25 April Thursday

ട്രംപിനെതിരെ ലോകം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2017

അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറിയതോടെ അമേരിക്കയില്‍ മാത്രമല്ല ലോകമെമ്പാടും ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധപ്രകടനങ്ങള്‍ നടന്നുവരികയാണ്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിനെതിരെ ഇത്രയും ശക്തമായ പ്രതിഷേധം അലയടിക്കുന്നത്. സ്ത്രീകളാണ് ഈ പ്രതിഷേധത്തിന്റെ മുന്‍നിരയിലുള്ളത്. വരാനിരിക്കുന്ന നാളുകള്‍ അശാന്തമായിരിക്കുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് ഇത് നല്‍കുന്നത്. 

തീവ്രവലതുപക്ഷ ദേശീയവാദിയും സ്ത്രീവിരുദ്ധനും വംശീയ- വര്‍ണ വിവേചനത്തിന്റെ പതാകവാഹകനുമായ ട്രംപ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക- സൈനിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്റാകുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് ലോകമെങ്ങുമുള്ള ജനാധിപത്യ സ്നേഹികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ട്രംപിന്റെ രാഷ്ട്രീയം വിജയിക്കുന്നത് സാധാരണ ജനങ്ങളുടെ സൈര്വജീവിതം അസാധ്യമാക്കുമെന്ന ഭീതിയാണ് ഈ പ്രതിഷേധങ്ങള്‍ക്കു പിന്നിലുള്ളത്.

തെരഞ്ഞെടുപ്പു പ്രചാരണവേളയിലേതുപോലെ സങ്കുചിത ദേശീയവാദത്തിലൂന്നുന്ന പ്രസംഗമാണ് അധികാരമേറ്റതിനുശേഷവും ട്രംപ് നടത്തിയത്. പ്രചാരണവേളയില്‍നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് ട്രംപ് ദേശീയ അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷ തകര്‍ക്കുന്നതായിരുന്നു ഉദ്ഘാടന പ്രസംഗം.

അധികാരമൊഴിയുന്ന പ്രസിഡന്റ് ബറാക് ഒബാമ ഉള്‍പ്പെടെയുള്ളവരുടെ സേവനങ്ങമെള ഓര്‍മിക്കാന്‍പോലും വിസമ്മതിച്ച ട്രംപ് 'അമേരിക്കയെ ഒന്നാമതാക്കു'മെന്നും ഇസ്ളാമിക ഭീകരവാദത്തില്‍നിന്ന് ലോകത്തെ മോചിപ്പിക്കുമെന്നും ആവര്‍ത്തിച്ചു. അധികാരമേറ്റ ഉടന്‍ ട്രംപ് ഒബാമകെയര്‍ ആരോഗ്യപദ്ധതിയില്‍നിന്ന് പിന്‍വാങ്ങുകയും വൈറ്റ്ഹൌസ് വെബ്സൈറ്റില്‍നിന്ന് സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെക്കുറിച്ചും കാലാവസ്ഥാമാറ്റത്തെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയുംചെയ്തു. ലോകത്തെ ആണവയുദ്ധത്തിലേക്ക് നയിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തെക്കുറിച്ചും ട്രംപ് വാചലനായി. മാത്രമല്ല, ഇസ്രയേല്‍ അനുകൂല നയം ശക്തമായി തുടരുമെന്ന സന്ദേശം നല്‍കി പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹുമായും ട്രംപ് സംസാരിക്കുകയുംചെയ്തു.

ചൈനാവിരുദ്ധ നീക്കവും ശക്തമാക്കി. ഇതെല്ലാം നല്‍കുന്ന സൂചന മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങാന്‍ ട്രംപ് മടിക്കില്ലെന്നാണ്. സമാധാനപ്രിയര്‍ മാത്രമല്ല, കമ്പോളശക്തികളും ട്രംപ് അധികാരമേറിയതോടെ ആശങ്കയിലാണ്. സ്വതന്ത്ര കമ്പോളനയത്തിനു പകരം സംരക്ഷണവാദമാണ് ട്രംപ് ഉയര്‍ത്തുന്നത്. മുതലാളിത്ത ദുഷ്പ്രഭുത്വത്തിന്റെ പ്രതീകമായി ട്രംപ് മാറിയിരിക്കുകയാണ്. ക്ഷേമരാഷ്ട്രത്തിന്റെയും മറ്റും മുഖംമൂടി അഴിച്ചുവച്ച് നഗ്നമായ ജനവിരുദ്ധനയങ്ങളുമായി ട്രംപ് നീങ്ങുമെന്ന് ഉറപ്പാണ്. ഇതാണ് ജനരോഷം ആളിക്കത്തിക്കുന്നത്.    

