29 March Friday

ആശങ്ക പടർത്തി സ്ഥിരവാസ സർട്ടിഫിക്കറ്റ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020


ജമ്മു കശ്‌മീരിൽ സ്ഥിരവാസ(ഡൊമിസൈൽ) സർട്ടിഫിക്കറ്റ്‌ വിതരണം വ്യാഴാഴ്‌ച ആരംഭിച്ചു. മെയ്‌ 18ന്‌ ഡൊമിസൈൽ നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തതോടെയാണ്‌ ജമ്മു കശ്‌മീർ വാസികളല്ലാത്തവർക്കും സ്ഥിരവാസ സർട്ടിഫിക്കറ്റ്‌ നൽകാൻ തുടങ്ങിയത്‌. ബിഹാറുകാരനായ ഐഎഎസ്‌ ഉദ്യോഗസ്ഥൻ നവീൻ കുമാർ ചൗധരിക്കാണ്‌ ജമ്മുവിൽവച്ച്‌ ആദ്യത്തെ സ്ഥിരവാസ സർട്ടിഫിക്കറ്റ്‌ നൽകിയത്‌. ചൗധരിക്കൊപ്പം 25000 പേർക്കും സ്ഥിരവാസ സർട്ടിഫിക്കറ്റ്‌ നൽകുകയുണ്ടായി. പഞ്ചാബിൽനിന്ന്‌ വർഷങ്ങൾക്കുമുമ്പ്‌ കുടിയേറിയ വാല്‌മീകി സമുദായത്തിൽ പെട്ടവർക്കും സ്ഥിരവാസ സർട്ടിഫിക്കറ്റ്‌  ലഭിക്കുകയുണ്ടായി. മൊത്തം 33157 പേരാണ്‌ ഇതുവരെയായി അപേക്ഷിച്ചിട്ടുള്ളത്‌. അതിൽ 720 പേർ മാത്രമാണ്‌ കശ്‌മീരിൽനിന്ന്‌ അപേക്ഷിച്ചിട്ടുള്ളത്‌‌. ബാക്കിയെല്ലാവരും ജമ്മുവിൽ നിന്നുള്ളവരാണ്‌. ജമ്മു കശ്‌മീരിന്റെ ജനസംഖ്യാക്രമത്തിൽ സമൂലമായ മാറ്റം വരുത്താനുതകുന്നതാണ്‌ സംസ്ഥാനത്തിന്‌ പുറത്തുള്ളവർക്ക്‌ സ്ഥിരവാസ സർട്ടിഫിക്കറ്റ്‌ നൽകാനുള്ള തീരുമാനം. പുതുതായി സർട്ടിഫിക്കറ്റ്‌ ലഭിക്കുന്നവർക്ക്‌ സംസ്ഥാനത്ത്‌ തുടർന്നും താമസിക്കാമെന്ന്‌ മാത്രമല്ല സ്വത്ത്‌ സമ്പാദിക്കാനും ജോലി നേടാനും വിദ്യാഭ്യാസം നേടാനും സാധിക്കും. ആഗസ്‌ത്‌ അഞ്ചിന്‌ ഭരണഘടനയിലെ 370 ഉം 35 എ വകുപ്പും റദ്ദാക്കിയതോടെയാണ്‌ സ്ഥിരവാസനിയമത്തിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാരിന്‌ വഴിയൊരുങ്ങിയത്‌.

