29 March Friday

കേരളം ഡിജിറ്റൽ സമത്വത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023


ഇന്ത്യക്ക്‌ മാതൃകയായ കേരളം മറ്റൊരു സാമൂഹ്യവിപ്ലവത്തിന്‌ തുടക്കംകുറിച്ചു. ഐടി രംഗത്ത്‌ ലോകം അതിവേഗം കുതിച്ചുകൊണ്ടിരിക്കുമ്പോൾ കേരളം ഡിജിറ്റൽ സമത്വത്തിലേക്ക്‌ നീങ്ങുന്നതിന്റെ ആദ്യ ചുവടുവയ്‌പാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച ഉദ്‌ഘാടനംചെയ്‌ത കെ ഫോൺ. ഇതോടെ സ്വന്തമായി ഇന്റർനെറ്റ്‌ സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി. സർക്കാർ ഓഫീസുകളിലും 20 ലക്ഷം ബിപിഎൽ കുടുംബത്തിനും സൗജന്യമായും മറ്റുള്ളവർക്ക്‌ സൗജന്യനിരക്കിലും ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകുന്ന ബൃഹത്തായ പദ്ധതിയാണിത്‌. 2000 പൊതു ഇടത്ത്‌ സൗജന്യ വൈഫൈയും ലഭ്യമാക്കും. 30,000 കിലോമീറ്റർ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല വഴിയാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌. 49 ശതമാനം വീതം ഓഹരി  കെഎസ്‌ഇബിക്കും കെഎസ്‌ഐടിഐ (കേരള സ്‌റ്റേറ്റ്‌ ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ്‌)ക്കും രണ്ടു ശതമാനം സംസ്ഥാന സർക്കാരിനുമുള്ള പദ്ധതിയാണിത്‌. ആദ്യ ഘട്ടത്തിൽ 14,000 വീടുകളിലും 30,000 ഓഫീസിലും സൗജന്യ കണക്‌ഷൻ നൽകിയാണ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചിരിക്കുന്നത്‌.

സമഗ്ര സാമൂഹ്യപുരോഗതിക്ക്‌ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന്‌ എൽഡിഎഫ്‌ സർക്കാർ 2017ൽ ആവിഷ്‌കരിച്ച പദ്ധതിയാണ്‌ യാഥാർഥ്യമാകുന്നത്‌. മഹാപ്രളയവും കോവിഡും നിശ്ചിത സമയത്ത്‌ പദ്ധതി പൂർത്തീകരിക്കാൻ തടസ്സമായെങ്കിലും നവകേരള സൃഷ്ടിക്കായുള്ള സർക്കാരിന്റെ ഇച്ഛാശക്തിയാണ്‌ പദ്ധതി നടപ്പാകുന്നതിലൂടെ വെളിവാകുന്നത്‌. വിജ്ഞാന സമ്പദ്‌‌വ്യവസ്ഥയുടെ കുതിപ്പിന്‌ സഹായകമാകുന്നതാണ്‌ സാർവത്രികമായ ഇന്റർനെറ്റ്‌ കണക്‌ടിവിറ്റി. ഉൾനാടൻ ഗ്രാമങ്ങളിൽപ്പോലും സ്റ്റാർട്ടപ്പുകളും മറ്റ്‌ ചെറുകിട സംരംഭങ്ങളും തുടങ്ങാനും അതുവഴി തൊഴിലവസരങ്ങളുടെ വേലിയേറ്റത്തിനും കാരണമാകുന്ന പദ്ധതിയാണ്‌ കേരളത്തിന്റെ സ്വന്തം കെ ഫോൺ.സർക്കാർ സേവനങ്ങൾ വാതിൽപ്പടിയിലെത്തുമെന്നതും നിസ്സാരമല്ല. ഇപ്പോൾത്തന്നെ എണ്ണൂറോളം സേവനങ്ങൾ ഓൺലൈനിലാണ്‌. കെ -ഫോൺ യാഥാർഥ്യമാകുന്നേതോടെ എല്ലാ സേവനത്തിനും ഒറ്റ സൈറ്റ്‌ എന്നതിലേക്ക്‌ കടക്കാനാകും.

