10 July Thursday

സുപ്രീംകോടതിയെ മാനിക്കാതെ ഇഡിയെ കയറൂരിവിടുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2023


പാർലമെന്റിനെ നോക്കുകുത്തിയാക്കിയും അഭിപ്രായസ്വാതന്ത്ര്യം കുഴിച്ചുമൂടിയും പൗരന്മാരുടെ നാവരിഞ്ഞും കേന്ദ്ര ഏജൻസികളെ ഒന്നടങ്കം ദുരുപയോഗം ചെയ്‌തും പുതിയ ‘ഇലക്‌ഷൻ എൻജിനിയറിങ്‌’ നടപ്പാക്കുകയാണ്‌ മോദി സർക്കാർ. പൊതുതെരഞ്ഞെടുപ്പ്‌ അടുത്തതോടെ മോദി സർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും നിശ്ശബ്ദരാക്കാൻ കേന്ദ്ര ഏജൻസികളെ കയറൂരിവിട്ട്‌ ഇഡി രാജ്‌ നടപ്പാക്കുകയാണ്‌. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ലംഘിച്ചും നടപടിക്രമങ്ങൾ പാലിക്കാതെയും കോടതിയിൽ കള്ളത്തെളിവുകളും വ്യാജസത്യവാങ്‌മൂലവും നൽകിയും ആരെയും അറസ്റ്റുചെയ്യുന്നത്‌ സാധാരണമായി. സർക്കാരിന്‌ ഇഷ്ടമില്ലാത്തവർക്കെതിരെ കൃത്രിമത്തെളിവുകൾ ഉണ്ടാക്കുന്ന ഭീകരസംഘമായി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അധഃപതിച്ചു. പ്രതിപക്ഷം ഭരിക്കുന്ന തമിഴ്‌നാട്‌, കേരളം, ബംഗാൾ, ഛത്തീസ്‌ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇഡി താവളമടിച്ചിരിക്കുകയാണ്‌. നിയമങ്ങളും വ്യവസ്ഥകളും പാലിക്കണമെന്ന്‌ നീതിപീഠങ്ങൾ താക്കീത്‌ ചെയ്‌തിട്ടും റെയ്‌ഡുകളും കാരണമറിയിക്കാതെയുള്ള ചോദ്യം ചെയ്യലും അറസ്റ്റും തുടരുന്നു.

ഒരു വർഷത്തിനിടയിൽ ഉന്നത നീതിപീഠം ഉൾപ്പെടെ പല കോടതികളും ഇഡിയുടെ അമിതാധികാരപ്രയോഗത്തെ  രൂക്ഷമായി വിമർശിച്ചിരുന്നു. എന്തും ചെയ്യാൻ മടിക്കാത്ത അധികാരപ്രയോഗം, പ്രതികാരദാഹിയായ വാദി, നിയമവ്യവസ്ഥയ്‌ക്ക്‌ പുല്ലുവില കൽപ്പിക്കുന്ന ഏജൻസി എന്നിങ്ങനെയായിരുന്നു കോടതികളുടെ വിമർശങ്ങൾ. ഇഡിയുടെ നടപടികൾ സുതാര്യമായിരിക്കണമെന്നും പ്രതികാരമനോഭാവത്തോടെ പെരുമാറരുതെന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതിയുടെ താക്കീത്‌.  ‘കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള ഇഡിയുടെ നീക്കങ്ങൾ സുതാര്യവും നിയമാനുസൃതവും ആകണം. രാജ്യത്തിന്റെ സാമ്പത്തികസുരക്ഷ സംരക്ഷിക്കാൻ ബാധ്യസ്ഥരായ അന്വേഷണ ഏജൻസിയുടെ ഭാഗത്തുനിന്ന്‌ പകവീട്ടുന്ന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകരുതെന്നുമാണ്‌’ കോടതി കേന്ദ്രസർക്കാരിനെ ഓർമിപ്പിച്ചത്‌. ഭരണഘടനയുടെ 22(1) അനുച്ഛേദം അറസ്റ്റിനുള്ള കാരണം അറിയാനുള്ള അവകാശം പൗരന്മാർക്ക്‌ ഉറപ്പുനൽകുന്നുണ്ട്‌. കാരണങ്ങൾ വിശദീകരിക്കുന്ന രേഖയുടെ പകർപ്പ്‌ അറസ്റ്റിനുമുമ്പ്‌ കൈമാറേണ്ടത്‌ അനിവാര്യമാണ്‌. അല്ലാതെയുള്ള അറസ്റ്റുകൾ ഭരണഘടനാവകാശങ്ങളുടെ ലംഘനമാണ്‌. സമൻസിനോട്‌ സഹകരിച്ചില്ല, ചോദ്യങ്ങൾക്ക്‌ കൃത്യമായ മറുപടി നൽകിയില്ല എന്നപേരിൽ അറസ്റ്റ്‌ ചെയ്യുന്നത്‌ ശരിയല്ല. ‘സാക്ഷി പറയാൻ ഒരാളെയും നിർബന്ധിക്കരുതെന്ന്‌ ഭരണഘടനയുടെ 20(3) അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും’- സുപ്രീംകോടതി ഇഡിയെ ഓർമിപ്പിച്ചു.

