രാജ്യത്തിന്റെ അഭിമാനമായി മാറേണ്ട സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇത്രയും തരംതാഴാൻ പാടുണ്ടോയെന്ന് ചോദിക്കേണ്ട ഗതികേടിലേക്ക് കേന്ദ്ര ഭരണക്കാർ ജനങ്ങളെ എത്തിച്ചു. മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരമാണ് ലോക വ
യോജന ദിനത്തിൽ പുറത്തുവന്നത്. തൊണ്ണൂറു കഴിഞ്ഞ വയോധികയെ അപമാനിച്ച് വ്യാജ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ഇഡിയുടെ നെറികേട് ജനം തിരിച്ചറിഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐ എം നേതാക്കളെ കുടുക്കാനുള്ള ഇഡിയുടെ ഹീനശ്രമത്തിന് നിന്നുകൊടുക്കാൻ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷൻ തയ്യാറാകാത്തതിന്റെ വിരോധം തീർത്തത് കേസിൽ പ്രതിചേർത്ത് അറസ്റ്റ്‌ചെയ്‌താണ്.
അദ്ദേഹത്തിന്റെ വൃദ്ധമാതാവും കർഷകത്തൊഴിലാളി പെൻഷൻമാത്രം വരുമാനമായുള്ള ചന്ദ്രമതിയുടെ ബാങ്ക് അക്കൗണ്ടിൽ 63 ലക്ഷത്തിൽപ്പരം രൂപയുടെ ഇടപാട് നടന്നുവെന്നും അതിന് വ്യക്തമായ മറുപടി പറയാൻ അരവിന്ദാക്ഷന് കഴിഞ്ഞില്ലെന്നും പറഞ്ഞാണ് അറസ്റ്റുചെയ്‌ത് ജയിലിലടച്ചത്. എന്നാൽ, ചന്ദ്രമതിയുടെ അക്കൗണ്ടിൽ അങ്ങനെയൊരു ഇടപാട് നടന്നിട്ടില്ലെന്നും പകരം ചന്ദ്രമതിയെന്ന് പേരുള്ള മറ്റൊരാളുടെ അക്കൗണ്ട് വിവരങ്ങളാണ് ഇഡി അരവിന്ദാക്ഷന്റെ അമ്മയുടേതാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതുമെന്ന വിവരമാണ് പുറത്തുവന്നത്. ഇഡി പറയുന്ന അക്കൗണ്ടിന്റെ ഉടമ ഒരു വർഷംമുമ്പ് മരിച്ചതും അതിൽ പറയുന്ന നോമിനി ശ്രീജിത്ത് അവരുടെ മകനുമാണ്. എന്നാൽ, നോമിനി കരുവന്നൂർ കേസിലെ ഒന്നാം പ്രതി സതീശന്റെ സഹോദരനാണെന്നും അരവിന്ദാക്ഷൻ അവരുടെ ബിനാമിയുമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഇഡി നടത്തുന്നത്.
കേരളത്തിന്റെ നട്ടെല്ലായ സഹകരണപ്രസ്ഥാനത്തെയും അതിന് നേതൃത്വം നൽകുന്ന ഇടതുപക്ഷത്തെയും തകർക്കാനുള്ള ഗൂഢാലോചനയാണ്, കള്ളക്കഥകൾ സൃഷ്ടിച്ച് അതിനു വലിയ പ്രചാരം നൽകാനുള്ള ഇഡിയുടെ ശ്രമമെന്നത് പകൽപോലെ വ്യക്തമാകുകയാണ്. കേന്ദ്രംഭരിക്കുന്ന ബിജെപിയുടെ ഗുണ്ടാസംഘമായി അധഃപതിച്ച നിലയിലാണ് സാമ്പത്തിക കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച് പാരമ്പര്യമുള്ള ഇഡി.
ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ഫാസിസ്റ്റ് ആശയങ്ങളിൽ ആകൃഷ്‌ടരായി രൂപംകൊണ്ട ആർഎസ്‌എസ് നയിക്കുന്ന കേന്ദ്രഭരണക്കാർ കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാൻ എന്ത് നെറികേടും ചെയ്യും. നുണകൾ സത്യമാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് അവരുടെ അംഗീകൃത നയമാണ്.
