26 April Friday

ബ്രസീലിലെ രാഷ്ട്രീയ അട്ടിമറി

വെബ് ഡെസ്‌ക്‌Updated: Monday Sep 5, 2016

ലാറ്റിനമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവ് സൃഷ്ടിച്ച്് ബ്രസീലിലെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയായ ദില്‍മ റൂസേഫിനെ ഉപരിസഭയായ സെനറ്റ് ഇംപീച്ച് ചെയ്തു. 61ന് എതിരെ 20 വോട്ടിനാണ് ഇടതുപക്ഷ വര്‍ക്കേഴ്സ്പാര്‍ടി നേതാവ് ദില്‍മയെ സെനറ്റ് കുറ്റവിചാരണ നടത്തി പുറത്താക്കിയത്. ഇതോടെ 13 വര്‍ഷത്തെ തുടര്‍ച്ചയായ വര്‍ക്കേഴ്സ് പാര്‍ടി ഭരണത്തിന് അന്ത്യമായി. വലതുപക്ഷ ബ്രസീലിയന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് പാര്‍ടി (പിഎംഡിബി) നേതാവും ആക്ടിങ് പ്രസിഡന്റുമായ മൈക്കിള്‍ ടെമര്‍ പ്രസിഡന്റായി അധികാരമേറ്റു.  2014ല്‍ രണ്ടാമതും പ്രസിഡന്റായ ദില്‍മയുടെ കാലാവധി തീരുന്ന 2018 വരെ അധികാരത്തില്‍ തുടരാന്‍ മൈക്കിള്‍ ടെമര്‍ക്ക് കഴിയും. തെരഞ്ഞെടുക്കപ്പെടാതെ 'പാര്‍ലമെന്ററി അട്ടിമറിയിലൂടെ'യാണ് ടെമര്‍ പ്രസിഡന്റായത്.  പുരുഷന്മാരും വെള്ളക്കാരും മാത്രമുള്ള മന്ത്രിസഭയാണ് ടെമര്‍ രൂപം നല്‍കിയിട്ടുള്ളത്. സ്ത്രീവിദ്വേഷികളുടെയും വര്‍ണവെറിയന്മാരുടെയും അട്ടിമറിയാണ് ബ്രസീലില്‍ നടന്നതെന്നും ദില്‍മ കുറ്റപ്പെടുത്തി.  തെരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ടെമറെ 'കൈയേറ്റക്കാരന്‍' എന്നാണ് ദില്‍മ വിളിച്ചത്. 1985ല്‍ ജനാധിപത്യരാഷ്ട്രമായ ബ്രസീലില്‍ കുറ്റവിചാരണയിലൂടെ പുറത്താകുന്ന രണ്ടാമത്തെ പ്രസിഡന്റാണ് ദില്‍മ. 1992ല്‍ പുറത്താക്കപ്പെട്ട കോളര്‍ ഡി മെല്ലോയാണ് അഴിമതിയില്‍ കുടുങ്ങി ആദ്യം കുറ്റവിചാരണയിലൂടെ പുറത്താക്കപ്പെട്ടത്.  

ബജറ്റ് കണക്കില്‍ കൃത്രിമം കാട്ടിയെന്ന ബാലിശമായ കാരണം ഉയര്‍ത്തിയാണ് ദില്‍മയെ വലതുപക്ഷം പുറത്താക്കിയത്. അഴിമതിയാരോപണമല്ല മറിച്ച് പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്കായി പണം വകമാറ്റി ചെലവാക്കിയെന്നതാണ് ദില്‍മയ്ക്കെതിരായ ആരോപണം. 'സാമ്പത്തിക ഉത്തരവാദിത്തം കാട്ടിയില്ലെന്ന' കുറ്റമാണ് ദില്‍മയ്ക്കെതിരെ ഉയര്‍ന്നതെന്നര്‍ഥം. എന്നാല്‍, 'ഓപ്പറേഷന്‍ കാര്‍ വാഷ്' എന്ന പേരില്‍ അന്വേഷണം നേരിടുന്ന പെട്രോബ്രാസ് അഴിമതിക്കേസില്‍ (പൊതുമേഖലാ എണ്ണക്കമ്പനിയാണ് പെട്രോബ്രാസ്) പെട്ടവരാണ് ദില്‍മയ്ക്കെതിരെ ആരോപണവുമായി രംഗത്തുവന്നതെന്നതാണ് ഏറെ രസകരം. ദില്‍മയെ പുറത്താക്കി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ടെമര്‍ക്കെതിരെ പൊതുമേഖലാസ്ഥാപനമായ ഇലക്ട്രോ ന്യൂക്ളിയറിന്റെ കരാറുമായി ബന്ധപ്പെട്ട് മൂന്നുലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണമുണ്ട്. മാത്രമല്ല, ദില്‍മയുടെ വൈസ് പ്രസിഡന്റായിരിക്കെ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെല്ലാംതന്നെ അമേരിക്കന്‍ ഇന്റലിജന്‍സിന് ചോര്‍ത്തുന്ന ചാരനാണ് എന്ന ആരോപണവും ടെമര്‍ക്കെതിരെയുണ്ട്. 

