25 April Thursday

വുഹാനിൽനിന്ന്‌ ആശ്വാസവാർത്ത; അവസാന രോഗിയും ആശുപത്രിവിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 28, 2020

വുഹാനിൽനിന്ന്‌ വരുന്ന വാർത്തകൾ ആശ്വാസം പകരുന്നതാണ്‌. ലോകത്തെയാകെ വിറപ്പിച്ച കോവിഡ്‌–-19 മഹാമാരിക്ക്‌ തുടക്കമിട്ടത്‌ മധ്യചൈനയിലെ യാങ്ടിസി നദിക്കരയിലുള്ള നഗരമായ വുഹാനിലായിരുന്നു. അവിടത്തെ മാംസമാർക്കറ്റാണ് ‌വൈറസ്‌ വ്യാപനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ്‌ കരുതുന്നത്‌. ലോകത്തെമ്പാടും വ്യാപിച്ച ഈ മഹാമാരിയിൽ ഇതിനകം രണ്ട്‌ ലക്ഷത്തിലധികം പേർ മരിച്ചു. 30 ലക്ഷത്തോളം പേർക്ക്‌ രോഗബാധയുണ്ടായി. എന്നാലിപ്പോൾ വുഹാനിൽ ഒറ്റരോഗിയും ഇല്ലെന്ന സന്തോഷകരമായ വാർത്തയാണ്‌ ഞായറാഴ്‌ച പുറത്തുവന്നത്‌. വുഹാനിലെ ഒരു ആശുപത്രിയിലും ഈ രോഗം ബാധിച്ച ഒരു രോഗിയും അവശേഷിക്കുന്നില്ലെന്ന്‌ നാഷണൽ ഹെൽത്ത്‌ കമീഷൻ അറിയിച്ചപ്പോൾ മഹാമാരിക്കെതിരായി പോരാടുന്ന സാർവദേശീയ സമൂഹത്തിന്‌ നൽകുന്ന ഊർജം വളരെ വലുതാണ്‌.

രോഗം ആദ്യം ദുരന്തംവിതച്ച നഗരമായിരുന്നു വുഹാൻ. വ്യവസായനഗരത്തിലെ 46,452 പേർക്കാണ്‌ രോഗബാധയുണ്ടായത്‌. അതായത്‌ ചൈനയിലെ മൊത്തം രോഗികളുടെ 56 ശതമാനം. ഇതിൽ 3869പേരാണ്‌ മരിച്ചത്‌. ചൈനയിൽ ഇതിനകം മരിച്ചത്‌ 4636 പേരാണ്‌. അതായത്‌ രാജ്യത്ത്‌ മരിച്ച രോഗികളുടെ 86 ശതമാനവും വുഹാനിലുള്ളവരായിരുന്നു. ആ നഗരത്തിലാണ്‌ ഇപ്പോൾ ഒരു രോഗിപോലും ഇല്ലാതായത്‌. മാത്രമല്ല, കഴിഞ്ഞ 12 ദിവസമായി തുടർച്ചയായി ചൈനയിൽനിന്ന്‌ ഒരു മരണംപോലും റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാരും ജനങ്ങളും ഒത്തൊരുമിച്ച്‌ പ്രവർത്തിച്ചതിന്റെ ഫലമായാണ്‌ അവർക്ക്‌ രോഗവ്യാപനത്തെ പിടിച്ചുകെട്ടാനായത്‌.