ജമ്മു കശ്‌മീരിന്‌ പ്രത്യേക അവകാശം നൽകുന്ന 370, 35 എ വകുപ്പനുസരിച്ച്‌ 1954 മെയ്‌ 10ന്‌ പത്ത്‌ വർഷംമുമ്പ്‌ സംസ്ഥാനത്ത് ‌താമസിക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്‌ മാത്രമേ സ്ഥിരവാസ സർട്ടിഫിക്കറ്റ്‌ ലഭിക്കുകയുള്ളു. അല്ലാത്തവർക്ക്‌ സ്ഥിരവാസ സർട്ടിഫിക്കറ്റ്‌ ലഭിക്കാത്തതുകൊണ്ട്‌ തന്നെ സ്വത്ത്‌‌ സമ്പാദിക്കാനോ സ്‌കൂളുകളിൽ പ്രവേശനം നേടാനോ ജോലി നേടാനോ സാധിക്കുമായിരുന്നില്ല. ജമ്മുവിലെ മുസ്ലിം ഇതരവിഭാഗങ്ങളും പണ്ഡിറ്റുകളുമായിരുന്നു 1950 കളിൽ സ്ഥിരവാസ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കണമെന്ന്‌ വാദിച്ചിരുന്നത്‌. എന്നാൽ, ജമ്മു കശ്‌മീരിന്റെ ജനസംഖ്യാക്രമത്തിൽ മാറ്റംവരുത്തി സംസ്ഥാനത്ത്‌ മുസ്ലിങ്ങൾക്കുള്ള ജനസംഖ്യാധിപത്യം ഇല്ലാതാക്കുക എന്നത്‌ ആർഎസ്‌എസിന്റെ രാഷ്ട്രീയപദ്ധതിയായിരുന്നു. (രാജ്യത്ത്‌ മുസ്ലിം ഭൂരിപക്ഷമായ ഏക സംസ്ഥാനമാണ്‌ ജമ്മു കശ്‌മീർ.)


 

ജനസംഘസ്ഥാപകനായ ശ്യാമപ്രസാദ്‌ മുഖർജിമുതൽ സംഘപരിവാർ ഇതിനായി ശ്രമം നടത്തിയിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ്‌ ജമ്മു കശ്‌മീരിനുള്ള പ്രത്യേക പദവി റദ്ദു ചെയ്യാൻ മോഡി–അമിത്‌ ഷാ കൂട്ടുകെട്ട്‌ തയ്യാറായത്‌. പുതിയ സ്ഥിരവാസ നിയമ ചട്ടമനുസരിച്ച്‌ 15 വർഷം സംസ്ഥാനത്ത്‌ താമസിച്ച ആർക്കും സ്ഥിരവാസ സർട്ടിഫിക്കറ്റ്‌ ലഭിക്കും. സംസ്ഥാനത്തുള്ള 28 ലക്ഷം വരുന്ന അതിഥിത്തൊഴിലാളികളിൽ 18 ലക്ഷത്തിനെങ്കിലും ഇതിന്റെ നേട്ടം ലഭിക്കുമെന്നാണ്‌ കേന്ദ്ര സർക്കാരിന്റെ വാദം. അതോടൊപ്പം പടിഞ്ഞാറൻ പാകിസ്ഥാനിലെ സിയാൽകോട്ട്‌ ജില്ലയിൽനിന്ന്‌ വിഭജനകാലത്ത്‌ ഇന്ത്യയിലെത്തിയവർക്ക്‌ പൗരത്വം നൽകുകയെന്നതും കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമായിരുന്നു. ഏഴ്‌ വർഷം സംസ്ഥാനത്ത്‌ പഠിച്ചവരും പത്താം ക്ലാസ്‌, പ്ലസ്‌ ടു പരീക്ഷകൾ പാസാകുകയോ ചെയ്‌തവർക്കും പത്ത്‌ വർഷം സംസ്ഥാനത്ത്‌ സർവീസ്‌ ചെയ്‌ത കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾക്കും സ്ഥിരവാസ സർട്ടിഫിക്കറ്റ്‌ ലഭിക്കുമെന്നും പുതിയ നിയമം പറയുന്നു.

