25 June Saturday

അനശ്വരനായ മഹാപ്രതിഭ

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020


ദ്യോഗോ അർമാൻഡോ മാറഡോണ –- പ്രതിഭയുടെ മഹാവിസ്‌ഫോടനത്താൽ ഫുട്‌ബോൾ ലോകത്തെ വിസ്‌മയിപ്പിച്ച ഇതിഹാസം. അപൂർവ സുന്ദരമായ പ്രകടനത്തിലൂടെ കോടിക്കണക്കിന്‌ ആളുകളെ അമ്പരപ്പിക്കുകയും ആരാധകരെ  ആനന്ദത്തിലാറാടിക്കുകയും ചെയ്‌ത കളിക്കാരൻ, കളിക്കളത്തിലും പുറത്തും വേറിട്ട നീക്കങ്ങളിലൂടെ ലോകത്തെ നടുക്കിയ വിവാദങ്ങളുടെ കൂട്ടുകാരൻ. വ്യക്തിജീവിതത്തിൽ തന്റേതായ ശരികളും രാഷ്‌ട്രീയ നിലപാടുകളും പുലർത്തിയ മനുഷ്യസ്‌നേഹി.

ഫുട്‌ബോളിനെ കലയും സൗന്ദര്യവുമായി വികസിപ്പിച്ച സമ്പൂർണനായ പ്രതിഭയാണ്‌ മാറഡോണ. പല നാദങ്ങൾ കോർത്തിണക്കി സിംഫണി തീർക്കുന്ന സംഗീതജ്ഞനെപ്പോലെ, ശരീര ചലനങ്ങളും സർഗശേഷിയും കൈമുതലാക്കി മൈതാനങ്ങളിൽ പന്തുകൊണ്ട്‌ പുതിയ സൗന്ദര്യലോകം സൃഷ്ടിച്ചു അദ്ദേഹം. മുമ്പ്‌ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആ മനോധർമ പ്രകടനത്തിന്റെ മനോഹാരിതയിൽ ആരാധകർ സ്വയം മറന്നു. ഫുട്‌ബോൾ കണ്ടിട്ടില്ലാത്തവർ പോലും കളിയുടെ ഇഷ്ടക്കാരായി. ആധുനിക ഫുട്‌ബോളിനെ ജനപ്രിയതയുടെ പുതിയ തലങ്ങളിലേക്ക്‌ മാറഡോണ നയിച്ചു. ലോകമെങ്ങും ഫുട്‌ബോളിന്റെ മറുവാക്കായി അദ്ദേഹം ആരാധിക്കപ്പെട്ടു. ആ മഹാപ്രകടനത്തിന്റെ ചിറകിൽ ആരാധകരുടെ ഇഷ്ട ടീമായി അർജന്റീന മാറി. മാറഡോണയുടെ അകാല വിയോഗം ഫുട്‌ബോൾ ലോകത്തിന്‌ തീരാനഷ്ടമാകുന്നതിന്‌ കാരണങ്ങൾ എത്രയെങ്കിലും പറയാനാകും.

എക്കാലത്തെയും മികച്ച ഫുട്‌ബോൾ കളിക്കാരനെന്ന് മാറഡോണയെ വിലയിരുത്തുന്നവരുണ്ട്‌. ഫുട്‌ബോൾ രാജാവ്‌ പെലെയുടെ പിൻഗാമിയാണോ താങ്കൾ എന്ന ചോദ്യത്തിന്‌, എനിക്ക്‌ ഞാനായിരിക്കാനാണ്‌ ‌താൽപ്പര്യമെന്ന്‌ മാറഡോണ നൽകിയ മറുപടി സ്വന്തം കഴിവുകളിലുള്ള ആത്മവിശ്വാസമാണ്‌.  നൈസർഗികമായ പ്രതിഭയും പാടവവുമാണ്‌ ഈ കളിക്കാരന്റെ അടിത്തറ. ബ്യൂണസ്‌ അയേഴ്‌സിലെ ചേരിപ്രദേശത്ത്‌ ദാരിദ്ര്യത്തോട്‌ പൊരുതിവളർന്ന ബാല്യം മൈതാനത്തെ വെല്ലുവിളികൾ സുധീരം നേരിടാനുള്ള കരുത്തുനൽകിയിരുന്നു. പന്തടക്കവും വേഗവും മെയ്‌വഴക്കവും ഞൊടിയിടയിൽ തീരുമാനമെടുക്കാനുള്ള കഴിവുമെല്ലാം ഒത്തിണങ്ങിയ കളിക്കാരൻ. അവയവമെന്നപോലെ പന്ത്‌ ആ ശരീരത്തിൽ ചേർന്നുനിന്നു. പന്തടക്കം അത്രയ്ക്കുണ്ടായിരുന്നു. എതിരാളികൾ കൂട്ടത്തോടെ പ്രതിരോധിക്കുമ്പോഴും ഒറ്റ വെട്ടിത്തിരിയലോ ചലനമോ കൊണ്ട്‌ ഗോളിലേക്ക്‌ വഴിതുറന്ന എണ്ണമറ്റ സന്ദർഭങ്ങൾ. അഞ്ചടി അഞ്ചിഞ്ച്‌ മാത്രം ഉയരമുള്ള ഈ മനുഷ്യനെ തടയാൻ ഫുട്‌ബോളിലെ പഴകിത്തേഞ്ഞ ആയുധങ്ങൾ മതിയായിരുന്നില്ല.