വികസിത രാജ്യങ്ങളോട്‌ മത്സരിക്കാൻ ഇന്ത്യയിലെ ചെറു സംസ്ഥാനത്തെ പ്രാപ്‌തമാക്കുന്ന കെ ഫോൺ ലോക മാധ്യമങ്ങളുടെ ശ്രദ്ധ ഇതിനകം നേടിക്കഴിഞ്ഞു. കോർപറേറ്റുകൾ കൈയടക്കിവച്ചിരിക്കുന്ന ടെലികോം മേഖലയുടെ ജനകീയ ബദലാണ്‌ കെ ഫോൺ. ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം എത്താനാകാതെ നമ്മൾ പിന്തള്ളപ്പെട്ടു പോകരുതെന്ന ഇടതുപക്ഷത്തിന്റെ കൃത്യമായ കാഴ്‌ചപ്പാടാണ്‌ പദ്ധതി യാഥാർഥ്യമാകുന്നതിലൂടെ തെളിയുന്നത്‌. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും വസ്‌ത്രവും പാർപ്പിടവും ഉറപ്പാക്കാൻ ശ്രദ്ധിക്കുന്ന സർക്കാർ ജീവിതപുരോഗതിയുടെ അടിസ്ഥാന ആവശ്യമായി തീർന്ന ഇൻഫർമേഷൻ ടെക്‌നോളജിയും എല്ലാവർക്കും ലഭ്യമാക്കുന്ന സ്വപ്‌നപദ്ധതിയാണ്‌ യാഥാർഥ്യമായത്.

നിർഭാഗ്യമെന്നു പറയട്ടെ ഇതിനെ ഇകഴ്‌ത്തിക്കാണിക്കാനും തമസ്‌കരിക്കാനും നമ്മുടെ നാട്ടിലെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കിണഞ്ഞു ശ്രമിക്കുന്നതാണ് കുറച്ചു നാളായി നാം കാണുന്നത്. കടുത്ത ഇടതുപക്ഷ വിരോധവും അധികാര ദുരയുമാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നതെന്ന് അവർക്കൊഴികെ മറ്റെല്ലാവർക്കും അറിയാം. ലോക മാധ്യമങ്ങളിൽ ഇടംപിടിച്ച, വികസിത രാജ്യങ്ങളെപ്പോലും വിസ്മയിപ്പിച്ച പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ വാർത്ത എത്ര വിദഗ്ധമായാണ് പ്രമുഖ മാധ്യമങ്ങൾ മുക്കിയത്‌. എന്തിലും അഴിമതി ആരോപിച്ച്‌ സായൂജ്യമടയുന്ന മനോരോഗം പ്രതിപക്ഷത്തിനു തുടങ്ങിയിട്ട്‌ കുറച്ചായി. 1611 കോടിയുടെ പദ്ധതിയാണ്‌ ഇപ്പോൾ യാഥാർഥ്യമാകുന്നത്‌. പൂർണമായും സർക്കാർ മേഖലയിലുള്ള സ്ഥാപനങ്ങളെയാണ്‌ ഇതിന്റെ നടത്തിപ്പു ചുമതല ഏൽപ്പിച്ചിട്ടുള്ളത്‌. ഭാരത്‌ ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾ ഇതുമായി സഹകരിക്കുന്നു. പരിപാലന ചുമതലയാണ്‌ ഭാരത്‌ ഇലക്‌ട്രോണിക്സ്‌ ഏറ്റെടുത്തിട്ടുള്ളത്‌. പദ്ധതിയുടെ ആദ്യ ഭരണാനുമതിയിൽനിന്ന്‌ മാറി മുന്നൂറോളം കോടി അധികം നൽകിയെന്നാണ്‌ അഴിമതി ആരോപണം. 1028 കോടിക്ക്‌ ആദ്യം ഭരണാനുമതി നൽകിയത്‌ എങ്ങനെയാണ്‌ 1611 കോടി ആയെന്ന്‌ ചോദിക്കുന്നവർക്ക്‌ കൃത്യമായ മറുപടി കെ -ഫോൺ അധികൃതർ നൽകിയിട്ടുണ്ട്‌. പരിപാലനച്ചെലവ്‌ കൂടാതെയാണ്‌ പദ്ധതിക്ക്‌ ആദ്യം രൂപം നൽകിയത്‌. ഒരു വർഷത്തേക്ക്‌ 104 കോടി രൂപയാകുമെന്നാണ്‌ ഏകദേശം കണക്കാക്കിയത്‌. ഏഴു വർഷത്തേക്ക്‌ 728 കോടി കണക്കാക്കിയാണ്‌ അന്തിമാനുമതി. എന്നാൽ, ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ ഏഴുവർഷത്തേക്ക്‌ 428 കോടിമാത്രമാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. ഇതുവഴി 300 കോടിയോളം കുറയുകയാണുണ്ടായതെന്ന്‌ കമ്പനിയുടെ എംഡി ഡോ. സന്തോഷ്‌ ബാബുതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാലും ക്ഷീരമുള്ളോരകിടിൻ ചുവട്ടിൽ ചോരതന്നെ കൊതുകിന്‌ പഥ്യം എന്നു പറഞ്ഞതുപോലെ പ്രതിപക്ഷവും ചില മാധ്യമങ്ങളും അഴിമതി ആരോപണവുമായി നടക്കുകയാണ്‌. അവരുടെ കൈവശം തെളിവൊന്നും ഇല്ലതാനും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top