മാക്രോൺ സർക്കാരിനുകീഴിൽ ജീവിതം ദുസ്സഹമായ സാധാരണ ജനങ്ങൾ പ്രക്ഷോഭത്തിലേക്ക് എടുത്തുചാടി. 

എന്നാൽ, അവർ ഉന്നയിക്കുന്ന ആവശ്യം മാക്രോണിന്റെ നവ ഉദാരവൽക്കരണ അജൻഡയെ ചോദ്യംചെയ്യുന്നതാണ്.  പരിസ്ഥിതിമാറ്റം ചർച്ചചെയ്യാൻ പൗരസഭ വിളിച്ചുചേർകുക, ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കുക, കൂലി വർധിപ്പിക്കുക, പാർപ്പിടപ്രശ്നം പരിഹരിക്കുക, ഗതാഗതമേഖലയിൽ പൊതുനിക്ഷേപം വർധിപ്പിക്കുക, ചെലവുചുരുക്കൽ നയം ഉപേക്ഷിക്കുക, ഇന്ധനവില കുറയ‌്ക്കുക തുടങ്ങിയ ആവശ്യങ്ങൾ നവ ഉദാരവൽക്കരണ നയത്തെയാണ് ചോദ്യംചെയ്യുന്നത്.  ഇതിനാലാണ് മെലൻഷോണും കമ്യൂണിസ്റ്റ‌് പാർടിയും തുടക്കംമുതൽതന്നെ സമരത്തെ പിന്തുണയ‌്ക്കാൻ തയ്യാറായതും.

നവ ഉദാരവൽക്കരണത്തിനെതിരായ സമരത്തിന്റെ നേതൃത്വം ഇടതുപക്ഷത്തിന് ലഭിക്കുമെന്നതുകണ്ടതോടെയാണ് മരി ലെ പെന്നും സമരത്തിന്  പിന്തുണയുമായി രംഗത്തെത്തിയത്. നവ ഫാസിസ്റ്റ് വിരുദ്ധ വികാരത്തെ ഊതിക്കത്തിച്ച് അധികാരത്തിലെത്തിയ മാക്രോൺ നവ നാസി പങ്കാളിത്തത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു. സമരത്തിന്റെ നേതൃത്വം നവ നാസികൾക്കാണെന്നുപറഞ്ഞ് അടിച്ചമർത്തി തന്റെ രാഷ്ട്രീയനിലനിൽപ്പ‌്  ഉറപ്പുവരുത്താനായിരുന്നു മാക്രോണിന്റെ പദ്ധതി. എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന സമരത്തിന്റെ മൂന്നാംദിവസമായ ഡിസംബർ ഒന്നിന് നടന്ന സമരത്തിന്റെ നേതൃത്വം ഇടതുപക്ഷത്തിനും ട്രേഡ‌് യൂണിയനുകൾക്കുമായിരുന്നു. ഇതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന ഭീഷണിക്കൊപ്പം സമരക്കാരുമായി ചർച്ച നടത്താനും മാക്രോൺ സന്നദ്ധത പ്രകടിപ്പിച്ചത്. അടിച്ചമർത്തൽനയം പ്രക്ഷോഭം രൂക്ഷമാക്കുമെന്ന തിരിച്ചറിവായിരിക്കാം പ്രധാനമന്ത്രി എഡ്വാർഡോ ഫിലിപ്പിനെ ചർച്ചയ‌്ക്ക‌് നിയോഗിക്കാൻ കാരണം. ഫ്രാൻസിലെ പ്രക്ഷോഭം ഒരു മുന്നറിയിപ്പാണ്. ജനവിരുദ്ധനയങ്ങൾ ഇനിയും തുടരാനാകില്ലെന്ന മുന്നറിയിപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top