28 March Thursday

മാന്ദ്യകാലം കോർപറേറ്റുകൾക്ക്‌ കൊയ്‌ത്തുകാലം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019



രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ആവർത്തിക്കുമ്പോഴും കേന്ദ്ര ധനമന്ത്രി നിർമല സീതാ രാമൻ ദിനമെന്നോണം വാർത്താസമ്മേളനം വിളിച്ച് പുതിയ പാക്കേജുകളും പ്രഖ്യാപനങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി കഴിഞ്ഞദിവസം ഗോവയിൽ ജിഎസ്ടി കൗൺസിൽ യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ വാർത്താസമ്മേളനത്തിലും പുതിയ പ്രഖ്യാപനങ്ങൾ അവർ നടത്തുകയുണ്ടായി. വൻകിട കോർപറേറ്റുകൾക്ക് 1.45 ലക്ഷം കോടി രൂപയുടെ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്‌. സാധാരണ ബജറ്റിലാണ്‌ ഇത്തരം നികുതി ഇളവുകൾ പ്രഖ്യാപിക്കാറുള്ളത്‌. മൂന്നു മാസം മുമ്പ്‌ അവതരിപ്പിച്ച ബജറ്റിൽ ഒരു ലക്ഷം കോടിയിലധികം രൂപയുടെ ഇളവുകൾ കോർപറേറ്റ്‌ മേഖലയ്‌ക്ക്‌ നൽകിയിരുന്നു. അതിനും പുറമെയാണ്‌ ഇപ്പോൾ ഒന്നരലക്ഷം കോടിയോളം രൂപയുടെ ഇളവുകൾ വീണ്ടും പ്രഖ്യാപിച്ചിട്ടുള്ളത്‌. ഒന്നാം മോഡി സർക്കാർ 5.76 ലക്ഷം കോടി രൂപയുടെ ഇളവുകൾ ഈ മേഖലയ്‌ക്ക്‌ നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലേക്ക് യാത്ര പുറപ്പെടുമ്പോഴാണ്‌ കോർപറേറ്റുകളെ ഏറെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ധനമന്ത്രി നടത്തിയത്. 400 കോടി രൂപയിലധികം ടേൺ ഓവറുള്ള വൻകിട കോർപറേറ്റുകൾക്ക് നിലവിൽ 30 ശതമാനം നികുതിയാണ് ഉള്ളത്. ഇത് 22 ശതമാനമായി കുറയ്‌ക്കുമെന്നാണ് പ്രഖ്യാപനം. അതായത് സെസ്സും സർചാർജും അടക്കം 25.17 ശതമാനം  നികുതി മാത്രമേ ഇനിമുതൽ വൻകിട കോർപറേറ്റുകൾ നൽകേണ്ടതുള്ളൂ. 

ഒക്ടോബർ ഒന്നിനുശേഷം ആരംഭിക്കുകയും 2023 ഒക്ടോബറിൽ ഉൽപ്പാദനം തുടങ്ങുകയും ചെയ്യുന്ന കമ്പനികൾ15 ശതമാനം നികുതി മാത്രമേ നൽകേണ്ടതുള്ളൂവെന്നാണ് മറ്റൊരു തീരുമാനം. ഇവയെല്ലാം തന്നെ ഈ സാമ്പത്തികവർഷംമുതൽ തന്നെ പ്രാബല്യത്തിൽ വരുമെന്നും ഇതിനാവശ്യമായ നികുതി ചട്ടങ്ങളിലെ ഭേദഗതി ഓർഡിനൻസായി പുറത്തിറക്കുമെന്നും മന്ത്രി അറിയിക്കുകയുണ്ടായി. കൂടുതൽ നിക്ഷേപം ആകർഷിക്കാനും അതുവഴി തൊഴിൽ പ്രദാനം ചെയ്യാനും ഉതകുന്ന നടപടികളാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളതെന്നാണ് മന്ത്രിയുടെ അവകാശവാദം. മോഡി സർക്കാർ ആറു വർഷം മുമ്പ് അധികാരത്തിൽ വന്നപ്പോൾ പ്രഖ്യാപിക്കുകയും ഇതുവരെയും നടപ്പിലാക്കാൻ കഴിയാത്തതുമായ മെയ്‌ക്ക്‌ ഇൻ ഇന്ത്യ ശക്തമാക്കാനാണ് ഈ നടപടിയെന്നും മന്ത്രി അഭിപ്രായപ്പെടുകയുണ്ടായി. അതായത് രാജ്യത്തെ വൻ സാമ്പത്തിക പ്രതിസന്ധി പോലും എങ്ങനെ വൻകിട കോർപറേറ്റുകൾക്ക് തടിച്ചുകൊഴുക്കാനുള്ള മാർഗമായി മാറ്റിത്തീർക്കാമെന്നാണ് മോഡി സർക്കാർ കാട്ടിത്തരുന്നത്. 

