20 April Saturday

അമേരിക്ക കൂടുതൽ വലത്തോട്ട്

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

 മേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയസുരക്ഷാ ഉപദേശകൻ എച്ച് ആർ മക്മാസ്റ്ററെ മാറ്റി ജോൺ ബോൾട്ടനെ പകരം നിയമിച്ചിരിക്കുന്നു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്തുനിന്ന് നീക്കംചെയ്ത് ഒരാഴ്ചയ്ക്കുശേഷമാണ് ജനറൽ മക്മാസ്റ്ററെയും ട്രംപ് നീക്കിയിരിക്കുന്നത്. ട്രംപ് അധികാരമേറ്റ് ഒരുവർഷത്തിനകം ഇത് രണ്ടാംതവണയാണ് ദേശീയസുരക്ഷാ ഉപദേശകനെ മാറ്റുന്നത്. കഴിഞ്ഞവർഷം ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ആദ്യം നടപ്പാക്കുന്ന സ്ഥാനചലനം ദേശീയസുരക്ഷാ ഉപദേശകനായ മൈക് ഫ്ളിന്നിനെ മാറ്റിക്കൊണ്ടായിരുന്നു. തുടർന്നങ്ങോട്ട് പ്രധാന പദവിയിലിരുന്ന 13 പേരെയാണ് ഒരുവർഷത്തിനകം ട്രംപ് മാറ്റിയിട്ടുള്ളത്. വൈറ്റ് ഹൗസ് ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാന്നൺ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റെയ്ൻസ് പ്രിബസ്, വൈറ്റ് ഹൗസ് വക്താവ് സീൻ സ്പൈസർ, എഫ്ബിഐ ഡയറക്ടർ ജയിംസ് കോമി എന്നിവരെല്ലാം ഈ പട്ടികയിൽ ഉൾപ്പെടും. അമേരിക്കൻ ഗവൺമെന്റിന്റെ ഏത് ഉന്നതസ്ഥാനത്തിരിക്കുന്നയാൾക്കും കസേര ഉറപ്പില്ലാത്ത അവസ്ഥയാണിന്ന്. വൈറ്റ് ഹൗസിന്റെ മുഖമുദ്രതന്നെ അസ്ഥിരതയാണ്.  മുൻ ഗവൺമെന്റുകൾ എടുത്ത തീരുമാനങ്ങൾപോലും പാലിക്കാൻ തയ്യാറാകാത്ത ട്രംപ് ഇപ്പോൾ സ്വതസിദ്ധമായ രീതിയിൽ ട്വിറ്ററിലൂടെയാണ് പ്രധാന പദവിയിലിരിക്കുന്നവരെ പുറത്താക്കുന്നത്.
|
ഇറാൻ ആണവക്കരാർ, വടക്കൻകൊറിയ വിഷയങ്ങളിൽ പ്രസിഡന്റ് ട്രംപിന്റെ ആക്രമണോത്സുകനയത്തെ പൂർണമനസ്സോടെ പിന്തുണയ്ക്കാൻ മക്മാസ്റ്ററും ടില്ലേഴ്സണും തയ്യാറാകാത്തതാണ് അവരുടെ സ്ഥാനചലനത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. അധികാരം നേടി ഒരുവർഷം പൂർത്തിയായതോടെയാണ് പ്രധാന പദവികളിൽ തന്റെ തീവ്ര വലതുപക്ഷനയത്തെ അനുകൂലിക്കുന്നവരെത്തന്നെ നിയമിക്കാൻ ട്രംപ് തയ്യാറാകുന്നത്.  അത്തരത്തിലൊരാളാണ് ദേശീയസുരക്ഷാ ഉപദേഷ്ടാവായി നിയമിതനായ ജോൺ ബോൾട്ടൺ.

 ശത്രുരാജ്യങ്ങൾക്കുനേരെ ബോംബെറിയണമെന്ന് ആവർത്തിക്കുന്ന യുദ്ധകുതുകിയാണിയാൾ. 2003ൽ ഇറാഖിനെതിരെയുള്ള യുദ്ധത്തിന്റെ പ്രധാന സംഘാടകൻ ജോൺ ബോൾട്ടനായിരുന്നു. കടുത്ത വംശീയവാദിയും കമ്യൂണിസ്റ്റുവിരുദ്ധനും നോർത്ത് കരോലിനയിലെ സെനറ്ററുമായിരുന്ന ജെസ്സേ ഹേംസിന്റെ ശിഷ്യനായ ബോൾട്ടനാണ് ഇല്ലാക്കഥകൾ മെനഞ്ഞ് ഇറാഖിനെതിരെയുള്ള സൈനികനീക്കത്തിന് വഴിവച്ചത്. സദ്ദാം ഹുസൈന്റെ കൈവശമില്ലാത്ത ആണവായുധങ്ങൾ ഉണ്ടെന്നു പറഞ്ഞ് നടത്തിയ അധിനിവേശത്തിന്റെ 15‐ാം വാർഷികവേളയിലാണ് ജോൺ ബോൾട്ടനെ ദേശീയസുരക്ഷാ പദവി നൽകി ട്രംപ് ആദരിക്കുന്നത്. വടക്കൻകൊറിയയെ ആക്രമിക്കാൻ അമേരിക്കയ്ക്ക് നിയമപരമായി അധികാരമുണ്ടെന്നും ഇറാൻ ആണവബോംബ് ഉപയോഗിക്കുന്നത് തടയാൻ ഇറാനെതിരെ ആണവബോംബ് ഉപയോഗിക്കണമെന്നും വാദിക്കുന്ന യുദ്ധഭ്രാന്തനാണ് ബോൾട്ടൺ.

