30 May Thursday

അപർണയ്‌ക്കൊപ്പം കേരളമുണ്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022


ഇക്കഴിഞ്ഞ വെള്ളിയാഴ്ച വയനാട്ടിൽനിന്ന് വന്ന ഒരു വാർത്തയറിഞ്ഞ് കേരളം ഞെട്ടി. അത്രമേൽ ഭയാനകമായ, നടുക്കമുണ്ടാക്കുന്ന ഒരു സംഭവമായിരുന്നു അത്‌.   വയനാട്ടിലെ മേപ്പാടി ഗവ. പോളിടെക്‌നിക്കിൽ ഒരു പെൺകുട്ടിയെ ക്യാമ്പസിലെ ലഹരി മാഫിയാസംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നു. ഒരുപക്ഷേ, കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിരിക്കും ഇങ്ങനെയൊരു സംഭവം.  ഈ കോളേജിൽ കെഎസ്‌യു അടക്കമുള്ള വലതുപക്ഷ വിദ്യാർഥി സംഘടനകൾ പാലൂട്ടിവളർത്തുന്ന ‘ട്രാബിയോക്' എന്ന ലഹരിമാഫിയാ സംഘമാണ് പെൺകുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ചത്. ആ പെൺകുട്ടി അപർണാ ഗൗരി. എസ്എഫ്ഐ വയനാട്  ജില്ലാ വൈസ് പ്രസിഡന്റ്. അറിയപ്പെടുന്ന വനിതാ വിദ്യാർഥി നേതാവ്. 

ക്യാമ്പസുകളിലെ ലഹരി മാഫിയക്കെതിരെ സന്ധിയില്ലാപോരാട്ടത്തിലാണ് അപർണയും അപർണയുടെ പ്രസ്ഥാനവും. അതുകൊണ്ടുതന്നെ, അപർണയെ വകവരുത്തുകയെന്നത് ലഹരിവലയുടെ ലക്ഷ്യമായി. നടന്നത് ആസൂത്രിത വധശ്രമം. ഈ കോളേജിൽ  യൂണിയൻ തെരഞ്ഞെടുപ്പിന്റെ സംഘടനാ ചുമതലയുണ്ടായിരുന്ന അപർണ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അവിടെ എത്തിയതാണ്. ഇതിനിടെ, ട്രാബിയോക്‌ സംഘം യുഡിഎസ്എഫ് നേതാക്കൾക്കൊപ്പമെത്തി അപർണയെ ഭീകരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. അപർണ ഒറ്റയ്ക്കിരിക്കുന്ന തക്കംനോക്കി പാഞ്ഞടുത്ത മുപ്പതോളം പേരടങ്ങുന്ന അക്രമിസംഘം ആദ്യം മുടി കുത്തിപ്പിടിച്ച് മതിലിനോട് ചേർത്തുനിർത്തി വടികൊണ്ട് അടിച്ചു. പിന്നെ ദേഹത്ത് തുരുതുരാ ചവിട്ട്. തുടർന്ന് മതിലിന്റെ താഴേക്ക് തള്ളിയിട്ടു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ അപർണ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രി വിട്ടെങ്കിലും സാധാരണനിലയിലേക്ക് തിരിച്ചെത്താൻ ദിവസങ്ങൾ വേണ്ടിവരും. സഹപ്രവർത്തകർ ഉടൻ ആശുപത്രിയിൽ എത്തിച്ചില്ലായിരുന്നെങ്കിൽ അപർണയുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു.  കേസിൽ ആറു പ്രതികളെ അറസ്റ്റുചെയ്‌തിട്ടുണ്ട്‌.

