29 March Friday

സ്വാതന്ത്യ്രദിന സന്ദേശത്തിനും വിലക്ക്

വെബ് ഡെസ്‌ക്‌Updated: Friday Aug 18, 2017

രാജ്യം സ്വാതന്ത്യ്രത്തിന്റെ 70-ാംവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍തന്നെയാണ് സ്വാതന്ത്യ്രഹത്യയുടെ ഞെട്ടിക്കുന്ന വാര്‍ത്തയും ശ്രവിക്കേണ്ടിവന്നത്. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് സ്വാതന്ത്യ്രദിനത്തില്‍ ദൂരദര്‍ശനിലൂടെയും ആകാശവാണിയിലൂടെയും സ്വാതന്ത്യ്രദിനസന്ദേശം നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയെന്നതാണ് ആ വാര്‍ത്ത. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ സ്വാതന്ത്യ്രദിനസന്ദേശം പ്രക്ഷേപണം ചെയ്യുന്നത് വിലക്കുന്നത്. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നടത്തിയ സ്വാതന്ത്യ്രദിനപ്രസംഗമെന്ന പേരിലുള്ള രാഷ്ട്രീയപ്രസംഗം അതേപടി സംപ്രേഷണം ചെയ്യാന്‍ ഒരുമടിയും കാട്ടാത്ത ദൂരദര്‍ശനും ആകാശവാണിയുമാണ് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ സ്വാതന്ത്യ്രദിനസന്ദേശത്തെ സെന്‍ഷര്‍ഷിപ്പിന് വിധേയമാക്കിയത്.

അടിയന്തരാവസ്ഥക്കാലത്തുപോലും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് മോഡിസര്‍ക്കാരിന്റെ കാലത്ത് നടക്കുന്നത്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നയങ്ങളോട് യോജിക്കാത്ത പലകാര്യവും പ്രസംഗത്തിലുണ്ടെന്നതിനാലാണ് വിലക്ക്. അവ തിരുത്തിയാല്‍മാത്രമേ പ്രസംഗം സംപ്രേഷണം ചെയ്യാനാകൂ എന്നാണ് അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാല്‍, ഇതിന് വഴങ്ങാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. അതുകൊണ്ടുതന്നെ സ്വാതന്ത്യ്രദിനസന്ദേശത്തിന് സംപ്രേഷണ സ്വാതന്ത്യ്രം ലഭിച്ചതുമില്ല. 

ചൊവ്വാഴ്ച രാവിലെ 6.30ന് സംപ്രേഷണം ചെയ്യുന്നതിന് റെക്കോഡ് ചെയ്ത ആറു മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള സന്ദേശമാണ് മോഡിസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് തടഞ്ഞത്. പ്രസാര്‍ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി കൂടിയാലോചന നടത്തിയെന്നും ഡല്‍ഹിയിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രക്ഷേപണം തടഞ്ഞതെന്നും പ്രസാര്‍ഭാരതിക്കുകീഴിലുള്ള ദൂരദര്‍ശനും ആകാശവാണിയും വ്യക്തമാക്കുകയും ചെയ്തു. ഡല്‍ഹിയില്‍ എടുത്ത തീരുമാനമെന്നാല്‍ മോഡിസര്‍ക്കാര്‍ എടുത്ത തീരുമാനം എന്നര്‍ഥം.

രണ്ടു ദശാബ്ദമായി ത്രിപുരയുടെ ഭരണം നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയാണ് മണിക് സര്‍ക്കാര്‍. അദ്ദേഹത്തിന്റെ പ്രസംഗ പ്രക്ഷേപണം തടഞ്ഞത്, ഭരണഘടന സംസ്ഥാന സര്‍ക്കാരുകള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും നല്‍കുന്ന അധികാരങ്ങളില്‍ കൈകടത്തലല്ലാതെ മറ്റൊന്നുമല്ല. രാജ്യത്തിന്റേത് ഒരു യൂണിറ്ററി ഭരണഘടനയല്ല, മറിച്ച് ഫെഡറല്‍ ഭരണഘടനയാണ്. കേന്ദ്രത്തിന് ചില അധികാരങ്ങള്‍ ഉള്ളതുപോലെതന്നെ സംസ്ഥാനങ്ങള്‍ക്കും പല സവിശേഷ അധികാരങ്ങളുമുണ്ട്. പ്രധാനമന്ത്രിക്ക് ഔദ്യോഗികമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയകാഴ്ചപ്പാട് മുന്നോട്ടുവയ്ക്കാനുള്ള സ്വാതന്ത്യ്രംപോലെതന്നെ മുഖ്യമന്ത്രിമാര്‍ക്കും അതിനുള്ള അധികാരമുണ്ട്. പ്രധാനമന്ത്രി മോഡിക്ക് പ്രതിപക്ഷത്തെ മുഴുവന്‍ അഴിമതിക്കാരാണെന്നും മറ്റും പറഞ്ഞ് അധിക്ഷേപിക്കാമെങ്കില്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അവരുടെ രാഷ്ട്രീയകാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കാനുള്ള എല്ലാ സ്വാതന്ത്യ്രവുമുണ്ട്. മണിക് സര്‍ക്കാര്‍ തന്റെ പ്രസംഗത്തിലൂടെ ചെയ്തതും അതുതന്നെയാണ്. അതിന് വിലക്ക് ഏര്‍പ്പെടുത്തിയത് ത്രിപുരയിലെ ജനങ്ങളെ അവഹേളിക്കുന്നതിനുസമമാണ്. 