  ആഫ്രിക്കയിൽ സന്ദർശനം നടത്തവെയാണ് റെക്സ് ടില്ലേഴ്സൺ സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട വിവരം അറിയുന്നത്. എക്സൺ മോബിൽ എന്ന വൻകിട എണ്ണക്കമ്പനിയുടെ ഉടമയായിരുന്ന റെക്സ് ടില്ലേഴ്സനും പ്രസിഡന്റ് ട്രംപും തമ്മിലുള്ള ബന്ധം പരുക്കനായിരുന്നു. നാറ്റോ കാലഹരണപ്പെട്ട സഖ്യമാണെന്നും ഇറാനുമായുള്ള ആണവക്കരാറിൽനിന്ന് അമേരിക്ക പിന്മാറണമെന്നും വടക്കൻകൊറിയയെ ഭസ്മമാക്കണമെന്നുമുള്ള ട്രംപിന്റെ നയങ്ങളോട് ടില്ലേഴ്സൺ വിയോജിച്ചിരുന്നു. ഖത്തറിനെ ഭീകരവാദത്തിന്റെ ഉറവിടമായി കണ്ട് ഒറ്റപ്പെടുത്താനുള്ള സൗദി അറേബ്യയുടെയും മറ്റും നീക്കത്തെ ട്രംപ് പിന്തുണച്ചപ്പോൾ, ഖത്തറിനെതിരെയുള്ള അറബ്രാഷ്ട്രങ്ങളുടെ ഉപരോധം പിൻവലിക്കണമെന്നായിരുന്നു ടില്ലേഴ്സൺ ആവശ്യപ്പെട്ടത്. ഇറാനുമായുള്ള ആണവക്കരാർ 'ഭയാനകമാണെന്ന' തന്റെ അഭിപ്രായത്തെ ടില്ലേഴ്സൺ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്ന് ട്രംപ്തന്നെ വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി.

അമേരിക്കയുടെ പരമ്പരാഗത വിദേശനയത്തെ ടില്ലേഴ്സൺ പിന്തുണച്ചപ്പോൾ, തീവ്ര വലതുപക്ഷനയത്തിനനുസരിച്ച് വിദേശബന്ധങ്ങളെ പൊളിച്ചെഴുതാനായിരുന്നു ട്രംപിന് തിടുക്കം. അമേരിക്കയുടെ ആഗോളതന്ത്രം രൂപപ്പെടുത്തുന്നത് പ്രധാനമായും സെക്രട്ടറി ഓഫ് സ്റ്റേറ്റും പ്രതിരോധ സെക്രട്ടറിയുമാണ്. ടില്ലേഴ്സനും പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും തമ്മിലുള്ള രസതന്ത്രം ഒരിക്കലും ട്രംപിന് ഇഷ്ടമായിരുന്നില്ല. വ്യക്തിപരമായിത്തന്നെ ഇരുവരും പല ഘട്ടങ്ങളിലും പരസ്യമായി പ്രസിഡന്റുമായി ഇടയുകയും ചെയ്തു. ഒരുവേള പെന്റഗൺ യോഗത്തിൽവച്ച് ട്രംപിനെ മന്ദബുദ്ധിയെന്നുപോലും ടില്ലേഴ്സൺ വിളിക്കുകയുണ്ടായി. എന്നാൽ, ഇരുവരും തമ്മിലുള്ള ഐ.ക്യു ടെസ്റ്റ് നടത്തിയാൽ താൻതന്നെയായിരിക്കും വിജയിക്കുകയെന്ന് ട്രംപ് തിരിച്ചടിച്ചു. ട്രംപ്തന്നെ വ്യക്തമാക്കിയതുപോലെ മാനസികമായി അടുപ്പമുള്ള മൈക്കേൾ പാംപിയോവാണ് പുതിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ്.

തീവ്ര വലതുപക്ഷപ്രസ്ഥാനമായ ടീപാർടിയുമായി ബന്ധമുള്ള ഇറാനുമായുള്ള ആണവക്കരാർ നാശത്തിന്റെ തുടക്കമാണെന്ന് വിശ്വസിക്കുന്ന കോൺഗ്രസ് അംഗമാണ് പാംപിയോ. മനുഷ്യാവകാശധ്വംസനത്തിന് പേരുകേട്ട ഡെപ്യൂട്ടി ഡയറക്ടർ ഗിന ഹെസ്പലാണ് പുതിയ സിഐഎ മേധാവി. ആദ്യമായാണ് ഒരു വനിത സിഐഎയുടെ തലപ്പത്ത് എത്തുന്നത്. വിദേശമന്ത്രാലയത്തിന്റെ നിയന്ത്രണം സിഐഎയുടെ കൈവശമാകുന്നതോടെ കൂടുതൽ ആക്രമണോത്സുകമായ നയങ്ങളിലേക്ക് അമേരിക്ക നീങ്ങുമെന്ന് വിലയിരുത്തപ്പെടുന്നു. മക്മാസ്റ്ററെയും ടില്ലേഴ്സനെയും മാറ്റിയ സ്ഥിതിക്ക് വൈറ്റ് ഹൗസിൽ ഇനിയും അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പാണ്. ട്രംപ് ഭരണകൂടം കൂടുതൽ കൂടുതൽ വലത്തോട്ടും യുദ്ധഭ്രാന്തിലേക്കും നീങ്ങുകയാണ് •


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top