ദില്‍മയെ ഇംപീച്ച്മെന്റ് ചെയ്യുന്നതിന് ഡിസംബറിലാണ് അധോസഭയായ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസില്‍ വോട്ടെടുപ്പ് നടന്നത്. ഈ സഭയുടെ അധ്യക്ഷന്‍ എഡ്വാര്‍ഡോ കുന്‍ഹയ്ക്ക് വന്‍ തുകയുടെ അനധികൃത നിക്ഷേപം സ്വിസ് ബാങ്കില്‍ കണ്ടെത്തുകയുണ്ടായി. ദശലക്ഷക്കണക്കിന് ഡോളര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണവും ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ചേംബര്‍ ഓഫ് ഡെപ്യൂട്ടീസില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്ന ബ്രൂണോ അരാഞ്ചോയാകട്ടെ പെട്രോബ്രാസ് അഴിമതിക്ക് പുറമെ റിയല്‍എസ്റ്റേറ്റ് ഭീമനില്‍നിന്ന് വന്‍ തുക കൈക്കൂലി വാങ്ങിയെന്ന ആരോപണവും നേരിടുകയാണ്. ദില്‍മയെ ഇംപീച്ച് ചെയ്ത സെനറ്റിന്റെ പ്രസിഡന്റ് റിനാം കാള്‍ഹിരോസിനെതിരെയും ഒമ്പത് കള്ളപ്പണക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദില്‍മയ്ക്കെതിരെ വോട്ട് ചെയ്ത കോണ്‍ഗ്രസിലെ 539 അംഗങ്ങളില്‍ 60 ശതമാനം പേരും അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്നവരാണെന്ന് 'ഗ്ളോബ് ആന്‍ഡ് മെയില്‍' ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച വലതുപക്ഷ പ്രതിപക്ഷമാണ് വ്യക്തിപരമായി ഒരു അഴിമതിയും നടത്താത്ത ദില്‍മയെ അധികാരത്തില്‍ അഴിമതിയാരോപിച്ച് പുറത്താക്കിയത്. 

ദില്‍മയുടെ ഭരണത്തെ ബ്രസീലിലെ വലതുപക്ഷവും അമേരിക്കയും എണ്ണക്കമ്പനികളും കുത്തക മാധ്യമങ്ങളും (ഒ ഗ്ളോബോ പോലുള്ളവ) നവലിബറല്‍ ശക്തികളും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. ലൂയിസ് ഇനാസിയു ലുല ഡാ സില്‍വയുടെയും തുടര്‍ന്ന് ദില്‍മയുടെയും ഭരണകാലത്ത് നിരവധി ക്ഷേമപരിപാടികളാണ് നടപ്പാക്കിയത്. ബോള്‍സ ഫാമിലിയ  എന്ന ദരിദ്ര കുടംബങ്ങള്‍ക്ക് നേരിട്ട് പണമെത്തിക്കലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദരിദ്ര കുടംബങ്ങളിലെ കുട്ടികള്‍ക്ക് സീറ്റ് സംവരണം ചെയ്തതും മറ്റും വലതുപക്ഷത്തെയും അവരെ പിന്തുണയ്ക്കുന്ന ബൂര്‍ഷ്വാ– ഭൂപ്രഭുവിഭാഗത്തെയും ചൊടിപ്പിച്ചിരുന്നു. പൊതുമേഖലയ്ക്ക് ഊന്നല്‍ നല്‍കിയതും പെട്രോബ്രാസ് എണ്ണക്കമ്പനി അമേരിക്കയിലെ ചെവ്റോണും എക്സണ്‍ മോബിലുമായ ബന്ധം ഉപേക്ഷിച്ച് ചൈനീസ് എണ്ണക്കമ്പനിയായ സിനൊപെക്കുമായി വാണിജ്യബന്ധത്തിലേര്‍പ്പെട്ടതും ഈ വിഭാഗത്തെ രോഷാകുലരാക്കിയിരുന്നു. അമേരിക്കയും വന്‍കിട ബിസിനസുകാരും ബ്രസീലിലെ സമ്പന്നവിഭാഗവും വലതുപക്ഷവും ചേര്‍ന്നാണ് ഈ അട്ടിമറി സംഘടിപ്പിച്ചതെന്ന് പകല്‍പോലെ വ്യക്തമാണ്.

ഈ വലതുപക്ഷ ഗൂഢാലോചനയ്ക്കെതിരെ ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ രോഷം പുകയുകയാണിപ്പോള്‍. ബൊളീവിയയും ഇക്വഡോറും വെനസ്വേലയും ബ്രസീലില്‍നിന്ന് സ്ഥാനപതിമാരെ പിന്‍വലിച്ചു. ബ്രസീല്‍ ഭരണ അട്ടിമറിയെ ശക്തമായി വിമര്‍ശിച്ച് ക്യൂബ രംഗത്തുവന്നു. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാഷ്ട്രമായ ബ്രസീല്‍ സാമൂഹ്യ– രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് ദില്‍മയുടെ പതനത്തിന് കാരണമായത്. ആ പ്രതിസന്ധി ഇപ്പോഴും ശക്തമായി തുടരുകയാണ്.  അതുകൊണ്ടുതന്നെ ടെമറിന് ഭരണം സുഗമമാകില്ലെന്ന് ബ്രസീലില്‍നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top