25 April Thursday

ഡോ. ഷാഹിദ് ജമീൽ നൽകുന്ന മുന്നറിയിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021



നൂറ്റാണ്ടിന്റെ മഹാമാരിയെ നേരിടുന്നതിൽ ലോകരാജ്യങ്ങൾ സ്വീകരിച്ച ചലനാത്മകവും ശാസ്‌ത്രീയവുമായ സമീപനത്തിന്റെ ഗുണഫലങ്ങൾ ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു. മരണസംഖ്യയിൽ ഏറ്റവും മുന്നിലുള്ള അമേരിക്കയിൽപ്പോലും പൊതുസ്ഥലത്തെ മാസ്‌ക്‌ ഉപയോഗം നിർബന്ധമല്ലാതാക്കി. പ്രതിരോധ കുത്തിവയ്‌പിൽ കൈവരിച്ച ഗണ്യമായ പുരോഗതിയും കോവിഡ്‌ നിയന്ത്രണവിധേയമാണെന്ന വിലയിരുത്തലുമാണ്‌ ഈ നടപടിക്ക്‌ ആധാരം. രോഗം ആദ്യം പിടിമുറുക്കിയ മറ്റ്‌ രാഷ്ട്രങ്ങളും ഇതേ പാതയിലാണ്‌. ലോകജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുനിൽക്കുന്ന ഇന്ത്യക്ക്‌ ആശ്വാസത്തിന്റെ നാളുകൾ ഇനിയും അകലെയാണെന്ന സൂചനയാണ്‌ ഓരോ ദിവസവും പുറത്തുവരുന്നത്‌. ഇന്ത്യക്ക്‌ ആസൂത്രിതവും സമഗ്രവുമായ ഒരു രോഗപ്രതിരോധ പദ്ധതിയില്ലെന്നത്‌ കേവലം രാഷ്ട്രീയാരോപണമല്ല. രാജ്യം ഭരിക്കുന്ന സർക്കാരിന്റെ നയരാഹത്യത്തിനുനേരെ ഉയരുന്ന കടുത്ത വിമർശമാണ്‌ അത്‌.

രാജ്യത്തെ കോവിഡ്‌ പ്രതിരോധത്തിന്റെ ചുക്കാൻപിടിക്കുന്ന സമിതിയിൽനിന്ന്‌ പ്രമുഖ വൈറോളജിസ്റ്റ്‌ ഡോ. ഷാഹിദ് ജമീൽ രാജിവച്ചത്‌ ഉന്നതങ്ങളിലെ ഏകോപനമില്ലായ്‌മയാണ്‌ കാണിക്കുന്നത്‌. വൈറസ്‌ വകഭേദങ്ങളെ കണ്ടെത്താൻ കേന്ദ്ര സർക്കാർ നിയോഗിച്ച ഉപദേശക സമിതി (ഇൻസകോഗ്‌) തലവനാണ്‌ അശോക യൂണിവേഴ്‌സിറ്റിയിലെ ത്രിവേദി സ്‌കൂൾ ഓഫ്‌ ബയോസയൻസ്‌ ഡയറക്ടറായ ഡോ. ഷാഹിദ് ജമീൽ. നേരത്തേ ഹെപ്പറ്റൈറ്റിസ്‌ ഇ വൈറസുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ചുമതല വഹിച്ചിരുന്നു. ഇന്ത്യൻ സാർസ്-കോവി- 2 ജെനോമിക്‌സ് ലാബുകളുടെ കൺസോർഷ്യമാണ്‌ ഇൻസകോഗ്‌. രാജ്യത്തെ പത്ത്‌ ദേശീയ ലാബിൽ കൊറോണ വൈറസിന്റെ ജനിതകമാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തി റിപ്പാർട്ട്‌ സമർപ്പിക്കാൻ പ്രത്യേകമായി രൂപീകരിച്ച പദ്ധതിക്കാണ്‌ പാതിവഴിയിൽ നാഥനെ നഷ്ടപ്പെട്ടത്‌. സർക്കാരിന്റെ കോവിഡ്‌ നയങ്ങളിലുള്ള വിയോജിപ്പാണ്‌ ഡോ. ഷാഹിദിന്റെ രാജിയിലൂടെ പുറത്തുവരുന്നത്‌. കോവിഡിന്റെ രണ്ടാംവരവിനെക്കുറിച്ച്‌ മാർച്ചിൽ മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ നടപടി എടുത്തില്ലെന്ന്‌ ഷാഹിദ് ജമീൽ തുറന്നടിച്ചു.

