20 April Saturday

മയക്കുമരുന്ന് വിപത്തിനെ ഒന്നിച്ച്‌ ചെറുക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Mar 21, 2019


മയക്കുമരുന്നിന് അടിപ്പെട്ട സംഘങ്ങളുടെ ക്രൂരതയിലാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ടത്. അനന്തു എന്ന ആ യുവാവിന്റെ കൊലപാതകത്തോടെ മയക്കുമരുന്ന് വ്യാപനത്തെക്കുറിച്ചും വിതരണ സംഘങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ  സജീവമായിരിക്കുന്നു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി എക‌്സൈസ‌് വകുപ്പ് മയക്കുമരുന്നുവേട്ട ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം തടയാനുള്ള എക‌്സൈസ‌്  -പൊലീസ് വകുപ്പുകളുടെ ഇടപെടൽ ഫലപ്രാപ്തിയിലെത്തുന്നതിന്റെ തെളിവാണ്,  പിടിക്കുന്ന കേസുകളുടെ എണ്ണത്തിൽ  കഴിഞ്ഞ രണ്ടുവർഷമായി ഉണ്ടായ വർധന.  മുൻ സർക്കാരിന്റെ കാലത്തേതിനേക്കാൾ  522 ശതമാനം അധികം കേസുകളാണ് എൽഡിഎഫ് അധികാരമേറ്റശേഷം പിടിക്കപ്പെട്ടത്. എക‌്സൈസ‌് വകുപ്പിന് കീഴിൽ പ്രത്യേക ക്രൈംബ്രാഞ്ച് സംവിധാനം ഉണ്ടാക്കുകയാണ് എന്ന വാർത്തയും വന്നു.  കുറ്റവാളികളുടെ രേഖ പരിശോധിക്കാനും കൂടുതൽ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത് തടയാനും ഈ സംവിധാനം പ്രയോജനപ്രദമാകും എന്നാണ‌് കരുതുന്നത്. 

തലസ്ഥാന നഗരത്തിലെ മയക്കുമരുന്നുവേട്ടയിൽ  കഴിഞ്ഞയാഴ്ച ഒറ്റദിവസം പിടികൂടിയത് 100 കിലോ കഞ്ചാവും 5000 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമാണ്.  കഴിഞ്ഞ രണ്ടുകൊല്ലംകൊണ്ട് 10,000 കോടിരൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു എന്നാണ് എക‌്സൈസിന്റെ  കണക്ക്.  മദ്യത്തിന്റെ അമിത ഉപയോഗമാണ്  വലിയ സാമൂഹ്യ വിപത്തുകളിലൊന്നായി വളർന്നതെങ്കിൽ,  ഇന്ന് അതിന്റെ സ്ഥാനം മയക്കുമരുന്നുകൾ ഏറ്റെടുക്കുകയാണ്.  കഞ്ചാവിന് പുറമേ എൽഎസ്ഡി സ്റ്റാമ്പ്, ഹെറോയിൻ, മയക്ക് ഗുളികകൾ തുടങ്ങിയ നിരവധി  ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നു. കേരളത്തിന‌് പുറത്തുനിന്നാണ് ഇത് പലതും വരുന്നത്. വിമാനത്താവളങ്ങളിലൂടെയും തീവണ്ടി മാർഗവും റോഡ് മാർഗവും മയക്കുമരുന്ന് അതിർത്തികടന്ന് എത്തുന്നുണ്ട്.

