25 April Thursday

നായകളെ പഴിക്കാതെ നമുക്ക്‌ മനുഷ്യരാകാം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 14, 2022

സഹസ്രാബ്ദങ്ങൾക്കുമുമ്പേ, ഇതിഹാസങ്ങൾ പിറക്കുംമുമ്പേ, മനുഷ്യന്റെ വിശ്വസ്‌ത കൂട്ടുകാരായ ജന്തുക്കളാണ്‌ നായകൾ. മനുഷ്യനും നായകളും തമ്മിലുള്ള ബന്ധത്തിന്റെ പഴക്കം കാണിക്കുന്ന 8000 വർഷം മുമ്പുള്ള ശിലാചിത്രങ്ങൾ സൗദി അറേബ്യയിലുണ്ട്‌. ഹോമോസാപ്പിയൻസായ നമ്മുടെ അതിജീവനത്തിനുപോലും നായകളുടെ സഹായമുണ്ടായിട്ടുണ്ട്‌ എന്നാണ്‌ ഗവേഷകരുടെ കണ്ടെത്തൽ. നമ്മളേക്കാൾ ശക്തരായിരുന്ന മുൻഗാമികളായ നിയാണ്ടർതാൽ മനുഷ്യർ ഭൂമിയിൽ ഇല്ലാതായതിന്‌ ഒരുകാരണം അവർക്ക്‌ നായകളെപ്പോലെ വിശ്വസ്‌തരായ സഹായികളില്ലാതിരുന്നതാണത്രെ. നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ച്‌ ഇണക്കി പരിശീലിപ്പിച്ച്‌ നമുക്ക്‌ ചെയ്യാനാകാത്ത പലതും നായകളെക്കൊണ്ട്‌ ചെയ്യിക്കാം എന്നതാണ്‌ അവയെ മനുഷ്യന്‌ ഏറ്റവും പ്രിയങ്കരരാക്കുന്നത്‌. അതിനാവശ്യമായ കഴിവുകളുള്ളതുകൊണ്ടാണ്‌ മറ്റൊരു ജന്തുവിനും ലഭിച്ചിട്ടില്ലാത്ത തരത്തിൽ നമ്മുടെ പൊലീസ്‌ സേനകളിൽപ്പോലും നായകൾക്ക്‌ പദവികൾ നൽകുന്നത്‌. എന്നാൽ, ഇന്ന്‌ തെരുവിൽ അലഞ്ഞുതിരിഞ്ഞ്‌ അക്രമകാരികളായി ചാടിവീഴുന്ന നായകൾ നമ്മുടെ പേടിസ്വപ്‌നമായിരിക്കുകയാണ്‌.

ആരെയും പേടിപ്പിക്കുന്നതാണ്‌ തെരുവുനായപ്രശ്‌നത്തിന്റെ കണക്കുകൾ. ഈവർഷം ആദ്യ ആറുമാസത്തിനിടെമാത്രം കേരളത്തിൽ 1,83,931 പേർക്കാണ്‌ നായയുടെ കടിയേറ്റത്‌. അതിൽ 21 പേർ മരിച്ചു. മരിച്ചവരിൽ വാക്‌സിനെടുത്ത ചിലരുമുണ്ട്‌. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇരുനൂറിലധികമാളുകൾ കേരളത്തിൽ നായകടിയേറ്റ്‌ മരിച്ചിട്ടുണ്ട്‌. ആറുവർഷത്തിനിടെ നായകടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികമാണ്‌. എന്നാൽ, അവരിൽ 62 പേർ മാത്രമാണ്‌(0.006ശതമാനം) മരിച്ചത്‌ എന്നാശ്വസിക്കാം. ദേശീയതലത്തിൽ നായകടിയേൽക്കുന്നവരുടെയും അതുമൂലം മരിക്കുന്നവരുടെയും എണ്ണവും ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മെച്ചപ്പെട്ടതാണിത്‌. മലയാളിയുടെ ബോധനിലവാരവും കേരളത്തിൽ ലഭ്യമായ ആധുനിക ചികിത്സാ സൗകര്യങ്ങളും പരിചരണവും മറ്റുമാണ്‌ നമുക്ക്‌ രക്ഷയാകുന്നത്‌. എങ്കിലും അങ്ങനെ ആശ്വസിച്ച്‌ അലംഭാവം കൊള്ളാൻ അനുവദിക്കുന്നതല്ല പ്രശ്‌നം. വ്യക്തിയുടെയും സമൂഹത്തിന്റെയും വളർച്ചയ്‌ക്ക്‌ സുരക്ഷിതമായ തെരുവുകളും അത്യാവശ്യമാണ്‌.

