22 September Friday

നാടിന്റെ ഉള്ളുലച്ച അരുംകൊല

വെബ് ഡെസ്‌ക്‌Updated: Thursday May 11, 2023

കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിൽ ഹൗസ്‌ സർജൻസിയുടെ ഭാഗമായ ജോലിക്കിടെ ഡോക്‌ടർ  കുത്തേറ്റുമരിച്ചു എന്ന വാർത്തയുടെ നടുക്കത്തിലേക്കാണ്‌ ബുധനാഴ്‌ച മലയാളികൾ ഉണർന്നത്‌. കോട്ടയം കടുത്തുരുത്തി സ്വദേശി മോഹൻദാസിന്റെയും തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വസന്തകുമാരിയുടെയും ഏകമകളാണ്‌ കൊല്ലപ്പെട്ട ഡോ. വന്ദന ദാസ്‌. ഭാവിയെക്കുറിച്ച്‌ ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി വൈദ്യശാസ്‌ത്ര ബിരുദം നേടിയ വന്ദനയുടെ ജീവനെടുത്തത്‌ ചികിത്സയ്‌ക്ക്‌ പൊലീസ്‌ എത്തിച്ച ഒരു അധ്യാപകനാണ്‌. കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപിന്റെ ആക്രമണത്തിൽ രണ്ട്‌ പൊലീസ്‌ ഉദ്യോഗസ്ഥരടക്കം നാലു പേർക്കുകൂടി പരിക്കേറ്റു. സന്ദീപ്‌ ലഹരിക്കടിമയായിരുന്നുവെന്ന്‌ റിപ്പോർട്ടുകളുണ്ട്‌.
രോഗി മരിക്കുകയോ മറ്റോ ചെയ്‌താൽ ബന്ധുക്കൾ ആശുപത്രിയിൽ നാശമുണ്ടാക്കുകയോ ആരോഗ്യപ്രവർത്തകരെ മർദിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്‌. ഇത്തരം വൈകാരിക പ്രതികരണങ്ങൾ അസംബന്ധമാണെന്നതുകൊണ്ട്‌ അവ തടയാൻ സർക്കാർ നടപടികൾ സ്വീകരിച്ചുവരുമ്പോഴാണ്‌ അത്തരത്തിലല്ലാത്ത ആക്രമണത്തിൽ വിലപ്പെട്ട ഒരു ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്‌. സമൂഹത്തിന്റെയാകെ ഉള്ളുലച്ച സംഭവത്തിൽ ഡോക്ടർമാർ വ്യാഴം രാവിലെ എട്ടുവരെ സമരത്തിലാണ്‌. സംസ്ഥാന മനുഷ്യാവകാശ കമീഷനും ഹൈക്കോടതിയും വിഷയത്തിൽ ഇടപെട്ടു. ഒരാഴ്‌ചയ്‌ക്കകം റിപ്പോർട്ട്‌ നൽകണമെന്ന്‌ മനുഷ്യാവകാശ കമീഷൻ നിർദേശിച്ചിട്ടുണ്ട്‌. ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ വ്യാഴാഴ്‌ച വീണ്ടും വിഷയം പരിഗണിക്കുന്നുണ്ട്‌.

പ്രതി ബുധനാഴ്‌ച പുലരുംമുമ്പേ പൊലീസിന്റെ എമർജൻസി നമ്പരിലേക്ക്‌ വിളിച്ചിരുന്നു. വിവരം ലഭിച്ച നൈറ്റ്‌ പട്രോളിങ് സംഘം തിരിച്ചുവിളിച്ചപ്പോൾ ഇയാളുടെ നമ്പർ ഓഫായിരുന്നു. മൂന്നരയ്‌ക്ക്‌  മറ്റൊരു നമ്പരിൽനിന്ന്‌ വീണ്ടും വിളിച്ചതനുസരിച്ച്‌ പൊലീസ്‌ എത്തിയപ്പോൾ പരിക്കേറ്റ നിലയിലാണ്‌ ഇയാളെ കണ്ടത്‌. അങ്ങനെ ചികിത്സയ്‌ക്കാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. അവിടെ കാഷ്വാലിറ്റിയിൽ പരിശോധിച്ചപ്പോൾ ശാന്തനായിരുന്നു. മുറിവുകളിൽ മരുന്ന്‌ വയ്‌ക്കുന്നതിന്‌ ഡ്രെസിങ്‌ റൂമിലേക്ക്‌ മാറ്റിയപ്പോൾ അവിടെ വച്ചാണ്‌ അക്രമാസക്തനായത്‌. ആദ്യം ബന്ധുവിനെ ചവിട്ടി. പിന്നീട്‌ ഹോംഗാർഡിനെ കത്രികയെടുത്ത്‌ കുത്തി. പൊലീസുകാർ ഓടിയെത്തിയപ്പോൾ അവരെയും കുത്തി. ഇതിനിടെ ഡ്യൂട്ടി ഡോക്ടറും നഴ്‌സുമാരും ഓടി അടുത്തമുറിയിൽ കയറിയെങ്കിലും വന്ദനയ്‌ക്ക്‌ അത്‌ സാധിച്ചില്ല. കഴുത്തിനും നെഞ്ചിലുമടക്കം നിരവധി കുത്തേറ്റ യുവഡോക്ടറെ ഉടൻ വിദഗ്ധചികിത്സയ്‌ക്ക്‌ തിരുവനന്തപുരത്ത്‌ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്ദീപിനെ സർവീസിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തിട്ടുണ്ട്‌.