 

ടീം  ഗെയിമായ ഫുട്‌ബോളിനെ വ്യക്തിപരമായ മികവുകൊണ്ട്‌ പുതുക്കിപ്പണിതു മാറഡോണ. സ്വന്തം സാന്നിധ്യത്താൽ സഹ കളിക്കാരെ പ്രചോദിപ്പിക്കാനും മികവിലേക്ക്‌ ഉയർത്താനും അദ്ദേഹത്തിന്‌ അസാമാന്യസിദ്ധിയുണ്ട്‌. ബാല്യംമുതൽ കളിച്ച ടീമുകളെല്ലാം ആ സാന്നിധ്യത്താൽ പ്രചോദനമാർജിച്ചു. 1986ൽ ലോക കപ്പ്‌ നേടിയ അർജന്റീന ടീം ഇതിന്റെ മികച്ച ഉദാഹരണം‌. മാറഡോണയും ബുരുഷാഗയും പോലെ ഏതാനും പേരൊഴിച്ചാൽ ലോകോത്തര കളിക്കാരുടെ സംഘമൊന്നുമായിരുന്നില്ല അർജന്റീന. എന്നാൽ, മാറഡോണ പ്രഭ ചൊരിഞ്ഞപ്പോൾ ടീമെന്ന നിലയിൽ അർജന്റീന ഓരോ മത്സരത്തിലും മികവിലേക്കുയർന്നു. മാറഡോണ നേടിയ, വിവാദവും വിസ്‌മയവും സൃഷ്ടിച്ച വ്യത്യസ്‌തമായ രണ്ട്‌ ‌ഗോളിലൂടെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കിയതോടെ 1986ലെ ലോക കപ്പിൽ അർജന്റീന‌ അജയ്യ ടീമായി മാറി. ആ മത്സരത്തിലെ മാറഡോണയുടെ പ്രകടനം ലോകം ഒരിക്കലും അനുഭവിക്കാത്ത പ്രതിഭാസ്‌പർശവും പൂർണതയുമുള്ളതായിരുന്നു. ശരാശരി ടീമായിരുന്ന അർജന്റീന 1990ൽ ലോക കപ്പ്‌ ഫൈനലിൽ എത്തിയതും‌ ആ സാന്നിധ്യംകൊണ്ടു മാത്രം.

കളിയിലും ജീവിതത്തിലും മാറഡോണയുടെ തീരുമാനങ്ങൾ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു. പ്രൊഫഷണൽ ഫുട്‌ബോളിന്റെ ഭാഗമായിരിക്കുമ്പോഴും കളിയുടെ കച്ചവട താൽപ്പര്യങ്ങളോട്‌ അദ്ദേഹം കലഹിച്ചു.  റെക്കോഡ്‌ തുകയ്‌ക്ക്‌ സ്പാനിഷ്‌ ക്ലബ്ബായ ബാഴ്‌സലോണയിൽ എത്തിയെങ്കിലും അവിടത്തെ രീതികളിൽ അസംതൃപ്‌തനായിരുന്നു. താരതമ്യേന ദരിദ്രമായ നേപ്പിൾസിലെ നാപ്പോളി ക്ലബ്ബിലൂടെ ഇറ്റാലിയൻ ലീഗിലേക്ക്‌ മാറഡോണ മാറിയത്‌ ലോകത്തെ ഞെട്ടിക്കുക തന്നെ ചെയ്‌‌തു. ഇറ്റാലിയൻ ലീഗിൽ തരംതാഴ്‌ത്തൽ ഭീഷണിയിലായിരുന്ന നാപ്പോളി രണ്ടു തവണ ചാമ്പ്യന്മാരും യുവേഫ ജേതാക്കളുമായത്‌ മാറഡോണയുടെ മികവിലാണ്‌.