മനുഷ്യരാശിക്കുതന്നെ ഭീഷണിയായ മഹാരോഗത്തെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിൽ തുടക്കത്തിൽത്തന്നെ പിഴച്ച മോഡി സർക്കാരാണ്‌ രാജ്യം ഇന്ന്‌ എത്തിനിൽക്കുന്ന പരിതാപകരമായ അവസ്ഥയ്‌ക്ക്‌ കാരണക്കാർ. പ്രസംഗംമാത്രം കലയാക്കിയ പ്രധാനമന്ത്രി പ്രായോഗിക പ്രവർത്തനങ്ങൾക്ക്‌ പ്രാധാന്യം കൽപ്പിക്കുന്നില്ല. കിണ്ണംമുട്ടിയും ടോർച്ചടിച്ചും ചാണകംപുരട്ടിയും കോവിഡിനെ തുരത്താമെന്ന്‌ കരുതിയവർ ഇനിയെങ്കിലും ഉണർന്ന്‌ പ്രവർത്തിക്കണം. രോഗം പൊട്ടിപ്പുറപ്പെട്ടിട്ട്‌ ഒന്നരവർഷമാകുമ്പോഴും ഓക്‌സിജൻ കിട്ടാതെ പിടഞ്ഞുമരിക്കുന്നവർ അനുദിനം വർധിക്കുകയാണ്‌.

ആവശ്യത്തിന്‌ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻപോലും ആലോചനയില്ലാതെ പോയത്‌ യാദൃച്ഛികമല്ലെന്ന്‌ വാക്‌സിൻ കാര്യത്തിൽ സ്വീകരിച്ച നിലപാടുകളിൽനിന്ന്‌ വ്യക്തമാകും. വാക്‌സിനേഷനുവേണ്ടി നീക്കിവച്ച 35,000 കോടി രൂപ എങ്ങനെ ചെലവഴിച്ചു എന്നറിയാൻ ജനത്തിന്‌ അവകാശമുണ്ട്‌. രണ്ട്‌ സ്വകാര്യ സ്ഥാപനത്തിലേക്ക്‌ ഇന്ത്യയിലെ വാക്‌സിൻ ഉൽപ്പാദനം ചുരുക്കുകയും തുടക്കത്തിൽ ഇഷ്ടംപോലെ കയറ്റുമതിക്ക്‌ അവർക്ക്‌ അവസരം നൽകുകയും ചെയ്‌തതിന്‌ എന്ത്‌ ന്യായീകരണമാണുള്ളത്‌. സാർവത്രികവും സൗജന്യവുമായ വാക്‌സിൻ എന്ന നയം തിരുത്തി, സംസ്ഥാനങ്ങൾ കൂടിയ വിലകൊടുത്ത്‌ വാങ്ങണം എന്ന്‌ പ്രധാനമന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിച്ചു. വിലകൊടുത്താലും ഇപ്പോൾ വാക്‌സിൻ കിട്ടാനില്ല. വിദേശത്തുനിന്ന്‌ വരുത്താൻ ആഗോള ടെൻഡർ വിളിച്ചിരിക്കുകയാണ്‌ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ. ഇതൊന്നും ചെയ്യാനല്ലെങ്കിൽ എന്തിനാണ്‌ ഒരു ദേശീയ സർക്കാർ എന്ന ചോദ്യമാണ്‌ ഉയരുന്നത്‌.

