05 June Monday

100 കടന്ന്‌ ഡീസലും

വെബ് ഡെസ്‌ക്‌Updated: Saturday Oct 2, 2021


കേന്ദ്ര സർക്കാരിന്റെ ഇന്ധനവില കൂട്ടൽ ദിനചര്യ ഒരുമാറ്റവുമില്ലാതെ മുന്നേറുകയാണ്‌. അത്‌ ഇനിയും തുടരുമെന്നത്‌  ഉറപ്പാണെന്നാണ്‌ കാര്യങ്ങളുടെ പോക്ക്‌ നൽകുന്ന നിഷേധിക്കാനാകാത്ത സൂചന. ഇന്ത്യ-‐ പാകിസ്ഥാൻ അതിർത്തി തൊട്ടുനിൽക്കുന്ന   രാജസ്ഥാനിലെ ശ്രീ ഗംഗാ നഗറിൽ ഡീസൽവില 105 രൂപ കടന്നു.-- ഫെബ്രുവരിയിൽ രാജ്യത്ത് ആദ്യം പെട്രോൾവില സെഞ്ച്വറി അടിച്ചതും അവിടെയാണ്. വെള്ളിയാഴ്‌ച  പെട്രോൾ ലിറ്ററിന് 107. 22 രൂപയാണ്‌ ശ്രീ ഗംഗാ നഗറിൽ. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. പൊതുവിലക്കയറ്റവും കോവിഡ് പ്രതിസന്ധിയും തൊഴിലില്ലായ്‌മയും പലായനങ്ങളുമടക്കം ഒട്ടേറെ പ്രശ്‌നങ്ങൾ  രാജ്യ സമ്പദ്‌വ്യവസ്ഥയെയും ജനജീവിതത്തെയും വരിഞ്ഞുമുറുക്കുമ്പോഴാണ്‌ കീഴ്‌മേൽ നോക്കാതെ എണ്ണവില കുത്തനെ വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു മാസത്തിനിടെ മുപ്പത്തിനാലാം വട്ടം പെട്രോൾ വിലയും ഡീസലിന്റേത്‌ മുപ്പത്തിമൂന്നാം  തവണയും കൂട്ടുന്നത്ര ജനദ്രോഹപരമായിരുന്നു മോദിയുടെ നയങ്ങൾ.  പ്രകാശവേഗമുള്ള  എണ്ണവിലക്കയറ്റവും  തുടർന്നുണ്ടാകുന്ന  സമ്പദ്‌വ്യവസ്ഥയുടെ തളർച്ചയും സാധാരണക്കാരന്റെ അടുക്കളയിലാണ് ആദ്യം  പ്രതിഫലിക്കുക. കുട്ടികളിലെ പോഷകാഹാരക്കുറവ്‌ വലിയ ചർച്ചയായതും മറക്കാനാകില്ല. വരുമാന ശോഷണത്തിനിടയിലെ ഇന്ധനവിലവർധന സാധാരണക്കാരുടെ  കീശയിൽ ചോർച്ചയുണ്ടാക്കും.  അത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും.

മഹാഭൂരിപക്ഷം വരുന്ന അസംഘടിത തൊഴിലാളികൾ ആശ്രയിക്കുന്ന ഇരുചക്ര വാഹനമേഖല പറഞ്ഞറിയിക്കാനാകാത്ത പ്രതിസന്ധിയിലാണ്‌. പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ, സെയിൽസ് ഏജന്റുമാർ തുടങ്ങിയവരുടെ വരുമാനം ഗണ്യമായി തകർന്നു.  മുച്ചക്ര വാഹനമാശ്രയിച്ച്‌ ഉപജീവനം തേടുന്ന  ഡ്രൈവർമാരും അതിന്റെ ഇരകളാണ്‌. കാർഷിക മേഖലയിൽ ഡീസൽ ട്രാക്ടർ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ചാണ് കൃഷി എന്നതിനാൽ ആ വിഭാഗങ്ങൾക്കും നിവർന്നുനിൽക്കാനാകുന്നില്ല.  കേരളത്തിലും ഡീസൽ വില റെക്കോഡ് കടന്നിരിക്കുകയാണ്‌.  ഒക്ടോബർ  പകുതിക്കുമുമ്പേ 100 കടക്കുമെന്നാണ്  സൂചന. വെള്ളിയാഴ്‌ച   ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും കൂട്ടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുപിന്നാലെയാണ് ഇന്ധനവില വീണ്ടും ഉയർത്തിയത്. വിലക്കയറ്റത്തിൽ ഏതോ അദൃശ്യശക്തിയെയാണ്‌  കാവിപ്രചാരകർ പഴിക്കാറുള്ളത്‌.