ഉന്നത നീതിപീഠത്തിൽനിന്ന്‌ തുടർച്ചയായി ലഭിച്ച താക്കീതിന്‌ പുല്ലുവിലപോലും കൽപ്പിക്കാതെയാണ്‌ മദ്യനയ അഴിമതി ആരോപിച്ചുള്ള കേസിൽ ആം ആദ്‌മി നേതാവും രാജ്യസഭ അംഗവുമായ സഞ്‌ജയ്‌ സിങ്ങിനെ ഇഡി അറസ്റ്റ്‌ ചെയ്‌തത്‌. ബുധൻ രാവിലെ ഏഴുമുതൽ സിങ്ങിന്റെ വസതിയിൽ റെയ്‌ഡ്‌ നടത്തി മണിക്കൂറുകളോളം ചോദ്യം ചെയ്‌തശേഷം കാരണംപറയാതെ അറസ്റ്റുചെയ്യുകയായിരുന്നു. ഈ കേസിൽ സമർപ്പിച്ച അഞ്ചു കുറ്റപത്രത്തിലും സഞ്‌ജയ്‌ സിങ്ങിന്റെ പേരുണ്ടായിരുന്നില്ല. വ്യാഴാഴ്‌ചയാകട്ടെ തമിഴ്‌നാട്‌, കർണാടകം, തെലങ്കാന, ബംഗാൾ എന്നിവിടങ്ങളിൽ ഇഡിയും ആദായനികുതി വകുപ്പും വ്യാപകമായ റെയ്‌ഡ്‌ നടത്തി. കേരളത്തിൽ സിപിഐ എമ്മിനെ വേട്ടയാടുകയെന്ന ലക്ഷ്യത്തോടെ ഇഡി കള്ളത്തെളിവും വ്യാജമൊഴികളും സൃഷ്ടിക്കുന്നു. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സിപിഐ എം നേതാക്കളെ  കുടുക്കാനുള്ള ഇഡിയുടെ നീക്കത്തിന്‌ കൂട്ടുനിൽക്കാത്തതിന്‌ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷനെ അറസ്റ്റുചെയ്യാൻ വ്യാജത്തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ ബാങ്ക്‌ അക്കൗണ്ടിൽ 63 ലക്ഷം രൂപയുടെ ഇടപാട്‌ നടന്നെന്ന വ്യാജസത്യവാങ്‌മൂലമാണ്‌ ഇഡി നൽകിയത്‌. മരിച്ച മറ്റൊരു ചന്ദ്രമതിയുടെ പേരിലുള്ള അക്കൗണ്ട്‌ വിവരങ്ങളാണ്‌ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിലുള്ള അക്കൗണ്ടായി ചിത്രീകരിച്ചത്‌. അന്വേഷണത്തിന്റെ മറവിൽ കരുവന്നൂർ ബാങ്കിൽനിന്ന്‌ 184.6 കോടി രൂപ വിലമതിക്കുന്ന 162 ആധാരവും അനധികൃതമായി എടുത്തുകൊണ്ടുപോയിരുന്നു. പിടിച്ചെടുത്ത ആധാരം തിരികെ നൽകണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടത്‌ ഇഡിക്കേറ്റ തിരിച്ചടിയായി.

കുറ്റം തെളിയിക്കാനും ന്യായവും നീതിയും നടപ്പാക്കാനുമുള്ള അത്യുത്സാഹമല്ല ഇഡിക്ക്‌, മറിച്ച്‌ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ആജ്ഞകളും വിപുലമായ അധികാരങ്ങളും ഉപയോഗിച്ച്‌ ജനാധിപത്യ, പൗരാവകാശങ്ങളെ യഥേഷ്ടം ചവിട്ടിമെതിക്കുകയാണ്‌. അതുകൊണ്ടുതന്നെയാണ്‌ ഇഡി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന്‌ സുപ്രീംകോടതിക്ക്‌ മുമ്പ്‌ സൂചിപ്പിക്കേണ്ടി വന്നത്‌. പ്രതിപക്ഷ നേതാക്കളെയും മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമങ്ങളെയും വരിഞ്ഞുമുറുക്കുന്ന  നടപടികൾ കേന്ദ്ര ഏജൻസികൾ വരുംദിവസങ്ങളിൽ കൂടുതൽ വ്യാപകമായും അപകടകരവുമായ നിലയിൽ തുടരും. ഈ സാഹചര്യത്തിൽ ഇഡിയുടെ അമിതാധികാര പ്രയോഗത്തിന്‌ തടയിടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top