04 October Wednesday

സാമ്പത്തികമാന്ദ്യവും വിലക്കയറ്റവും രൂക്ഷമാകുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

രാജ്യത്ത്‌ വിലക്കയറ്റം രൂക്ഷമാകുകയാണെന്ന്‌ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ്‌(എൻഎസ്‌ഒ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ചില്ലറ വില സൂചികയനുസരിച്ച്‌ വിലക്കയറ്റം 7.35 ശതമാനമായി ഉയർന്നിരിക്കുന്നുവെന്നാണ്‌ എൻഎസ്‌ഒ രേഖപ്പെടുത്തിയിട്ടുള്ളത്‌. മോഡി സർക്കാർ അധികാരമേറ്റ്‌ രണ്ട്‌ മാസത്തിനകം ഉണ്ടായ 7.39 ശതമാനത്തോട്‌ അടുത്തുനിൽക്കുന്ന വിലക്കയറ്റമാണ്‌ ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്‌. അതായത്‌ ആറ്‌ വർഷത്തോളമായി തുടരുന്ന മോഡി ഭരണത്തിന്‌ വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടില്ലെന്ന്‌ സാരം.

സാധനങ്ങൾക്ക്‌ തീപിടിച്ച വിലയാണെന്ന്‌ മനസ്സിലാക്കാൻ എൻഎസ്‌ഒയുടെ കണക്കിലേക്ക്‌ പോകേണ്ടതില്ല. നിത്യേന സാധനങ്ങൾ വാങ്ങാൻ കമ്പോളത്തിൽ പോകുന്ന ആർക്കും ബോധ്യപ്പെടുന്ന കാര്യമാണിത്‌. പച്ചക്കറിക്കാണ്‌ ഏറ്റവും കുടുതൽ വിലക്കയറ്റമുണ്ടായിട്ടുള്ളത്‌–- 60.5 ശതമാനം. സവാളയ്‌ക്കാണ്‌ ഏറ്റവും കൂടുതൽ വിലകയറിയത്‌. കിലോയ്‌ക്ക്‌ 160 രൂപ വരെ ഒരുവേള ഉയരുകയുണ്ടായി. പച്ചക്കറിക്കുണ്ടായ രൂക്ഷമായ വിലക്കയറ്റം സ്വാഭാവികമായും മാംസത്തിന്റെയും മുട്ടയുടെയും മത്സ്യത്തിന്റെയും വില ഉയർത്തി. ഓരോ കുടുംബത്തിന്റെയും ബജറ്റ്‌ അട്ടിമറിക്കുന്ന വിലക്കയറ്റമാണ്‌ കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത്‌ അനുഭവപ്പെടുന്നത്‌. റിസർവ്‌ ബാങ്കിന്റെ പരിധിയനുസരിച്ച്‌ നാല്‌ ശതമാനംവരെ വിലക്കയറ്റമാകാം. ഏറിവന്നാൽ രണ്ട്‌ ശതമാനംകൂടി വർധിക്കാം. അതായത്‌ ആറുശതമാനം വരെയാകാം. എന്നാൽ, ആ പരിധിയും കടന്ന്‌ പണപ്പെരുപ്പനിരക്ക്‌ ഇപ്പോൾ 7.35 ശതമാനമായി ഉയർന്നിരിക്കുന്നു. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റമാകട്ടെ 14.2 ശതമാനമായാണ്‌ ഉയർന്നിരിക്കുന്നത്‌.

രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴാണ്‌ രൂക്ഷമായ വിലക്കയറ്റവും ജനങ്ങളെ വേട്ടയാടുന്നത്‌. സാമ്പത്തികവളർച്ചനിരക്ക്‌ അഞ്ച്‌ ശതമാനത്തിലും താഴേക്ക്‌ കൂപ്പുകുത്തുകയാണ്‌. കഴിഞ്ഞ ഒരു പതിറ്റാണ്ടിനകത്ത്‌ ഉണ്ടാകുന്ന ഏറ്റവും ചുരുങ്ങിയ വളർച്ചനിരക്കായിരിക്കും ഇക്കുറി രേഖപ്പെടുത്തുക. ഉൽപ്പന്നം, നിർമാണം, കൃഷി തുടങ്ങി പ്രധാനപ്പെട്ട ഒരു മേഖലയിലും മുൻ വർഷത്തെ വളർച്ച നേടാനായിട്ടില്ല. തൊഴിലില്ലായ്‌മ നിരക്കാകട്ടെ ഏറ്റവും ഉയർന്ന 7.7 ശതമാനമാണ്‌. നഗരങ്ങളിലെ തൊഴിലില്ലായ്‌മ നിരക്കാകട്ടെ 8.9 ശതമാനവും. 44 വർഷത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്കാണിതെന്നാണ്‌ റിപ്പോർട്ട്‌. ജനങ്ങളുടെ വാങ്ങൽശേഷിയിലും വർധിച്ച ഇടിവുണ്ടാകുന്നുവെന്നാണ്‌ റിപ്പോർട്ട്‌. 2024 ആകുമ്പോഴേക്കും 5 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുമെന്ന്‌ പറയുന്ന മോഡിയുടെ കാലത്താണ്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർന്ന്‌ തരിപ്പണമാകുന്നത്‌.