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച നവ ഉദാരവൽക്കരണനയങ്ങൾ ഉപേക്ഷിക്കില്ലെന്നു മാത്രമല്ല അത് കൂടുതൽ ശക്തമാക്കുമെന്ന പ്രഖ്യാപനംകൂടിയാണ് കോർപറേറ്റുകൾക്ക് ഇളവുകൾ വാരിക്കോരി നൽകി മോഡി സർക്കാർ നടത്തിയിട്ടുള്ളത്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് യഥാർഥ കാരണം ചോദനത്തിന്റെ (ഡിമാന്റിന്റെ) കുറവാണ്‌. ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളില്ലാത്ത അവസ്ഥ. അതിനു വേണ്ടത് ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കലാണ്. വാങ്ങൽശേഷി വർധിക്കണമെങ്കിൽ തൊഴിൽ ലഭ്യമാകണം. കൂലിയും ശമ്പളവും വർധിക്കണം. എന്നാൽ, എട്ട്‌ ശതമാനമാണ്‌ തൊഴിലില്ലായ്‌മ നിരക്ക്‌. പൊതുനിക്ഷേപവും പൊതുചെലവും വർധിച്ചാലേ അന്തിമമായി വാങ്ങൽശേഷിയിലും വർധനയുണ്ടാകൂ.

പൊതുനിക്ഷേപത്തിന്റെ അഭാവമാണ് കാർഷികമേഖലയിലെ തകർച്ചയ്‌ക്ക് പ്രധാന കാരണം. ഏറ്റവും കൂടുതൽ തൊഴിൽ പ്രദാനം ചെയ്യുന്ന മേഖലയിൽനിന്ന് ആയിരങ്ങളാണ് ദിനംപ്രതി നഗരങ്ങളിലേക്ക്‌ ഇല്ലാത്ത തൊഴിൽ തേടി കുടിയേറുന്നത്‌. ഇതിന്റെ ഫലമായി കാർഷികവളർച്ചയിൽ വൻ ഇടിവുണ്ടാകുന്നു. ഭക്ഷ്യ ഉൽപ്പാദനവും ഇടിയുന്നു. തൊഴിലില്ലാപ്പട പെരുകുന്നതിന്റെ ഫലമായി കൂലിയിലും ഇടിവുണ്ടാകുന്നു. ഇതിന്റെയെല്ലാം ഫലമായിട്ടാണ് വാങ്ങൽശേഷി കുറയുന്നത്. ഇത് പരിഹരിക്കണമെങ്കിൽ ഒന്നാമതായി പൊതുനിക്ഷേപം വർധിപ്പിച്ച് തൊഴിൽ ലഭ്യമാക്കണം. ഇന്ത്യ ജീവിക്കുന്നത്‌ ഇന്നും ഗ്രാമങ്ങളിലാണ്. അവർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള ഏറ്റവും നല്ല പദ്ധതിയാണ് മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി. 100 ദിവസം തൊഴിൽ എന്നത് 150 എങ്കിലുമായി വർധിപ്പിച്ചാൽ വാങ്ങൽശേഷിയിൽ വർധനയുണ്ടാക്കാൻ കഴിയും. മാത്രമല്ല, ദേശീയ മിനിമം കൂലിയായി സത്പതി കമ്മിറ്റി ശുപാർശ ചെയ്‌ത 375 രൂപ നിശ്‌ചയിക്കുന്നപക്ഷം ഗ്രാമീണ ഡിമാന്റ്‌ പതിന്മടങ്ങ് വർധിപ്പിക്കാനാകും. എന്നാൽ, 178 രൂപയായാണ്‌ മോഡി സർക്കാർ നിശ്‌ചയിച്ചിട്ടുള്ളത്‌. ഇതോടൊപ്പം സൗജന്യ ആരോഗ്യസേവനവും വിദ്യാഭ്യാസവും മറ്റും പൊതുനിക്ഷേപം വർധിച്ച് ലഭ്യമാക്കുന്നപക്ഷം ജനങ്ങളുടെ കൈവശം മിച്ചം സൃഷ്ടിക്കാൻ കഴിയുകയും അത് ചോദനം വർധിപ്പിക്കാൻ സഹായമാകുകയും ചെയ്യും. എന്നാൽ, പൊതുനിക്ഷേപത്തിനുള്ള പ്രധാന സ്രോതസ്സ്‌ കോർപറേറ്റുകളിൽനിന്നുള്ള നികുതി വരുമാനമാണ്‌. അതുപേക്ഷിക്കുക എന്നതിനർഥം ജനക്ഷേമത്തിനുള്ള വരുമാനം വേണ്ടെന്നുവയ്‌ക്കുന്നു എന്നതാണ്‌. മോഡി സർക്കാരിന്റെ വർഗപക്ഷപാതിത്വവും ഇതിൽ തെളിഞ്ഞുകാണാം. സർക്കാർ അജൻഡയിൽ കോർപറേറ്റുകളും വൻകിടക്കാരും മാത്രമേയുള്ളൂ. സാധാരണക്കാരന് ഇടമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top