11 May Saturday

"മിന്നൽ’ നിയമനവും സിബിഐയുടെ ഹീനരാഷ്ട്രീയവും

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

ഈ മാസം ഇരുപത്തിരണ്ടിന്‌ മീറത്തിൽ ചേർന്ന ഹിന്ദുമഹാസഭാ നേതൃയോഗം സംഘടനയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രമാണെന്ന്‌ ഒരിക്കൽക്കൂടി വ്യക്തമാക്കിയിരിക്കയാണ്‌.  ഗോമാതാവിന്റെ സംരക്ഷണം ഊന്നിയ പ്രമേയം, മീറത്തിന്റെ സ്ഥലനാമം നാഥൂറാം ഗോഡ്‌സേ നഗർ എന്നാക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം അക്രമാസക്ത മുദ്രാവാക്യങ്ങൾ സഫലമാക്കുന്നതിലേക്കുള്ള വേഗം ത്വരിതമാക്കാൻ സംഘപരിവാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അപകടകരമായ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു. ആ അർഥത്തിൽ അരുൺ ഗോയലിനെ മിന്നൽ വേഗത്തിൽ തെരഞ്ഞെടുപ്പുകമീഷണറായി തിരുകിക്കയറ്റിയതിന്‌ എതിരെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്‌ വിമർശമുയർത്തിയത്‌ നിസ്സാരമല്ല.

തെരഞ്ഞെടുപ്പുകമീഷണർമാരുടെയും മുഖ്യ തെരഞ്ഞെടുപ്പുകമീഷണറുടെയും നിയമനരീതി ചോദ്യംചെയ്‌തു നൽകിയ ഒരു ഹർജിയിലാണ്‌ നിരീക്ഷണം. തെരഞ്ഞെടുപ്പുകമീഷണറായി ഗോയലിനെ നിയമിക്കാൻ കേന്ദ്രത്തിന്‌ അസാധാരണ തിടുക്കം എന്തിനായിരുന്നെന്ന്‌ പരമോന്നത നീതിപീഠം ചോദിച്ചു. നടപടിക്രമങ്ങൾ 24 മണിക്കൂറിനകം  സംശയാസ്‌പദമായി പൂർത്തിയാക്കിയതാണ്‌ ജസ്റ്റിസ്‌ കെ എം ജോസഫ്‌ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്‌ ചോദ്യം ചെയ്‌തത്‌. നിയമനം സംബന്ധിച്ച കേസ്‌ കോടതി പരിഗണിച്ച  നവംബർ പതിനെട്ടിനാണ്‌ കമീഷണർ നിയമനവുമായി ബന്ധപ്പെട്ട ഫയൽ നീക്കം ആരംഭിച്ചതും. ഒറ്റദിവസത്തിനുള്ളിൽ  നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ്‌ നിയമനമെന്ന്‌ അതിൽനിന്നു മനസ്സിലായി. പ്രധാനമന്ത്രിയുൾപ്പെടെ പങ്കെടുത്തിട്ടുണ്ട്‌. ഇത്ര  തിടുക്കത്തിലാണോ സുപ്രധാന നിയമനങ്ങൾ നടത്താറുള്ളതെന്നും അറ്റോർണി ജനറൽ ആർ വെങ്കടരമണിയോട്‌ ജ. കെ എം ജോസഫ്‌ ആരാഞ്ഞു.
നിയമനം ആറുമാസം വൈകിപ്പിച്ചതിലും കോടതി സംശയമുയർത്തി.