ലാറ്റിനമേരിക്കയുടെ സാമൂഹ്യ–-രാഷ്‌ട്രീയ യാഥാർഥ്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിയാണ്‌ മാറഡോണ. സ്വന്തം രാഷ്‌ട്രീയ നിലപാട്‌ ഉറക്കെ പറയാൻ പ്രശസ്‌തിയോ പണമോ തടസ്സമായില്ല. അമേരിക്കൻ സാമ്രാജ്യത്വത്തെ പരസ്യമായി വിമർശിക്കാനും മടിച്ചില്ല. അമേരിക്ക വിസ നിഷേധിക്കുന്നതിനുവരെ ഇത്‌ ഇടയാക്കി. ചെ ഗുവേരയെ ആരാധിക്കുകയും ഷാവേസുമായി സൗഹൃദം സൂക്ഷിക്കുകയും ഫിദെൽ കാസ്‌ട്രോയെ പിതൃതുല്യനായി ബഹുമാനിക്കുകയും ചെയ്‌ത മാറഡോണ ക്യൂബയുടെ ഉറച്ച അഭ്യുദയകാംക്ഷിയായിരുന്നു. മയക്കുമരുന്നിന്റെ നീരാളിപ്പിടിത്തത്തിൽപ്പെട്ട മാറഡോണയെ ക്യൂബയിൽ എത്തിച്ച്‌ ചികിത്സിക്കാൻ മുൻകൈയെടുത്തത്‌ കാസ്ട്രോയാണ്‌. അർജന്റീന തള്ളിക്കളഞ്ഞപ്പോൾ ക്യൂബ ചേർത്തുപിടിച്ചെന്ന്‌ പിന്നീട്‌ അദ്ദേഹം പ്രതികരിച്ചു. ലാറ്റിനമേരിക്കയുടെ സാമൂഹ്യ മനഃസാക്ഷിക്കായി ശബ്ദമുയർത്താനും ജനപക്ഷ രാഷ്‌ട്രീയത്തിനൊപ്പം നിലയുറപ്പിക്കാനും അസാധാരണമായ സന്നദ്ധതയാണ്‌ മാറഡോണ പ്രകടിപ്പിച്ചത്‌. ഒരർഥത്തിൽ ആധുനിക പ്രൊഫഷണൽ ഫുട്‌ബോളിന്റെ ഇരയാണ്‌ ഈ മനുഷ്യൻ. സമ്പന്നതയുടെയും പ്രശസ്‌തിയുടെയും മലവെള്ളപ്പാച്ചിലിൽപ്പെട്ട നിഷ്‌കളങ്കനായ സാധാരണക്കാരൻ. മാനസിക സംഘർഷത്തിലും മയക്കുമരുന്ന്‌ ഉപയോഗത്തിലും അച്ചടക്കമില്ലാത്ത ജീവിതത്തിലും മുങ്ങിപ്പോയെങ്കിലും ആരുടെ മുന്നിലും തലകുനിക്കാത്തയാൾ.

ലോക ഫുട്ബോൾ പ്രതിരോധാത്മകമായ കാലത്താണ്‌‌ പുത്തൻ ആക്രമണശൈലിയുമായി മാറഡോണ കടന്നുവന്നത്‌. ശാരീരിക പരിമിതികളെ മറികടക്കുന്ന മികവും പാടവവുമാണ്‌ ഈ കളിക്കാരനെ വ്യത്യസ്‌തനാക്കിയത്‌. ഒറ്റയ്‌ക്ക്‌ ടൂർണമെന്റുകൾ ജയിക്കാൻ ശേഷിയുണ്ടായിരുന്ന കളിക്കാരൻ.  മാറഡോണ എന്ന ഫുട്‌ബോൾ ഇതിഹാസത്തെ ലോകം ഒരിക്കലും മറക്കില്ല. ‘‘ഫുട്‌ബോൾ എനിക്ക്‌ മഹത്തായ ആനന്ദവും മഹത്തായ സ്വാതന്ത്ര്യവുമാണ്‌. കൈകൾ കൊണ്ട്‌ ആകാശത്തെ തൊടുന്നതുപോലെ’’ എന്ന മാറഡോണയുടെ വാക്കുകൾ മഹാനായ ആ കളിക്കാരന്റെ ഹൃദയപ്രകാശനമാണ്‌‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top