അമേരിക്കയിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ അണിനിരന്ന പ്രതിഷേധപ്രകടനങ്ങളാണ് നടക്കുന്നത്. അമേരിക്കയിലെ അഞ്ഞൂറോളം നഗരത്തില്‍ ചെറുതും വലുതുമായ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ചിക്കാഗോ, ലോസ് ആഞ്ചലസ് തുടങ്ങി എല്ലാ പ്രധാനനഗരങ്ങളിലും ജനങ്ങള്‍ സ്വമേധയാ ട്രംപ് വിരുദ്ധ പ്രകടനങ്ങളില്‍ പങ്കാളികളായി.

അമേരിക്കയില്‍മാത്രമല്ല, യൂറോപ്പിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയലും ഏഷ്യയിലും പ്രകടനങ്ങള്‍ നടന്നു. ലണ്ടന്‍, വിയന്ന, ബര്‍ലിന്‍, പാരീസ്, റോം, ജനീവ, ആംസ്റ്റര്‍ഡാം, ടോക്യോ, മനില, സിഡ്നി, നൈറോബി തുടങ്ങി ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍ നടന്നു.  തലസ്ഥാനമായ വാഷിങ്ടണില്‍മാത്രം അഞ്ചുലക്ഷം പേരാണ് ട്രംപ് വിരുദ്ധ പ്രകടനത്തില്‍ പങ്കെടുത്തത്. ട്രംപിന്റെ സത്യപ്രതിജ്ഞാചടങ്ങിന് രണ്ടരലക്ഷംമാത്രമാണ് പങ്കെടുത്തിരുന്നത്. അതിന്റെ ഇരട്ടിയിലധികം പേര്‍ അതേ നഗരത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ അണിനിരന്നുവെന്നത് ശ്രദ്ധേയമാണ്. ന്യൂയോര്‍ക്കില്‍ അഞ്ചുലക്ഷവും ചിക്കാഗോയില്‍ രണ്ടര ലക്ഷവും പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നു.

ജനരോഷം ഉയര്‍ന്നതോടെ അത് അടിച്ചമര്‍ത്താനുള്ള നീക്കവും അമേരിക്കന്‍ ഭരണകൂടം ആരംഭിച്ചു.  പ്രകടനങ്ങള്‍ നിരോധിക്കാനും അതില്‍ പങ്കെടുത്തവരെ ശിക്ഷിക്കാനുമുള്ള നിയമനിര്‍മാണങ്ങളുമായി പല സംസ്ഥാനങ്ങളും രംഗത്തുവന്നു. വാഷിങ്ടണ്‍, നോര്‍ത്ത് ഡക്കോട്ട, മിനസോട്ട, മിഷിഗണ്‍, ഇയോവ തുടങ്ങിയ സംസ്ഥാനങ്ങളാണ് പൌരാവകാശങ്ങളെ ചവിട്ടിമെതിക്കുന്ന നിയമനിര്‍മാണവുമായി രംഗത്തെത്തുന്നത്.   പൊതുഗതാഗതം തടസ്സപ്പെടുത്തി നടക്കുന്ന പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് 10,000 ഡോളര്‍ പിഴ ചുമത്തുന്ന നിയമമാണ് മിനസോട്ടയില്‍ കൊണ്ടുവരുന്നത്. നോര്‍ത്ത് ഡക്കോട്ടയിലാകട്ടെ കാടന്‍നിയമനിര്‍മാണത്തിനാണ് അരങ്ങൊരുങ്ങുന്നത്.

നിയമവിരുദ്ധമായി നടക്കുന്ന പ്രകടനങ്ങളിലേക്ക് വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവര്‍മാര്‍ക്ക് നിയമസംരക്ഷണം നല്‍കുന്ന നിയമനിര്‍മാണത്തെക്കുറിച്ചാണ് ആലോചന നടക്കുന്നത്.  ഈ രണ്ട് സംസ്ഥാനങ്ങളിലും പൌരാവകാശങ്ങളെ ഹനിക്കുന്ന നിയനിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത് ട്രംപ് പ്രതിനിധാനംചെയ്യുന്ന റിപ്പബ്ളിക്കന്‍ പാര്‍ടിയാണ്.

വാഷിങ്ടണ്‍ അധികാരികളുടെ ബ്യൂറാക്രാറ്റിക് ഭരണത്തില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കുമെന്നു പ്രഖ്യാപിച്ച ട്രംപ്തന്നെയാണ് പ്രതിഷേധങ്ങളെ ചോരയില്‍മുക്കിക്കൊല്ലാനുള്ള നിയമനിര്‍മാണവുമായി രംഗത്തുവരുന്നത്. വലതുപക്ഷ ജനപ്രിയതയുടെ യഥാര്‍ഥ ജനവിരുദ്ധ മുഖമാണ് അധികാരമേറി ഒരാഴ്ചപോലും തികയുന്നതിനുമുമ്പ് ട്രംപ് കാണിക്കുന്നത്. പ്രതിഷേധത്തിന്റെ ആഴവും പരപ്പും വര്‍ധിക്കാനേ ഇത് സഹായിക്കൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top