20 April Saturday

അരിവില കുറഞ്ഞു; അന്നം മുട്ടിച്ചവര്‍ക്ക് ഉത്തരം മുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2017


കേരളത്തെ വരിഞ്ഞുകെട്ടിയാണ് കേന്ദ്രം അരിപ്രശ്നം സൃഷ്ടിച്ചത്. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതും വിവിധ സംസ്ഥാനങ്ങളിലെ വരള്‍ച്ചയുംമൂലം കുതിച്ചുയര്‍ന്ന അരിവില സംസ്ഥാന സര്‍ക്കാരിനെതിരായ ആയുധമായി കേന്ദ്ര ഭരണകക്ഷിയടക്കം ഉപയോഗിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ നാളുകളില്‍ കണ്ടത്. ഭക്ഷ്യഭദ്രതാ നിയമം യഥാസമയം നടപ്പാക്കാതെ ചതിക്കുഴി സൃഷ്ടിച്ച യുഡിഎഫും സംസ്ഥാന സര്‍ക്കാരിനെതിരെ തിരിഞ്ഞു. ഈ ആക്രമണങ്ങള്‍ക്കുമുന്നില്‍ പതറിനില്‍ക്കാതെയും നിസ്സഹായാവസ്ഥ പ്രകടിപ്പിച്ച് കൈമലര്‍ത്താതെയും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടതിന്റെ ഫലമായി അരിവിപണി പഴയനിലയിലേക്ക് പോവുകയാണ്. വിവിധയിനം അരി കിലോയ്ക്ക് 28 മുതല്‍ 34 രൂപയ്ക്കുവരെ ലഭിച്ചുതുടങ്ങി.

റേഷനിങ് മേഖലയുമായി ബന്ധപ്പെട്ട രണ്ടു പ്രധാന പദ്ധതികള്‍ക്കാണ് കഴിഞ്ഞദിവസം തുടക്കമായത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം അനുശാസിക്കുന്ന റേഷന്‍ സാധനങ്ങളുടെ വാതില്‍പ്പടി വിതരണത്തിന്റെയും പുതുക്കിയ റേഷന്‍ കാര്‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം നടന്നതോടെ, പൊതുവിതരണരംഗത്തെ ഒട്ടേറെ വിഷയങ്ങള്‍ക്ക് പരിഹാരമാവുകയാണ്. റേഷന്‍ വ്യാപാരികളുടെ ആവശ്യമാണ് വാതില്‍പ്പടി വിതരണം. ജനങ്ങള്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇനി ഒന്നില്‍ കൂടുതല്‍തവണ കടയില്‍ കയറിയിറങ്ങേണ്ടതില്ല. ഒറ്റത്തവണത്തെ യാത്രയില്‍ അര്‍ഹമായ റേഷന്‍ സാധനങ്ങളെല്ലാം വാങ്ങി മടങ്ങാം. ഒരുമാസത്തെ സാധനം മുന്‍കൂറായി റേഷന്‍ കടകളില്‍ സ്റ്റോക്കുണ്ടാകുന്നതിനാല്‍ അര്‍ഹമായ അളവില്‍ കൃത്യമായി ലഭിക്കുകയും ചെയ്യും.

അഞ്ചുതരം കാര്‍ഡുകളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. എഎവൈ, മുന്‍ഗണനാവിഭാഗം, മുന്‍ഗണനയിതര സംസ്ഥാന സബ്സിഡി വിഭാഗം, മുന്‍ഗണനയിതര സബ്സിഡിരഹിത വിഭാഗം, മുന്‍ഗണനയിതര സംസ്ഥാന മുന്‍ഗണനാവിഭാഗം എന്നിങ്ങനെ. വിതരണശൃംഖലയില്‍നിന്ന് ഒരാളെപ്പോലും ഒഴിവാക്കിയിട്ടില്ല. സംസ്ഥാനത്തെ എല്ലാവര്‍ക്കും റേഷന്‍ ലഭിക്കും. അളവിലും വിലയിലും മാത്രമാണ് വ്യത്യാസമുണ്ടാകുക. എഎവൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാസം 35 കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക. അതായത് 28 കിലോ ഭക്ഷ്യധാന്യവും ഏഴു കിലോ ഗോതമ്പും പൂര്‍ണമായും സൌജന്യനിരക്കില്‍ ലഭിക്കും. മുന്‍ഗണനാവിഭാഗത്തിന് കാര്‍ഡിലുള്‍പ്പെട്ട ആളൊന്നിന് അഞ്ചുകിലോ ഭക്ഷ്യധാന്യം വീതം സൌജന്യമായി ലഭിക്കും. മുന്‍ഗണനയിതര സംസ്ഥാന സബ്സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിലുള്ള ആളൊന്നിന് രണ്ടു കിലോവീതം ഭക്ഷ്യധാന്യം രണ്ടു രൂപ നിരക്കില്‍ ലഭിക്കും. മുന്‍ഗണനയിതര സബ്സിഡിരഹിത വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണനയിതര സംസ്ഥാന മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ആറുകിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക. ഇവര്‍ക്ക് 7.90 രൂപയ്ക്ക് അരിയും 6.70 രൂപയ്ക്ക് ഗോതമ്പും ലഭിക്കും.

എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്ളൈകോ അരിക്കടകള്‍ തുറക്കുന്നുണ്ട്. മാവേലിസ്റ്റോര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പുതിയ മാവേലിസ്റ്റോറുകള്‍ ആരംഭിക്കുന്നു. ഓയില്‍പാം ഇന്ത്യയുടെ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലില്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍  അരിയും സര്‍ക്കാര്‍ ഏറ്റെടുത്തു. മികച്ച ഗുണനിലവാരമുള്ള ഈ അരി 33 രൂപയ്ക്ക് അരിക്കടകളില്‍ ലഭിക്കും. ആന്ധ്രയില്‍നിന്നും ബംഗാളില്‍നിന്നുമായി സര്‍ക്കാര്‍ അരി എത്തിച്ചതോടെ പൊതുവിപണിയിലെ അരിവില കുറഞ്ഞിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ 500 സഹകരണ അരിക്കടകളാണ് പ്രവര്‍ത്തിക്കുന്നത്. ബംഗാളില്‍നിന്നുള്ള സുവര്‍ണ മസൂരി അരി 25 രൂപയ്ക്ക് ഇവിടെ ലഭ്യമാണ്. സംസ്ഥാന സര്‍ക്കാരിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാകുന്നത്.

ഇത് ഇവിടംകൊണ്ട് നില്‍ക്കേണ്ടതല്ല. കേന്ദ്ര സര്‍ക്കാരിന്റെ സമീപനം നിരാശാജനകമാണ്. സംസ്ഥാനത്തിനുള്ള അരി ഉള്‍പ്പെടെ ഭക്ഷ്യവിഹിതം വലിയ തോതില്‍ വെട്ടിക്കുറച്ച് റേഷന്‍ അട്ടിമറിക്കാനും പൊതുവിതരണം തകര്‍ക്കാനുമുള്ള ശ്രമങ്ങളുമായാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. പൊതുവിതരണശൃംഖലയില്‍നിന്ന് കഴിയുന്നത്ര കുടുംബങ്ങളെ പുറത്താക്കുന്ന നിലപാടാണ് മുമ്പ് യുപിഎ സര്‍ക്കാര്‍ കൈക്കൊണ്ടത്. അതുതന്നെയാണ് ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ തുടരുന്നത്. അതിന് വിപരീതമായി പൊതുവിതരണശൃംഖലയില്‍ കഴിയുന്നത്ര കുടുംബങ്ങളെ നിലനിര്‍ത്താനാണ് കേരളം ശ്രമിക്കുന്നത്. അരിവിഹിതം മാത്രമല്ല, പഞ്ചസാര- മണ്ണെണ്ണ ക്വോട്ടയും കേന്ദ്രം വെട്ടിക്കുറച്ചു. ഇത് സാധാരണക്കാരായ ജനങ്ങളുടെയും തൊഴിലാളികളുടെയും ജീവിതം കൂടുതല്‍ ദുസ്സഹമാക്കി

കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യത്തിന്റെ 15 ശതമാനത്തില്‍ താഴെമാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. കേന്ദ്രം സംഭരിക്കുന്ന ഭക്ഷ്യധാന്യശേഖരത്തില്‍നിന്ന് വിഹിതം ലഭിക്കാതെ സംസ്ഥാനത്ത് റേഷന്‍ വിതരണം സാധ്യമാകില്ല. ഈ യാഥാര്‍ഥ്യം മൂടിവച്ച്, എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ഇറങ്ങിയവര്‍ ജനങ്ങള്‍ക്ക് അരിയും പഞ്ചസാരയും കിട്ടിയില്ലെങ്കിലും പ്രശ്നമില്ല, എല്‍ഡിഎഫിന് ആഘാതമാകുമല്ലോ എന്ന ദുഷ്ടമനോഭാവമാണ് പ്രകടിപ്പിച്ചത്. രാഷ്ട്രീയമായ ഈ ആക്രമണത്തെ അതിജീവിച്ചും ചെറുത്തും ജനപക്ഷത്ത് നിന്ന് ശക്തമായ നടപടികളെടുക്കുകയും ജനങ്ങള്‍ക്കുവേണ്ടി ഇടപെടുകയും ചെയ്ത സംസ്ഥാന സര്‍ക്കാരിനെ ഞങ്ങള്‍ കലവറയില്ലാതെ അഭിനന്ദിക്കുകയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ കര്‍മനിരതമായി ഇടപെടുന്നതില്‍ ജനങ്ങള്‍ക്കാകെയുള്ള സന്തോഷത്തില്‍ ഞങ്ങളും പങ്കുചേരുന്നു. സംസ്ഥാനത്തെ വിലവര്‍ധന ശാശ്വതമായി നിയന്ത്രിക്കാനുള്ള ഏതു നീക്കത്തിനും പിന്തുണ അറിയിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top