മനുഷ്യത്വമുള്ളവരെയെല്ലാം വേദനിപ്പിക്കുന്ന ഈ സംഭവവും സംസ്ഥാന സർക്കാരിനെ ആക്രമിക്കാനാണ്‌ ചിലർ ആയുധമാക്കുന്നത്‌. പൊലീസിന്റെ അനാസ്ഥയാണ്‌ ഈ ദാരുണസംഭവത്തിന്‌ കാരണമെന്നാണ്‌ സംസ്ഥാന പ്രതിപക്ഷ നേതാവിന്റെ ആരോപണം. അക്രമിയെ തടയാൻ ശ്രമിച്ച രണ്ട്‌ പൊലീസ്‌ ഉദ്യോഗസ്ഥരും കുത്തേറ്റ്‌ ചികിത്സയിലിരിക്കെയാണ്‌ പ്രതിപക്ഷ നേതാവ്‌ സ്ഥാനത്തിന്റെ മഹിമ മറന്ന്‌ രാഷ്‌ട്രീയനേട്ടത്തിന്‌ ശ്രമിക്കുന്നത്‌. ഇത്തരം ആക്രമണങ്ങൾക്കെതിരെ സർക്കാരിന്‌ ശക്തമായ നിലപാടാണുള്ളതെന്ന്‌ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്‌. ജോലിക്കിടെ ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത്‌ ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന്‌ വ്യക്തമാക്കിയ മുഖ്യമന്ത്രി സമഗ്രമായ അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌.

ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലടക്കം സമസ്‌ത മേഖലയിലും മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ മാതൃകയായ കേരളത്തെ കൂടുതൽ പരിഷ്‌കൃതമായ ആധുനിക സമൂഹമാക്കാൻ നമ്മൾ ഇനിയും ഏറെ മുന്നേറേണ്ടതുണ്ടെന്നാണ്‌ ഈ ദുരന്തം കാണിക്കുന്നത്‌.  ഒരു അധ്യാപകനാണ്‌ കൊലപാതകം നടത്തിയതെന്നത്‌ ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. സമൂഹത്തെയാകെ അധഃപതനത്തിലേക്ക്‌ തള്ളിയിടുന്ന ലഹരിവിപത്തിനെതിരെ സമൂഹമാകെ ഉണർന്ന്‌ പ്രവർത്തിക്കണം. സമൂഹത്തിനാകെ മാതൃകയാകേണ്ട അധ്യാപകർക്കിടയിൽ ഇത്തരം പുഴുക്കുത്തുകൾ ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പാക്കാൻ അധ്യാപക സമൂഹത്തിന്‌ ഉത്തരവാദിത്വമുണ്ട്‌. രാഷ്‌ട്രീയ ഭേദമില്ലാതെ വിദ്യാർഥി, യുവജന സംഘടനകളും ലഹരിവിപത്തിനെതിരെ പ്രവർത്തനം ശക്തമാക്കണം. ലഹരിക്കെതിരായ പോരാട്ടത്തിൽ അനശ്വരനക്ഷത്രമായി നമ്മുടെയെല്ലാം മനസ്സിൽ ഡോ. വന്ദനയുണ്ടാകുമെന്ന പ്രതിജ്ഞയോടെ അവൾക്ക്‌ വിടനൽകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top