രോഗവ്യാപനം തടയാൻ അടച്ചുപൂട്ടൽ സഹായിച്ചുവെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, അതിനോടൊപ്പം ജനങ്ങളെ വീട്ടിൽത്തന്നെ ഇരുത്താനുള്ള നടപടികളും ചൈനീസ്‌ സർക്കാർ സ്വീകരിച്ചു. മറ്റ്‌ പ്രവിശ്യകളിൽനിന്ന്‌ 42,000 ആരോഗ്യപ്രവർത്തകരെയാണ്‌ വുഹാനിൽ ഡ്യൂട്ടിക്ക്‌ നിയോഗിച്ചത്‌. കൂടാതെ, ഓരോ പ്രദേശത്തും സന്നദ്ധപ്രവർത്തകരുടെ അതിവിപുലമായ ഗ്രൂപ്പുണ്ടാക്കി. ഇവരെ ഉപയോഗിച്ചാണ്‌ എല്ലാ വീട്ടിലും എത്തി പനിപരിശോധന നടത്തിയതും വീട്ടുകാർക്ക്‌ ആവശ്യമായ സാധനങ്ങളും മരുന്നുകളും എത്തിച്ചുനൽകിയതും. ഒന്നിനും പുറത്തിറങ്ങേണ്ട സാഹചര്യം ജനങ്ങൾക്ക്‌ ഉണ്ടായിരുന്നില്ല

ആദ്യമായി രോഗം റിപ്പോർട്ട്‌ ചെയ്‌ത രാജ്യമായതുകൊണ്ടുതന്നെ അതിനെ നേരിടുന്നതിനും വ്യാപനം  തടയുന്നതിനുമുള്ള നടപടികൾ ആദ്യം കൈക്കൊണ്ടതും ചൈനീസ്‌ അധികൃതരായിരുന്നു. വികസിത പാശ്‌ചാത്യ രാജ്യങ്ങളെ പിന്നിലാക്കുന്ന പ്രവർത്തനങ്ങളാണ്‌ ചൈന കൈക്കൊണ്ടത്‌. രോഗം റിപ്പോർട്ട്‌ ചെയ്‌ത്‌ ഒരു മാസത്തിനകംതന്നെ–-കൃത്യമായി പറഞ്ഞാൽ ജനുവരി 23ന്‌  വുഹാൻ അടച്ചുപൂട്ടി. 76 ദിവസങ്ങൾക്കുശേഷം ഏപ്രിൽ എട്ടിന്‌ മാത്രമാണ്‌ നഗരം തുറന്നത്‌. രോഗവ്യാപനം തടയാൻ അടച്ചുപൂട്ടൽ സഹായിച്ചുവെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, അതിനോടൊപ്പം ജനങ്ങളെ വീട്ടിൽത്തന്നെ ഇരുത്താനുള്ള നടപടികളും ചൈനീസ്‌ സർക്കാർ സ്വീകരിച്ചു. മറ്റ്‌ പ്രവിശ്യകളിൽനിന്ന്‌ 42,000 ആരോഗ്യപ്രവർത്തകരെയാണ്‌ വുഹാനിൽ ഡ്യൂട്ടിക്ക്‌ നിയോഗിച്ചത്‌. കൂടാതെ, ഓരോ പ്രദേശത്തും സന്നദ്ധപ്രവർത്തകരുടെ അതിവിപുലമായ ഗ്രൂപ്പുണ്ടാക്കി. ഇവരെ ഉപയോഗിച്ചാണ്‌ എല്ലാ വീട്ടിലും എത്തി പനിപരിശോധന നടത്തിയതും വീട്ടുകാർക്ക്‌ ആവശ്യമായ സാധനങ്ങളും മരുന്നുകളും എത്തിച്ചുനൽകിയതും. ഒന്നിനും പുറത്തിറങ്ങേണ്ട സാഹചര്യം ജനങ്ങൾക്ക്‌ ഉണ്ടായിരുന്നില്ല. ആഴ്‌ചയിൽ രണ്ട്‌ ദിവസംമാത്രം ഒരു വീട്ടിലെ ഒരാൾക്ക്‌മാത്രം മറ്റ്‌ അവശ്യസാധനങ്ങൾ വാങ്ങുന്നതിന്‌ പുറത്തുപോകാനുള്ള പാസ്‌ നൽകിയിരുന്നു. മാത്രമല്ല, രോഗത്തെക്കുറിച്ചുള്ള ശാസ്‌ത്രീയമായ വിവരങ്ങൾ ജനങ്ങളുമായി പങ്കുവയ്‌ക്കാനും അധികൃതർ തയ്യാറായി. ഇതിനാൽ ഊഹാപോഹങ്ങൾ പരക്കുന്നത്‌ ഫലപ്രദമായി തടയാനായി.

