29 March Friday

ജീവനെടുക്കുന്ന ലഹരിമാഫിയ

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022


ലഹരി മാഫിയ വീണ്ടും രണ്ട്‌ വിലപ്പെട്ട ജീവനുകൾ കവർന്നെടുത്തിരിക്കുന്നു. കണ്ണൂർ ജില്ലയിൽ തലശേരിയിലെ സിപിഐ എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്ന്‌ കെ ഖാലിദ്‌, സഹോദരീഭർത്താവ്‌ പൂവനാഴി ഷമീർ എന്നിവരാണ്‌ ബുധനാഴ്‌ച രാത്രി കഞ്ചാവ്‌ മാഫിയയുടെ കൊലക്കത്തിക്ക്‌ ഇരയായത്‌.  ഷാനിബ്‌ എന്ന യുവാവിനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി വിൽപ്പന ചോദ്യംചെയ്‌തതിന്‌ ഷമീറിന്റെ മകനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമായ ഷബീലിനെ ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ ഇതേസംഘം വെട്ടിപരിക്കേൽപ്പിച്ചു. സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഷബീലിന്റെ കൂടെയുണ്ടായിരുന്ന മൂവരെയും അനുരഞ്‌ജനത്തിന്‌ എന്ന വ്യാജേന വിളിച്ചുവരുത്തിയാണ്‌ കൊലപ്പെടുത്തിയത്‌. പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെയോ സംഘർഷത്തിന്റെയോ തുടർച്ചയല്ല, മറിച്ച്‌  വകവരുത്തുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി നടത്തിയ ആക്രമണമാണ്‌ ഇതെന്നും വ്യക്തമാകുന്നു. മയക്കുമരുന്ന്‌ മാഫിയക്കെതിരെ നിന്നാൽ ജീവനോടെ ബാക്കിവയ്‌ക്കില്ലെന്ന സൂചനയാണ്‌ അക്രമികൾ നൽകുന്നത്‌. ഇത്‌ ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. മയക്കുമരുന്ന്‌ സംഘങ്ങൾക്ക്‌ എതിരെ ശക്തമായ നിലപാടെടുത്ത നിരവധി സിപിഐ എം–- ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊല്ലപ്പെടുകയോ  ആക്രമണത്തിന്‌ ഇരയാകുകയോ ചെയ്‌ത അനുഭവവും നമ്മുടെ മുമ്പിലുണ്ട്‌. ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ നിരവധി കർമപദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിനിടെയാണ്‌ ഈ അരുംകൊല.

കഴിഞ്ഞ നാലു മാസത്തിനുള്ളിൽ കൊച്ചി നഗരത്തിൽമാത്രം ലഹരി മാഫിയയുടെ ആക്രമണത്തിൽ ആറു പേരാണ്‌ കൊല്ലപ്പെട്ടത്‌. ലഹരിക്ക്‌ അടിപ്പെട്ടവർക്ക്‌ സ്വന്തമെന്നോ ബന്ധമെന്നോ ഉള്ള ചിന്തപോലുമില്ല. മയക്കുമരുന്ന്‌ കിട്ടാതായാൽ അക്രമാസക്തരാകുന്ന ഇവർ എന്തുംചെയ്യാൻ മടിക്കാത്തനിലയിലാകുന്നു.  കോഴിക്കോട്ട്‌ ഒരു യുവാവ്‌ സ്വന്തം പിതാവിനെ തോക്കെടുത്ത്‌ വെടിവച്ചത്‌ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്‌. ക്രമസമാധാനപാലകരെ ആക്രമിക്കുന്നതിനുപോലും ഇക്കൂട്ടർക്ക്‌ ഒരുമടിയുമില്ല. മയക്കുമരുന്നിന്‌ അടിമകളായവരെയാണ്‌ പലപ്പോഴും മാഫിയാ സംഘം ഇതിനായി നിയോഗിക്കുന്നത്‌ എന്നും കാണാം. ലഹരിക്ക്‌ അടിപ്പെട്ട്‌ ക്രിമിനലിസത്തിലേക്ക്‌ വഴിമാറുന്ന കാഴ്‌ച. 