മിക്ക സംസ്ഥാനങ്ങളും ഇപ്പോൾ ലോക്‌ഡൗണിലാണെങ്കിലും ജനങ്ങളുടെ ജീവിതമെങ്ങനെ എന്ന ചിന്ത കേന്ദ്രസർക്കാരിനില്ല. കഴിഞ്ഞവർഷം ഘട്ടംഘട്ടമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ശതകോടികളുടെ പാക്കേജിൽ സാധാരണക്കാർക്ക്‌ എന്തുകിട്ടിയെന്ന്‌ അന്വേഷിക്കേണ്ടതാണ്‌. ഇക്കാര്യത്തിൽ നിർമല സീതാരാമന്റെ ഭർത്താവും പ്രമുഖ ധനശാസ്‌ത്രജ്ഞനുമായ പരകാല പ്രഭാകർതന്നെ സർക്കാരിന്റെ മുഖംമൂടി വലിച്ചുകീറി. ഇത്തവണയാകട്ടെ പാക്കേജും പ്രഖ്യാപനങ്ങളും കാണാനുമില്ല. പെട്രോൾവില ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. ഗ്രാമങ്ങൾ കോവിഡിന്റെ പിടിയിൽ അമർന്നു. ഇവിടങ്ങളിലെ മരണം ഒരു കണക്കിലും പെടുന്നില്ല. മൃതദേഹങ്ങൾ സംസ്‌കരിക്കാൻപോലും സാധിക്കാതെ നദികളിലേക്ക്‌ വലിച്ചെറിയപ്പെടുന്നു. ഇതാണ്‌ ഇന്ത്യയുടെ യഥാർഥ ചിത്രം. ഈ ദുരവസ്ഥയ്‌ക്ക്‌ കാരണം സർക്കാരിന്റെ അലംഭാവമാണെന്ന്‌ ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതിനുപോലും തുറന്നുപറയേണ്ടിവന്നു.

അടുത്ത ദിവസങ്ങളിൽ രോഗനിരക്ക്‌ കുറയുകയാണന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദം മുഖവിലയ്‌ക്കെടുക്കാൻ വിദഗ്‌ധർ തയ്യാറാകുന്നില്ല. കണക്കുകളിലെ പൊരുത്തക്കേടും മരണസംഖ്യ മറച്ചുവയ്‌ക്കുന്നതും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ മാധ്യമങ്ങളും ഉയർത്തിക്കാട്ടുന്നുണ്ട്‌. രോഗനിയന്ത്രണത്തിനുള്ള കർശനമായ നടപടി ശക്തമായി തുടർന്നാലേ നല്ല ഫലം പ്രതീക്ഷിക്കാനാകൂ. ഇതിന്‌ കേന്ദ്രസർക്കാർ ഫലപ്രദമായി ഇടപെടണം. തൊഴിലും വരുമാനവും നഷ്ടപ്പെട്ട സാധാരണക്കാരെ സംരക്ഷിക്കുന്നതിന്‌ സംസ്ഥാനങ്ങളെ തുണയ്‌ക്കണം. പര്യാപ്‌തമായ ചികിത്സാസൗകര്യങ്ങളും സാർവത്രിക വാക്‌സിനേഷനും ദേശീയനയമായി അംഗീകരിക്കണം. അതിനായി സംസ്ഥാനങ്ങളെ ശാക്തീകരിക്കണം. ജനങ്ങളോടുള്ള ഈ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെയുള്ള റേഡിയോ, ടെലിവിഷൻ ബോധവൽക്കരണങ്ങൾ അർഥശൂന്യമാണ്‌. ഡോ. ഷാഹിദ് ജമീലിന്റെ രാജി നൽകുന്ന മുന്നറിയിപ്പും അതുതന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top