അതിന്‌  യാഥാർഥ്യവുമായി ബന്ധമില്ല. അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയതുമുതൽ ഇന്ധനവില നിശ്‌ചലമായിനിന്നു. ഫലപ്രഖ്യാപനം വന്നതോടെ പതിവു പല്ലവി വീണ്ടും തുടങ്ങി. പെട്രോൾ-‐ ഡീസൽ ഉൽപ്പന്നങ്ങളുടെ വില കൂടിയാൽ വിലക്കയറ്റത്തോത് വർധിക്കുമെന്നത്‌ സാധാരണ സാമ്പത്തിക ശാസ്‌ത്രമാണ്‌. മൊത്ത‐ചില്ലറ  വിലസൂചികയിലും അത് പ്രതിഫലിക്കും. കാരണം, വിലക്കയറ്റത്തോത് കണക്കാക്കുന്ന രീതിശാസ്ത്രത്തിൽ  ഇന്ധനങ്ങളെ  ഉൾപ്പെടുത്തിയിട്ടുണ്ട്. അവയുടെ വില വർധിച്ചാൽ ഉടൻ ഗതാഗതച്ചെലവ് കൂടും. മിക്ക സാധനങ്ങളുടെയും കടത്തുകൂലിയും അതുവഴി വിലയും ഉയരും. ഭക്ഷ്യവസ്തുക്കൾ, വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്കെല്ലാം വില കൂടുന്ന ചിത്രമാണ് പൊതുവിൽ. കമ്പോളവിലയുടെ ചാഞ്ചാട്ടത്തിനനുസരിച്ച്‌ എണ്ണക്കമ്പനികൾക്ക്‌ വില നിർണയിക്കാമെന്നു വന്നതുമുതൽ ഇന്ത്യൻ ജനത ദുരിതങ്ങളുടെ കാണാക്കയത്തിലാണ്‌.

വിമാനയാത്രാ നിരക്കിൽ അടിച്ചേൽപ്പിക്കുന്ന  ഭീമ വർധന അമിതസ്വകാര്യവൽക്കരണത്തിന്റെ ഫലംകൂടിയാണ്‌. പ്രകൃതിവാതക വിലയും കഴിഞ്ഞ ദിവസം കുത്തനെ കൂട്ടി. വൈദ്യുതി, വളം, സിഎൻജി നിർമാണത്തിന്‌ ആവശ്യമായ പ്രകൃതിവാതക വില 62 ശതമാനമാണ്‌ ഒറ്റയടിക്ക്‌ കൂട്ടിയത്‌. ഇതേത്തുടർന്ന്‌ ഗാർഹികാവശ്യത്തിനുള്ള സിഎൻജി വില 10 ശതമാനം കൂടും. നഗരങ്ങളിൽ കോവിഡ്‌ വ്യാപനത്തിന്റെ കെടുതികൾപോലെ പ്രധാനമാണ്‌ തൊഴിലില്ലായ്‌മയെന്ന ‘ഇപ്‌സോസ്‌’ പ്രതിമാസ സർവേയും ശ്രദ്ധിക്കേണ്ടതുണ്ട്‌. കോവിഡ്‌ പ്രശ്‌നം അഞ്ചു ശതമാനം കുറഞ്ഞപ്പോഴും തൊഴിലില്ലായ്‌മ രണ്ടു ശതമാനം ഏറി. ഇത്രയും രൂക്ഷമായ ഇന്ധനവിലവർധന അടിച്ചേൽപ്പിക്കുമ്പോഴും മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്‌ നാണംകെട്ട അധികാര മത്സരങ്ങളിലും തെരുവുയുദ്ധത്തിലുമാണ്‌. മാധ്യമങ്ങളാകട്ടെ, കോർപറേറ്റ്‌ പ്രീണനമെന്ന തികഞ്ഞ നിരുത്തരവാദത്തിലും. ബഹുജന പ്രക്ഷോഭങ്ങൾക്ക്‌ തീകൊളുത്തി മാത്രമേ ഭരണവർഗ ധിക്കാരത്തെ നേരിടാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top