കേരളത്തിലെ കലാലയങ്ങളിൽ വലതുപക്ഷ വിദ്യാർഥി സംഘടനകളുടെ പിന്തുണയോടെ ലഹരിമാഫിയ പിടിമുറുക്കാൻ ശ്രമിക്കുന്നതിന്റെ തെളിവാണ് അപർണയ്‌ക്കു നേരെയുണ്ടായ ആക്രമണം.  ക്യാമ്പസുകളിൽ ലഹരിയുടെ മൊത്ത വിതരണക്കാരായി  മാഫിയകളെ വളർത്തുന്നത് വലതുപക്ഷ  സംഘടനകളാണ്. എസ്എഫ്ഐയെ നേരിടുകയാണ് അവരുടെ ലക്ഷ്യം. മേപ്പാടി കോളേജിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘമാണ് ട്രാബിയോക്. പുതുലഹരിയുടെ വലയിൽപ്പെടുന്നവരുടെ എണ്ണം അനുദിനം കൂടിവരുന്നെന്ന റിപ്പോർട്ടുകൾ ഇതോടൊപ്പം ചേർത്തുവായിക്കാം. എത്രയോ കുട്ടികൾ ലഹരിയുടെ പിടിയിൽപ്പെടുന്നു. ന്യൂജൻ ലഹരിയുടെ ഉപയോഗവും കടത്തും വലിയതോതിൽ കൂടുന്നു. കേസുകളും പെരുകുന്നുണ്ട്.

വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ബുദ്ധിയും പ്രതിഭയും സർഗശേഷിയും പഠനവുമെല്ലാം തകർക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് ലഹരിമാഫിയയെന്ന് സമൂഹമാകെ തിരിച്ചറിയേണ്ടതുണ്ട്. ഇതെല്ലാം  മനസ്സിലാക്കിയാണ് ലഹരിക്കെതിരെ സംസ്ഥാന സർക്കാർ വ്യാപകമായ പ്രചാരണവും ബോധവൽക്കരണവും ആരംഭിച്ചിട്ടുള്ളത്.  സർവസജ്ജമായി ലഹരിവേട്ടകളും നടന്നുവരുന്നുണ്ട്. തെരഞ്ഞെടുപ്പിൽ  ലഹരിമാഫിയക്കെതിരെ എസ്എഫ്ഐ പ്രചാരണം നടത്തിയിരുന്നു.

ഒരു പെൺകുട്ടിയെ, ഒരു വനിതാ വിദ്യാർഥി നേതാവിനെ ഇത്ര ക്രൂരമായി ആക്രമിച്ചിട്ടും അത് പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യാനോ അപലപിക്കാനോ  ഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറായില്ല എന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട്. ആക്രമണംപോലെ ഞെട്ടിപ്പിക്കുന്നതാണ് അതും. ട്രാബിയോക് എന്ന ലഹരിസംഘത്തെക്കുറിച്ച് പല മാധ്യമങ്ങൾക്കും ഒരക്ഷരം പറയാനില്ല. പ്രതിസ്ഥാനത്ത് എസ്‌എഫ്‌ഐയോ മറ്റോ ആയിരുന്നെങ്കിൽ മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

അപർണയെക്കുറിച്ച് ഒരു വാക്കുകൂടി പറയട്ടെ. ധീരയായ പോരാളിയാണ്. കഴിഞ്ഞ ജൂലൈയിൽ വയനാട് ഗവ. എൻജിനിയറിങ് കോളേജിൽ എസ്എഫ്ഐ സംഘടിപ്പിച്ച മാതൃകം കൺവൻഷൻ നടത്താൻ സമ്മതിക്കില്ലെന്ന് കെഎസ്‌യുവും എംഎസ്എഫും ഭീഷണി മുഴക്കി. പെണ്ണാണ്‌ എന്നൊന്നും നോക്കില്ല, ഗേറ്റ് കടന്നാൽ കാലു തല്ലിയൊടിക്കുമെന്നായിരുന്നു താക്കീത്. ഇങ്ങനെ ആക്രോശിച്ച് പാഞ്ഞടുത്ത ആൺകൂട്ടത്തെ വകഞ്ഞുമാറ്റി അപർണയും കൂട്ടുകാരും മുന്നോട്ടുപോയി. ആ ധീരയായ പെൺകുട്ടിക്കൊപ്പം ഈ കേരളം ഒന്നാകെയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top