ഇതും ജനങ്ങളെ അടച്ചൂപൂട്ടലുമായി സഹകരിക്കാൻ പ്രേരിപ്പിച്ചു. അതിനാൽ ഏഴരലക്ഷംവരെ ഉയരാമായിരുന്ന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലും കുറച്ചുകൊണ്ടുവരാൻ ചൈനയ്‌ക്കായി. അടച്ചുപൂട്ടൽ പിൻവലിക്കുകയും രോഗമുക്തമാകുകയും ചെയ്‌തെങ്കിലും വുഹാനിലെ ജീവിതം സാധാരണനിലയിലേക്ക്‌ മടങ്ങിയിട്ടില്ല. ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്‌. വ്യവസായ സ്ഥാപനങ്ങളും തുറന്നുവരികയാണ്‌. മുഖാവരണവും ശാരീരികഅകലവും ഇപ്പോഴും നിർബന്ധമാണ്‌. ജനങ്ങളുടെ മനസ്സിൽ ഭീതി ഇനിയും ഒഴിഞ്ഞിട്ടില്ലാത്തതിനാൽ റസ്‌റ്റോറന്റുകളിലേക്കും പൊതു ഇടങ്ങളിലേക്കും അവർ പൂർണമായും ഇറങ്ങിയിട്ടില്ല. അതിനാൽ ഉപഭോഗം വർധിപ്പിക്കുന്നതിനായി സർക്കാർ, 50 കോടി യുവാന്റെ (ഒരു യുവാൻ 10.75 രൂപ‌)കൂപ്പൺ ജനങ്ങൾക്കിടയിൽ വിതരണം ചെയ്‌തതായി ‘പീപ്പിൾസ്‌ ഡെയ്‌ലി’ റിപ്പോർട്ട്‌ ചെയ്‌തു. മാത്രമല്ല, ചെറുകിട ഇടത്തരം വ്യവസായസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നതിനായി 2000 കോടി യുവാന്റെ സഹായപദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്‌.

രോഗത്തിന്റെ രണ്ടാം വരവ്‌ തടയാനുള്ള നിതാന്തജാഗ്രതയിലാണ്‌ ഇന്ന്‌ വുഹാനും ചൈനയും. എല്ലാവരും ഒന്നരമീറ്റർ ശാരീരികഅകലം പാലിക്കണമെന്നാണ്‌ നിർദേശം. പ്രധാനകെട്ടിടങ്ങൾ, ഹോട്ടലുകൾ, ട്രെയിൻ, ബസ്‌ എന്നിവയിലേക്ക്‌ പ്രവേശിക്കുന്നതിനുമുമ്പ്‌ പനിപരിശോധന നിർബന്ധമാക്കിയിട്ടുണ്ട്‌. ലിഫ്‌റ്റുകളിൽ കൈകൊണ്ട്‌ തൊടുന്നത്‌ തടയാൻ ടിഷ്യുപേപ്പറുകൾപോലും സജ്ജീകരിച്ചതായി സിഎൻഎൻ റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി. പുതിയകേസുകൾ ഇപ്പോൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌ റഷ്യ അതിർത്തിയിലുള്ള ഹെയ്‌ലോങ്ജിയാങ് പ്രവിശ്യയിലാണ്‌. 550 കേസാണ്‌ ഇവിടെനിന്ന്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളത്‌. ഇവിടെയും കടുത്ത നിയന്ത്രണങ്ങളാണ്‌ ചൈന ഏർപ്പെടുത്തിയിട്ടുള്ളത്‌. എന്തുവില കൊടുത്തും രോഗബാധ തടയുമെന്നാണ്‌ ചൈനീസ്‌ അധികൃതർ പറയുന്നത്‌. വുഹാനിൽ വൈറസ്‌ ബാധ തടയാൻ കഴിഞ്ഞ ചൈനയ്‌ക്ക്‌ മറ്റിടങ്ങളിലും അതിന്‌ കഴിയുമെന്ന്‌ ന്യായമായും പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top