ഇരകളാക്കപ്പെടുന്നത്  പുതിയ തലമുറയാണ്.  ലഹരിക്ക് അടിപ്പെടുന്നതിലൂടെ ജീവിതംതന്നെ തുലഞ്ഞുപോകുന്ന അവസ്ഥയാണുണ്ടാകുന്നത്. മയക്കുമരുന്നുകൾ  ഉപയോഗിച്ചുകഴിഞ്ഞാൽ സ്വബോധം നഷ്ടപ്പെടുന്നു. ശീലമാക്കിയവർക്ക് അവ ലഭിക്കാതിരുന്നാൽ പെരുമാറ്റം മുഴുഭ്രാന്തരെപ്പോലെയായി മാറുന്നു. സമൂഹത്തിൽ എന്തെല്ലാം ക്രൂരതകളാണ് ഇത്തരക്കാർ വരുത്തിവയ്ക്കുന്നത്? വീട്ടിനകത്ത് ഇവർ കാട്ടിക്കൂട്ടുന്നതാകട്ടെ പരസ്യമായി പറയാൻകൊള്ളാത്ത കാര്യങ്ങളാണ്.  സ‌്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നു. അവയെ തടയാൻചെല്ലുന്ന  പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവർത്തകർ ആക്രമിക്കപ്പെടുകയാണ്. അതിന്റെ ഭാഗമായി സംഘർഷം ഉടലെടുക്കുന്നു.  പൊലീസും എക്സൈസ് വകുപ്പുംമാത്രം ഇടപെട്ട് തീർക്കാവുന്ന വിഷയമല്ല ഇത്. ശക്തമായ സാമൂഹ്യബോധവൽക്കരണവും സമൂഹത്തിന്റെ ഇടപെടലും ഇതിൽ വേണ്ടതുണ്ട്. മൂന്നാഴ്ചയ‌്ക്കുള്ളിൽ മൂന്നുപേർ മയക്കുമരുന്നുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന്  കേരള പൊലീസ് ഇറക്കിയ പത്രക്കുറിപ്പ് ശ്രദ്ധേയമാണ്.  ലഹരിയുടെ കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തുന്ന കൗമാരത്തെ രക്ഷിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യമാണ് പൊലീസ് ജനങ്ങളോട് പറയുന്നത്.  ജാഗ്രത വീടുകളിൽനിന്ന് തുടങ്ങണമെന്നാണ് ആഹ്വാനം. വീടുകളിൽ ആവശ്യത്തിന് സ്നേഹവും പരിഗണനയും കിട്ടാത്ത കുട്ടികളെ ലഹരിപദാർഥങ്ങളുടെ വാഹകരാക്കി മാറ്റാനാണ് ഏജന്റുമാർ നോട്ടമിടുന്നത്. ഇക്കാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണം.

ലഹരിയുടെ ചതിക്കുഴിയിൽ വീഴുന്ന കൗമാരപ്രായക്കാർ കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്ന ഞെട്ടിക്കുന്ന സംഭവങ്ങളെക്കുറിച്ച‌് ഓർമിപ്പിച്ചാണ്, കുട്ടികളുടെ കാര്യങ്ങൾ സൂക്ഷ്മതയോടെ നോക്കുകയും അവരെ പരിഗണിക്കുകയും മനസ്സിലാക്കുകയും അവർക്ക‌് വേണ്ടത് തിരിച്ചറിയുകയും ചെയ്യുന്ന അന്തരീക്ഷം വീടുകളിലുണ്ടാകണം എന്ന്  പൊലീസ് ജനങ്ങളോടാവശ്യപ്പെടുന്നത്.  "അച്ഛനമ്മമാർ മക്കളെ കൃത്യമായി നിരീക്ഷിക്കണം. അവർ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, സുഹൃത്തുക്കൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണം. കുട്ടികളുടെ ശ്രദ്ധയിൽപ്പെടാതെ വേണം അവരെ നിരീക്ഷിക്കേണ്ടത്. കുട്ടികളുടെ സാധാരണ സ്വഭാവത്തിലും പെരുമാറ്റത്തിലും ചെറിയ വ്യത്യാസംപോലും നിസാരമായി കാണരുത്. വസ്ത്രധാരണം, ഹെയർസ്റ്റൈൽ, കേൾക്കുന്ന പാട്ടുകൾ, കാണുന്ന സിനിമ, കൂട്ടുകെട്ടുകൾ എല്ലാത്തിലും ശ്രദ്ധയുണ്ടാകണം.’ - ഇത്രയും പറഞ്ഞുകൊണ്ട് കുട്ടികളെ എങ്ങനെ നിരീക്ഷിക്കണം, ഏതൊക്കെ അസ്വാഭാവികതകളാണ് ശ്രദ്ധിക്കപ്പെടേണ്ടത് എന്ന് വിശദീകരിക്കുന്നുണ്ട് പൊലീസ്.

കേരളത്തിന്റെ സാമൂഹ്യ- രാഷ്ട്രീയ പ്രബുദ്ധതയെയും ഉയർന്ന പ്രതികരണശേഷിയെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ലഹരിയുടെ വ്യാപനത്തിന‌് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. ഈ വിപത്തിനെ നേരിടാൻ  നാടും നാട്ടുകാരും ഒന്നായി ഉണർന്നുപ്രവർത്തിക്കണം. ഈ സാമൂഹ്യവിപത്തുകളെ നിയമംമൂലമുള്ള നിരോധനത്തിലൂടെമാത്രം  ഇല്ലാതാക്കാനാകുമെന്നത് തെറ്റിധാരണയാണ്. ശക്തമായ ബോധവൽക്കരണവും അതുവഴി ജനങ്ങളെ ഇവയിൽനിന്ന് അകറ്റിനിർത്തലുമാണാവശ്യം. അതിന‌് കേരളീയരാകെ കൈകോർക്കേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top