എന്താണ്‌ ഈ പ്രശ്‌നത്തിന്റെ കാതൽ? എന്താണ്‌ അതിന്‌ പരിഹാരം? തെരുവിൽ കാണുന്ന നായകളെയൊക്കെ കൊന്നൊടുക്കിയാൽ പരിഹാരമാകുമോ? അങ്ങനെ നായകളെ ഇല്ലാതാക്കുന്നത്‌ പ്രായോഗികമാണോ? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം തേടുമ്പോൾ നാം ചെന്നെത്തുന്നത്‌ കേവലം പ്രയോജനവാദികളായി മാറിക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ ദുരയിൽത്തന്നെയാണ്‌. ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും, വയസ്സായ അച്ഛനമ്മമാരെപ്പോലും തെരുവിലെറിയാൻ മടിയില്ലാത്ത ആളുകളുള്ള ലോകത്ത്‌ നായകൾക്കെന്ത്‌ വില? തെരുവിൽ മാലിന്യം വലിച്ചെറിയുന്ന അതേ സമൂഹവിരുദ്ധ മനോഭാവത്തോടെ നമ്മൾ വയസ്സായ വളർത്തുനായകളെയും പൂച്ചകളെയും തെരുവിൽ ഉപേക്ഷിക്കുന്നു. വീടുകളിൽനിന്ന്‌ നമ്മൾ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും അറവുശാലകളിൽനിന്നുള്ള അവശിഷ്ടങ്ങളും മറ്റും ഉപേക്ഷിക്കപ്പെടുന്ന തെരുവുനായകൾക്ക്‌ പെരുകാനാവശ്യമായ ആവാസവ്യവസ്ഥയൊരുക്കുന്നു. ഇത്തരത്തിൽ പെരുകുന്ന നായ്‌ക്കൂട്ടങ്ങൾ ജനത്തിരക്കേറിയ നഗരങ്ങളിലും പട്ടണങ്ങളിലും പലയിടത്തും മനുഷ്യരെ, വിശേഷിച്ച്‌ സ്‌ത്രീകളെയും കുട്ടികളെയും ഭയത്തിലാഴ്‌ത്തുന്നു.
ഇത്‌ നീക്കി ജനങ്ങൾക്ക്‌ സുരക്ഷിതത്വബോധം പകരാൻ സംസ്ഥാന സർക്കാർ സമഗ്രമായ നടപടികളാണ്‌ ആവിഷ്‌കരിച്ചിട്ടുള്ളത്‌. ഷെൽട്ടറുകൾ സ്ഥാപിച്ച്‌ മുഴുവൻ തെരുവുനായകളെയും പുനരധിവസിപ്പിക്കാനും അതിവേഗം സമയബന്ധിതമായി അവയ്‌ക്ക്‌ വാക്‌സിൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്‌. നായകടിയേറ്റ്‌ മരിച്ചവരിലും കൂടുതലാളുകൾ തെരുവുനായകൾമൂലം റോഡപകടങ്ങളിൽ മരിക്കുന്നുണ്ടാകും. അതിനാൽ അവയുടെ പുനരധിവാസം പ്രധാനമാണ്‌. തെരുവുനായകളെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നവർക്ക്‌ സർക്കാർ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്‌. വളർത്തുനായ കടിച്ചാലും മരിക്കാമെന്നതിനാൽ അവയ്ക്കും വാക്സിനേഷൻ നൽകണം.

മൃഗസംരക്ഷണവകുപ്പിന്റെ സഹകരണത്തോടെ തദ്ദേശസ്ഥാപനങ്ങൾ വഴിയാണ്‌ വാക്‌സിനേഷനും പുനരധിവാസവും നടത്തുക. നേരത്തേ കുടുംബശ്രീ സംവിധാനം ഉപയോഗിച്ച്‌ സർക്കാർ തെരുവുനായകൾക്ക്‌ വാക്‌സിനേഷൻ നൽകിവന്നിരുന്നെങ്കിലും അത്‌ കഴിഞ്ഞവർഷം ഹൈക്കോടതി തടയുകയായിരുന്നു. തെരുവുനായപ്രശ്‌നം സംബന്ധിച്ച്‌ സുപ്രീംകോടതിയിലുള്ള കേസിൽ ഈ വിലക്ക്‌ നീക്കണമെന്നും കേരളം ആവശ്യപ്പെടുന്നുണ്ട്‌. തെരുവുനായനിയന്ത്രണത്തിന്‌ വെറ്ററിനറി സയൻസ്‌ വിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്തി കൂടുതൽ അനിമൽ ബെർത്ത്‌ കൺട്രോൾ കേന്ദ്രങ്ങൾ തുറക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌.
തെരുവുനായഭീതിയിൽനിന്ന്‌ കേരളത്തെ രക്ഷിക്കാൻ കക്ഷിരാഷ്‌ട്രീയഭേദമില്ലാതെ സമൂഹം ഒറ്റമനസ്സോടെ ഈ ശ്രമങ്ങളോട്‌ സഹകരിക്കണം. അതേസമയം, ഇന്ത്യക്കാകെ മാതൃകയായ പരിഷ്‌കൃതസമൂഹം എന്ന നിലയിൽ മാനുഷികത ഉയർത്തിപ്പിടിക്കണം. ചിലയിടങ്ങളിൽ സംഭവിക്കുന്നതുപോലെ ഉത്തരവാദിത്വബോധമില്ലാതെ തെരുവിൽ നായകളെ കൊന്നിടുന്നതുപോലുള്ള വൈകാരിക പ്രതികരണങ്ങൾ ഒഴിവാക്കണം. വീട്ടുമാലിന്യങ്ങളും അത്‌ തിന്നാനെത്തുന്ന ജന്തുക്കളുമില്ലാത്ത സുന്ദരമായ തെരുവുകൾ നമുക്കൊരുക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top