അതിന് ഇടതുപക്ഷവിരുദ്ധ ജ്വരം ബാധിച്ച ഇവിടത്തെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും പൂർണ പിന്തുണയുമായി മുന്നിലുണ്ടെന്നതും തിരിച്ചറിയേണ്ടതുണ്ട്. അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ 63 ലക്ഷത്തിന്റെ നിക്ഷേപമെന്ന് ഇഡി നൽകിയ വിവരം വെള്ളംകൂട്ടാതെ വിഴുങ്ങി ആഘോഷിച്ച മാധ്യമങ്ങൾ അതിന്റെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ മൗനംപാലിച്ചത് നാം നേരിടുന്ന വലിയ ആപത്തിന്റെ തെളിവാണ്. സംഘപരിവാറിന് ദാസ്യപ്പണി ചെയ്യാൻ വലതുപക്ഷ മലയാള മാധ്യമങ്ങൾക്കൊന്നും ഒട്ടും ലജ്ജയില്ലെന്നതിന്റെ തെളിവുകൂടിയാണിത്.
ഇടതുപക്ഷ സർക്കാരിനെ ഏതുവിധേനയും ഇല്ലാതാക്കുകയെന്ന അജൻഡയുമായാണ് മാധ്യമങ്ങളും പ്രതിപക്ഷവും ബിജെപിയും ഒന്നിച്ച് നീങ്ങുന്നത്. അതിനായി ഏത് കള്ളവും വലിയ ആഘോഷമായി അവർ കൊണ്ടാടും. ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് ഹോമിയോ ഡോക്ടർ നിയമനത്തിന് കോഴ വാങ്ങിയെന്ന കള്ളവാർത്ത നമ്മുടെ മാധ്യമങ്ങൾ എത്ര വലിയതോതിലാണ് ആഘോഷിച്ചത്. എക്‌സ്‌ക്ലൂസീവ് ബ്രേക്കിങ്ങായും അന്തിച്ചർച്ചകളായും ആരോപണം ശരിയാണെന്ന മട്ടിൽ വലിയ പ്രചാരം നൽകി. പ്രതിപക്ഷ നേതാക്കളൊക്കെ അത് ഏറ്റെടുത്തു. എന്നാൽ, കെട്ടിച്ചമച്ച ആരോപണമാണിതെല്ലാമെന്ന് വ്യക്തമായിട്ടും അത് പൂർണമായി അംഗീകരിക്കാൻ മാധ്യമങ്ങൾക്കാകുന്നില്ല. പലരും പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. വലിയ ഗൂഢാലോചന ഇതിന്റെ പിന്നിൽ ഉണ്ടെന്നത് വ്യക്തം.
ബിജെപിയുടെ തിരക്കഥയ്‌ക്കനുസരിച്ച് പ്രവർത്തിക്കുന്ന ഇഡിയും അവർ നൽകുന്ന വ്യാജവിവരങ്ങൾക്കൊപ്പം തുള്ളുന്ന പ്രതിപക്ഷവും മാധ്യമങ്ങളും നാടിന്റെ ശാപമാകുകയാണ്. ബിജെപിയും കോൺഗ്രസും കൂറുമുന്നണിപോലെയാണ് കേരളത്തിൽ. ഇരു കൂട്ടരും പരസ്‌പരം കുറ്റപ്പെടുത്താറില്ല. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഏതു നിമിഷവും തങ്ങൾക്കൊപ്പമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ത്രിപുരയിലേതുപോലെ കോൺഗ്രസ് നേതൃത്വമാകെ ബിജെപിയായി പരിണമിച്ചാലും അത്ഭുതപ്പെടാനില്ല. അത്രയ്‌ക്ക് ചങ്ങാത്തത്തിലാണ് ഇരുകൂട്ടരും. എന്നാൽ, ഇവരുടെ കള്ളക്കഥകൾക്കൊക്കെ അൽപ്പായുസ്സായിരിക്കും. ജനവിരുദ്ധമായ എല്ലാ കടന്നാക്രമണത്തെയും ചെറുക്കാനുള്ള ജനകീയശക്തിയുള്ള നാടാണ് കേരളമെന്ന് ഇക്കൂട്ടർ ഓർക്കുന്നത് നല്ലതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..