സ്ഥിരവാസ സർട്ടിഫിക്കറ്റ്‌ നൽകാൻ തുടങ്ങിയെങ്കിലും നിയമം സംബന്ധിച്ച അവ്യക്തതകൾ തുടരുകയാണ്‌. 15 വർഷം തുടർച്ചയായി താമസിക്കണമെന്നുണ്ടോ അതോ പല ഘട്ടങ്ങളിലായി താമസിച്ചവർക്കും സർട്ടിഫിക്കറ്റ്‌ ലഭിക്കുമോ, ഏഴ്‌ വർഷം പഠിക്കുകയും പത്താംക്ലാസ്‌, പ്ലസ്‌ ടു പരീക്ഷകളിൽ തോൽക്കുകയും ചെയ്‌താൽ സർട്ടിഫിക്കറ്റിന്‌ അർഹതയുണ്ടോ, അതുമല്ല അപേക്ഷ നൽകുന്നതിന്‌ എന്തെങ്കിലും കാലപരിധിയുണ്ടോ ഏഴുവർഷം സർവീസ്‌ നടത്തിയ ഉദ്യോഗസ്ഥരുടെ മക്കൾക്ക്‌ സ്ഥിരവാസ സർട്ടിഫിക്കറ്റ്‌ നൽകുമ്പോൾ ഇവരുടെ സർവീസ്‌ തുടർച്ചയായി വേണമെന്നുണ്ടോ തുടങ്ങി നിരവധി സംശയങ്ങളാണ്‌ ഉയരുന്നത്‌. ഇതിനൊന്നിനും വ്യക്തമായ ഉത്തരം നൽകാൻ അധികൃതർക്ക്‌ കഴിഞ്ഞിട്ടില്ല. ജമ്മു കശ്‌മീരിന്റെ പ്രത്യേക അവകാശങ്ങളും വ്യക്തിത്വവും തകർക്കാനുള്ള തിടുക്കത്തിൽ നിയമനിർമാണത്തിൽപോലും സൂക്ഷ്‌മത പുലർത്താൻ കേന്ദ്രം തയ്യാറായിട്ടില്ല എന്ന്‌ വ്യക്തമാകുകയാണ്‌.

കശ്‌മീരിനെ ലക്ഷ്യമിട്ടാണ്‌ പുതിയ സ്ഥിരവാസ നിയമം കൊണ്ടുവന്നതെങ്കിലും അവിടെ കൂടുതൽ ആളുകൾ സ്ഥിരവാസ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നില്ല. ഇതിന്‌ പ്രധാനകാരണം തീവ്രവാദികളും മറ്റും ഉയർത്തുന്ന ഭീഷണിയാണ്‌. സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ ആരെങ്കിലും താഴ്‌വരയിൽ സ്ഥിരതാമസത്തിനായി വന്നാൽ അവരെ സിവിലിയന്മാരായല്ല മറിച്ച്‌ ആർഎസ്‌എസ്‌ ഏജന്റാണെന്ന്‌ കരുതി നേരിടുമെന്ന്‌ ലഷ്‌കർ ഇ തോയ്‌ബയുമായി ബന്ധമുള്ള പ്രതിരോധ മുന്നണി ഭീഷണി മുഴക്കുന്നതായി സുരക്ഷ ഏജൻസികൾ തന്നെ പറയുന്നു. അതിനാൽ ജമ്മുവിലാണ്‌ അപേക്ഷകൾ ഏറെയും ലഭിക്കുന്നത്‌. അതായത്‌ ജമ്മുവിന്റെ ജനസംഖ്യാക്രമത്തിലാണ്‌ വലിയ മാറ്റം വരാൻ പോകുന്നത്.‌ ഇത്‌ ജമ്മുവിലെ ജനങ്ങൾക്കിടയിൽ വലിയ ആശങ്കയും ഭീതിയും ഉയർത്തുകയാണെന്ന്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിയിലും സ്ഥലവാസികൾക്ക്‌ ഇതുവരെ ലഭിച്ചിരുന്ന സംരക്ഷണം ഇല്ലാതാകുന്നതും വലിയ പ്രതിഷേധമാണ്‌ ക്ഷണിച്ചുവരുത്തുന്നത്‌. തന്ത്രപ്രധാനമായ സംസ്ഥാനത്ത്‌ ജനകീയ അസംതൃപ്‌തി വളർത്തുംവിധം കേന്ദ്രം ഇടപെടുന്നത്‌ രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top