13 July Saturday

പ്രകൃതി ദുരന്തങ്ങൾ കേരളത്തിന്‌ മുന്നറിയിപ്പോ

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021


ലോകത്താകമാനം കാലാവസ്ഥ മാറിമറിയുകയാണ്‌.  അപ്രതീക്ഷിതവും അസാധാരണവുമായ രീതിയിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന്‌ ഐക്യരാഷ്ട്രസംഘടന രൂപീകരിച്ച ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ്‌ചേഞ്ച്‌ (ഐപിസിസി) ജൂലൈയിൽ പുറത്തിറക്കിയ പഠന റിപ്പോർട്ട്‌ വ്യക്തമാക്കിയിരുന്നു.  മിന്നൽ പ്രളയം, അപ്രതീക്ഷിത പേമാരി, വെള്ളപ്പൊക്കം,  ഉഷ്‌ണക്കാറ്റ്‌,  കാട്ടുതീ, കടൽക്കയറ്റം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്‌. ആഗോളതലത്തിലാകെ ആശങ്കപടർത്തിയിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം  കേരളത്തെയും ബാധിച്ചെന്നുവേണം കരുതാൻ. തുടർച്ചയായ നാലാംവർഷമാണ്‌ അപ്രതീക്ഷിതമായ പ്രകൃതി ദുരന്തങ്ങൾ  സംസ്ഥാനത്തെ പിടിച്ചുലയ്‌ക്കുന്നത്‌.

കഴിഞ്ഞ ദിവസം പൊടുന്നനെ ഉണ്ടായ അതിതീവ്ര മഴയിൽ  കോട്ടയം, ഇടുക്കി, പത്തനംതിട്ട  ജില്ലകളിൽ  വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി.  കോട്ടയം, ഇടുക്കി ജില്ലകളിലായി  20 പേർ മരിച്ചു.  2 പേരെ കാണാതായി. നിരവധി വീടുകൾ തകർന്നു.  തെക്കൻ കേരളത്തിലെ മറ്റ്‌ ജില്ലകളിലും കെടുതികളുണ്ടായി. പെട്ടെന്നുണ്ടായ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി ഇടപെട്ടു. ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള  തിരച്ചിൽ പ്രതികൂല കാലാവസ്ഥയിലും  പൊലീസ്‌, അഗ്നിശമനസേന, ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിൽ ഉടൻ ആരംഭിക്കാനായി. ഒപ്പം കേന്ദ്രസേനയുടെ സഹായവും തേടി. നൂറിലേറെ ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു. ദുരിതാശ്വാസ ക്യാമ്പുകൾ കോവിഡ്‌ മാനദണ്ഡമനുസരിച്ച്‌ പ്രവർത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക നിർദേശം നൽകി. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനും ക്യാമ്പിൽ കഴിയുന്നവർക്ക്‌ അടിയന്തരസഹായം എത്തിക്കാനും കലക്ടർമാരോട്‌ നിർദേശിച്ചു.  

പ്രകൃതി ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിക്കുകയാണ്‌.  മുമ്പും  പ്രളയങ്ങളും മണ്ണിടിച്ചിലും മറ്റ്‌  ദുരന്തങ്ങളും ഉണ്ടായിരുന്നു.  എന്നാൽ, 2018 മുതലുണ്ടായ  പ്രളയവും ദുരന്തങ്ങളും അസാധാരണമായ സംഭവങ്ങളാണ്‌.  ദിവസങ്ങളോളം  മഴ പെയ്‌തതിന്റെ ഫലമായിട്ടായിരുന്നു മുമ്പൊക്കെ വെള്ളപ്പൊക്കവും കെടുതികളും. എന്നാൽ, ഇപ്പോൾ പൊടുന്നനെയാണ്‌ ദുരന്തങ്ങൾ.  ഒരു നൂറ്റാണ്ടിനുശേഷം കേരളം കണ്ട മഹാപ്രളയമായിരുന്നു 2018ൽ. മധ്യകേരളത്തിലെ ആറ്‌ ജില്ലയെ പിടിച്ചുലച്ച പ്രളയത്തിന്‌ പ്രധാന കാരണം പെട്ടെന്നുണ്ടായ അതിശക്തമായ മഴയായിരുന്നു. 2018, 2019 വർഷങ്ങളിലെ പെരുമഴയ്‌ക്കും കാരണം മേഘ വിസ്‌ഫോടനങ്ങളാണെന്ന്‌ കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയും വിവിധ ഏജൻസികളും സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.  ഒരു പ്രദേശത്ത്‌ ഏതാനും മണിക്കൂറുകൾക്കകം 10 മുതൽ 20 സെന്റിമീറ്റർവരെ മഴ പെയ്യുന്നതാണ്‌ മിന്നൽ പ്രളയത്തിന്‌ കാരണമാകുന്നത്‌.  ഹിമാലയൻ മേഖലയിൽ  ഇടയ്‌ക്ക്‌ ഇത്തരത്തിലുള്ള മഴ ദുരന്തങ്ങൾ  സൃഷ്ടിക്കാറുണ്ടെങ്കിലും കേരളത്തിൽ ഇത്‌ സാധാരണമായിരുന്നില്ല.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഒരേസമയം  രൂപംകൊണ്ട ന്യൂനമർദങ്ങളാണ്‌ ഇപ്പോൾ കേരളത്തിൽ ലഭിച്ച ശക്തമായ മഴയ്‌ക്ക്‌ കാരണം. കേരളത്തിൽ വെള്ളപ്പൊക്കമുണ്ടാകുന്നത്‌ ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിലാണ്‌.  2018ലും 2019ലും പ്രളയമുണ്ടായത്‌ ആഗസ്‌തിലായിരുന്നു.  തുലാവർഷത്തിൽ വലിയതോതിലുള്ള വെള്ളപ്പൊക്കവും ദുരന്തങ്ങളും കുറവാണ്‌. എന്നാൽ, അപൂർവ സ്ഥിതിവിശേഷമാണ്‌ ഇത്തവണ തുലാമാസാരംഭത്തിൽ ഉണ്ടായത്‌.  കവളപ്പാറ,  പുത്തുമല, പെട്ടിമുടി ദുരന്തങ്ങൾക്ക്‌ സമാനമാണ്‌ കോട്ടയം കൂട്ടിക്കൽ, ഇടുക്കി കൊക്കയാർ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായത്‌. വൻനാശം വിതച്ച പെരുമഴയ്‌ക്കും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായത്‌ ലഘു മേഘവിസ്‌ഫോടനങ്ങളാകാമെന്നാണ്‌ വിദഗ്‌ധർ വിലയിരുത്തുന്നത്‌.  തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ കേരളത്തിന്‌ വലിയൊരു മുന്നറിയിപ്പാണ്‌.  കാലാവസ്ഥയെയും പാരിസ്ഥിതിക ദുരന്തസാധ്യതകളെയും പഠിച്ച്‌  വിലയിരുത്തി അതിനനുസരിച്ചുള്ള വികസന, രക്ഷാ പദ്ധതികൾക്ക്‌ രൂപം കൊടുക്കേണ്ടതിന്റെ മുന്നറിയിപ്പ്‌. കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട് എവിടെ, എന്തൊക്കെ അപകടങ്ങൾക്ക്‌ സാധ്യതയുണ്ടെന്ന്‌ തിരിച്ചറിഞ്ഞ്‌ അതിനെ നേരിടാൻ ആസൂത്രിതമായ പദ്ധതികൾക്ക്‌ തുടക്കം കുറിക്കാനുമാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top