പ്രത്യേക ഘട്ടങ്ങളിൽ നിയമനങ്ങൾ വേഗം നടത്തേണ്ടിവരും. പക്ഷേ, കമീഷണർസ്ഥാനം മെയ്‌ 15 മുതൽ ഒഴിവുവന്നിട്ടും നവംബർ 18ന്‌ ഒറ്റദിവസംകൊണ്ട്‌ മിന്നൽ നിയമനം നടത്തേണ്ട സാഹചര്യം എന്താണെന്നും ജ. അജയ്‌ രസ്‌തോഗി തിരക്കി. ആ  പദവിയിലേക്ക്‌ യോഗ്യരായ നാലു പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയ മാനദണ്ഡത്തിലും കോടതി സംശയമുയർത്തി. ഒരു ദിവസംകൊണ്ട്‌ ഒരാളെ നിയമിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചതിൽ ആശങ്കയുണ്ട്‌. നാലാളുടെയും യോഗ്യത ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ പരിശോധിച്ചോ. ചുരുക്കപ്പട്ടിക തയ്യാറാക്കിയത്‌ ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ. ഏറ്റവും ചെറുപ്പം അരുൺഗോയൽ ആയതിനാലാണോ നിയമനമെന്നും ചോദിച്ചു. കോടതി ചൂണ്ടിക്കാണിച്ച  അനാവശ്യ തിടുക്കം സമസ്ത മേഖലയിലും സമഗ്രാധിപത്യം പിടിമുറുക്കുന്നതിന്റെ  പ്രധാന തെളിവാണ്‌.

അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ചട്ടുകമായി അധഃപതിപ്പിക്കുന്ന മോദി സർക്കാരിന്റെ ഗൂഢാലോചനയ്‌ക്കും കഴിഞ്ഞദിവസം സുപ്രീംകോടതിയിൽനിന്ന്‌ കനത്ത പ്രഹരമേറ്റു. ആർഎസ്‌എസ്‌ പ്രവർത്തകൻ  കതിരൂർ മനോജ്‌ വധക്കേസ്‌  വിചാരണ കേരളത്തിന്‌ വെളിയിലേക്ക്‌ മാറ്റണമെന്ന സിബിഐയുടെ ഹർജി  തള്ളിയ കോടതി ആവശ്യം തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നാണ്‌ ചൂണ്ടിക്കാട്ടിയത്‌. പ്രത്യേക സിബിഐ കോടതിയിൽ ഇപ്പോൾ നടക്കുന്ന വിചാരണ  തമിഴ്നാട്ടിലേക്കോ കർണാടകത്തിലേക്കോ മാറ്റണമെന്നാണ് ആവശ്യം.

രാഷ്ട്രീയ  ഇടപെടലുകൾക്ക്‌ സാധ്യതയുണ്ടെന്ന, സിബിഐക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയയുടെ വാദത്തോട്‌ ആ  ആരോപണം സിബിഐക്കും ബാധകമാണെന്നും ഹർജിക്കു  പിന്നിലെ രാഷ്ട്രീയപ്രേരണ പ്രകടമാണെന്നും കോടതി നിരീക്ഷിച്ചു. കേസ് അന്വേഷിച്ച്‌, സിബിഐ കുറ്റപത്രം നൽകി. വിചാരണ നടക്കുന്നത് പ്രത്യേക സിബിഐ കോടതിയിലാണ്. ആ ഘട്ടത്തിൽ  ന്യായാധിപൻ ബാഹ്യസമ്മർദങ്ങൾക്ക് വിധേയനാകുമെന്ന് സിബിഐ  സമ്മതിക്കുകയാണോയെന്നും ചോദിക്കുകയുണ്ടായി. വിചാരണയിൽ കാലതാമസം വരികയാണെന്ന്‌ ഐശ്വര്യ ഭാട്ടിയ സൂചിപ്പിച്ചപ്പോൾ, അനാവശ്യ ഹർജികൾ സമർപ്പിച്ച അന്വേഷണ ഏജൻസിയാണ്‌ അതിനു കാരണമെന്നും കോടതി പ്രതികരിച്ചു. ശേഷം ഹർജി തള്ളുകയാണെന്ന് അറിയിച്ചു. ഗോയലിന്റെ ‘മിന്നൽ’ നിയമനവും കതിരൂർ മനോജ്‌ വധക്കേസിലെ സിബിഐയുടെ ഹീന രാഷ്ട്രീയവും  ജനാധിപത്യ അട്ടിമറി ശ്രമത്തിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top