ഐക്യരാഷ്‌ട്ര സംഘടനാ ഓഫീസ്‌ ഓഫ്‌ ഡ്രഗ്‌സ്‌ ആൻഡ്‌ ക്രൈംസ്‌ ഏറ്റവും ഒടുവിലായി നടത്തിയ പഠനത്തിൽ ലോകത്താകെ 28 കോടിയിലേറെപ്പേർ മയക്കുമരുന്നിന്‌ അടിമകളാണെന്നു കണക്കാക്കുന്നു. എന്നാൽ, അതിലേറ്റവും ഭീതിപ്പെടുത്തുന്ന വിവരം ഇതിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന്‌  ഉപയോഗിക്കുന്നത്‌ ഇന്ത്യയിലാണ്‌ എന്നതാണ്‌. ഇന്ത്യയിൽ  10 കോടിയിലേറെ ജനങ്ങൾ മയക്കുമരുന്ന്‌ അടിമകളാണ്‌. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ 70 ശതമാനത്തിന്റെ വർധനയാണ്‌ ഉണ്ടായത്‌. ഇങ്ങനെ ഉപയോഗത്തിന് അടിപ്പെട്ട സംസ്ഥാനങ്ങളിൽ മുന്നിൽ യഥാക്രമം യുപി, ഡൽഹി, ബംഗാൾ മണിപ്പുർ, ബിഹാർ  സംസ്ഥാനങ്ങളാണ്‌.  കണക്കിൽ കേരളം ഏറെ പിന്നിലാണെങ്കിലും ഈ വിപത്തിൽനിന്നും ഒട്ടും ഒഴിഞ്ഞുനിൽക്കുന്നില്ലെന്ന്‌ മാത്രമല്ല ഭീതിദമാംവിധം കൂടുകയുമാണ്‌. രാജ്യത്തെ മയക്കുമരുന്ന്‌ ഉപയോഗത്തിന്റെ 127 സ്‌പോട്ടുകൾ കണ്ടെത്തിയതിൽ മൂന്നെണ്ണം കേരളത്തിലാണ്‌.  കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും. അതിൽത്തന്നെ കൊച്ചി ഏറെ മുന്നിലും. സംസ്ഥാനത്തെ ഓരോ പൊലീസ്‌ സ്‌റ്റേഷനിലും ശരാശരി 4–-5 കേസ്‌ രജിസ്റ്റർ ചെയ്യുന്നു.

സമൂഹത്തെയാകെ കാർന്നുതിന്നുന്ന മഹാവിപത്തായി ലഹരി ഉപയോഗം വർധിച്ചുകൊണ്ടിരിക്കുന്നു. നൈമിഷികവും കേവലവുമായ സുഖംതേടി ലഹരിക്കു പിറകെ പോകുമ്പോൾ നശിച്ചില്ലാതാകുന്നത് വ്യക്തി മാത്രമല്ല, കുടുംബവും സമൂഹവും നാടാകെയുമാണ്. ലഹരിക്ക്‌ അടിമകളാകുന്ന ലക്ഷോപലക്ഷം നിസ്സഹായ  വ്യക്തിത്വങ്ങളെ ചൂഷണംചെയ്ത് ലഹരി മാഫിയകൾ തടിച്ചുകൊഴുക്കുന്നു. നാടാകെ അരക്ഷിതാവസ്ഥയും സംഘർഷവും സൃഷ്ടിക്കുന്നു. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നു.

ഇതെല്ലാം വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യകരമായ നിലനിൽപ്പിനും പുരോഗതിക്കും ഭീഷണിയാകുന്നു. അത് സൃഷ്ടിക്കുന്ന  ശാരീരികവും മാനസികവും  സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ വിപത്തിനെക്കുറിച്ചുള്ള ശക്തമായ ബോധവൽക്കരണം തുടരേണ്ടിയിരിക്കുന്നു. ഇതിന്റെ ചുമതല കേവലം പൊലീസ്‌, എക്‌സൈസ്‌, അധ്യാപകർ എന്നീ വിഭാഗങ്ങളിൽ ഒതുക്കിനിർത്താതെ ഓരോ പൗരനും  മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

ശക്തമായ ബോധവൽക്കരണം നടത്തുന്നതോടൊപ്പം ഈ ക്രിമിനൽ മാഫിയാ സംഘങ്ങളുടെ പ്രവർത്തനം വേരോടെ പിഴുതെറിയാനും ശക്തമായ നടപടി വേണ്ടിയിരിക്കുന്നു. നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന ഇത്തരം ക്രിമിനലുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന്‌ പരമാവധി ശിക്ഷ ഉറപ്പാക്കുകയും വേണം. ഇങ്ങനെ ബഹുമുഖപ്രവർത്തനങ്ങളിലൂടെ ഈ മഹാവിപത്തിനെ തുരത്താൻ കഴിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top