 

കടുത്ത സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ ചെറുവിരൽപോലും അനക്കാൻ മോഡി സർക്കാർ തയ്യാറായിട്ടില്ല. സ്വകാര്യനിക്ഷേപം വർധിപ്പിച്ച്‌ പ്രശ്‌നം പരിഹരിക്കാമെന്ന തലതിരിഞ്ഞ നയമാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌. ഇതിനായി കോർപറേറ്റുകൾക്ക്‌ ലക്ഷം കോടിയുടെ നികുതി ഇളവുകളാണ്‌ പ്രഖ്യാപിച്ചത്‌.  വൻകിട കോർപറേറ്റുകളായ മുകേഷ്‌ അംബാനി, ഗൗതം അദാനി, ആനന്ദ്‌ മഹീന്ദ്ര, രത്തൻ ടാറ്റ എന്നിവരുമായി മാത്രമാണ്‌ പ്രധാനമന്ത്രി സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്‌ ചർച്ച നടത്തുന്നത്‌. ധനമന്ത്രി നിർമല സീതാരാമനെപ്പോലും ഇരുട്ടിൽ നിർത്തിക്കൊണ്ടാണ്‌ ഈ ചർച്ചകൾ പുരോഗമിക്കുന്നത്‌. സർക്കാർ നിക്ഷേപം വർധിപ്പിക്കാനോ തൊഴിലുറപ്പ്‌ പദ്ധതി വിപുലീകരിക്കാനോ മോഡി സർക്കാർ തയ്യാറാകുന്നുമില്ല.

സാമ്പത്തികപ്രതിസന്ധി ജനങ്ങളെ ബാധിക്കാൻ തുടങ്ങിയിരിക്കുകയാണ്‌. അതിന്റെ പ്രതിഫലനമാണ്‌ 30 കോടിയോളം പേർ പങ്കെടുത്ത ജനുവരി എട്ടിന്റെ പണിമുടക്ക്‌. സാമ്പത്തിക മാന്ദ്യത്തിനൊപ്പം ഇപ്പോ ൾ വിലക്കയറ്റവും രൂക്ഷമായിരിക്കുന്നു. രാജ്യം സ്‌റ്റാഗ്‌ഫ്ലേഷനിലേക്കാണ്‌ അതിവേഗം നീങ്ങുന്നത്‌. ഇത്‌ ജനജീവിതം കൂടുതൽ ദുരിതപൂർണമാക്കും. സ്വാഭാവികമായും ജനരോഷം സർക്കാരിനെതിരെ തിരിയും. ഇത്‌ മുൻകൂട്ടിക്കണ്ടാണ്‌ ധൃതിപിടിച്ച്‌ പൗരത്വ ഭേദഗതി നിയമം പാസാക്കിയത്‌. ജനങ്ങളെ വർഗീയമായി വേർതിരിച്ചും ഭിന്നിപ്പിച്ചും സർക്കാരിനെതിരെ ഉയരാനുള്ള ജനരോഷത്തെ വഴിതിരിച്ചുവിടുന്നതിനാണ് മോഡി–-അമിത്‌ ഷാ ഭരണം ശ്രമിക്കുന്നത്‌. ഇത്‌ തിരിച്ചറിഞ്ഞ്‌ ശക്തമായ പ്രക്ഷോഭം വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്‌. എങ്കിലേ സർക്കാരിന്റെ തെറ്റായ നയങ്ങൾക്ക്‌ കടിഞ്ഞാണിടാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top