ഗോരക്ഷയുടെ പേരില്‍ ഇന്ത്യയിലെങ്ങും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളെയും ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളെയും സ്വാതന്ത്യ്രദിന സന്ദേശത്തില്‍ മണിക് സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു. കോളനി മേധാവികളായ ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തും ദേശവിരുദ്ധശക്തികളുമായി സഹകരിച്ചും സ്വാതന്ത്യ്രസമരത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവരുടെ പിന്‍ഗാമികളാണ് ഇന്ന് സ്വാതന്ത്യ്രസമരകാലത്ത് ഉയര്‍ത്തിപ്പിടിച്ച ലക്ഷ്യങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും വിരുദ്ധമായി സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മാത്രമല്ല, ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവിതദുരിതം വര്‍ധിപ്പിക്കുന്ന മോഡിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെയും മണിക് സര്‍ക്കാര്‍ വിമര്‍ശിച്ചു. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനുള്ള പദ്ധതികളാണ് ത്രിപുര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അതുവഴി രാജ്യത്തിന് ബദല്‍മാര്‍ഗമാണ് ത്രിപുര മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് മോഡിയെ ചൊടിപ്പിച്ചത്. പ്രതിപക്ഷശബ്ദങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന ഈ രീതി രാജ്യം സ്വേച്ഛാധിപത്യത്തിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ ലക്ഷണമാണ്. 

ഇതിന് മറുവശംകൂടിയുണ്ട്. പ്രസാര്‍ഭാരതിയുടെ സ്വയംഭരണവും മോഡിസര്‍ക്കാരിന്റെ കീഴില്‍ ഇല്ലാതാവുകയാണെന്ന് ഈ സംഭവം വെളിപ്പെടുത്തുന്നു. 20 വര്‍ഷങ്ങള്‍ക്കുമുമ്പാണ് പ്രസാര്‍ഭാരതിക്കും അതിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശനും ആകാശവാണിക്കും പരിമിതമെങ്കിലും സ്വയംഭരണാധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. എന്നാല്‍, മൂന്നുവര്‍ഷം മുമ്പ് മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പരിമിതമായ സ്വയംഭരണംപോലും ജലരേഖയായി. ആര്‍എസ്എസ് മേധാവിയുടെ വിജയദശമി പ്രഭാഷണം ദൂരദര്‍ശനും മറ്റും സംപ്രേഷണം ചെയ്തു. ബിജെപി അധ്യക്ഷന്‍ വിളിച്ചുചേര്‍ത്ത എഡിറ്റര്‍മാരുടെ യോഗത്തില്‍ പ്രസാര്‍ഭാരതിയുടെ സിഇഒ പങ്കെടുത്തു. പൊതുസംപ്രേഷകന്‍ എന്ന നിലയില്‍നിന്ന് സര്‍ക്കാര്‍ സംപ്രേഷകനായി ദൂരദര്‍ശനും ആകാശവാണിയും മാറി. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ ജിഹ്വയായി ഈ മാധ്യമങ്ങളും മാറാന്‍ ആരംഭിച്ചു. ആ മാറ്റത്തിന് ആക്കംകൂട്ടുന്ന നടപടിയാണ് മണിക് സര്‍ക്കാറിന്റെ പ്രസംഗത്തിന് അനുമതി നിഷേധിച്ച സംഭവം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top